Wednesday, April 29, 2015

ഗതി മാറ്റുന്ന ഇന്ത്യന്‍ റിപബ്ലിക്

നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തത് കഴിഞ്ഞ കൊല്ലം മെയ്‌ 26ന് ആയിരുന്നല്ലോ. സംഘപരിവാര്‍ സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ ഭരണത്തിന്‍റെ കണക്കെടുപ്പ് നടത്താനുള്ള സമയമായി. അവരുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇന്ത്യന്‍ റിപബ്ലിക്കിന്റെ സ്വഭാവം മാറ്റാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങി എന്നത്  തന്നെ ആയിരിക്കും. 
ഭരണഘടനയില്‍ മാറ്റം വരുത്താതെ ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുന്നു
1947 ആഗസ്റ്റ്‌ 15 മുതല്‍ 1950 ജനുവരി 26 വരെയുള്ള കാലയളവ്‌ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രണ്ടു രാഷ്ട്രങ്ങള്‍, ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവും, ഉണ്ടെന്നായിരുന്നു മതരാഷ്ട്രവാദക്കാരുടെ സിദ്ധാന്തം. മുല്സ്ലിം രാഷ്ട്രം ഇന്ത്യയില്‍ നിന്ന് വേറിട്ട്‌ പോയതിനാല്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് ഹിന്ദുരാഷ്ട്രത്തിന്‍റെ ഭരണഘടന വേണമെന്നായിരുന്നു ഹിന്ദുത്വഫാസിസ്റ്റുകളുടെ നിര്‍ബന്ധം. അവര്‍ കോണ്‍സ്റ്റിറ്റ്യൂവന്റ്  അസംബ്ലി അംഗഗളുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തി. പക്ഷേ ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയ്ക്ക് മത നിരപേക്ഷഭരണഘടന തന്നെ വേണമെന്ന് അഭിപ്രായത്തില്‍ ഉറച്ചു നിന്നു. ചരിത്രപരമായ കാരണങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഉറച്ച നിലപാടിനു പിന്നില്‍. ചരിത്രാതീത കാലം മുതലേ ഇന്ത്യയില്‍  ഒരു ബഹുമതസമൂഹമാണ് നിലനിന്നിരുന്നത്. (Early India by D N Jha) ബഹുമത രാഷ്ട്രമായ ഇന്ത്യയില്‍
മതനിരപേക്ഷഭരണകൂടം തന്നെ വേണമെന്ന് നെഹ്രു വാദിച്ചു. ഭരണഘടനയുടെ കരട് എഴുതിയ ഡോ. അംബേദ്കര്‍ സെക്കുലര്‍ ഭരണഘട നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ദ്വിരാര്ഷ്ട്ര സിദ്ധാന്തവും ഇന്ത്യാവിഭജനവും 
പലരും ധരിച്ചിരിക്കുന്നത്‌ ഈ സിദ്ധാന്തം ആദ്യം ഉന്നയിച്ചത് മുഹമ്മദലി ജിന്ന ആണെന്നാണ്‌. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ ESSENTIALS OF HINDUTWA എന്ന പുസ്തകകത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പരസ്പരം പോരടിച്ചു കഴിയുന്ന രണ്ടു രാഷ്ട്രങ്ങള്‍ - ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവും - ഉണ്ടെന്നുള്ള വാദം ആദ്യമായി ഉന്നയിച്ചത്. 1937ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ ഈ വാദം സവര്‍ക്കര്‍ പരസ്യമായി അവതരിപ്പിച്ചു. തുടര്‍ന്ന് 1940ല്‍ ലാഹോറില്‍ ചേര്‍ന്ന മുസ്ലിംലീഗ് സമ്മേളനത്തില്‍ ജിന്ന ഇന്ത്യ വിഭജിക്കണം എന്ന പ്രമേയം അവതരിപ്പിച്ചു. അത് ഇന്ത്യാവിഭജനത്തില്‍ കലാശിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദക്കാരുടെ ആഗ്രഹം സഫലമായില്ല. ഗാന്ധി വധത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെട്ട അവര്‍ക്ക് പത്തി താഴ്ത്തി കിടക്കേണ്ടിവന്നു.
സംഘപരിവാര്‍ അധികാരത്തിലേക്ക്  
അടിയന്തിരാവസ്ഥക്കാലത്താണ് അവര്‍ വീണ്ടും തല പൊക്കിയത്. ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയുടെ ഘടകമായി സംഘപരിവാറും ചേര്‍ന്നു. പിന്നീട് അവര്‍  ബി ജെ പി ആയി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ വെറും രണ്ടു സീറ്റില്‍ ഒതുക്കി. അതിനെ തുടര്‍ന്നാണ്‌ രാമജന്മഭൂമി പ്രശ്നം ഉയര്‍ത്തി തിരിച്ചു വരവിനു ശ്രമിച്ചതും രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചു വിട്ടതും. അവസരവാദികളായ ചില പാര്‍ടികളെ കൂട്ടു പിടിച്ചു അധികാരത്തില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഹിന്ദു രാഷ്ട്രസംസ്ഥാപനം എന്ന ലക്‌ഷ്യത്തില്‍ എത്തണമെങ്കില്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണം എന്ന് അവര്‍ മനസ്സിലാക്കി. അതിനു ഹിറ്റ്‌'ലറെ പോലെ ഒരു നേതാവിന്‍റെ ആവശ്യമുണ്ടെന്നു സംഘപരിവാര്‍ മനസ്സിലാക്കി. ഗുജറാത്തില്‍
മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട്  മുസ്ലിങ്ങളുടെ  വംശഹത്യയ്ക്ക് മൌനാനുവാദം കൊടുത്ത നരേന്ദ്ര മോഡിയില്‍ സംഘപരിവാര്‍ അവരുടെ ഹിറ്റ്‌'ലറെ കണ്ടെത്തി. അങ്ങനെ അവര്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു.
ഹിന്ദുരാഷ്ട്രസംസ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക്    
അധികാരത്തിലെത്തിയ ഉടനെ തങ്ങളുടെ ലക്‌ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്‍ ആണെന്ന്   സംഘ പരിവാറിന്റെ പല നേതാക്കളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു. അതിനു വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ തുടങ്ങി.
പ്രസാര്‍ ഭാരതി സംഘപരിവാര്‍ സ്വന്തമാക്കി 
തങ്ങളുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താമാധ്യമങ്ങളെ സ്വന്തമാക്കുക എന്നതായിരുന്നു ആദ്യത്തെ പദ്ധതി. പ്രസാര്‍ ഭാരതിയുടെ തലപ്പത്ത് ആര്‍ എസ് എസ് കാരനായ ഡോ. എ. സൂര്യപ്രകാശിനെ അവരോധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ നാലിന് വിജയദശമി ദിനത്തില്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗത്തിന്റെ പ്രസംഗം ദൂരദര്ശനിലൂടെ ജനങ്ങളിലെത്തിയ കാര്യം ഓര്‍ക്കുമല്ലോ.
ചരിത്രം തിരുത്തിയെഴുതുന്നു 
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ അവശ്യം വേണ്ട മുന്നുപാധിയാണ് ചരിത്രം തിരുത്തിയെഴുതല്‍. അത് സാധിതമാക്കാന്‍ ആര്‍ എസ് എസ് കാരനായ യെല്ലപ്രകട ശ്രീനിവാസ റാവുവിനെ ഐ സി എച് ആറിന്‍റെ ചെയര്‍മാനാക്കി. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം വേദങ്ങളിലും പുരാണങ്ങളിലും ആണെന്ന് വിശ്വസിക്കുകയും അതനുസരിച്ച് ചരിത്രം എഴുതുകയും ചെയ്ത ആളാണ്‌ വൈ എസ് റാവു.
ഗോവധനിരോധനം 
സംഘ പരിവാറിന്റെ അടുത്ത ലക്‌ഷ്യം ഇന്ത്യയില്‍ ഗോവധം നിരോധിക്കുക എന്നതാണ്. ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അത് നിലവില്‍ വന്നു കഴിഞ്ഞു. ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ പെട്ട നാല്പത്തെട്ടാം വകുപ്പനുസരിച്ച് നിയമം ഇന്ത്യയ്ക്കാകെ ബാധകമാകും വിധം ഗോവധ നിരോധന നിയമം നിര്‍മ്മിക്കാന്‍ ആകുമോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്  നിയമ വകുപ്പിന് നിര്‍ദേശം കൊടുത്തിരിക്കുകയാണ്. 
നവലിബറല്‍ നയങ്ങള്‍ 
ഇന്ത്യ ഹിന്ദു രാഷ്ട്രം ആകുമ്പോള്‍ അത് അമേരിക്കയുടെയും ചൈനയുടെ നിലവാരത്തില്‍ എത്തണമെന്നും മോഡിക്ക് ആഗ്രഹം ഉണ്ട്. അതിനു ഇന്ത്യയുടെ വ്യവസായരംഗം ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് തുറന്നിട്ട്‌ കൊടുക്കുക എന്ന നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമം അതിന്‍റെ ഭാഗം ആണ്.
പക്ഷേ, ഈ നയങ്ങളുടെ ഫലമായുണ്ടാകുന്ന ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങും എന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കിയ ഇന്തയിലെ ജനങ്ങള്‍ സംഘപരിവാറിനെയും ആട്ടിപ്പുറത്താക്കും 

Tuesday, April 28, 2015

ഗേ-ലെസ്ബിയന്‍ രാഷ്ട്രീയത്തെ കുറിച്ച് സീതാറാം യെച്ചൂരി

ചോദ്യം: എന്തുകൊണ്ട് പാര്‍ടിക്ക് ഫെമിനിസ്റ്റ് മുന്നേറ്റം പോലുള്ള സമരവുമായി ബന്ധപ്പെടാനാകാതെ പോകുന്നു? ഗേ-ലെസ്ബിയന്‍ രാഷ്ട്രീയം പോലുള്ള ഒരു സാമൂഹിക മുന്നേറ്റത്തെ സംബന്ധിച്ച് പാര്‍ടിക്ക് എന്തെങ്കിലും വ്യക്തമായ നയങ്ങളുണ്ടോ? നവ-ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി പാര്‍ട്ടി എന്തേ അകന്നു നില്‍ക്കുന്നു?
യെച്ചൂരി: നവ-ഇടതുപക്ഷ പ്രസ്ഥാനമെന്നു ഞാനവരെ വിളിക്കില്ല. ചില പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന നവ-ശക്തികളെന്നോ നവ-സംഘങ്ങളെന്നോ മാത്രമേ അവയെ പറയാനാകൂ. അവരുമായി നമുക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായി വരും. ഇന്ത്യയില്‍ നാം രണ്ടു പോര്‍മുഖങ്ങളില്‍ ആയാണ് നാം വര്‍ഗസമരം നിലനിറുത്തിക്കൊണ്ട് പോരുന്നത്. അതിലൊന്ന് സാമ്പത്തിക ചൂഷണത്തിനെതിരെയുള്ളതും രണ്ടാമത്തേത് സാമൂഹിക പീഡനങ്ങള്‍ക്ക് വിരുദ്ധമായതുമാണ്. സാമൂഹിക അടിച്ചമര്‍ത്തലുകളില്‍ ജാതീയവും ലിംഗപരവും ആയ പ്രശ്നങ്ങളും ആദിവാസി പ്രശ്നങ്ങളും എല്ലാം ഉള്‍പ്പെടും. ഈ രണ്ടു പോര്‍മുഖങ്ങളിലും ഒരേ സമയം പോരടിക്കുകയും അവയെ ബൃഹത്തായ ഒരു വര്‍ഗ സമരത്തിന്‍റെ ഭൂമികയിലേക്ക് കൂട്ടിയിണക്കുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നാം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയില്ല. പാര്‍ടി അതില്‍ വ്യാപൃതമാണ്.
-------------------------------------------
മാതൃഭൂമി ആഴ്ചപ്പതിപ്പ്

Thursday, April 23, 2015

പത്താം ക്ലാസ്സില്‍ പരീക്ഷ വേണ്ട

പത്താം ക്ലാസിലെ പരീക്ഷാഫലത്തെ കുറിച്ച് ഒരുപാട് പേര്‍ അഭിപ്രായം പറയുന്നു. പലരും വിദ്യാഭ്യാസ മന്ത്രിയെ കുറ്റപ്പെടുത്തുന്നു; വിദ്യാഭ്യാസ മന്ത്രി സോഫ്റ്റ്‌ വെയറിനെയും. ഒന്ന് മാറി ചിന്തിക്കാന്‍ സമയായി എന്നാണു മനോരോഗ ചികിത്സകന്‍ (Psychiatrist) എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത്.
പത്താം ക്ലാസില്‍ എന്തിനാണ് പരീക്ഷ? എന്തിനു ജയപരാജയങ്ങള്‍? വിദ്യാര്‍ഥിയുടെ അതുവരെയുള്ള (ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ) പഠനം വിലയിരുത്തി ഏതു തരത്തിലുള്ള തുടര്‍പഠനത്തിനു അര്‍ഹനാണ്/ അര്‍ഹയാണ് എന്ന വിലയിരുത്തലോടെയുള്ള സ്കൂള്‍ വിടുതല്‍ സര്‍ടിഫിക്കറ്റ് (School Leaving Certificate - SLC) നല്‍കുന്ന രീതിയെ കുറിച്ച് വിദ്യാഭ്യാസ ചിന്തകര്‍ ആലോചിക്കണം. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കുട്ടി പഠനവും പഠനേതരവും ആയ ഏതെങ്കിലും രംഗത്ത് മികവു കാട്ടിയിട്ടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.
ഈ സമ്പ്രദായം നടപ്പിലാക്കാന്‍ പരിണതപ്രജ്ഞരും സത്യസന്ധരും ആയ അദ്ധ്യാപകരുടെ ഒരു  സമൂഹം വേണം. അങ്ങനെയൊരു അദ്ധ്യാപക സമൂഹത്തെ വാര്‍ത്തെടുക്കാന്‍  കാഴ്ച്ചപ്പാടും ഇച്ഛാശക്തിയും ഉള്ള രാഷ്ട്രീയ നേതൃത്വം വേണം.

Tuesday, April 14, 2015

ഇസ്ലാമിക രാഷ്ട്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്

ഇസ്ലാം എന്നത് പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഇബ്നു അബ്ദുള്ള എന്ന അറബി സ്ഥാപിച്ച മതരാഷ്ട്രം ആണ്. അറബി ഗോത്രങ്ങളെ കീഴടക്കി ഇസ്ലാം എന്ന മതരാഷ്ട്രം സ്ഥാപിക്കാന്‍ മുഹമ്മദ്‌ മാതൃകയാക്കിയത് ജൂതരുടെ മതരാഷ്ട്രത്തെയാണ്.  ഈ വാദം എം എന്‍ കാരശ്ശേരിയെ പോലുള്ള ചിലര്‍ അംഗീകരിക്കുന്നില്ല. ഇസ്ലാം എന്നത് വിശ്വാസ പ്രമാണങ്ങളുടെ സമാഹാരത്തില്‍ അധിഷ്ഠിതമായ മതം മാത്രമാണെന്ന് അവര്‍ തര്‍ക്കിക്കുന്നു.ഇസ്ലാമിക സാമ്രാജ്യംയൂറോപ്യര്‍ കീഴടക്കിയതിനു ശേഷം മൂന്നു നൂറ്റാണ്ട് കാലം ഇസ്ലാം യൂറോപ്യരുടെ കൊളോണിയല്‍ അടിമത്തത്തില്‍ ആയിരുന്നു. ഇക്കാലത്താണ് ഇസ്ലാം മതരാഷ്ട്രം അല്ലെന്നും മതം മാത്രമാണെന്നും ഉള്ള ചിന്ത വിശ്വാസികളില്‍ രൂഢമൂലമായത്.

ഇറാക്കിലെയും സിറിയയിലെയും കുറെ സ്ഥലങ്ങള്‍ പിടിച്ചെടുത്ത് അവിടെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ ഭീകരവാദികള്‍ സ്ഥാപിച്ചത് മുഹമ്മദ്‌ സ്ഥാപിച്ച ഇസ്ലാം എന്ന മതരാഷ്ട്രത്തിന്റെ തനതുമാതൃകയില്‍ (Original Paradigm) ഉള്ള ഒരു രാഷ്ട്രം ആണ്. 


ഇസ്ലാമിക രാഷ്ട്രത്തില്‍ ഇസ്ലാമിക നിയമം ആണല്ലോ നടപ്പാക്കേണ്ടത്. ശരിയത്ത് (ഇസ്ലാമിക നിയമം) അനുസരിച്ച് വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് വ്യഭിചാരം ആണ്. ശരിയത്ത് പ്രകാരം വ്യഭിചാരിണിയെ കല്ലെറിഞ്ഞു കൊല്ലണം.(തല വെട്ടി കൊന്നാല്‍ പോര!) വ്യഭിചരിച്ച പുരുഷന് എണ്പത് കല്ലേറാണ് ശിക്ഷ. അതില്‍ അയാള്‍ മരിച്ചുപോയാല്‍ മരിച്ചുപോയി. എണ്‍പത് എറുകളെ അതിജീവിച്ചാല്‍ അയാള്‍ക്ക് തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാം! ഇയിടെ ഇസ്ലാമിക് സ്റ്റേറ്റില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെയും യുവതിയെയും കല്ലെറിയുന്നതാണ് ചിത്രത്തില്‍. ഈ സംഭവത്തില്‍ രണ്ടു പേരും മരിച്ചു പോയി.

Monday, April 13, 2015

കലാമണ്ഡലത്തിലെ ദളിത്‌ പീഡനം

കേരളീയകലാപഠനത്തിന്റെ ഉത്തുംഗശൃംഗമാണ് മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച്
കല്പിത സര്‍'വകലാശാലയായി പുഷ്കലമായ കേരള കലാമണ്ഡലം. അവിടെ ദളിത്‌ പീഡനം
നടക്കുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തന്നെ.
ധനൂജകുമാരി എസ് എഴുതി
ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ “ചെങ്കല്‍ ചൂളയിലെ എന്റെീ ജീവിതം” എന്ന
പുസ്തകത്തിലെ പത്താം അദ്ധ്യായം വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
അധികം ഒന്നും പറയാതെ അതിലെ ചില വരികള്‍ ഇവിടെ പകര്ത്തു്ന്നു.
10. കലാമണ്ഡലത്തിലെ മകന്റെ അനുഭവങ്ങള്‍
-------------------------------------------------------
ഞങ്ങള്‍ കലാമണ്ഡലത്തില്‍ മകനെ ചേര്‍ത്തു . അവിടെ അവനു ഭക്ഷണത്തിന് ഒരു ഹോട്ടലില്‍ ഏര്‍പ്പാടാക്കി...

അവിടത്തെ ആശാന്മാര്‍ സീനിയര്‍ പിള്ളേരെ വിട്ട് നിധീഷിന്റെ ജാതി
അന്വേഷിക്കാന്‍ പറഞ്ഞു. അവര്‍ ചോദിച്ചപ്പോള്‍ മോന്‍ പറഞ്ഞു ക്രിസ്ത്യന്‍
ആണെന്ന്. ക്രിസ്ത്യന്‍സിലേതു ജാതിയെന്ന് ചോദിച്ചപ്പോള്‍ മോന്‍ പറഞ്ഞു
സാംബവക്രിസ്ത്യന്‍ ആണെന്ന്. SC/ST എന്നൊന്നും പറയാന്‍ അവനറിയില്ല.
നിധീഷിന്റെ അച്ഛന്‍ വി ജെ ടി ഹാളില്‍ 72 മണിക്കൂര്‍ ചെണ്ട കൊട്ടി
റെക്കോര്‍ഡിലെത്തിയ ആളാണെന്നു കൂടി അറിഞ്ഞപ്പോള്‍ അവരാകെ അസ്വസ്ഥരായി...

അവനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഓരോ കുട്ടിയേയും
ചൂണ്ടി ജാതി പറയാന്‍ തുടങ്ങി. ഇവന്‍ വാര്യര്‍, ഇവന്‍ മാരാര്‍, ഇവന്‍
പൊതുവാള്‍, ഇവന്‍ കൈമള്‍, ഇവന്‍ നായര്‍. ഇവര്ക്കിടയില്‍ പറയനായ നിനക്ക്
പഠിക്കാന്‍ യോഗ്യതയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു....
അഡ്മിഷന്‍
കിട്ടിയ കുട്ടികളില്‍ അഞ്ചു പേര്‍ SC/STക്കാരായിരുന്നു. അവരില്‍ നാല് പേരും
ആദ്യമേ അവിടം വിട്ടു പോയി. മോന് പഠിക്കണം എന്നുള്ള ചിന്തമാത്രമുള്ളത്
കൊണ്ട് പിടിച്ചു നില്ക്കാന്‍ ശ്രമിച്ചു. പിന്നെയും പ്രശ്നങ്ങള്‍ തന്നെ.
അവനാകെ ഒറ്റപ്പെട്ടു. കലാമണ്ഡലത്തില്‍ നിന്നിറങ്ങി വള്ളത്തോള്‍ നഗറിലെത്തി.
തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് വണ്ടി കയറി. മോന് 13 വയസുമാത്രം
പ്രായം....
A user's photo.