Saturday, May 2, 2015

ജീവിച്ചിരിക്കുന്ന രക്തസാക്ഷി


പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈയ് വെട്ടിയ കേസില്‍ 13 മുസ്ലിം ഭീകരവാദികള്‍ (ഇവരെ ദേശാഭിമാനി പോലും വിശേഷിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട്കാര്‍ എന്ന് മാത്രമാണ്) കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. പതിനെട്ടു ഭീകരരെ  മതിയായ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരും ഭീകരര്‍ തന്നെ എന്ന കാര്യത്തില്‍ സംശയം ഇല്ല. നാലഞ്ച് പ്രതികള്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികള്‍ ആയി അന്യനാടുകളില്‍ കഴിയുന്നു. അവരെ പിടികൂടാന്‍ നമ്മുടെ പോലീസിനു കഴിഞ്ഞിട്ടില്ല!
എന്തിനായിരുന്നു ഒരു കോളേജ് അധ്യാപകന്‍റെ വലതുകൈ 2010 ആഗസ്റ്റ്‌  4ന് ഭീകരര്‍ വെട്ടിമാറ്റിയത്? താലിബാന്‍ മോഡലില്‍ ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ = House of Justice) രഹസ്യമായി കൂടിയാണ് മുഹമ്മദ്‌ നബിയെ അവഹേളിച്ചു എന്ന് പറഞ്ഞ് ജോസഫിന്‍റെ കൈയ് വെട്ടാന്‍ തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
എന്താണ് പ്രൊഫസര്‍ ജോസഫ് ചെയ്ത പാതകം?
രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥികളുടെ സെമെസ്റ്റര്‍ പരീക്ഷ്യക്കായി ജോസഫ് ചോദ്യപേപ്പര്‍ തയാറാക്കി. അതില്‍ പതിനൊന്നാമത്തെ ചോദ്യം ഇങ്ങനെയായിരുന്നു. താഴെ കൊടുത്തിരിക്കുന്ന ദൈവവും ഒരാളും തമ്മിലുള്ള സംഭാഷണത്തിന് ചിഹ്നങ്ങള്‍ കൊടുക്കുക:
മുഹമ്മദ്: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

സംഭാഷണ ശകലം ജോസഫിന്‍റെ ഭാവനാ സൃഷ്ടി അല്ലായിരുന്നു. അദ്ദേഹം അത് സംവിധായകന്‍ പി റ്റി കുഞ്ഞിമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ നിന്ന് സ്വീകരിച്ചതായിരുന്നു. ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂ ട്ട്‌ ആണ്. കുഞ്ഞിമുഹമ്മദ് 1999ല്‍  നിര്‍മ്മിച്ച ഘര്‍ഷോം എന്ന സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്തപ്പോള്‍ ചാവക്കാടും പരിസരത്തും അലഞ്ഞു നടന്നിരുന്ന ഒരു സ്കിസോഫ്രീനിയ മനോരോഗി തന്നത്താന്‍ സംസാരിക്കുന്നത് കാണാറുണ്ടായിരുന്നുവെന്നും അയാളെ താന്‍ ദൈവത്തോട് സംസാരിക്കുന്ന കഥാപാത്രമായി സിനിമയില്‍ ചിത്രീകരിച്ചെന്നും വിശദമാക്കി. അതിനെ കുറിച്ച് പി ടി കുഞ്ഞുമുഹമ്മദ് പുസ്തകത്തില്‍ പറഞ്ഞത് ഇങ്ങനെ: ‘ഗര്‍ഷോമി’ല്‍ കഥാനായകന്‍ ദൈവവുമായിട്ട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്; എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. "പടച്ചോനേ.. പടച്ചോനെ…" ദൈവത്തിന്റെ മറുപടി. "എന്താടാ നായിന്റെ മോനേ…" എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്? ദൈവത്തിന്റെ മറുപടി: (ദൈവം ഇദ്ദേഹം തന്നെയാണ്) "3 കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ…" ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. (തിരക്കഥയുടെ രീതിശാസ്ത്രം, പുറം 58).
പ്രൊഫസര്‍ ടി ജെ ജോസഫ് ചോദ്യം തയാറാക്കിയപ്പോള്‍ കഥാപാത്രത്തിനു ഒരു പേര് കൊടുത്തു. "മുഹമ്മദ്‌"!
മുസ്ലിം ഭീകരവാദികളുടെ താണ്ഡവനടനം
ജമാ'അത്തെ ഇസ്ലാമികളുടെ പാത്രമായ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത‍യാണ് മുസ്ലിം
ഭീകരതയുടെ താണ്ഡവത്തിനു പ്രേരകമായത്. പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സിമി തുടങ്ങിയ മുസ്ലിംഭീകരസംഘടനകളുടെ പ്രത്യശാസ്ത്രസ്രോതസ് (Ideological Fountain Head) ജമാ'അത്തെ ഇസ്ലാമിയാണ്. ഇക്കാര്യം കെ ഇ എന്‍ നെ പോലുള്ള മാര്‍ക്സിസ്റ്റ്‌കാരും തിരിച്ചറിയുന്നില്ല! വാര്‍ത്ത വായിച്ച മുസ്ലിം ഭീകരര്‍ പ്രൊഫസര്‍ ജോസഫ്  മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചുവെന്ന് കര്‍ണാകര്‍ണികയാ പ്രചരിപ്പിച്ചു. മുസ്ലിം
ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധ പ്രകന്ടങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ  കെ എസ് യുവും ലീഗിന്‍റെ എം എസ് എഫും അവരോടൊപ്പം ചേര്‍ന്നു. ആ പ്രദേശത്തെ മുസ്ലിങ്ങളും ഇളകി. അപ്പോള്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു.
വി എസ് അച്യുതാനന്ദന്‍ ഗവണ്മെന്റ് മുസ്ലിം ഭീകരവാദികള്‍ക്ക് ചൂട്ട് കത്തിച്ചു പിടിച്ചുകൊടുത്തു!
പ്രൊഫസര്‍ ജോസഫ് മതസ്പര്‍ദ്ധ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഐ പി സി 295 വകുപ്പനുസരിച്ച് കേസെടുക്കാന്‍ തീരുമാനിക്കുകയും ജോസഫിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജോസഫിനെ സര്‍ക്കാര്‍ മുസ്ലിം ഭീകരര്‍ക്ക്‌ ഒറ്റുകൊടുക്കുകയാണ് ചെയ്തത്!
പണ്ഡിതനായ  അന്നത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബി പോലും ജോസഫിനെ മടയന്‍ എന്ന് ആക്ഷേപിച് കൈയൊഴിഞ്ഞു. മാറിവന്ന സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ല. തെറ്റുകള്‍ പലരീതിയില്‍ ആവര്‍ത്തിച്ച് മതഭീകരതയുടെ പക്ഷം പിടിക്കുകയായിരുന്നു എല്ലാവരും. വര്‍ഷങ്ങള്‍ക്കു ശേഷം എം എ ബേബി പച്ചക്കുതിര മാസികയ്ക്കു അനുവദിച്ചി അഭിമുഖത്തില്‍ താന്‍ ജോസഫിനെ "മടയന്‍" എന്നേ വിളിച്ചുള്ളൂ വിഡ്ഢി എന്ന് വിളിച്ചില്ല എന്ന് വങ്കത്തരം പറഞ്ഞ് തന്‍റെ അന്നത്തെ നിലപാട് ന്യായീകരിച്ചത് ജുഗുപ്സാവഹം തന്നെ! ഗവണ്മെന്റ് ജോസഫിനെതിരെ കേസെടുത്തപ്പോള്‍ കോളേജ് മാനേജ്‌മന്റ്‌ ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ജോസഫ് നിരപരാധിയാണെന്നും ജോസഫിനെ തിരിച്ചെടുക്കണമെന്നും
ഹൈക്കോടതി വിധിച്ചു.
എന്നാല്‍ കോളേജ് മാനേജ്‌മെന്റും അതിനു നേതൃത്വം നല്‍കുന്ന തിരുസഭയും അദ്ദേഹത്തെ കോടതിവിധി അവഗണിച്ചും പുറത്തുതന്നെ നിര്‍ത്തുന്ന കാഴ്ചയാണ് സാക്ഷരകേരളം പിന്നീട് കണ്ടത്. കോളേജ് അധികൃതരുടെ മനുഷ്യത്വരഹിത നടപടിയില്‍ മനം നൊന്ത് സലോമി ഒരു മുഴം കയറില്‍ ഈലോകജീവിതം അവസാനിപ്പിച്ചു. ഒടുവില്‍ റിട്ടയര്‍മെന്റിന്റെ തലേന്ന് ജോസഫിനെ തിരിച്ചെടുത്ത് വിധി നടപ്പാക്കേണ്ടിവന്നതും എല്ലാ ആനുകൂല്യങ്ങളോടെയും ജോലിയില്‍ നിന്ന് അദ്ദേഹം വിരമിച്ചതും ചരിത്രം.
ജോസഫിനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയതില്‍ മുസ്ലിം ഭീകരര്‍ മാത്രമല്ല കുറ്റക്കാര്‍; കേരളത്തില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്മെണ്ടും പിന്നീട് അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാരും ക്രൈസ്തവ സഭയും ജോസഫ് തെറ്റ് ചെയ്തു എന്ന് ഇപ്പോഴും വിശ്വസിക്കുകയും ഉറക്കെ വിളിച്ച് പറയുകയും ചെയ്യുന്ന ബുദ്ധിജീവികളും കുറ്റക്കാരാണ്.

1 comment:

Unknown said...

സഖാവ് പറഞ്ഞത് വളരെ ശരിയാണ്. പച്ചക്കുതിര മാസികയില്‍ സ. ബേബി പറഞ്ഞത് വായിച്ച് ഞെട്ടിപ്പോയ ഒരാളാണ് ഞാന്‍. വര്‍ഗീയതയെ എതിര്‍ക്കുന്നതിന്റെ അവിഭാജ്യഭാഗമാണ് മതത്തിന്റെ യുക്തിയെ അഥവാ അയുക്തിയെ തുറന്നു കാട്ടുന്നത് എന്ന് നമ്മള് തിരിച്ചറിയേണ്ടതുണ്ട്. ജോസഫ് സാറിനെതിരെ എടുത്ത കേസും സ. ബേബിയുടെ കമന്റും തീരാക്കളങ്കമായി തന്നെ നില്ക്കും. ഇന്നു വരെ ആ കമന്റ് തെറ്റായിരുന്നു എന്ന് ബേബി പറഞ്ഞിട്ടില്ല എന്നും ഓര്ക്കുക.