Thursday, September 29, 2011

നികുതി വെട്ടിപ്പുകാരനെ കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റുക

ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി: “പിണറായി വിജയന്‍ സി. പി. എം. സെക്രട്ടറിയായതുമുതല്‍ അദ്ദേഹത്തിന്റെ മുഖ്യ അജന്‍ഡ പാര്‍ട്ടിക്ക് സ്വന്തമായി ഒരു ടി. വി. ചാനല്‍ ആരംഭിക്കുക എന്നതായിരുന്നു.” (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 89:30 ഒക്ടോബറ് 2-8) ബര്‍ളിന്‍ എഴുതിയത് നൂറു ശതമാനവും ശരിയാണ്. അന്നൊക്കെ പാര്‍ട്ടിക്ക് ഒരു ചാനല്‍ മേനിയ തന്നെ ആയിരുന്നു.
പാര്‍ട്ടി തീരുമാനം
ഒരു മേഖലാ പൊതുയോഗത്തില്‍ റിപ്പോറ്ട്ടിംഗിന് വന്ന എം. എ. ബേബി പറഞ്ഞത് ഓരോ പാര്‍ട്ടി അംഗവും ഏറ്റവും കുറഞ്ഞത് 100 രൂപയുടെ ഓഹരിയെങ്കിലും എടുക്കണമെന്നാണ്. അതാണത്രേ പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചോ പാര്‍ട്ടി അംഗങ്ങള്‍ അതില്‍ ഷെയര്‍ എടുക്കുന്നതിനെക്കുറിച്ചോ താഴെ തലങ്ങളില്‍ ചര്‍ച്ചയൊന്നും നടത്തിയില്ല. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ചാനല്‍ തുടങ്ങാന്‍ കഴിയുമായിരുന്നില്ല. കാരണം മഹാഭൂരിപക്ഷം സാധാരണ അംഗങ്ങളും പാര്‍ടി ടി. വി. ചാനല്‍ തുടങ്ങുന്നതിന് എതിരായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഇത് വെറുതെ ഊഹിച്ചു പറയുന്നതല്ല. തിരുവനന്തപുരം ജില്ലയിലെ അനേകം പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ഞാനിങ്ങനെയൊരു നിഗമനത്തിലെത്തിയത്. ചാനലിന്റെ ഷെയറെടുത്ത് കൂടുതല്‍ പണം സമ്പാദിക്കാമെന്ന് മോഹിച്ച പണക്കാരായ ഏതാനും ചില പാര്‍ട്ടി അംഗങ്ങള്‍ക്കു മാത്രമേ പാര്‍ട്ടി ചാനല്‍ തുടങ്ങണമെന്ന അഭിപ്രായമുണ്ടായിരുന്നുള്ളു. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിന് എതിരായിരുന്നെങ്കിലും പാര്‍ട്ടി തീരുമാനമനുസരിച്ച് ഞാന്‍ 100 രൂപയുടെ ഷെയര്‍ എടുത്തു.
കൈരളി പാര്‍ട്ടിചാനലാണ്
ചാനലിനെക്കുറിച്ചുള്ള പാര്‍ട്ടി ശത്രുക്കളുടെ ആരോപണങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറാനായി കൈരളി ചാനല്‍ പാര്‍ട്ടി ചാനലല്ലെന്ന് പറയാറുണ്ടെങ്കിലും സത്യത്തില്‍ കൈരളി ചാനല്‍ പാര്‍ട്ടി ചാനല്‍ തന്നെയാണെന്നാണ് പാര്‍ട്ടി അംഗമായ എന്റെ അറിവ്.
നികുതിവെട്ടിപ്പ് കാരന്‍  ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ല
പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലെ “മറയില്ലാതെ” എന്ന പംക്തിയില്‍ സുകുമാര്‍ അഴിക്കോട് എഴുതി: “ഇതിനിടയിലാണല്ലോ കേരളത്തിലെ രണ്ട് സിനിമാ നടന്മാര്‍ വമ്പിച്ച നികുതിവെട്ടിപ്പ് നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചത്. ഓരോ നടനും 30 കോടിയോളം തട്ടിപ്പ് നടത്തി, വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചു.” (ദേശഭിമാനി, സെപ്തംബര്‍ 28) സുകുമാര്‍ അഴിക്കോട് സൂചിപ്പിച്ച രണ്ട് സിനിമാ നടന്മാര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം. വരുമാന നികുതി നിയമപ്രകാരം യഥാര്‍ത്ഥ വരുമാനം കാണിക്കാതിരിക്കുകയും സര്‍ക്കാരിനു കൊടുക്കേണ്ട നികുതി കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് പിഴ, തടവ് എന്നിങ്ങനെ രണ്ടു തരത്തിലാണ് ശിക്ഷ വിധിക്കുക. ഇങ്കം ടാക്സ് കമ്മിഷണറാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കേണ്ടത്.
       പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ സിനിമാ നടന്‍ മമ്മൂട്ടിയാണ്. പ്രഥമാന്വേഷണത്തില്‍ ഇദ്ദേഹം 30 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്ര വലിയ സാമ്പത്തികക്കുറ്റം ചെയ്ത വ്യക്തി പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടി അംഗവും ഷെയര്‍ ഹോള്‍ഡറുമായ എന്റെ അഭിപ്രായം.

1 comment:

Subair said...

തുറന്നു പറയാന്‍ കാണിച്ച ധീരതയ്ക്ക് അഭിനന്ദങ്ങള്‍.