Wednesday, May 13, 2015

ജയലളിത എങ്ങനെ നിയമത്തിനു മീതെ ആയി?

പലരും ധരിച്ചിരിക്കുന്നത് പണക്കൊഴുപ്പാണ് ജയലളിതയെ നിയമത്തിനു അതീതയാക്കിയത് എന്നാണ്. അതല്ല യഥാര്‍ത്ഥ്യം.
ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണര്‍ ആയത് ജഡ്ജിമാര്‍ കാണുന്നു 
കേരളത്തിലെ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി സദാശിവം ഇന്ത്യയുടെ നാല്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജിയെ ഗവര്‍ണര്‍ ആക്കിയത് വലിയ അപരാധം ഒന്നുമല്ല. ഇതിനു മുമ്പ് ജസ്റ്റിസ്‌ ഫാത്തിമ ബീവിയെ തമിഴ് നാട് ഗവര്‍ണര്‍ ആക്കിയിട്ടുണ്ട്. പക്ഷേ സദാശിവത്തിനെ ഗവര്‍ണര്‍ ആക്കിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ബി ജെ പി പ്രസിഡന്റ് ആയ അമിത് ഷായ്ക്ക് എതിരെ ഉണ്ടായിരുന്ന തുളസിറാം പ്രജാപതി കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിയത് ജസ്റ്റിസ് പി സദാശിവം ആയിരുന്നു. ഇതിനു പ്രതിഫലം ആയിട്ടാണ് ഗവര്‍ണര്‍ സ്ഥാനം നല്‍കിയത് എന്ന് ചിലര്‍ പറഞ്ഞു. അതിനു ജസ്റ്റിസ് സദാശിവം പറഞ്ഞ യുക്തിപൂര്‍വ്വമായ മറുപടി ഇങ്ങനെ:
"അന്ന് അമിത് ഷാ ബി ജെ പി പ്രസിഡണ്ട്‌ ആകുമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. അമിത് ഷായുടെ പേരിലുള്ള എഫ് ഐ ആര്‍ റദ്ദാക്കിയതും ഗവര്‍ണര്‍ പദവിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല!"

യഥാ രാജ തഥാ ന്യാധിപന്‍  
രാജാവ് തന്നെ ന്യാധിപന്‍ ആകണം എന്നാണു കൌടില്യന്‍ പറഞ്ഞത്. അഥവാ മറ്റൊരാളെ ന്യാധിപന്‍ ആക്കിയാല്‍ അയാള്‍ രാജാവിന്‍റെ ഇംഗിതം അനുസരിച്ച് വിധികള്‍ പറയണം. യഥാ രാജാ തഥാന്യായാധിപന്‍!
ജയലളിതയുടെ മൂല്യം 
ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് രാജ്യസഭയില്‍ 11 എം പി മാര്‍ ഉണ്ട്. ബി ജെ പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല. ജയലളിത ജയിലില്‍ കിടന്നാല്‍ ഈ പതിനൊന്നു എം പി മാരുടെ പിന്തുണ ബി ജെ പിക്ക് കിട്ടില്ല. അതുകൊണ്ടാണ് ഹൈക്കോടതി നിരസിച്ചിട്ടും സുപ്രീം കോടതി ജയലളിതയ്ക്ക് ജാമ്യം കൊടുത്തതും ജയളിതയുടെ അപ്പീല്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദ്ദേശം കൊടുത്തതും.
ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയുടെ വിധി 
സുപ്രീം കോടതി അങ്ങനെയൊക്കെ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആളല്ല കര്‍ണാടക ഹൈക്കോടതി ജഡ്ജി ചിക്ക രാച്ചപ്പ കുമാരസ്വാമി.
പ്രോസിക്യൂഷന് കേസ് വാദിക്കാന്‍ സമയം കൊടുത്തില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി വി ആചാര്യ വിലപിക്കുന്നു. എത്ര സമയം വാദിച്ചാലും വിധി ഇത് തന്നെയെന്നു അചാര്യക്കും അറിയാം. പിന്നെ കേസ് തോല്‍ക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ എന്തെങ്കിലും പറയണ്ടേ?
തെറ്റിയ കണക്കുകള്‍ 
ജയളിതയുടെ വരുമാനം കണക്കാക്കിയതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നു സ്പെഷ്യല്‍ പുബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. അവിഹിതസ്വത്തു സമ്പാദനക്കേസുകളില്‍  അനുയോജ്യത ഇല്ലാത്ത സ്വത്ത്‌ (disproportionate assets) മൊത്തം സ്വത്തിന്‍റെ പത്തു ശതമാനത്തില്‍ കുറവ് ആണെങ്കില്‍ പ്രതിയെ ശിക്ഷിക്കരുത് എന്ന് സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശം ഉണ്ട്. ജയലളിതയുടെ അവിഹിത സ്വത്തു മൊത്തം സ്വത്തിന്‍റെ 8.12 ശതമാനം മാത്രമേയുള്ളൂ എന്ന് കണ്ടിട്ടാണ് അവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. പത്ത് കടങ്ങള്‍ ജയലളിതയുടെ സ്ഥാപനങ്ങള്‍ ബാങ്ക്കളില്‍ നിന്ന് എടുത്തത്  24.17 കോടി രൂപ എന്നാണു ഹൈക്കോടതി കണക്കാക്കിയത്. അത് കൂട്ടിയപ്പോള്‍ പറ്റിയ തെറ്റാണ്. യഥാര്‍ത്ഥത്തില്‍ 10.67 കോടി രൂപ മാത്രമേയുള്ളൂ! പ്രോസിക്യൂട്ടര്‍ ആചാര്യ പറഞ്ഞു: "കടം എടുത്ത തുക ശരിയായി കണക്കാക്കിയിരുന്നെങ്കില്‍ അനുയോജ്യമല്ലാത്ത സ്വത്തിന്‍റെ 76.77 ശതമാനം ആകുമായിരുന്നു." 
നിരാശരാകരുത് 
ഇതൊക്കെ കണ്ടിട്ട് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടരുതേ. അവസാനത്തെ അത്താണി ആണത്.

No comments: