Sunday, July 20, 2014

അരുന്ധതിയെ ശിക്ഷിക്കണോ?

ഗാന്ധി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ല എന്ന് പറഞ്ഞതിന്‍റെ പേരില്‍ അരുന്ധതി റോയിക്കെതിരെ നടപടി എടുക്കണം എന്നാണു മുന്‍ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവും ആയ ഗുലാം നബി ആസാദ് മാധ്യമങ്ങളിലൂടെ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത്. നടപടി എടുക്കണം എന്നാല്‍ അരുന്ധതിയെ ശിക്ഷിക്കണം എന്നാണല്ലോ. എന്ത് ശിക്ഷ എന്ന് നബി പറഞ്ഞില്ല. ഇന്ത്യയും ലോകവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രപിതാവിനെ ജാതിവാദി (casteist) എന്ന് വിളിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നാണ് ഗുലാം നബി പറയുന്നത്. ഗുലാം നബിയോളം പോരാത്ത ചിലര്‍ ആക്ഷേപിക്കുന്നത് അരുന്ധതി രണ്ടാം ഗാന്ധി വധം നടത്തി എന്നാണു. അത് പ്രശസ്തിക്കു വേണ്ടി ആയിരുന്നത്രേ! ഗാന്ധിജിയുടെ ലേഖനങ്ങളെ ഉദ്ധരിച്ചാണ് അരുന്ധതി ഗാന്ധിജിയെ വിമര്‍ശിച്ചത്.[പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടതാണ്]
ഗാന്ധി ഭഗവത് ഗീതയെ മുറുകെ പിടിച്ചിരുന്ന ഒരു സനാതന ഹിന്ദു ആയിരുന്നു. "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന് ഭഗവാന്‍ പറഞ്ഞതിനെ നിഷേധിക്കാന്‍ ഗാന്ധിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ജാതി വ്യവസ്ഥയെ എതിര്‍ത്തതും ഇല്ല. പക്ഷെ ജാതിവ്യവസ്ഥയില്‍ അധമജാതിക്കാര്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങളില്‍ ഗാന്ധി വേദനിച്ചു എന്നുള്ളത് സത്യമാണ്. ഗാന്ധി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം കൂടി അരുന്ധതി റോയ് പറയേണ്ടതായിരുന്നു എന്ന അഭിപ്രായം ആണ് എനിക്ക്. ഹിന്ദുത്വ ഫാസിസം അധികാരത്തില്‍ എത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ക്ക് ഗാന്ധിജിയെ ആവശ്യം ഉണ്ട്; ഗാന്ധിതത്വങ്ങളും ആവശ്യം ഉണ്ട്. പക്ഷെ ഗാന്ധിയെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കണം എന്ന് പറയുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സിന്റെ സ്വേച്ചാധിപത്യപ്രവണതയെ നഗ്നമാക്കുന്നുണ്ട്.

Saturday, July 19, 2014

ഗാന്ധിജി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ല : അരുന്ധതി റോയി

ജൂലൈ പതിനേഴിന് കേരള യൂണിവേഴ്സിറ്റിയുടെ മഹാത്മാ അയ്യന്‍‌കാളി ചെയര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അരുന്ധതി റോയി ചെയ്ത പ്രസംഗം കേട്ടു. അവര്‍ പറഞ്ഞു: "നാം ആഘോഷിച്ചുകൊണ്ടിരിക്കുന്നത് അതര്‍ഹിക്കാത്ത ചില നേതാക്കളെയാണ്. ഉദാഹരണം മഹാത്മാഗാന്ധി തന്നെ! ആഘോഷം അര്‍ഹിക്കാത്തവര്‍ ആഘോഷിക്കപ്പെടുമ്പോള്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടുന്നു. മഹാത്മാ അയ്യങ്കാളി അങ്ങനെ പിന്തള്ളപ്പെട്ടു പോയ ഒരു മഹാത്മാവാണ്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള പല സ്ഥാപനങ്ങളുടെയും, വിശേഷിച്ചു യൂണിവേഴ്സിറ്റികളുടെത്, പേരുകള്‍ മാറ്റേണ്ടിയിരിക്കുന്നു. കാരണം മഹാത്മാ ഗാന്ധി ജാതി വ്യവസ്ഥയെ എതിര്‍ത്തില്ല. കേരളത്തില്‍ തന്നെ ഉണ്ടല്ലോ ഗാന്ധിജിയുടെ പേരില്‍ ഒന്ന്. കോട്ടയത്തെ യൂണിവേഴ്സിറ്റിയുടെ പേര് എന്തുകൊണ്ട് അയ്യന്‍‌കാളി യൂണിവേഴ്സിറ്റി എന്നായില്ല? മനുഷ്യരെ അതിക്രൂരമായി അടിച്ചമര്‍ത്തുന്ന ജാതി വ്യവസ്ഥയെ ഗാന്ധിജി എതിര്‍ത്തില്ല എന്ന് ഞാന്‍ വെറുതെ പറയുന്നതല്ല. അദ്ദേഹം എഴുതിയതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പറയുന്നത്."

തുടര്‍ന്ന് 1936ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്ന് അവര്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: "മനുഷ്യന്‍റെ മലം കോരുന്ന ഭങ്കികളോട് മലവും മൂത്രവും കൂട്ടിച്ചേര്‍ത്തു കൃഷിക്കുള്ള വളം ആക്കണം എന്നാണു ഗാന്ധിജി ഉപദേശിച്ചത്. 'ഹരിജനങ്ങളുടെ' സ്വാഭാവികമായ തൊഴില്‍ മനുഷ്യരുടെ മലവും മൂത്രവും കോരിമാറ്റല്‍ തന്നെയാണ് എന്ന മട്ടിലാണ് ഗാന്ധിജി ഇത് എഴുതിയത്. ജാതി വ്യസ്ഥയും അതില്‍ ദളിതരുടെ അധമസ്ഥാനവും സ്വാഭാവികമായ സാമൂഹിക വ്യവസ്ഥയാണെന്ന ധാരണയാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. അവര്‍ക്ക് നേരെയുള്ള തൊട്ടുകൂടായ്മ അവസാനിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ ഗാന്ധിക്ക്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ ആണ് അവരെ "ഹരിയുടെ ജനങ്ങള്‍" എന്ന് വിളിക്കാന്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ കറുത്ത തടവുകാരെ സംസ്കാരമില്ലാത്ത "കാഫിറുകള്‍" എന്നാണു ഗാന്ധി വിശേഷിപ്പിച്ചത്‌."

അരുന്ധതി റോയ്ബി തുടര്‍ന്നു: "ജെ പിക്കും ജാതി വ്യവസ്ഥയോട് ഇതേ നിലപാട് തന്നെയാണ്. നരേന്ദ്രമോഡി പറഞ്ഞത്  ഭങ്കികള്‍ (വാല്‍മികി ജാതിക്കാര്‍) മനുഷ്യമലം കോരിക്കളയുന്നതിലൂടെ "ആത്മീയമായ ശുദ്ധി" നേടുന്നു എന്നാണു. എന്ന് വെച്ചാല്‍ അവര്‍ ഇനിയും അത് തന്നെ തുടരണം എന്നാണ് മോഡി പറഞ്ഞതിന്‍റെ സാരം."

--------------
പിന്‍ കുറിപ്പ്: അരുന്ധതിയുടെ ഭാഷണം വരേണ്യരായ ഗാന്ധിഭക്തരെ പ്രകോപിപ്പിച്ചു. അരുന്ധതി വിലകുറഞ്ഞ (എന്ന് വെച്ചാല്‍ എളുപ്പത്തില്‍ നേടാവുന്ന) പ്രശസ്തിക്കു വേണ്ടിയാണ് ഗാന്ധിജിയെ വിമര്ശിച്ചതെന്നാണ് സുഗതകുമാരി പറഞ്ഞത്. അരുന്ധതി റോയിക്ക് പ്രശസ്തിയുടെ കുറവുണ്ടോ ടീച്ചറേ?!


ചില ദേശീയ മാധ്യമങ്ങളെയും അരുന്ധതിയുടെ വാക്കുകള്‍ ചൊടിപ്പിച്ചു.