Wednesday, May 6, 2015

നിയമത്തിനു മീതെയുള്ളവര്‍

നിയമങ്ങള്‍  ചിലന്തിവലകള്‍ പോലെയാണെന്ന് പറഞ്ഞത് "ഗള്ളിവേഴ്സ് ട്രാവല്‍സ്" എന്ന ആക്ഷേപഹാസ്യം (satire) എഴുതിയ ജൊനാതന്‍ സ്വിഫ്റ്റ് ആണ്. അത് (നിയമങ്ങള്‍) ചെറുപ്രാണികളുടെ കഥ കഴിക്കും. വലിയ വണ്ടുകളും വേട്ടാളന്മാരും ചിലന്തിവലപൊട്ടിച്ച് രക്ഷപ്പെടും.

കുറ്റവാളിയായ സിനിമാതാരം  
ജൊനാതന്‍ സ്വിഫ്റ്റ് 
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്യപിച്ചു കാറോടിക്കുകയും തെരുവില്‍ കിടന്നുറങ്ങിയിരുന്ന നിസ്വരായ  മനുഷ്യരുടെ പുറത്തുകയറ്റി അവരെ കൊല്ലുകയും ചെയ്ത ക്രിമിനല്‍കുറ്റവാളിയായ സിനിമാനടന്‍ സല്‍മാന്‍ ഖാന്‍  അഞ്ചു വര്‍ഷത്തെ തടവ്‌ ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് ബോംബെയിലെ കോടതി കണ്ടെത്തിയത് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മാത്രമാണ്; അതും അനിഷേധ്യമായ തെളിവുകളുടെ കണ്ണഞ്ചിക്കുന്ന സൂര്യപ്രഭയില്‍ ഗത്യന്തരമില്ലാതെ! 
ഇന്ത്യന്‍ നിയമ വ്യവസ്ഥ ഈ സൂപ്പര്‍താരത്തിന്‍റെ മുന്‍പില്‍ പകച്ചുനിന്നുപോയി എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല.  
ശിക്ഷ വിധിച്ചു ഒരു മണിക്കൂര്‍ തികയുന്നതിനു മുമ്പ് ബോംബെ ഹൈക്കോടതി അയാള്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചു.  കുറ്റവാളിയെ ജയിലിലാക്കരുതെന്ന് ഉത്തരവിട്ടു. കീഴ്കോടതിയുടെ വിധിന്യായം മുഴുവന്‍ കാണാന്‍ കഴിയാത്തത് കൊണ്ടാണ് രണ്ടു ദിവസത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചതെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ഈ എം എസിനെ ശിക്ഷിച്ച കോടതി 
കുംഭയും കുടവയറും ഉള്ളവര്‍ക്ക് ഒരു വിധിയും പാവപ്പെട്ടവര്‍ക്ക് മറ്റൊരു വിധിയും ആണെന്ന് പറഞ്ഞതിന് സുപ്രീം കോടതി ഇ.  എം. എസിനെ ശിക്ഷിച്ചു. മാര്‍ക്സിസം ശരിയായി പഠിക്കാന്‍ ആ മാര്‍ക്സിസ്റ്റ്‌ ആചാര്യനോട് പറയാനുള്ള ധൈര്യവും (അവിവേകം) ഇന്ത്യയുടെ പരമോന്നത നീതിപീഠം കാണിച്ചു! 

സൂപ്പര്‍ താരങ്ങള്‍ എല്ലാവരും നിയമത്തിനു മീതെയാണ്!
സല്‍മാന്‍ ഖാനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറത്തു വന്ന ഉടനെ ചില മാധ്യമങ്ങള്‍ വേവലാതിപ്പെട്ടത് ആയിരം കോടിയിലധികം മുടക്കി ആരംഭം കുറിച്ചിട്ടുള്ള സിനിമകളുടെ നിര്‍മാണം മുടങ്ങിപ്പോകും എന്നാണ്!
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മുപ്പതു കോടിയോളം വീതം രൂപയുടെ ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അവരുടെ മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല.

മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചത് കണ്ടെത്തുകയും വനം വകുപ്പ് കേസേടുക്കുകയും ചെയ്തെന്നു വാര്‍ത്തകള്‍ വന്നിരുന്നു. അതും ഇപ്പോള്‍ കേള്‍ക്കാനില്ല. ഈ സൂപ്പര്‍ താരങ്ങളും നിയമങ്ങള്‍ക്ക് മീതെയാണ്! 

രാഷ്ട്രീയക്കാരും നിയമത്തിനു മീതെ!
വിവാഹം കഴിഞ്ഞു ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യയ്ക്ക്  അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഭര്‍ത്താവിന്‍റെ പേരില്‍ കേസെടുത്തു അന്വേഷണം നടത്തണം എന്നത് ഇന്ത്യയിലെ നിയമമാണ്. കേരളത്തിലെ ഒരു കോണ്ഗ്രസ് എം പിയായ ശശി തരൂര്‍ സുനന്ദ പുഷ്കറെ വിവാഹം ചെയ്തിട്ട് മൂന്നു കൊല്ലം മാത്രമായപ്പോള്‍ സുനന്ദ പുഷ്കര്‍ സംശയകരമായ സാഹചര്യത്തില്‍ മരണമടഞ്ഞു. ശശി തരൂരിനെതിരെ ഇന്ന് വരെ കേസെടുത്തിട്ടില്ല. അയാള്‍ പുതിയ പ്രധാനമന്ത്രിയുടെ "ആരാധകന്‍" ആണിപ്പോള്‍. പിന്നെ എങ്ങനെ കേസെടുക്കും?

അഴിമതിക്കാരും നിയമത്തിനു മീതെയാണ്!
മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സെക്രട്ടറി ആയിരുന്ന ടെനി ജോപ്പന്‍ ഇപ്പോള്‍ ജാമ്യത്തില്‍ നടക്കുകയാണ്. അത് പോലെ തന്നെ ഗണ്മാന്‍ ആയിരുന്ന സലിം രാജും. അവരുടെ മേല്‍നോട്ടക്കാരന്‍ ആയ ഉമ്മന്‍‌ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രി ആയി വിലസുന്നു. കൈക്കൂലിക്കാശു എണ്ണിത്തിട്ടപ്പെടുത്തി  വാങ്ങിയ കെ എം മാണി ഒരു എഫ് ഐ ആറിന്‍റെ കുടയും ചൂടി ഞെളിഞ്ഞു നടക്കുന്നു; മാത്രമല്ല, ധനമന്ത്രിസ്ഥാനത്തിരുന്നു രാജ്യം ഭരിക്കുന്നു! പത്തു കോടി  എണ്ണാതെ വാങ്ങിയ കെ. ബാബുവിനും താമസിയാതെ കിട്ടും, ചൂടി നടക്കാന്‍  എഫ് ഐ ആര്‍ എന്ന വര്‍ണക്കുട. ഇവരെയൊന്നും പിടികൂടി ശിക്ഷിച്ചു ജയിലില്‍ അയക്കാന്‍ നിയമം എന്ന ചിലന്തിവലയ്ക്ക് സാധിക്കുകയില്ല. 
നിയമവാഴ്ചയെ പ്രഹസനമാക്കുന്ന ഈ അധമന്‍മാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

No comments: