ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകം 2015 മെയ് 24ന് കോഴിക്കോട് നടത്തിയ തുടര്‍ വൈദ്യ വിദ്യാഭ്യാസ പരിപാടിയില്‍ (CME) പങ്കെടുത്തതിന്റെ ഓര്‍മ്മക്കുറിപ്പാണിത്. അതേ സമയം മുന്‍പൊരിക്കല്‍ അമൃതാനന്ദമയി മഠത്തില്‍ വെച്ച് സത്നാം സിംഗ് എന്ന ഉത്തരേന്ത്യന്‍ യുവാവ് മര്‍ദനം ഏല്‍ക്കുകയും അതിനുശേഷം ഊളമ്പാറ മനോരോഗാശുപത്രിയില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ എഴുതിയ CAN WE CLOSE DOWN THE MENTAL HEALTH CENTERS? എന്ന ശീര്‍ഷകത്തില്‍ എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയും ആണ്. അത് വീണ്ടും വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Can we close down the mental health centers?
സി എം ഈയിലെ ആദ്യത്തെ ചടങ്ങ് രജിസ്ട്രേഷന്‍ ആയിരുന്നു. ഞാന്‍ നേരത്തെ തന്നെ രജിസ്ടര്‍ ചെയ്തതു ചൂണ്ടിക്കാണിച്ചപ്പോള്‍ "കിറ്റ്" തന്നു. രജിസ്ട്രേഷന്‍ കിറ്റ് "സംഭാവനയായി" കൊടുക്കുന്നത് ഉള്‍പെടെ രജിസ്ട്രേഷന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തു നടത്തുന്നത് ഒരു മരുന്നുകമ്പനിയാണ്! ചായ, ഉച്ചഭക്ഷണം എന്നിവയും അവരുടെ സംഭാവന തന്നെ. അത് പോലെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന വിദഗ്ദര്‍ക്ക് കൊടുക്കുന്ന മെമന്റോകളും മരുന്ന് കമ്പനി തരുന്നു!
പരിസ്ഥിതി മലിനീകരണം
അവര്‍ എനിക്ക് തന്ന കിറ്റ് ഒരു പ്ലാസ്റ്റിക് ബാഗ് ആയിരുന്നു. പ്ലാസ്റ്റിക് ബാഗുമായി വീട്ടില്‍ ചെന്നാല്‍ എന്നെ വീട്ടില്‍ കയറ്റുകയില്ല എന്ന് പറഞ്ഞ് ബാഗ് അവര്‍ക്ക് തിരിച്ചു കൊടുത്തു. ഉച്ചയോടെ ആ കമ്പനി അവരുടെ ഒരു മരുന്നുല്പന്നത്തിന്‍റെ പരസ്യം ഉള്ള ചണസഞ്ചി തന്നു. മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് തോന്നും, ഇന്ത്യന്‍ സൈക്യാട്രി സൊസൈടിയും അതിന്‍റെ കീഴ്ഘടകങ്ങളും വാര്‍ഷിക സമ്മേളനങ്ങളും സി എം ഇ പരിപാടികളും നടത്തുന്നതിന്റെ രീതികള്‍ കണ്ടാല്‍.
ഈശ്വരന്‍റെ കുറ്റാരോപണം
പരിപാടി തുടങ്ങിയത് ഈശ്വര പ്രാര്‍ത്ഥനയോടെ ആയിരുന്നു. സാധാരണ കുറച്ചു നേരം മൌനമായി എഴുന്നേറ്റു നില്‍ക്കല്‍ ആണ് ഇത്തരം പരിപാടികളിലെ ഈശ്വരപ്രാര്‍ത്ഥന. എന്നാല്‍ ഇത്തവണ രണ്ടര മിനിറ്റ് നീണ്ടു നിന്ന ഒരു യുഗ്മഗാനം ആയിരുന്നു. പാടിയ യുവതികളുടെ സ്വരം നന്ന്. പക്ഷെ പാട്ടിന്‍റെ സാഹിത്യം അരോചകം തന്നെ ആയിരുന്നു. "മഹാപാപികളും ചപല മനസ്കരും ആയ ഞങ്ങളെ രക്ഷിക്കണേ ദൈവമേ!" എന്ന് പാടുന്നത് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ജുഗുപ്സ തോന്നി. ഞാന്‍ പാപിയല്ല ഈശ്വരോ! എന്ന് ഉറക്കെ വിളിച്ച് പറയാന്‍ തോന്നി. അതൊക്കെ മാന്യന്മാര്‍ക്കു ചേര്‍ന്നത് അല്ലാത്തത് കൊണ്ട് ഞാന്‍ ഉള്ളിലെ കോപം അടക്കി. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ നിലവിളക്ക് കത്തിക്കല്‍ ആയിരുന്നു. എളുപ്പം കത്താന്‍ വേണ്ടി കര്‍പ്പൂരക്കട്ട വെച്ചതിനാല്‍ ആകാം അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞു! മനോരോഗ ചികിത്സകര്‍ ഒരു തുടര്‍ വിദ്യാഭ്യാസ പരിപാടി നടത്തുന്ന രീതിയാണിത്! മനോരോഗ ചികിത്സകര്‍ എന്തിനു ഇങ്ങനെ പ്രകടനങ്ങള്‍ നടത്തുന്നു? അതോ പരിപാടി നടത്തികൊടുക്കുന്ന മരുന്ന് കമ്പനി അവരെക്കൊണ്ടു ചെയ്യിക്കുന്നതാണോ?
നല്ലതും കേട്ടു.
ദോഷം മാത്രം കാണരുതല്ലോ. ഡോ. ശാരദാ മേനോന്‍ തുടങ്ങിയ സ്കിസോഫ്രീനിയ റിസര്‍ച് ഫൌണ്ടേഷന്റെ (SCARF) മേധാവി ആയ ഡോ. താരയുടെ "researches in schizophrenia" എന്ന അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സ്കാര്‍ഫ് നടത്തിയതു മാത്രമല്ല ലോകത്താകെ നടന്ന ഗവേഷണങ്ങളുടെ ഫലങ്ങള്‍ അവര്‍ അവതരിപ്പിച്ചു. സ്കിസോഫ്രീനിയ ബാധിചത് മൂലം ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ കെട്ടു താലി ഉപേക്ഷിക്കാതെ വര്‍ഷങ്ങളോളം കൊണ്ട് നടക്കുന്നതിനെ കുറിച്ച് അവര്‍ പറഞ്ഞത് സ്ത്രീകളുടെ നേരെ നമ്മുടെ സമൂഹം പുലര്‍ത്തുന്ന നികൃഷ്ട വീക്ഷണത്തിലേക്ക് വെളിച്ചം വീശി. "ഭ്രാന്ത്" വന്നതിനേക്കാള്‍ മോശം അവസ്ഥ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതാണ് എന്ന് സമൂഹം വിലയിരുത്തുന്നു!
മറ്റൊരു കാര്യം അവര്‍ ചൂണ്ടിക്കാണിച്ചത് എന്‍റെ ചികിത്സാരംഗത്തെ അനുഭവത്തെ ശരി വെച്ചു. ചില വ്യക്തികളില്‍ സ്കിസോഫീനിയ എന്ന മനോരോഗത്തിന്റെ തുടക്കം അത്യാത്മീയതയോ (hyper spirituality) അമിതമായ മതാത്മകതയോ (over religiosity) ആണ്. ഈ ആശയം ഞാന്‍ മനോക്കിന്റെ ആശുപത്രി എന്ന നോവലില്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രം ആയ
മനോക്കിന്റെ മനോരോഗം തുടങ്ങുന്നത് കടുത്ത അയ്യപ്പഭക്തിയുടെ രൂപത്തില്‍ ആണ്. ഡോ. താര ഇക്കാര്യം പറഞ്ഞപ്പോള്‍ തുടക്കത്തിലേ ഈശ്വരപ്രാര്‍ഥനയെ കുറിച്ച് ഓര്‍ത്തു.
മനോക്കിന്റെ മനോരോഗം തുടങ്ങുന്നത് കടുത്ത അയ്യപ്പഭക്തിയുടെ രൂപത്തില്‍ ആണ്. ഡോ. താര ഇക്കാര്യം പറഞ്ഞപ്പോള്‍ തുടക്കത്തിലേ ഈശ്വരപ്രാര്‍ഥനയെ കുറിച്ച് ഓര്‍ത്തു.
ഡോ. വര്‍ഗീസ് പുന്നൂസിന്റെ Cognitive Dysfunction in Schizophrenia എന്ന അവതരണം സ്കിസോഫ്രീനിയ രോഗികള്‍ക്ക് ജ്ഞാനാത്മക മന:ശാസ്ത്രത്തിന്‍റെ (Cognitive Psychology) അടിസ്ഥാനത്തില്‍ സൈക്കോതെറാപി കൊടുക്കേണ്ടതിന്റെ മാത്രമല്ല സൈക്യാട്രിസ്റ്റുകള്‍ ജ്ഞാനാത്മക മന:ശാസ്ത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യം കൂടി വ്യക്തമാക്കി.
സ്കിസോ ഫ്രീനിയ രോഗികളില്‍ ചിലര്‍ മദ്യപാനം, പുകവലി, കഞ്ചാവ് വലി എന്നിവയ്ക്ക് അടിമപ്പെട്ടാല്‍ എങ്ങനെ മുക്തരാക്കണം എന്ന വിഷയം അവതരിപ്പിച്ചത് ഈ രംഗത്ത്
നല്ല പരിചയം ഉള്ള ഡോ. ഷാഹുല്‍ അമീന്‍ ആണ്. അതും നല്ല അവതരണം ആയിരുന്നു.
നല്ല പരിചയം ഉള്ള ഡോ. ഷാഹുല്‍ അമീന്‍ ആണ്. അതും നല്ല അവതരണം ആയിരുന്നു.
വൈകുന്നേരം ഭാരവാഹികള്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ സുഖം പ്രാപിച്ച മനോരോഗികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സംവരണം വേണം എന്ന് അവകാശപ്പെട്ടതായി വാര്‍ത്ത കണ്ടു. മനോരോഗികളുടെ പ്രാഥമികമായ അവകാശം അവരുടെ പുനരധിവാസം ആണ്.
മനോരോഗം ബാധിച്ച ആള്‍ ഒരു ദുര്‍ബ്ബലന്‍ ആണ്. അയാളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്‍റെ, ഗവണ്മെന്റിന്റെ ബാധ്യതയാണ്. ഇത് സ്ഥാപിച്ചെടുക്കാന്‍ ആണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ശ്രമിക്കേണ്ടത്. ചികിത്സയുടെ ഒന്നാം ദിവസം മുതല്‍ രോഗിയുടെ പുനരിധിവാസം തുടങ്ങണം. മനോരോഗ ചികിത്സ അങ്ങനെ ഒരു അവസ്ഥയില്‍ എത്താന്‍ ആദ്യം വേണ്ടത് മരുന്നു കമ്പനികളെ ആശ്രയിക്കുന്നതും അവര്‍ക്ക് വിടുപണി ചെയ്യുന്നതും അവരുടെ "സംഭാവനകള്‍" സ്വീകരിക്കുന്നതും അവസാനിപ്പിക്കണം.
മരുന്നുകമ്പനി തന്ന ചണസഞ്ചി |