Thursday, August 12, 2010

മുസ്ലിം ലീഗെന്ന മാരീചന്‍

രാമായണത്തിലെ പൊന്മാന്‍ വഞ്ചനയുടെ രൂപകമാണ്. മാരീചനാണ് പൊന്മാനിന്റെ രൂപത്തില്‍ വന്ന് സീതയെ ചതിച്ചത്. കേരളത്തിലെ മുസ്ലിം ലീഗ് മുസ്ലിം സമുദായത്തിന്റെ  പേര് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കേരളീയരോട് പറയുന്നു മുസ്ലിം ലീഗ് എന്ന “മതേതരപ്പാര്‍ട്ടി” ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളായിപ്പോകുമായിരുന്നെന്ന്. “തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായംഎന്ന ശീര്‍ഷകത്തില്‍ ജമാ’അത്തെ ഇസ്ലാമിയുടെ വക്താവ് സി. ദാവൂദ് ഓഗസ്റ്റ് 3ലെ മാധ്യമത്തില്‍ മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് “1947 ആഗസ്റ്റ് 16ന് ഒരൊറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ കൊല്ക്കത്ത ഡയറക്ട് ആക്ഷന്‍ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ'പ്രവര്ത്തനങ്ങളുടെ റെക്കോഡ് കീശയിലിട്ടു നടക്കുന്ന പ്രസ്ഥാനംഎന്നാണ്.

ജമാ‍‘അത്തെ ഇസ്ലാമിയുടെ മതരാഷ്ട്രസിദ്ധാന്തത്തെക്കുറിച്ചും ജമാ’അത്ത് പരിവാറിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍ക്കൊന്നും സംശയമോ തര്‍ക്കമോ ഇല്ല. ജമാ’അത്തിനെ കാല്‍നഖം മുതല്‍ ശിഖവരെ എതിര്‍ക്കുന്ന RSS ദത്തുപുത്രനായ ഹമീദ് ചേന്നമംഗലൂരിനും പണ്ഡിതനായ M.N.കാരശ്ശേരിക്കും മുസ്ലിം ലീഗ് വര്‍ഗ്ഗീയതയുടെ വിഷമില്ലാത്ത ചേരയുടെ ഗണത്തില്‍പ്പെട്ട ജാതിപ്പാര്‍ട്ടി മാത്രമാണ്. ഈ പണ്ഡിതന്മാരുടെ അറിവിലേക്കായി പ്രശസ്തനും നിഷ്പക്ഷമതിയുമായ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര വര്‍ഗ്ഗീയതയ്ക്ക് നല്‍കിയ നിര്‍വ്വചനം ചൂണ്ടിക്കാണിക്കട്ടെ. “ലളിതമായി പറഞ്ഞാല്‍ ഒരു മതത്തിന്റെ അനുയായികള്‍ തങ്ങള്‍ ആ മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പൊതുവായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതാണ് വര്‍ഗ്ഗിയത (communalism).

മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനു ശേഷം തീവ്രവാദത്തിനെതിരായ  പൊതുവികാരം കേരളത്തില്‍ ശക്തമായി ഉയര്ന്നുവന്നിട്ടുണ്ട്. പൊതുവികാരത്തെ സങ്കുചിത സവര് വര്ഗീയഫാഷിസ്റ്റ് ലക്ഷ്യങ്ങള്ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസ്. ആണ്. ഇതിനിടയില്‍ക്കിടന്ന് തങ്ങള്‍ മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും പാര്‍ട്ടിക്കാരാണെന്ന് കേരളീയരെ ബോധ്യപ്പെടുത്താനുള്ള പെടാപ്പാടിലാണ് മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈയാളുന്ന മുസ്ലിം ലീഗ്.

മൂവാറ്റുപുഴ സംഭവത്തെപ്പോലെ, അതിലേറെ കേരളീയസമൂഹത്തെ സ്തംഭിപ്പിച്ച സംഭവമായിരുന്നു 2003ലെ മാറാട് കൂട്ടക്കൊല. സംഭവത്തില്ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി. മാറാട്സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്ക്കാര്തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്ട്ടിലെ പത്താം അധ്യായം അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് നിരത്തിയ അധ്യായത്തില്‍ അഞ്ചാമത്തെ ഇനം ഇങ്ങനെ: '2003 മേയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും മുസ്ലിം ലീഗ് പ്രവര്ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'.

ലീഗിന്റെ പുതിയ തീവ്രവാദ വിരുദ്ധമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാരാണ്. ലോകത്ത് ഇസ്ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്വഹിക്കുന്നത് സലഫീ-വഹാബി ശാഖയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ സവിശേഷ. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ വിശ്വരൂപം. ഓണത്തിനും വിഷുവിനും ക്രിസ്മസിനും  മതഭേദം കൂടാതെ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം ഖുത്തുബ പറയാനുള്ള പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു).

കോട്ടക്കല്‍ മുസ്ലിംസംഗമത്തില്‍ മറ്റൊരു പ്രധാന റോള്‍ ആടിത്തീര്‍ത്തത് സുന്നി വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു അടുത്തകാലം വരെയും അവരുടെ പ്രധാന പ്രവര്‍ത്തനം. ഇവരുടെ സംസ്ഥാനനേതാവും മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഒരാള്‍ തന്നെയാണ്. പരമാവധി സ്ത്രീകളെ മത്സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അങ്ങനെ മിടുക്ക് കാണിക്കുന്ന ആള്‍ക്ക് പറ്റിയ മുന്നണി തന്നെയാണ് കോട്ടക്കലില്‍ രൂപപ്പെട്ടത്.

കേരള മുസ്ലിംകള്‍ക്കിടയില്‍  തീവ്രവാദ പ്രവണതകള്‍ വളര്ന്നുവന്നിട്ടുണ്ടെന്നത് യാഥാര്ഥ്യമാണ്. അതിന്റെ കാരണം ആത്മാര്ഥമായി പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്കാന്‍ മുസ്ലിങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലിം ലീഗിന് സാധിച്ചില്ല. പകരം, അധികാരത്തിന്റെയും സ്വാര്ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ, തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവര്‍. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് മുസ്ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശ പടര്ത്തി. ബാബരി മസ്ജിദ് തകര്ച്ചയെത്തുടര്‍ന്ന് അവരെടുത്ത നിലപാടില്ലായ്മകള്‍  വികാരത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്ഷത്തില്‍ അകപ്പെട്ട യുവാക്കള്‍ തീവ്രവാദ പ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്.

സംഘ് പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തസമയത്ത് പാണക്കാട്ടെ തങ്ങളും മുസ്ലിം ലീഗും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ മുഴുവന്‍ കൊന്നൊടുക്കുമായിരുന്നെന്നാണ് കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ പറഞ്ഞു നടക്കുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെ അത് ഏറ്റുപറയുന്നു. കേരളജനതയുടെ പൊതുമനസ്സ് (COMMONSENSE) നവോത്ഥാന ചിന്തകളാലും കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളാലും മുഖരിതമാണെന്ന യാഥാതത്ഥ്യം ഈ മാരീചന്മാര്‍ തിരിച്ചറിയുന്നില്ല.  

2 comments:

Ajith said...

Sir some differences,

1.
"ആ വഹാബികളല്ല ഈ വഹാബികള്‍". None can discount their pragmatic positions during the time of crisis including Babri.

2. There is visible contradiction about M.league in this article, first they are accused of being communal , and towards conclusion they are accused of in-action during the events of national and 'international' conflicts involving muslims . What else they could have done as a responsible pary during those situations?

more over ,this is a prime accusation levelled against league by Jamaat e Islami.

3.Marad commission under Justice Thomas P Joseph has identified certain individuals such as Mayin Haji , but never indicted league as whole.

4."ഇവര്‍ കേരളത്തില്‍‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന “പ്രബോധനങ്ങള്‍‍” ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ ........എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു)"

Even protestant denominations of church and the neo - buddhists(Dalit) had made similar guidances as they feel , many 'heretical' practices will get inherited by the faithful from the mainstream society ,there by diluting their puritanical versions

Dr. N.M.Mohammed Ali said...

ബി.ജെ.പി.യും കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ഒഴിച്ച് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘ് പരിവാറിന് ബാബ്രി മസ്ജിദ് തകര്‍ക്കുവാന്‍ മൌനാനുവാദം കൊടുത്ത കേന്ദ്രഗവണ്മെന്റിനെ ശക്തമായി വിമര്‍ശിച്ചു. ലീഗിന് അത് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് മറവി ബാധിക്കാത്തവര്‍ക്കെല്ലാം ഓര്‍മ്മയുണ്ട്. ഇക്കാര്യം ജമാ’അത്തെ ഇസ്ലമിയും പറയുന്നത് കൊണ്ട് അങ്ങനെ അല്ലാതാകുന്നില്ലല്ലോ. ജമാ’അത്തെ ഇസ്ലാമി ഇക്കാര്യം പറയുന്നത് അവരുടെ മതരാഷ്ട്രവാദത്തിലേക്ക് മുസ്ലിം യുവാക്കളെ ആകര്‍ഷിക്കാനാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? മാറാട് കമിഷന്‍ റിപ്പോര്‍ട്ടില്‍ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിക്കുന്നില്ലെന്ന് പറയുന്നതിന് മുമ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് വായിച്ച് നോക്കേണ്ടിയിരുന്നു. ഒരു മതത്തിനെ പേരില്‍ രഷ്ട്രീയം കൈയാളുന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ മതനിരപേക്ഷ പാര്‍ട്ടിയായി ചിത്രീകരിക്കുകയും അവരുടെ ചെയ്തികളെ ന്യായീകരിക്കുകയും ചെയ്യുന്നത് വിചിത്രം തന്നെ!