Saturday, May 9, 2015

തെറ്റായ സന്ദേശം നല്‍കുന്ന നോവല്‍


ആരാച്ചാര്‍ നോവലിന്‍റെ 50,000-മത്തെ  കോപ്പി ലേലം ചെയ്തു വില്‍ക്കുന്നു എന്ന പരസ്യം കണ്ടു. എന്തിനാണ് അത് ലേലം ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു നോവല്‍ കേരളത്തില്‍ അമ്പതിനായിരം കോപ്പികള്‍ വിറ്റ്പോകുന്നത് അപൂര്‍വ്വം തന്നെ. ഇതിനു മുമ്പ് വളരെയധികം കോപ്പികള്‍ വിറ്റ നോവലുകളാണ് പെരുമ്പടവം ശ്രീധരന്റെ  ഒരു സങ്കീര്‍ത്തനം പോലെയും ബന്യാമിന്‍റെ ആടുജീവിതവും.
കണ്ണഞ്ചിപ്പിക്കുന്നതും ചെകിടടപ്പിക്കുന്നതും ആയ പരസ്യങ്ങള്‍ ആണ് ആരാച്ചാര്‍ക്ക്   നിത്യേനയെന്നോണം നല്‍കിക്കൊണ്ടിരിക്കുന്നത്. ഓടക്കുഴല്‍ സമ്മാനവും വയലാര്‍ അവാര്‍ഡും ഈ നോവല്‍ നേടിക്കഴിഞ്ഞു. ഇനിയും ഒരുപാടൊരുപാട് അവാര്‍ഡുകള്‍ കരസ്തമാക്കും; ഉറപ്പാണ്.

ഇരുപത്തിരണ്ടു വയസുകാരിയായ ബംഗാളി യുവതി ചേതനാ ഗൃദ്ധാമല്ലിക് ആരാച്ചാരുടെ ജോലി ഏറ്റെടുക്കാന്‍ സന്നദ്ധയാവുന്നു. ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു സ്ത്രീ അതിനു തുനിയുന്നത് എന്ന അനന്യത ഈ ഭാവനയ്ക്കുണ്ട്. ക്രിസ്തുവിനു മുന്പ് നന്ദരാജാക്കന്മാരുടെ കാലത്തേയ്ക്ക് നീളുന്ന ആരാച്ചാര്‍കുടുംബപാരമ്പര്യവും അതിലൂടെ രൂപപ്പെട്ട മനോഘടനയും ആണ് ഈ ജോലി ഏറ്റെടുക്കാന്‍ ചേതനയെ പ്രേരിപ്പിച്ചതും സന്നദ്ധയാക്കിയതും.

യതീന്ദ്രനാഥ് ബാനര്‍ജി എന്ന കുറ്റവാളിയെ തൂക്കിക്കൊല്ലുക എന്ന കൃത്യമാണ് ചേതനയ്ക്ക് ആദ്യം ഏറ്റെടുക്കേണ്ടി വന്ന ചുമതല. ഏറ്റെടുത്തത് മുതല്‍ ആ കൃത്യം നിര്‍വഹിക്കുന്നത് വരെയുള്ള ഏതാനും ദിവസങ്ങളില്‍ കഥയുടെ കാലപരിധി ഒതുങ്ങുന്നു. ഇതിനിടയില്‍ തന്‍റെ പിതാവും ഒരു ടി വി ചാനലും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ അനുസരിച്ച് ഏതാനും ദിവസങ്ങളില്‍ ആ ചാനലിലെ തൂക്കിക്കൊല സംബന്ധിച്ചുള്ള പരിപാടിയുടെ അവതാരകയായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സെന്‍സേഷനില്സത്തിലൂടെ തന്‍റെ ചാനലിനു റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സഞ്ജീവ് കുമാര്‍ മിത്ര എന്ന മാധ്യമപ്രവര്‍ത്തകനുമായി അടുപ്പത്തിലാവുന്നു. 'നിന്നെ ഒരു ദിവസം ഞാന്‍ ഭോഗിക്കും' എന്ന് പച്ചയായി പറഞ്ഞ് ചേതനയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന മാധ്യമ പ്രവര്‍ത്തകനുമായുള്ള അടുപ്പം സങ്കീര്‍ണ്ണം ആണ്. പ്രേമത്തെക്കാള്‍ കാമം ആണ് പ്രേരകം. ചേതനയുടെ അന്തരംഗത്തിലെ ചിന്താതരങ്ങങ്ങളിലൂടെയാണ് കഥാകഥനം നിര്‍വഹിക്കപ്പെടുന്നത്.

ഈ പുസ്തകത്തിന്‌  ഡോ. എം. ലീലാവതി എഴുതിക്കൊടുത്ത പരസ്യം 2015 ഫെബ്രുവരിയില്‍ ഇറക്കിയ പന്ത്രണ്ടാം പതിപ്പിന്‍റെ പുറം ചട്ടയില്‍ കൊടുത്തിരിക്കുന്നത് ഇതാണ്: ഇതുവരെ മലയാളത്തില്‍ ആരും പരിചയിച്ചിട്ടില്ലാത്ത പ്രമേയം. കഥയിലെ നായികയുടെ ഒരു പൂര്‍വ്വികയൊഴികെ ഭൂമിയില്‍ ഇന്നേവരെ മറ്റൊരു സ്ത്രീയും കടന്നുചെന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയാവുന്ന ജീവിത മേഖല. മറ്റാരുടെയും നിഴല്‍ വീഴാത്ത കഥാകഥനതന്ത്രം.
ഉരുകിത്തിളച്ചുമറിയുന്ന ലോഹദ്രവം ഉള്ളില്‍പ്പേറിക്കൊണ്ട് തണുത്തുറഞ്ഞ പാറപ്പരപ്പുകളെയും ഹിമശൈലത്തെയും പുറമേ വഹിക്കുന്ന ഭൂമി പോലെ വികാരജ്വാലകളെ മൂടിക്കൊണ്ട് നിസ്സംഗതയോടെ വ്യാപരിക്കുന്ന ഭാഷാഘടന. പലതുകൊണ്ടും ആരാച്ചാര്‍ ഒരു അപൂര്‍വ സൃഷ്ടിയാണ്. 

ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും മനുഷ്യസ്നേഹികളും വധശിക്ഷ ഒഴിവാക്കണം എന്ന് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളോട്  മുറവിളി കൂട്ടിക്കൊണ്ടിരിക്കെയാണ് ആരാച്ചാരുടെ നിന്ദ്യവും നികൃഷ്ടവും ആയ  ജോലി ഏറ്റെടുക്കാന്‍ ഒരു ബംഗാളി യുവതി മുന്നോട്ടു വരുന്നത്!

സമൂഹത്തിന്‍റെ അടിത്തട്ടിലെ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യുവതിക്ക് ലോകത്ത് വധശിക്ഷയ്ക്ക് എതിരെ നടക്കുന്ന മുറവിളിയെ കുറിച്ച് അവബോധം ഉണ്ടാകണം എന്നില്ല. പക്ഷേ സ്ത്രീശാക്തീകരണം എന്ന മന്ത്രോച്ചാരണത്തോടെ ആരാച്ചാര്‍ ജോലി ചെയ്യാന്‍ മുന്നോട്ടു വന്ന ഒരു ധീരവനിതയാണ് ചേതന ഗൃദ്ധാമല്ലിക്ക്! തന്നെ മാനഭംഗപ്പെടുത്താന്‍ മുതിര്‍ന്ന കരുത്തനായ തൊഴിലുടമയുടെ കഴുത്തില്‍ ആരാച്ചാരുടെ കുടുക്കിട്ടു വലിച്ചു പാഠം പഠിപ്പിച്ച, പ്ലസ് ടു പരീക്ഷ നല്ല നിലയില്‍ പാസായെങ്കിലും സാമ്പത്തിക പ്രയാസം കാരണം തുടര്‍ന്നു പഠിക്കാന്‍ കഴിയാതെ പോയ അവര്‍ ഒരിക്കല്‍ പോലും മനുഷ്യനെ മനുഷ്യന്‍ കൊല്ലരുത്, മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നത് ശരിയല്ല എന്ന് ചിന്തിക്കുന്നില്ല!

ഒരു സ്ത്രീ ആരാച്ചാര്‍ പണി ചെയ്യുന്നതിനെ ന്യായീകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന ഇതിവൃത്തത്തിനു പിന്നിലെ ന്യായവാദം നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്.
"ഞാനും മായും രാമുദായും തരിച്ചിരിക്കെ അച്ഛന്‍ ഒരു പുഞ്ചിരിയോടെ ഞങ്ങളെ തിരിഞ്ഞു നോക്കി. തുടര്‍ന്ന് ഞങ്ങള്‍ സ്ക്രീനില്‍ കണ്ട ദൃശ്യങ്ങള്‍ ഇവയായിരുന്നു: 
ചെറുപ്പക്കാരന്റെ മുഖം:
"തന്‍റെ മകള്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുന്നത് വരെ കോടതി ഉത്തരവ് കൈപ്പറ്റുകയില്ലെന്നും ജോലി നിര്‍വഹിക്കുകയില്ലെന്നും ഗൃദ്ധാ മല്ലിക്ക് വ്യക്തമാക്കി. ആരാച്ചാരുടെ മക്കള്‍ക്ക് അതേ ജോലി മാത്രമേ നല്‍കാന്‍ സാധിക്കൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ തന്‍റെ മകനെയല്ലെങ്കില്‍ മകളെ ഈ ജോലി ഏല്‍പ്പിക്കണമെന്ന ഗൃദ്ധാ മല്ലിക്കിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നിയമന്ത്രി പല്ലവ് ദാസ്‌ ഗുപ്ത അറിയിച്ചു."
മന്ത്രിയുടെ മുഖം:
"നോ നോ നോ... ഒരു സ്ത്രീക്കു ചെയ്യാന്‍ കഴിയുന്ന ജോലിയല്ല അത്... ഇറ്റ്‌ റിക്വയെഴ്സ് എ ലോട്ട് ഓഫ് സ്ട്രെങ്ങ്ത്... ഓഫ് മൈന്‍ഡ് ആന്‍റ് ബോഡി..."
ചെറുപ്പക്കാരന്റെ മുഖം:
"സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും ശക്തിയില്ലെന്നാണോ താങ്കള്‍ പറയുന്നത്?"
മന്ത്രി:
"അങ്ങനെയല്ല... പക്ഷേ എല്ലാ ജോലിയെയും പോലെയല്ലല്ലോ ഈ ജോലി..."
ചെറുപ്പക്കാരന്റെ മുഖം വീണ്ടും:
"ഇതോടെ ഇത് കേവലം നീതി നിര്‍വഹണത്തിന്‍റെ പ്രശ്നം മാത്രമല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. വധശിക്ഷ   ലോകരാഷ്ട്രങ്ങളില്‍ പലതും നിരോധിക്കുന്ന സാഹചര്യം നിലനില്‍ക്കെത്തന്നെ, ഒരു സ്ത്രീക്ക് ആരാച്ചാരുടെ ജോലി ചെയ്യാന്‍ അവകാശമുണ്ടോ ഇല്ലയോ എന്ന ചോദ്യം സ്ത്രീസംവരണവാദത്തിന്റെ പശ്ചാത്തലത്തില്‍ തള്ളിക്കളയാന്‍ ആവാത്തതാണ്..."

ഇത് ഒരു വികലയുക്തിയാണ്. മനുഷ്യാവകാശത്തിന്റെയും മനുഷ്യസ്നേഹത്തിന്‍റെയും മുമ്പില്‍നില്‍ക്കേണ്ടത്  സ്ത്രീക്കു എന്തു ജോലിയും ചെയ്യാനുള്ള അവകാശമുണ്ട്, ശക്തിയുണ്ട് എന്ന സ്ത്രീപുരുഷ സമത്വചിന്തയാണ്! ഈ വികലയുക്തിയുടെതും ഒരു സ്ത്രീ ആരാച്ചാര്‍ ആകാന്‍ ആഗ്രഹിക്കുക എന്ന അസംഭവ്യതയുടെതും ആയ രണ്ടു പൊയ്ക്കാലുകളില്‍ നടക്കുന്ന  ഒരു നോവലാണ്‌ 551 പേജുകളുടെ വിസ്തൃതിയുള്ള ആരാച്ചാര്‍!.

നോവല്‍ അവസാനിക്കുന്നത് ഭ്രമകല്പന ചേര്‍ത്തു അവതരിപ്പിക്കുന്ന ഒരു മൂന്നാംകിട മെലോഡ്രാമയില്‍ ആണ്.

Friedrich Nietzsche 
ഫ്രെഡറിക്ക് നീഷ്ച്ചേ (Friedrich Nietzsche) പറഞ്ഞു: ഇടത്തരവും ചീത്തയും (mediocre and bad) ആയ പുസ്തകങ്ങള്‍ വളരെയധികം ആളുകളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു; നിശ്ചയമായും വളരെയധികം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു!

അന്താണ് അമ്പതിനായിരാമാത്തെ കോപി ലേലം ചെയ്യുന്നതിന് പിന്നിലെ രഹസ്യം!

No comments: