Monday, May 25, 2015

മനോരോഗ ചികിത്സയുടെ അവസ്ഥ

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകം 2015 മെയ്  24ന് കോഴിക്കോട് നടത്തിയ തുടര്‍ വൈദ്യ വിദ്യാഭ്യാസ പരിപാടിയില്‍ (CME) പങ്കെടുത്തതിന്റെ ഓര്‍മ്മക്കുറിപ്പാണിത്. അതേ സമയം  മുന്‍പൊരിക്കല്‍ അമൃതാനന്ദമയി മഠത്തില്‍ വെച്ച്  സത്നാം സിംഗ് എന്ന ഉത്തരേന്ത്യന്‍ യുവാവ് മര്‍ദനം ഏല്‍ക്കുകയും അതിനുശേഷം ഊളമ്പാറ മനോരോഗാശുപത്രിയില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ എഴുതിയ CAN WE CLOSE DOWN THE MENTAL HEALTH CENTERS? എന്ന ശീര്‍ഷകത്തില്‍ എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയും ആണ്.  അത് വീണ്ടും വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  Can we close down the mental health centers?
സി എം ഈയിലെ ആദ്യത്തെ ചടങ്ങ് രജിസ്ട്രേഷന്‍ ആയിരുന്നു. ഞാന്‍ നേരത്തെ തന്നെ രജിസ്ടര്‍ ചെയ്തതു ചൂണ്ടിക്കാണിച്ചപ്പോള്‍ "കിറ്റ്‌" തന്നു. രജിസ്ട്രേഷന്‍ കിറ്റ്‌ "സംഭാവനയായി" കൊടുക്കുന്നത് ഉള്‍പെടെ രജിസ്ട്രേഷന്റെ  എല്ലാ ചുമതലകളും ഏറ്റെടുത്തു നടത്തുന്നത് ഒരു മരുന്നുകമ്പനിയാണ്! ചായ, ഉച്ചഭക്ഷണം എന്നിവയും  അവരുടെ സംഭാവന തന്നെ. അത് പോലെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന വിദഗ്ദര്‍ക്ക് കൊടുക്കുന്ന മെമന്റോകളും മരുന്ന് കമ്പനി തരുന്നു! 
പരിസ്ഥിതി മലിനീകരണം 
അവര്‍ എനിക്ക്  തന്ന കിറ്റ് ഒരു പ്ലാസ്റ്റിക്‌ ബാഗ്‌ ആയിരുന്നു. പ്ലാസ്റ്റിക് ബാഗുമായി വീട്ടില്‍ ചെന്നാല്‍ എന്നെ വീട്ടില്‍ കയറ്റുകയില്ല എന്ന് പറഞ്ഞ് ബാഗ്‌ അവര്‍ക്ക് തിരിച്ചു കൊടുത്തു. ഉച്ചയോടെ ആ കമ്പനി അവരുടെ ഒരു മരുന്നുല്പന്നത്തിന്‍റെ പരസ്യം ഉള്ള ചണസഞ്ചി തന്നു. മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് തോന്നും, ഇന്ത്യന്‍ സൈക്യാട്രി സൊസൈടിയും അതിന്‍റെ കീഴ്ഘടകങ്ങളും വാര്‍ഷിക സമ്മേളനങ്ങളും സി എം ഇ പരിപാടികളും നടത്തുന്നതിന്റെ രീതികള്‍ കണ്ടാല്‍.  
ഈശ്വരന്‍റെ കുറ്റാരോപണം 
പരിപാടി തുടങ്ങിയത് ഈശ്വര പ്രാര്‍ത്ഥനയോടെ ആയിരുന്നു. സാധാരണ കുറച്ചു നേരം മൌനമായി  എഴുന്നേറ്റു നില്‍ക്കല്‍ ആണ് ഇത്തരം പരിപാടികളിലെ ഈശ്വരപ്രാര്‍ത്ഥന. എന്നാല്‍ ഇത്തവണ രണ്ടര മിനിറ്റ് നീണ്ടു നിന്ന ഒരു യുഗ്മഗാനം ആയിരുന്നു. പാടിയ യുവതികളുടെ സ്വരം നന്ന്. പക്ഷെ പാട്ടിന്‍റെ സാഹിത്യം അരോചകം തന്നെ ആയിരുന്നു. "മഹാപാപികളും ചപല മനസ്കരും ആയ ഞങ്ങളെ രക്ഷിക്കണേ ദൈവമേ!" എന്ന് പാടുന്നത് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ജുഗുപ്സ തോന്നി. ഞാന്‍ പാപിയല്ല ഈശ്വരോ! എന്ന് ഉറക്കെ വിളിച്ച് പറയാന്‍ തോന്നി. അതൊക്കെ മാന്യന്മാര്‍ക്കു ചേര്‍ന്നത് അല്ലാത്തത് കൊണ്ട് ഞാന്‍ ഉള്ളിലെ കോപം അടക്കി. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ നിലവിളക്ക് കത്തിക്കല്‍ ആയിരുന്നു. എളുപ്പം കത്താന്‍ വേണ്ടി കര്‍പ്പൂരക്കട്ട വെച്ചതിനാല്‍ ആകാം അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞു! മനോരോഗ ചികിത്സകര്‍ ഒരു തുടര്‍ വിദ്യാഭ്യാസ പരിപാടി നടത്തുന്ന രീതിയാണിത്! മനോരോഗ ചികിത്സകര്‍ എന്തിനു ഇങ്ങനെ പ്രകടനങ്ങള്‍ നടത്തുന്നു? അതോ പരിപാടി നടത്തികൊടുക്കുന്ന മരുന്ന് കമ്പനി അവരെക്കൊണ്ടു ചെയ്യിക്കുന്നതാണോ? 
നല്ലതും കേട്ടു.
ദോഷം മാത്രം കാണരുതല്ലോ. ഡോ. ശാരദാ മേനോന്‍ തുടങ്ങിയ സ്കിസോഫ്രീനിയ റിസര്‍ച് ഫൌണ്ടേഷന്റെ (SCARF)  മേധാവി ആയ ഡോ. താരയുടെ "researches in schizophrenia" എന്ന അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സ്കാര്‍ഫ് നടത്തിയതു മാത്രമല്ല ലോകത്താകെ നടന്ന ഗവേഷണങ്ങളുടെ ഫലങ്ങള്‍ അവര്‍ അവതരിപ്പിച്ചു. സ്കിസോഫ്രീനിയ ബാധിചത് മൂലം ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍  കെട്ടു താലി ഉപേക്ഷിക്കാതെ വര്‍ഷങ്ങളോളം  കൊണ്ട് നടക്കുന്നതിനെ കുറിച്ച് അവര്‍ പറഞ്ഞത് സ്ത്രീകളുടെ നേരെ നമ്മുടെ  സമൂഹം പുലര്‍ത്തുന്ന നികൃഷ്ട വീക്ഷണത്തിലേക്ക് വെളിച്ചം വീശി. "ഭ്രാന്ത്" വന്നതിനേക്കാള്‍ മോശം അവസ്ഥ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതാണ് എന്ന് സമൂഹം വിലയിരുത്തുന്നു!
മറ്റൊരു കാര്യം അവര്‍ ചൂണ്ടിക്കാണിച്ചത് എന്‍റെ ചികിത്സാരംഗത്തെ അനുഭവത്തെ ശരി വെച്ചു. ചില വ്യക്തികളില്‍ സ്കിസോഫീനിയ എന്ന മനോരോഗത്തിന്റെ തുടക്കം അത്യാത്മീയതയോ (hyper spirituality)  അമിതമായ മതാത്മകതയോ (over religiosity) ആണ്. ഈ ആശയം  ഞാന്‍ മനോക്കിന്റെ ആശുപത്രി എന്ന നോവലില്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രം ആയ
മനോക്കിന്റെ മനോരോഗം തുടങ്ങുന്നത് കടുത്ത അയ്യപ്പഭക്തിയുടെ രൂപത്തില്‍ ആണ്. ഡോ. താര  ഇക്കാര്യം പറഞ്ഞപ്പോള്‍ തുടക്കത്തിലേ ഈശ്വരപ്രാര്‍ഥനയെ കുറിച്ച് ഓര്‍ത്തു. 
ഡോ. വര്‍ഗീസ്‌ പുന്നൂസിന്റെ Cognitive Dysfunction in Schizophrenia  എന്ന അവതരണം സ്കിസോഫ്രീനിയ രോഗികള്‍ക്ക് ജ്ഞാനാത്മക മന:ശാസ്ത്രത്തിന്‍റെ (Cognitive Psychology) അടിസ്ഥാനത്തില്‍ സൈക്കോതെറാപി കൊടുക്കേണ്ടതിന്റെ മാത്രമല്ല സൈക്യാട്രിസ്റ്റുകള്‍ ജ്ഞാനാത്മക മന:ശാസ്ത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യം കൂടി വ്യക്തമാക്കി.
സ്കിസോ ഫ്രീനിയ രോഗികളില്‍ ചിലര്‍ മദ്യപാനം, പുകവലി, കഞ്ചാവ് വലി എന്നിവയ്ക്ക് അടിമപ്പെട്ടാല്‍ എങ്ങനെ മുക്തരാക്കണം എന്ന വിഷയം അവതരിപ്പിച്ചത് ഈ രംഗത്ത്
നല്ല പരിചയം ഉള്ള ഡോ. ഷാഹുല്‍ അമീന്‍ ആണ്. അതും നല്ല അവതരണം ആയിരുന്നു. 

വൈകുന്നേരം ഭാരവാഹികള്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ സുഖം പ്രാപിച്ച മനോരോഗികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സംവരണം വേണം എന്ന് അവകാശപ്പെട്ടതായി  വാര്‍ത്ത കണ്ടു. മനോരോഗികളുടെ പ്രാഥമികമായ അവകാശം അവരുടെ പുനരധിവാസം ആണ്.
മരുന്നുകമ്പനി തന്ന ചണസഞ്ചി 
മനോരോഗം ബാധിച്ച ആള്‍ ഒരു ദുര്‍ബ്ബലന്‍ ആണ്. അയാളുടെ സംരക്ഷണവും  പുനരധിവാസവും ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്‍റെ, ഗവണ്മെന്റിന്റെ  ബാധ്യതയാണ്. ഇത് സ്ഥാപിച്ചെടുക്കാന്‍ ആണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ശ്രമിക്കേണ്ടത്. ചികിത്സയുടെ ഒന്നാം ദിവസം മുതല്‍ രോഗിയുടെ പുനരിധിവാസം തുടങ്ങണം. മനോരോഗ ചികിത്സ  അങ്ങനെ ഒരു അവസ്ഥയില്‍ എത്താന്‍ ആദ്യം വേണ്ടത് മരുന്നു കമ്പനികളെ ആശ്രയിക്കുന്നതും  അവര്‍ക്ക് വിടുപണി ചെയ്യുന്നതും അവരുടെ "സംഭാവനകള്‍" സ്വീകരിക്കുന്നതും  അവസാനിപ്പിക്കണം.        

Friday, May 15, 2015

എന്ത് കൊണ്ട് മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊല്ലുന്നു?


മെയ് 13ന് കറാച്ചിയില്‍ സുന്നി മുസ്ലിങ്ങള്‍ 45 ഇസ്മായീലി ഷിയാകളെ (അവരും മുസ്ലിങ്ങള്‍ ആണ്) വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ 13 പേര്‍ക്ക് മാരകമായി പരിക്കേറ്റു.ഇക്കൊല്ലം ജനുവരിയില്‍ സുന്നികള്‍ 62 ഷിയാ മുസ്ലിങ്ങളെ കൊന്നു. പാക്കിസ്ഥാനിലെ മുസ്ലിങ്ങള്‍ ക്രിസ്ത്യാനികളെയും കൊല്ലുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം അമുസ്ലിങ്ങള്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ്കാര്‍ സിറിയയിലും ഇറാഖിലും ഉള്ള യസീദികളെയും ലിബിയയില്‍ ഉള്ള കോപ്ടിക് ക്രിസ്ത്യാനികളെയും കൊല്ലുന്നു.

എന്ത് കൊണ്ട് മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊല്ലുന്നു എന്ന ചോദ്യത്തിനുത്തരം തിരയുന്നതിന് മുമ്പ് എന്തിനു മുസ്ലിങ്ങള്‍ മറ്റു മതവിശ്വാസികളെ കൊല്ലുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
അഡോണിസ്
സിറിയക്കാരനായ ലോകപ്രശസ്ത അറബിക്കവി അഡോണിസ് (അലി അഹമദ് സ'ഈദ് ഈസ്ബര്‍. ഇദ്ദേഹം ഇപ്പോള്‍ പാരീസിലാണ് ജീവിക്കുന്നത്)  ഈ ചോദ്യത്തിനുത്തരം പറഞ്ഞത് ഇങ്ങനെയാണ്:
"മുസ്ലിങ്ങള്‍ അപരനെ ഒന്നുകില്‍ കാഫിറായി കാണുന്നു; അല്ലെങ്കില്‍ ദിമ്മികളായി. (മുസ്ലിം ഭരണത്തിന്‍ കീഴില്‍ മുസ്ലിം സംരക്ഷണയില്‍ കഴിയുന്ന കാഫിറുകളാണ്  ദിമ്മികള്‍) ദിമ്മികളില്‍ നിന്ന് ജെസിയ - തലക്കരം - പിരിക്കും. ഇത് ഏകാധിപത്യമല്ലാതെ എന്താണ്? മുസ്ലിങ്ങള്‍ക്ക്‌ അധികാരമാണ് വേണ്ടത്. അവര്‍ അതിനുവേണ്ടി ഇസ്ലാമിനെ ഉപയോഗിക്കുന്നു."
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 മെയ് 17)

അല്പം ചരിത്രം 
കവി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാകണമെങ്കില്‍ ഇസ്ലാമിന്‍റെ ചരിത്രം അറിയണം. പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു വളര്‍ന്ന  മുഹമ്മദ്‌ സ്ഥാപിച്ച മതരാഷ്ട്രമാണ് ഇസ്ലാം. ഇസ്ലാം എന്ന മതരാഷ്ട്രം സ്ഥാപിക്കാന്‍ മുഹമ്മദ്‌ മാതൃകയാക്കിയത് ജൂതരുടെ മതരാഷ്ട്രമായ  ഇസ്രായേലിനെയാണ്.ഇസ്രായേല്‍ സെമിടിക്‌ ഗോത്രങ്ങളുടെ സമാഹാരമാണ്; ഒപ്പം തന്നെ രാഷ്ട്രവും ആണ്.  ഇസ്രായേല്‍ എക്കലാത്തും മതവും രാഷ്ട്രവും സംയോജിച്ച മതരാഷ്ട്രം  ആയിരുന്നു. ജൂതര്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത്‌ പാര്‍ത്താലും അവര്‍ ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ ഭാഗമാണ്.

ഇസ്രായേലിന്റെ  മാതൃകയില്‍ മുഹമ്മദ്‌ രൂപപ്പെടുത്തിയതാണ് ഇസ്ലാം എന്ന മതരാഷ്ട്രം. മുഹമ്മദ്‌ എന്ന മനുഷ്യന്‍, ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും  എന്നീ പുസ്തകങ്ങളില്‍ ഇതെല്ലാം ഞാന്‍ വിവരിച്ചിട്ടുണ്ട്.
അറേബ്യന്‍ ഉപദ്വീപിന്റെ പശ്ചിമഭാഗത്തുള്ള ഹിജാസില്‍ മുഹമ്മദ്‌ സ്ഥാപിച്ച ഇസ്ലാം എന്ന മതരാഷ്ട്രത്തിന്‍റെ ഭരണാധികാരിയും ആത്മീയ നേതാവും മുഹമ്മദ്‌ തന്നെ ആയിരുന്നു. അല്ലാഹുവിന്‍റെ പ്രതിനിധി (ഖലീഫ) ആയിട്ടാണ് മുഹമ്മദ്‌ ഭരണം നടത്തിയത് എന്ന് സൂചിപ്പിക്കുന്ന ഖുര്‍'ആന്‍ വചനം ഉണ്ട്. "ഭൂമിയില്‍ ഒരു പ്രതിനിധിയെ (ഖലീഫയെ) ഞാന്‍ നിയോഗിക്കുകയാണെന്ന് നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം..." (ഖുര്‍'ആന്‍ 2:30)
മുഹമ്മദിന് ശേഷം അധികാരത്തില്‍ വന്നവര്‍ മുഹമ്മദിന്‍റെ പ്രതിനിധി (ഖലീഫ) ആയിട്ടാണ് ഭരണം കൈയാളിയത്.

അല്ലാഹു കാഫിറുകളെ കുറിച്ച് പറഞ്ഞത് 
അല്ലാഹുവിന്‍റെ പ്രതിനിധി ആയി മുഹമ്മദ്‌ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണം നടത്തിയത് അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. മുഹമ്മദിന് അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ ലഭിച്ചത് ഖുര്‍'ആന്‍ വചനങ്ങളിലൂടെയാണ്. (അതാണ്‌ മുസ്ലിങ്ങളുടെ വിശ്വാസം) ഇസ്ലാമിക രാഷ്ട്രത്തിലെ കാഫിറുകളെ വളരെ നികൃഷ്ടര്‍ ആയ്ട്ടാണ് അല്ലാഹു വീക്ഷിച്ചത്. നിരവധി ഖുര്‍'ആന്‍ വചനങ്ങള്‍ അതിനു തെളിവാണ്.
"എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്ന കാഫിറുകള്‍ നരകത്തിന്‍റെ ആളുകളാണ്." (2:39)
"അവര്‍ കാഫിറുകള്‍ തന്നെ. കാഫിറുകള്‍ക്ക് നാം കഠിന ശിക്ഷ നല്‍കും." ( 4:151)
"അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടര്‍ കാഫിറുകള്‍. അവര്‍ വിശ്വസിക്കുകയില്ല." (8:55)

കാഫിറുകളെ കൊല്ലണം 
അവിശ്വാസികളോട് (കാഫിറുകളോട്) യുദ്ധം ചെയ്യാന്‍ അനുശാസിക്കുന്ന 50 വചനങ്ങള്‍ ഖുര്‍'ആനിലുണ്ട്. അല്ലാഹു കാഫിറുകളെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞിരിക്കുന്നത് കൊണ്ട് കാഫിറുകളെ കൊല്ലുന്നതില്‍ തെറ്റില്ല എന്നാണു ചില മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്!
മുഹമ്മദിന്‍റെ മരണശേഷം ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണം ഏറ്റവരെയും ഖലീഫ എന്നാണ് പറയുന്നത്. അവര്‍ മുഹമ്മദ്‌ നബിയുടെ പ്രതിനിധികള്‍ ആണ്.

മുര്‍ത്തദ്ദുകളെ കൊല്ലണം  
ഇസ്ലാം മതം ഉപേക്ഷിച്ച ആളാണ്‌ മുര്‍ത്തദ്. മുഹമ്മദിന്‍റെ മരണ ശേഷം അനേകം അറബ് ഗോത്രങ്ങള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു. ചിലര്‍ തിരിച്ച്  ബഹുദൈവവിശ്വാസത്തിലേക്ക് പോയി. മറ്റു ചിലര്‍ മറ്റൊരു പ്രവാചകന്‍ ആയ മസ്ലമയുടെ (കപടപ്രവാചകന്‍ എന്ന് വിശ്വാസികള്‍ ആക്ഷേപിക്കുന്നു) അനുയായികളായി. ഒന്നാം ഖലീഫ അബൂ ബക്കര്‍ ഈ ഗോത്രങ്ങലെയെല്ലാം കീഴടക്കി തിരികെ ഇസ്ലാമിലേക്ക് കൊണ്ടുവന്നു. ഇസ്ലാമിലേക്ക് തിരിച്ചുവരാന്‍ വിസമ്മതിച്ചവരെ കൊന്നൊടുക്കി. ഇസ്ലാം മതം ഉപേക്ഷിക്കുന്നത് രാജ്യദ്രോഹം ആയിട്ടാണ് മുഹമ്മദും മുഹമ്മദിന് ശേഷം ഭരിച്ച ഖലീഫമാരും കരുതിയത്. രാജ്യദ്രോഹത്തിനു വധശിക്ഷ തന്നെ! ഇന്നും അങ്ങനെയാണല്ലോ!! അതുകൊണ്ടാണ് മുര്‍ത്തദ്ദുകളെ (മതം ഉപേക്ഷിച്ചവരെ) കൊല്ലുന്നത് നല്ല കാര്യം ആണെന്ന് ചില വിശ്വാസികള്‍ കരുതുന്നത്.
രണ്ടാം ഖലീഫ ഉമര്‍ 634 മുതല്‍  644 വരെയുള്ള പത്തു വര്‍ഷക്കാലം കൊണ്ട് റോമാ, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കി  മുഹമ്മദ്‌ സ്ഥാപിച്ച മിസ്ലാമിക രാഷ്ട്രത്തെ  വിശാലമായ  ഇസ്ലാമിക സാമ്രാജ്യമാക്കി. ഇസ്ലാമിക രാഷ്ട്രത്തില്‍ ആരെയും നിര്‍ബന്ധിച്ചു മതത്തില്‍ ചേര്‍ക്കരുതെന്ന് അല്ലാഹു അനുശാസിക്കുന്നുണ്ട്. പക്ഷേ, മതത്തില്‍ ചേര്‍ന്നതിനു ശേഷം മതം ഉപേക്ഷിക്കുന്നവരെ വെറുതെ വിടുകയില്ല. (ഖുര്‍' ആന്‍ വചനങ്ങള്‍ 2:217, 3:88)
"ആരെങ്കിലും മതം സ്വീകരിച്ചതിനു ശേഷം ഉപേക്ഷിച്ചാല്‍ അല്ലാഹുവിന്‍റെ കോപം അവനു മേല്‍ പതിക്കും." (ഖുര്‍'ആന്‍  16:106) കാരണം അത്ഒരു രാജ്യദ്രോഹക്കുറ്റം ആണ്.

ഷിയാകള്‍ മൂര്‍ത്തദ്ദുകളാണ് അവരെ കൊല്ലണം 
ശിയ എന്നാണു ശരിയായ ഉച്ചാരണം. ശിയ എന്നാല്‍ പാര്‍ടി എന്നാണു അര്‍ത്ഥം. ശിയഅത്ത് അലി (അലിയുടെ പാര്‍ടി) എന്നായിരുന്നു ഈ മുസ്ലിം വിഭാഗത്തിന്‍റെ ഉദ്ഭവകാലത്തെ പേര്. മുഹമ്മദിന്‍റെ ജാമാതാവും പിതൃവ്യപുത്രനും ആയ അലി ഇബ്നു അബൂതാലിബ് ആയിരുന്നു മുഹമ്മതിനു ശേഷം ഖലീഫ ആകേണ്ടിയിരുന്നത് എന്ന് ഷിയാകള്‍ വിശ്വസിച്ചു. അലിക്ക് ശേഷം അലിയുടെ മകന്‍. അങ്ങനെ ആകണമായിരുന്നു ഖലീഫയും ഇമാമും (ആത്മീയ നേതാവ്) എന്നാണു ശിയകള്‍ വിശ്വസിച്ചത്. അതുകൊണ്ട് അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയവര്‍ (മുര്‍ത്തദ്ദുകള്‍) ആണെന്ന് ചില മുസ്ലിങ്ങള്‍ വിശ്വസിച്ചു. അതുകൊണ്ട് അവരെയും കൊല്ലണം!  

ഇസ്‌ലാമില്‍ പരിഷ്കരണം സാധ്യമോ?
സാധ്യമാകണമെങ്കില്‍ എഴാം നൂറ്റാണ്ടിലെ മുഹമ്മദ്‌ എന്ന മനുഷ്യന് ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഖുര്‍'ആന്‍ വചനങ്ങളില്‍ ചിലതൊക്കെ കാലഹരണപ്പെട്ടു എന്ന് വിശ്വാസികള്‍ അംഗീകരിക്കണം. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് കാലഹരണം ഇല്ല, അവ ശാശ്വതമാണ് എന്ന വിശ്വാസം അവര്‍ ഉപേക്ഷിക്കണം.

Wednesday, May 13, 2015

ജയലളിത എങ്ങനെ നിയമത്തിനു മീതെ ആയി?

പലരും ധരിച്ചിരിക്കുന്നത് പണക്കൊഴുപ്പാണ് ജയലളിതയെ നിയമത്തിനു അതീതയാക്കിയത് എന്നാണ്. അതല്ല യഥാര്‍ത്ഥ്യം.
ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണര്‍ ആയത് ജഡ്ജിമാര്‍ കാണുന്നു 
കേരളത്തിലെ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി സദാശിവം ഇന്ത്യയുടെ നാല്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജിയെ ഗവര്‍ണര്‍ ആക്കിയത് വലിയ അപരാധം ഒന്നുമല്ല. ഇതിനു മുമ്പ് ജസ്റ്റിസ്‌ ഫാത്തിമ ബീവിയെ തമിഴ് നാട് ഗവര്‍ണര്‍ ആക്കിയിട്ടുണ്ട്. പക്ഷേ സദാശിവത്തിനെ ഗവര്‍ണര്‍ ആക്കിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ബി ജെ പി പ്രസിഡന്റ് ആയ അമിത് ഷായ്ക്ക് എതിരെ ഉണ്ടായിരുന്ന തുളസിറാം പ്രജാപതി കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിയത് ജസ്റ്റിസ് പി സദാശിവം ആയിരുന്നു. ഇതിനു പ്രതിഫലം ആയിട്ടാണ് ഗവര്‍ണര്‍ സ്ഥാനം നല്‍കിയത് എന്ന് ചിലര്‍ പറഞ്ഞു. അതിനു ജസ്റ്റിസ് സദാശിവം പറഞ്ഞ യുക്തിപൂര്‍വ്വമായ മറുപടി ഇങ്ങനെ:
"അന്ന് അമിത് ഷാ ബി ജെ പി പ്രസിഡണ്ട്‌ ആകുമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. അമിത് ഷായുടെ പേരിലുള്ള എഫ് ഐ ആര്‍ റദ്ദാക്കിയതും ഗവര്‍ണര്‍ പദവിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല!"

യഥാ രാജ തഥാ ന്യാധിപന്‍  
രാജാവ് തന്നെ ന്യാധിപന്‍ ആകണം എന്നാണു കൌടില്യന്‍ പറഞ്ഞത്. അഥവാ മറ്റൊരാളെ ന്യാധിപന്‍ ആക്കിയാല്‍ അയാള്‍ രാജാവിന്‍റെ ഇംഗിതം അനുസരിച്ച് വിധികള്‍ പറയണം. യഥാ രാജാ തഥാന്യായാധിപന്‍!
ജയലളിതയുടെ മൂല്യം 
ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് രാജ്യസഭയില്‍ 11 എം പി മാര്‍ ഉണ്ട്. ബി ജെ പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല. ജയലളിത ജയിലില്‍ കിടന്നാല്‍ ഈ പതിനൊന്നു എം പി മാരുടെ പിന്തുണ ബി ജെ പിക്ക് കിട്ടില്ല. അതുകൊണ്ടാണ് ഹൈക്കോടതി നിരസിച്ചിട്ടും സുപ്രീം കോടതി ജയലളിതയ്ക്ക് ജാമ്യം കൊടുത്തതും ജയളിതയുടെ അപ്പീല്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദ്ദേശം കൊടുത്തതും.
ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയുടെ വിധി 
സുപ്രീം കോടതി അങ്ങനെയൊക്കെ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആളല്ല കര്‍ണാടക ഹൈക്കോടതി ജഡ്ജി ചിക്ക രാച്ചപ്പ കുമാരസ്വാമി.
പ്രോസിക്യൂഷന് കേസ് വാദിക്കാന്‍ സമയം കൊടുത്തില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി വി ആചാര്യ വിലപിക്കുന്നു. എത്ര സമയം വാദിച്ചാലും വിധി ഇത് തന്നെയെന്നു അചാര്യക്കും അറിയാം. പിന്നെ കേസ് തോല്‍ക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ എന്തെങ്കിലും പറയണ്ടേ?
തെറ്റിയ കണക്കുകള്‍ 
ജയളിതയുടെ വരുമാനം കണക്കാക്കിയതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നു സ്പെഷ്യല്‍ പുബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. അവിഹിതസ്വത്തു സമ്പാദനക്കേസുകളില്‍  അനുയോജ്യത ഇല്ലാത്ത സ്വത്ത്‌ (disproportionate assets) മൊത്തം സ്വത്തിന്‍റെ പത്തു ശതമാനത്തില്‍ കുറവ് ആണെങ്കില്‍ പ്രതിയെ ശിക്ഷിക്കരുത് എന്ന് സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശം ഉണ്ട്. ജയലളിതയുടെ അവിഹിത സ്വത്തു മൊത്തം സ്വത്തിന്‍റെ 8.12 ശതമാനം മാത്രമേയുള്ളൂ എന്ന് കണ്ടിട്ടാണ് അവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. പത്ത് കടങ്ങള്‍ ജയലളിതയുടെ സ്ഥാപനങ്ങള്‍ ബാങ്ക്കളില്‍ നിന്ന് എടുത്തത്  24.17 കോടി രൂപ എന്നാണു ഹൈക്കോടതി കണക്കാക്കിയത്. അത് കൂട്ടിയപ്പോള്‍ പറ്റിയ തെറ്റാണ്. യഥാര്‍ത്ഥത്തില്‍ 10.67 കോടി രൂപ മാത്രമേയുള്ളൂ! പ്രോസിക്യൂട്ടര്‍ ആചാര്യ പറഞ്ഞു: "കടം എടുത്ത തുക ശരിയായി കണക്കാക്കിയിരുന്നെങ്കില്‍ അനുയോജ്യമല്ലാത്ത സ്വത്തിന്‍റെ 76.77 ശതമാനം ആകുമായിരുന്നു." 
നിരാശരാകരുത് 
ഇതൊക്കെ കണ്ടിട്ട് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടരുതേ. അവസാനത്തെ അത്താണി ആണത്.

Saturday, May 9, 2015

തെറ്റായ സന്ദേശം നല്‍കുന്ന നോവല്‍


ആരാച്ചാര്‍ നോവലിന്‍റെ 50,000-മത്തെ  കോപ്പി ലേലം ചെയ്തു വില്‍ക്കുന്നു എന്ന പരസ്യം കണ്ടു. എന്തിനാണ് അത് ലേലം ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു നോവല്‍ കേരളത്തില്‍ അമ്പതിനായിരം കോപ്പികള്‍ വിറ്റ്പോകുന്നത് അപൂര്‍വ്വം തന്നെ. ഇതിനു മുമ്പ് വളരെയധികം കോപ്പികള്‍ വിറ്റ നോവലുകളാണ് പെരുമ്പടവം ശ്രീധരന്റെ  ഒരു സങ്കീര്‍ത്തനം പോലെയും ബന്യാമിന്‍റെ ആടുജീവിതവും.
കണ്ണഞ്ചിപ്പിക്കുന്നതും ചെകിടടപ്പിക്കുന്നതും ആയ പരസ്യങ്ങള്‍ ആണ് ആരാച്ചാര്‍ക്ക്   നിത്യേനയെന്നോണം നല്‍കിക്കൊണ്ടിരിക്കുന്നത്. ഓടക്കുഴല്‍ സമ്മാനവും വയലാര്‍ അവാര്‍ഡും ഈ നോവല്‍ നേടിക്കഴിഞ്ഞു. ഇനിയും ഒരുപാടൊരുപാട് അവാര്‍ഡുകള്‍ കരസ്തമാക്കും; ഉറപ്പാണ്.

ഇരുപത്തിരണ്ടു വയസുകാരിയായ ബംഗാളി യുവതി ചേതനാ ഗൃദ്ധാമല്ലിക് ആരാച്ചാരുടെ ജോലി ഏറ്റെടുക്കാന്‍ സന്നദ്ധയാവുന്നു. ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു സ്ത്രീ അതിനു തുനിയുന്നത് എന്ന അനന്യത ഈ ഭാവനയ്ക്കുണ്ട്. ക്രിസ്തുവിനു മുന്പ് നന്ദരാജാക്കന്മാരുടെ കാലത്തേയ്ക്ക് നീളുന്ന ആരാച്ചാര്‍കുടുംബപാരമ്പര്യവും അതിലൂടെ രൂപപ്പെട്ട മനോഘടനയും ആണ് ഈ ജോലി ഏറ്റെടുക്കാന്‍ ചേതനയെ പ്രേരിപ്പിച്ചതും സന്നദ്ധയാക്കിയതും.

യതീന്ദ്രനാഥ് ബാനര്‍ജി എന്ന കുറ്റവാളിയെ തൂക്കിക്കൊല്ലുക എന്ന കൃത്യമാണ് ചേതനയ്ക്ക് ആദ്യം ഏറ്റെടുക്കേണ്ടി വന്ന ചുമതല. ഏറ്റെടുത്തത് മുതല്‍ ആ കൃത്യം നിര്‍വഹിക്കുന്നത് വരെയുള്ള ഏതാനും ദിവസങ്ങളില്‍ കഥയുടെ കാലപരിധി ഒതുങ്ങുന്നു. ഇതിനിടയില്‍ തന്‍റെ പിതാവും ഒരു ടി വി ചാനലും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ അനുസരിച്ച് ഏതാനും ദിവസങ്ങളില്‍ ആ ചാനലിലെ തൂക്കിക്കൊല സംബന്ധിച്ചുള്ള പരിപാടിയുടെ അവതാരകയായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സെന്‍സേഷനില്സത്തിലൂടെ തന്‍റെ ചാനലിനു റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സഞ്ജീവ് കുമാര്‍ മിത്ര എന്ന മാധ്യമപ്രവര്‍ത്തകനുമായി അടുപ്പത്തിലാവുന്നു. 'നിന്നെ ഒരു ദിവസം ഞാന്‍ ഭോഗിക്കും' എന്ന് പച്ചയായി പറഞ്ഞ് ചേതനയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന മാധ്യമ പ്രവര്‍ത്തകനുമായുള്ള അടുപ്പം സങ്കീര്‍ണ്ണം ആണ്. പ്രേമത്തെക്കാള്‍ കാമം ആണ് പ്രേരകം. ചേതനയുടെ അന്തരംഗത്തിലെ ചിന്താതരങ്ങങ്ങളിലൂടെയാണ് കഥാകഥനം നിര്‍വഹിക്കപ്പെടുന്നത്.

ഈ പുസ്തകത്തിന്‌  ഡോ. എം. ലീലാവതി എഴുതിക്കൊടുത്ത പരസ്യം 2015 ഫെബ്രുവരിയില്‍ ഇറക്കിയ പന്ത്രണ്ടാം പതിപ്പിന്‍റെ പുറം ചട്ടയില്‍ കൊടുത്തിരിക്കുന്നത് ഇതാണ്: ഇതുവരെ മലയാളത്തില്‍ ആരും പരിചയിച്ചിട്ടില്ലാത്ത പ്രമേയം. കഥയിലെ നായികയുടെ ഒരു പൂര്‍വ്വികയൊഴികെ ഭൂമിയില്‍ ഇന്നേവരെ മറ്റൊരു സ്ത്രീയും കടന്നുചെന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയാവുന്ന ജീവിത മേഖല. മറ്റാരുടെയും നിഴല്‍ വീഴാത്ത കഥാകഥനതന്ത്രം.
ഉരുകിത്തിളച്ചുമറിയുന്ന ലോഹദ്രവം ഉള്ളില്‍പ്പേറിക്കൊണ്ട് തണുത്തുറഞ്ഞ പാറപ്പരപ്പുകളെയും ഹിമശൈലത്തെയും പുറമേ വഹിക്കുന്ന ഭൂമി പോലെ വികാരജ്വാലകളെ മൂടിക്കൊണ്ട് നിസ്സംഗതയോടെ വ്യാപരിക്കുന്ന ഭാഷാഘടന. പലതുകൊണ്ടും ആരാച്ചാര്‍ ഒരു അപൂര്‍വ സൃഷ്ടിയാണ്. 

ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും മനുഷ്യസ്നേഹികളും വധശിക്ഷ ഒഴിവാക്കണം എന്ന് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളോട്  മുറവിളി കൂട്ടിക്കൊണ്ടിരിക്കെയാണ് ആരാച്ചാരുടെ നിന്ദ്യവും നികൃഷ്ടവും ആയ  ജോലി ഏറ്റെടുക്കാന്‍ ഒരു ബംഗാളി യുവതി മുന്നോട്ടു വരുന്നത്!

സമൂഹത്തിന്‍റെ അടിത്തട്ടിലെ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യുവതിക്ക് ലോകത്ത് വധശിക്ഷയ്ക്ക് എതിരെ നടക്കുന്ന മുറവിളിയെ കുറിച്ച് അവബോധം ഉണ്ടാകണം എന്നില്ല. പക്ഷേ സ്ത്രീശാക്തീകരണം എന്ന മന്ത്രോച്ചാരണത്തോടെ ആരാച്ചാര്‍ ജോലി ചെയ്യാന്‍ മുന്നോട്ടു വന്ന ഒരു ധീരവനിതയാണ് ചേതന ഗൃദ്ധാമല്ലിക്ക്! തന്നെ മാനഭംഗപ്പെടുത്താന്‍ മുതിര്‍ന്ന കരുത്തനായ തൊഴിലുടമയുടെ കഴുത്തില്‍ ആരാച്ചാരുടെ കുടുക്കിട്ടു വലിച്ചു പാഠം പഠിപ്പിച്ച, പ്ലസ് ടു പരീക്ഷ നല്ല നിലയില്‍ പാസായെങ്കിലും സാമ്പത്തിക പ്രയാസം കാരണം തുടര്‍ന്നു പഠിക്കാന്‍ കഴിയാതെ പോയ അവര്‍ ഒരിക്കല്‍ പോലും മനുഷ്യനെ മനുഷ്യന്‍ കൊല്ലരുത്, മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നത് ശരിയല്ല എന്ന് ചിന്തിക്കുന്നില്ല!

ഒരു സ്ത്രീ ആരാച്ചാര്‍ പണി ചെയ്യുന്നതിനെ ന്യായീകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന ഇതിവൃത്തത്തിനു പിന്നിലെ ന്യായവാദം നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്.
"ഞാനും മായും രാമുദായും തരിച്ചിരിക്കെ അച്ഛന്‍ ഒരു പുഞ്ചിരിയോടെ ഞങ്ങളെ തിരിഞ്ഞു നോക്കി. തുടര്‍ന്ന് ഞങ്ങള്‍ സ്ക്രീനില്‍ കണ്ട ദൃശ്യങ്ങള്‍ ഇവയായിരുന്നു: 
ചെറുപ്പക്കാരന്റെ മുഖം:
"തന്‍റെ മകള്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുന്നത് വരെ കോടതി ഉത്തരവ് കൈപ്പറ്റുകയില്ലെന്നും ജോലി നിര്‍വഹിക്കുകയില്ലെന്നും ഗൃദ്ധാ മല്ലിക്ക് വ്യക്തമാക്കി. ആരാച്ചാരുടെ മക്കള്‍ക്ക് അതേ ജോലി മാത്രമേ നല്‍കാന്‍ സാധിക്കൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ തന്‍റെ മകനെയല്ലെങ്കില്‍ മകളെ ഈ ജോലി ഏല്‍പ്പിക്കണമെന്ന ഗൃദ്ധാ മല്ലിക്കിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നിയമന്ത്രി പല്ലവ് ദാസ്‌ ഗുപ്ത അറിയിച്ചു."
മന്ത്രിയുടെ മുഖം:
"നോ നോ നോ... ഒരു സ്ത്രീക്കു ചെയ്യാന്‍ കഴിയുന്ന ജോലിയല്ല അത്... ഇറ്റ്‌ റിക്വയെഴ്സ് എ ലോട്ട് ഓഫ് സ്ട്രെങ്ങ്ത്... ഓഫ് മൈന്‍ഡ് ആന്‍റ് ബോഡി..."
ചെറുപ്പക്കാരന്റെ മുഖം:
"സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും ശക്തിയില്ലെന്നാണോ താങ്കള്‍ പറയുന്നത്?"
മന്ത്രി:
"അങ്ങനെയല്ല... പക്ഷേ എല്ലാ ജോലിയെയും പോലെയല്ലല്ലോ ഈ ജോലി..."
ചെറുപ്പക്കാരന്റെ മുഖം വീണ്ടും:
"ഇതോടെ ഇത് കേവലം നീതി നിര്‍വഹണത്തിന്‍റെ പ്രശ്നം മാത്രമല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. വധശിക്ഷ   ലോകരാഷ്ട്രങ്ങളില്‍ പലതും നിരോധിക്കുന്ന സാഹചര്യം നിലനില്‍ക്കെത്തന്നെ, ഒരു സ്ത്രീക്ക് ആരാച്ചാരുടെ ജോലി ചെയ്യാന്‍ അവകാശമുണ്ടോ ഇല്ലയോ എന്ന ചോദ്യം സ്ത്രീസംവരണവാദത്തിന്റെ പശ്ചാത്തലത്തില്‍ തള്ളിക്കളയാന്‍ ആവാത്തതാണ്..."

ഇത് ഒരു വികലയുക്തിയാണ്. മനുഷ്യാവകാശത്തിന്റെയും മനുഷ്യസ്നേഹത്തിന്‍റെയും മുമ്പില്‍നില്‍ക്കേണ്ടത്  സ്ത്രീക്കു എന്തു ജോലിയും ചെയ്യാനുള്ള അവകാശമുണ്ട്, ശക്തിയുണ്ട് എന്ന സ്ത്രീപുരുഷ സമത്വചിന്തയാണ്! ഈ വികലയുക്തിയുടെതും ഒരു സ്ത്രീ ആരാച്ചാര്‍ ആകാന്‍ ആഗ്രഹിക്കുക എന്ന അസംഭവ്യതയുടെതും ആയ രണ്ടു പൊയ്ക്കാലുകളില്‍ നടക്കുന്ന  ഒരു നോവലാണ്‌ 551 പേജുകളുടെ വിസ്തൃതിയുള്ള ആരാച്ചാര്‍!.

നോവല്‍ അവസാനിക്കുന്നത് ഭ്രമകല്പന ചേര്‍ത്തു അവതരിപ്പിക്കുന്ന ഒരു മൂന്നാംകിട മെലോഡ്രാമയില്‍ ആണ്.

Friedrich Nietzsche 
ഫ്രെഡറിക്ക് നീഷ്ച്ചേ (Friedrich Nietzsche) പറഞ്ഞു: ഇടത്തരവും ചീത്തയും (mediocre and bad) ആയ പുസ്തകങ്ങള്‍ വളരെയധികം ആളുകളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു; നിശ്ചയമായും വളരെയധികം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു!

അന്താണ് അമ്പതിനായിരാമാത്തെ കോപി ലേലം ചെയ്യുന്നതിന് പിന്നിലെ രഹസ്യം!

Wednesday, May 6, 2015

നിയമത്തിനു മീതെയുള്ളവര്‍

നിയമങ്ങള്‍  ചിലന്തിവലകള്‍ പോലെയാണെന്ന് പറഞ്ഞത് "ഗള്ളിവേഴ്സ് ട്രാവല്‍സ്" എന്ന ആക്ഷേപഹാസ്യം (satire) എഴുതിയ ജൊനാതന്‍ സ്വിഫ്റ്റ് ആണ്. അത് (നിയമങ്ങള്‍) ചെറുപ്രാണികളുടെ കഥ കഴിക്കും. വലിയ വണ്ടുകളും വേട്ടാളന്മാരും ചിലന്തിവലപൊട്ടിച്ച് രക്ഷപ്പെടും.

കുറ്റവാളിയായ സിനിമാതാരം  
ജൊനാതന്‍ സ്വിഫ്റ്റ് 
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്യപിച്ചു കാറോടിക്കുകയും തെരുവില്‍ കിടന്നുറങ്ങിയിരുന്ന നിസ്വരായ  മനുഷ്യരുടെ പുറത്തുകയറ്റി അവരെ കൊല്ലുകയും ചെയ്ത ക്രിമിനല്‍കുറ്റവാളിയായ സിനിമാനടന്‍ സല്‍മാന്‍ ഖാന്‍  അഞ്ചു വര്‍ഷത്തെ തടവ്‌ ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് ബോംബെയിലെ കോടതി കണ്ടെത്തിയത് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മാത്രമാണ്; അതും അനിഷേധ്യമായ തെളിവുകളുടെ കണ്ണഞ്ചിക്കുന്ന സൂര്യപ്രഭയില്‍ ഗത്യന്തരമില്ലാതെ! 
ഇന്ത്യന്‍ നിയമ വ്യവസ്ഥ ഈ സൂപ്പര്‍താരത്തിന്‍റെ മുന്‍പില്‍ പകച്ചുനിന്നുപോയി എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല.  
ശിക്ഷ വിധിച്ചു ഒരു മണിക്കൂര്‍ തികയുന്നതിനു മുമ്പ് ബോംബെ ഹൈക്കോടതി അയാള്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചു.  കുറ്റവാളിയെ ജയിലിലാക്കരുതെന്ന് ഉത്തരവിട്ടു. കീഴ്കോടതിയുടെ വിധിന്യായം മുഴുവന്‍ കാണാന്‍ കഴിയാത്തത് കൊണ്ടാണ് രണ്ടു ദിവസത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചതെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ഈ എം എസിനെ ശിക്ഷിച്ച കോടതി 
കുംഭയും കുടവയറും ഉള്ളവര്‍ക്ക് ഒരു വിധിയും പാവപ്പെട്ടവര്‍ക്ക് മറ്റൊരു വിധിയും ആണെന്ന് പറഞ്ഞതിന് സുപ്രീം കോടതി ഇ.  എം. എസിനെ ശിക്ഷിച്ചു. മാര്‍ക്സിസം ശരിയായി പഠിക്കാന്‍ ആ മാര്‍ക്സിസ്റ്റ്‌ ആചാര്യനോട് പറയാനുള്ള ധൈര്യവും (അവിവേകം) ഇന്ത്യയുടെ പരമോന്നത നീതിപീഠം കാണിച്ചു! 

സൂപ്പര്‍ താരങ്ങള്‍ എല്ലാവരും നിയമത്തിനു മീതെയാണ്!
സല്‍മാന്‍ ഖാനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറത്തു വന്ന ഉടനെ ചില മാധ്യമങ്ങള്‍ വേവലാതിപ്പെട്ടത് ആയിരം കോടിയിലധികം മുടക്കി ആരംഭം കുറിച്ചിട്ടുള്ള സിനിമകളുടെ നിര്‍മാണം മുടങ്ങിപ്പോകും എന്നാണ്!
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മുപ്പതു കോടിയോളം വീതം രൂപയുടെ ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അവരുടെ മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല.

മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചത് കണ്ടെത്തുകയും വനം വകുപ്പ് കേസേടുക്കുകയും ചെയ്തെന്നു വാര്‍ത്തകള്‍ വന്നിരുന്നു. അതും ഇപ്പോള്‍ കേള്‍ക്കാനില്ല. ഈ സൂപ്പര്‍ താരങ്ങളും നിയമങ്ങള്‍ക്ക് മീതെയാണ്! 

രാഷ്ട്രീയക്കാരും നിയമത്തിനു മീതെ!
വിവാഹം കഴിഞ്ഞു ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യയ്ക്ക്  അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഭര്‍ത്താവിന്‍റെ പേരില്‍ കേസെടുത്തു അന്വേഷണം നടത്തണം എന്നത് ഇന്ത്യയിലെ നിയമമാണ്. കേരളത്തിലെ ഒരു കോണ്ഗ്രസ് എം പിയായ ശശി തരൂര്‍ സുനന്ദ പുഷ്കറെ വിവാഹം ചെയ്തിട്ട് മൂന്നു കൊല്ലം മാത്രമായപ്പോള്‍ സുനന്ദ പുഷ്കര്‍ സംശയകരമായ സാഹചര്യത്തില്‍ മരണമടഞ്ഞു. ശശി തരൂരിനെതിരെ ഇന്ന് വരെ കേസെടുത്തിട്ടില്ല. അയാള്‍ പുതിയ പ്രധാനമന്ത്രിയുടെ "ആരാധകന്‍" ആണിപ്പോള്‍. പിന്നെ എങ്ങനെ കേസെടുക്കും?

അഴിമതിക്കാരും നിയമത്തിനു മീതെയാണ്!
മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സെക്രട്ടറി ആയിരുന്ന ടെനി ജോപ്പന്‍ ഇപ്പോള്‍ ജാമ്യത്തില്‍ നടക്കുകയാണ്. അത് പോലെ തന്നെ ഗണ്മാന്‍ ആയിരുന്ന സലിം രാജും. അവരുടെ മേല്‍നോട്ടക്കാരന്‍ ആയ ഉമ്മന്‍‌ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രി ആയി വിലസുന്നു. കൈക്കൂലിക്കാശു എണ്ണിത്തിട്ടപ്പെടുത്തി  വാങ്ങിയ കെ എം മാണി ഒരു എഫ് ഐ ആറിന്‍റെ കുടയും ചൂടി ഞെളിഞ്ഞു നടക്കുന്നു; മാത്രമല്ല, ധനമന്ത്രിസ്ഥാനത്തിരുന്നു രാജ്യം ഭരിക്കുന്നു! പത്തു കോടി  എണ്ണാതെ വാങ്ങിയ കെ. ബാബുവിനും താമസിയാതെ കിട്ടും, ചൂടി നടക്കാന്‍  എഫ് ഐ ആര്‍ എന്ന വര്‍ണക്കുട. ഇവരെയൊന്നും പിടികൂടി ശിക്ഷിച്ചു ജയിലില്‍ അയക്കാന്‍ നിയമം എന്ന ചിലന്തിവലയ്ക്ക് സാധിക്കുകയില്ല. 
നിയമവാഴ്ചയെ പ്രഹസനമാക്കുന്ന ഈ അധമന്‍മാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

കൊലപാതകം ആഘോഷിക്കുന്നവര്‍


അവാര്‍ഡ് ജേതാവായ ഒരു  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തന്‍റെ ഫേസ് ബുക്ക്‌ ചുവരില്‍ ഇങ്ങനെ എഴുതി: "ടി.പി. ചന്ദ്രശേഖരൻ കൊലപാതക വാർഷികദിനത്തിൽ ആർ.എസ്.എസുകാർ കൊന്നവരുടെ എണ്ണം പറഞ്ഞുകൊണ്ട് പ്രതിരോധം തീർക്കാൻ ശ്രമിച്ച മാർക്സിസ്റ്റ് സുഹൃത്തുക്കൾക്ക്: കൊല കൊല തന്നെ, കൊലയാളി കൊലയാളിയും. കുറച്ചു കൊലപാതകം നടത്തിയവരെ നല്ല കൊലയാളികളായും കൂടുതൽ നടത്തിയവരെ ചീത്ത കൊലയാളികളായും കണക്കാക്കാനാകില്ല."
മറ്റൊരാള്‍ ഇക്കഴിഞ്ഞ ദിവസം  തന്‍റെ ചുവരിലെഴുതിയത് ഇങ്ങനെ: "ടി.പി.യുടെ കൊലപാതകം അദ്ദേഹത്തിന്റെ ഭാര്യക്കും മകനും തീരാനഷ്ടമാണ് വരുത്തിവച്ചത്. ഏറ്റവും ഭീമമായ നഷ്ടം സിപിഎം നാണ്." നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്‍റെ ലാഭവും നഷ്ടവും തിട്ടപ്പെടുത്തുന്നവരുടെ മനോഗതം വാടകകൊലയാളികളുടെതിനേക്കാള്‍ എത്ര ക്ഷുദ്രം! ടി പി കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ ഇക്കൂട്ടരുടെ ജീവിതം വെറും ഊഷരഭൂമി പോലെ കിടക്കുമായിരുന്നു! കൊലപാതകത്തില്‍ ആഹ്ലാദിക്കുന്ന നികൃഷ്ടര്‍!!
വാടകക്കൊലയാളികളെക്കൊണ്ട്  ടി ചന്ദ്രശേഖരനെ കൊല്ലിച്ച വ്യക്തി കുറ്റം ഏറ്റുപറഞ്ഞാലും കൊന്നതിന്‍റെ കുറ്റം സി പി ഐ എംന്റെ പേരില്‍ തന്നെ നില നിറുത്താന്‍ അനവരതം ശ്രമിക്കുകയാണ് ചിലര്‍. അവരെല്ലാം ചന്ദ്രശേഖരന്‍റെ കൊലപാതകം ആഘോഷിക്കുകയാണ് ഇപ്പോഴും.
സി പി ഐ എംന്റെ സ്വന്തം അംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ പോലും പാര്‍ട്ടിക്ക് അവകാശം ഇല്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇവരുടെ സി പി ഐ എം വിരോധം ഒരു മനോരോഗത്തിന്റെ നിലയില്‍ എത്തിയിരിക്കുന്നു! 

Saturday, May 2, 2015

ജീവിച്ചിരിക്കുന്ന രക്തസാക്ഷി


പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈയ് വെട്ടിയ കേസില്‍ 13 മുസ്ലിം ഭീകരവാദികള്‍ (ഇവരെ ദേശാഭിമാനി പോലും വിശേഷിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട്കാര്‍ എന്ന് മാത്രമാണ്) കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. പതിനെട്ടു ഭീകരരെ  മതിയായ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരും ഭീകരര്‍ തന്നെ എന്ന കാര്യത്തില്‍ സംശയം ഇല്ല. നാലഞ്ച് പ്രതികള്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികള്‍ ആയി അന്യനാടുകളില്‍ കഴിയുന്നു. അവരെ പിടികൂടാന്‍ നമ്മുടെ പോലീസിനു കഴിഞ്ഞിട്ടില്ല!
എന്തിനായിരുന്നു ഒരു കോളേജ് അധ്യാപകന്‍റെ വലതുകൈ 2010 ആഗസ്റ്റ്‌  4ന് ഭീകരര്‍ വെട്ടിമാറ്റിയത്? താലിബാന്‍ മോഡലില്‍ ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ = House of Justice) രഹസ്യമായി കൂടിയാണ് മുഹമ്മദ്‌ നബിയെ അവഹേളിച്ചു എന്ന് പറഞ്ഞ് ജോസഫിന്‍റെ കൈയ് വെട്ടാന്‍ തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
എന്താണ് പ്രൊഫസര്‍ ജോസഫ് ചെയ്ത പാതകം?
രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥികളുടെ സെമെസ്റ്റര്‍ പരീക്ഷ്യക്കായി ജോസഫ് ചോദ്യപേപ്പര്‍ തയാറാക്കി. അതില്‍ പതിനൊന്നാമത്തെ ചോദ്യം ഇങ്ങനെയായിരുന്നു. താഴെ കൊടുത്തിരിക്കുന്ന ദൈവവും ഒരാളും തമ്മിലുള്ള സംഭാഷണത്തിന് ചിഹ്നങ്ങള്‍ കൊടുക്കുക:
മുഹമ്മദ്: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

സംഭാഷണ ശകലം ജോസഫിന്‍റെ ഭാവനാ സൃഷ്ടി അല്ലായിരുന്നു. അദ്ദേഹം അത് സംവിധായകന്‍ പി റ്റി കുഞ്ഞിമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ നിന്ന് സ്വീകരിച്ചതായിരുന്നു. ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയത് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂ ട്ട്‌ ആണ്. കുഞ്ഞിമുഹമ്മദ് 1999ല്‍  നിര്‍മ്മിച്ച ഘര്‍ഷോം എന്ന സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്തപ്പോള്‍ ചാവക്കാടും പരിസരത്തും അലഞ്ഞു നടന്നിരുന്ന ഒരു സ്കിസോഫ്രീനിയ മനോരോഗി തന്നത്താന്‍ സംസാരിക്കുന്നത് കാണാറുണ്ടായിരുന്നുവെന്നും അയാളെ താന്‍ ദൈവത്തോട് സംസാരിക്കുന്ന കഥാപാത്രമായി സിനിമയില്‍ ചിത്രീകരിച്ചെന്നും വിശദമാക്കി. അതിനെ കുറിച്ച് പി ടി കുഞ്ഞുമുഹമ്മദ് പുസ്തകത്തില്‍ പറഞ്ഞത് ഇങ്ങനെ: ‘ഗര്‍ഷോമി’ല്‍ കഥാനായകന്‍ ദൈവവുമായിട്ട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്; എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. "പടച്ചോനേ.. പടച്ചോനെ…" ദൈവത്തിന്റെ മറുപടി. "എന്താടാ നായിന്റെ മോനേ…" എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്? ദൈവത്തിന്റെ മറുപടി: (ദൈവം ഇദ്ദേഹം തന്നെയാണ്) "3 കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ…" ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. (തിരക്കഥയുടെ രീതിശാസ്ത്രം, പുറം 58).
പ്രൊഫസര്‍ ടി ജെ ജോസഫ് ചോദ്യം തയാറാക്കിയപ്പോള്‍ കഥാപാത്രത്തിനു ഒരു പേര് കൊടുത്തു. "മുഹമ്മദ്‌"!
മുസ്ലിം ഭീകരവാദികളുടെ താണ്ഡവനടനം
ജമാ'അത്തെ ഇസ്ലാമികളുടെ പാത്രമായ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത‍യാണ് മുസ്ലിം
ഭീകരതയുടെ താണ്ഡവത്തിനു പ്രേരകമായത്. പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സിമി തുടങ്ങിയ മുസ്ലിംഭീകരസംഘടനകളുടെ പ്രത്യശാസ്ത്രസ്രോതസ് (Ideological Fountain Head) ജമാ'അത്തെ ഇസ്ലാമിയാണ്. ഇക്കാര്യം കെ ഇ എന്‍ നെ പോലുള്ള മാര്‍ക്സിസ്റ്റ്‌കാരും തിരിച്ചറിയുന്നില്ല! വാര്‍ത്ത വായിച്ച മുസ്ലിം ഭീകരര്‍ പ്രൊഫസര്‍ ജോസഫ്  മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചുവെന്ന് കര്‍ണാകര്‍ണികയാ പ്രചരിപ്പിച്ചു. മുസ്ലിം
ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധ പ്രകന്ടങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ  കെ എസ് യുവും ലീഗിന്‍റെ എം എസ് എഫും അവരോടൊപ്പം ചേര്‍ന്നു. ആ പ്രദേശത്തെ മുസ്ലിങ്ങളും ഇളകി. അപ്പോള്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു.
വി എസ് അച്യുതാനന്ദന്‍ ഗവണ്മെന്റ് മുസ്ലിം ഭീകരവാദികള്‍ക്ക് ചൂട്ട് കത്തിച്ചു പിടിച്ചുകൊടുത്തു!
പ്രൊഫസര്‍ ജോസഫ് മതസ്പര്‍ദ്ധ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഐ പി സി 295 വകുപ്പനുസരിച്ച് കേസെടുക്കാന്‍ തീരുമാനിക്കുകയും ജോസഫിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജോസഫിനെ സര്‍ക്കാര്‍ മുസ്ലിം ഭീകരര്‍ക്ക്‌ ഒറ്റുകൊടുക്കുകയാണ് ചെയ്തത്!
പണ്ഡിതനായ  അന്നത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബി പോലും ജോസഫിനെ മടയന്‍ എന്ന് ആക്ഷേപിച് കൈയൊഴിഞ്ഞു. മാറിവന്ന സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ല. തെറ്റുകള്‍ പലരീതിയില്‍ ആവര്‍ത്തിച്ച് മതഭീകരതയുടെ പക്ഷം പിടിക്കുകയായിരുന്നു എല്ലാവരും. വര്‍ഷങ്ങള്‍ക്കു ശേഷം എം എ ബേബി പച്ചക്കുതിര മാസികയ്ക്കു അനുവദിച്ചി അഭിമുഖത്തില്‍ താന്‍ ജോസഫിനെ "മടയന്‍" എന്നേ വിളിച്ചുള്ളൂ വിഡ്ഢി എന്ന് വിളിച്ചില്ല എന്ന് വങ്കത്തരം പറഞ്ഞ് തന്‍റെ അന്നത്തെ നിലപാട് ന്യായീകരിച്ചത് ജുഗുപ്സാവഹം തന്നെ! ഗവണ്മെന്റ് ജോസഫിനെതിരെ കേസെടുത്തപ്പോള്‍ കോളേജ് മാനേജ്‌മന്റ്‌ ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ജോസഫ് നിരപരാധിയാണെന്നും ജോസഫിനെ തിരിച്ചെടുക്കണമെന്നും
ഹൈക്കോടതി വിധിച്ചു.
എന്നാല്‍ കോളേജ് മാനേജ്‌മെന്റും അതിനു നേതൃത്വം നല്‍കുന്ന തിരുസഭയും അദ്ദേഹത്തെ കോടതിവിധി അവഗണിച്ചും പുറത്തുതന്നെ നിര്‍ത്തുന്ന കാഴ്ചയാണ് സാക്ഷരകേരളം പിന്നീട് കണ്ടത്. കോളേജ് അധികൃതരുടെ മനുഷ്യത്വരഹിത നടപടിയില്‍ മനം നൊന്ത് സലോമി ഒരു മുഴം കയറില്‍ ഈലോകജീവിതം അവസാനിപ്പിച്ചു. ഒടുവില്‍ റിട്ടയര്‍മെന്റിന്റെ തലേന്ന് ജോസഫിനെ തിരിച്ചെടുത്ത് വിധി നടപ്പാക്കേണ്ടിവന്നതും എല്ലാ ആനുകൂല്യങ്ങളോടെയും ജോലിയില്‍ നിന്ന് അദ്ദേഹം വിരമിച്ചതും ചരിത്രം.
ജോസഫിനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയതില്‍ മുസ്ലിം ഭീകരര്‍ മാത്രമല്ല കുറ്റക്കാര്‍; കേരളത്തില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്മെണ്ടും പിന്നീട് അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാരും ക്രൈസ്തവ സഭയും ജോസഫ് തെറ്റ് ചെയ്തു എന്ന് ഇപ്പോഴും വിശ്വസിക്കുകയും ഉറക്കെ വിളിച്ച് പറയുകയും ചെയ്യുന്ന ബുദ്ധിജീവികളും കുറ്റക്കാരാണ്.