Wednesday, August 25, 2010

പ്രൊഫസര്‍ ജോസഫ് മുഹമ്മദ് നബിയെ നിന്ദിച്ചുവോ?

ആഗസ്റ്റ് 23ലെ (തിരുവോണദിവസം) മാധ്യമത്തില്‍ റമദാനിലെ സമുദായ സൌഹാര്‍ദ്ദ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി എഴുതി:
“കേരളത്തില്‍ രൂപപ്പെട്ട കാര്‍മേഘാവൃതമായ ഒരു പുതിയ സാമൂഹികാന്തരീക്ഷത്തിലാണ്‍ ഈ വര്‍ഷത്തെ റമദാന്‍ ചന്ദ്രിക ഉദയം ചെയ്തത്. പ്രവാചക നിന്ദ, അതിനെ തുടര്‍ന്ന്നുണ്ടായ കൈവെട്ടല്‍ സംഭവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന അറസ്റ്റുകള്‍, പീഡനങ്ങള്‍ – ഇവയെല്ലാം സംഭവിച്ചതെന്തുകൊണ്ട്? മുസ്ലിം വിശ്വാസികള്‍ക്ക് കടമകളിലും ഇതര സമൂഹങ്ങളോടുള്ള സമീപനങ്ങളിലും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ?“

മൌദൂദിസ്റ്റുകളുടെ പ്രചാരണം
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍  ടി ജെ ജോസഫ് പ്രവാചകനെ നിന്ദിച്ചു എന്നാണ് മൌദൂദിസ്റ്റുകളുടെ (ഇസ്ലാമിസ്റ്റുകളുടെ) പ്രചാരണം. പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ നൃശംസതയുടെ പ്രത്യയശാസ്ത്രത്തെ ഭംഗ്യന്തരേണ ന്യായീകരിക്കാന്‍ മൌദൂദിസ്റ്റുകള്‍ സ്വീകരിച്ച അടവാണിത്. ഈ അടവിനെ (tactic) തുറന്നു കാണിക്കാന്‍ പ്രൊഫസര്‍ ടി ജെ ജോസഫ് പ്രവാചകനെ നിന്ദിച്ചുവോ എന്ന് വസ്തുനിഷ്ഠമായ ഒരു അന്വേഷണം ആവശ്യമാണ്.
ചോദ്യം വന്ന വഴി
മലയാളം പ്രൊഫസറായ ടി ജെ ജോസഫ് ബി എ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതാണ് സംഭവത്തിന്റെ തുടക്കം. വിട്ടുകളഞ്ഞ വിരാമം, വിസര്‍ഗ്ഗം, ഉദ്ധരണി, ചോദ്യചിഹ്നം തുടങ്ങിയ അടയാളങ്ങള്‍ (punctuation marks) കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു ചോദ്യം. മുഹമ്മദ് എന്നൊരാളും പടച്ചോനും (സ്രഷ്ടാവ് God) തമ്മിലുള്ള സംഭാഷണമാണ് അടയാളങ്ങള്‍ ചേര്‍ക്കാന്‍ നല്‍കിയിരുന്നത്. പ്രസ്തുത ചോദ്യഭാഗം താഴെ കൊടുക്കുന്നു:
മുഹമ്മദ്  പടച്ചോനെ പടച്ചോനെ
പടച്ചോന്‍  എന്തടാ നായിന്റെ മോനെ
മുഹമ്മദ്  പടച്ചോനെ ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാകും
പടച്ചോന്‍  ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ
ഈ ചോദ്യഭാഗം പ്രൊഫസര്‍ ജോസഫ് സ്വന്തം ഭാവനയില്‍ സൃഷ്ടിച്ചതാണെന്നാണ് പലരും ധരിച്ചതും മൌദൂദിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും. അത് യാഥാര്‍ത്ഥ്യമല്ല.  ഈ ചോദ്യഭാഗം സര്‍വ്വകലാശാല അംഗീകരിച്ച തിരക്കഥാരചനയുടെ രീതിശാസ്ത്രം എന്ന പാഠപുസ്തകത്തില്‍ നിന്നാണ് പ്രൊഫസര്‍ ജോസഫ് എടുത്തത്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതാകട്ടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും.
സിനിമാ സംവിധായകനായ പി റ്റി കുഞ്ഞുമുഹമ്മദ് ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തെ പുസ്തകത്തില്‍ ചേര്‍ക്കുകയുണ്ടായി. ആ പ്രബന്ധത്തിലാണ് ഈ ചോദ്യഭാഗത്തിനാധാരമായ ഭാഷണശകലമുള്ളത്. പി റ്റി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗര്‍ഷോം എന്ന സിനിമയില്‍ പരമാത്മാവും സത്യാന്വേഷകനും തമ്മിലുള്ള സംഭാഷണരംഗമുണ്ട്. ഈ സംഭാഷണരംഗം ആവിഷ്കരിക്കാന്‍ താന്‍ മാ‍തൃകയാക്കിയത് ചാവക്കാട് അങ്ങാടിയില്‍ അലയുന്ന ഒരു മനോരോഗി ചിലപ്പോഴൊക്കെ അല്ലാഹുവുമായി നടത്താറുള്ള സംഭാഷണമാണെന്ന് പി റ്റി കുഞ്ഞുമുഹമ്മദ് പ്രബന്ധത്തില്‍ വിവരിച്ചിട്ടുണ്ട്. മനോരോഗി ഒരു പക്ഷേ അല്ലാഹുവിന്റെ ഭാഷണം അശരീരിയായി (auditory hallucination) കേള്‍ക്കുന്നുണ്ടാകണം. ഭ്രാന്തന്‍ അല്ലാഹുവുമായി നടത്താറുള്ള സംഭാഷണം പി റ്റി കുഞ്ഞുമുഹമ്മദ് പ്രബന്ധത്തില്‍ അവതരിപ്പിച്ചത് ഇങ്ങനെയാണ്:
ഭ്രാന്തന്‍: “പടച്ചോനെ, പടച്ചോനെ“
പടച്ചോന്‍: “എന്തടാ, നായിന്റെ മോനെ?”
ഭ്രാന്തന്‍: “പടച്ചോനെ, ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാകും?”
പടച്ചോന്‍: “ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ?”
പാഠപുസ്തകത്തിലെ ഈ ഭാഗം ബി എ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പരീക്ഷയുടെ ചോദ്യത്തിനായി എടുത്തപ്പോള്‍ ഭ്രാന്തന്‍ എന്നതിനു പകരം പ്രൊഫസര്‍ ജോസഫ് മുഹമ്മദ് എന്നാക്കി. അത്തരമൊരു മാറ്റത്തിനു പിന്നിലെ യുക്തി എന്തായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായി കൊടുക്കുന്നത് ദൈവവിശ്വാസികള്‍ക്ക് അനുചിതമായി തോന്നുമെന്നു കരുതിയാണ് ഭ്രാന്തന്‍ എന്നതു മാറ്റി ഒരു പേര്‍ കൊടുക്കാമെന്ന് തീരുമാനിച്ചത്. ദൈവത്തെ പടച്ചോന്‍ എന്ന് പരാമര്‍ശിക്കാറ് മുസ്ലിങ്ങളായതിനാല്‍ ഒരു മുസ്ലിം പേര്‍ കൊടുക്കാമെന്ന് കരുതി. സര്‍വ്വസാധാരണമായ മുസ്ലിം പേരാണല്ലൊ മുഹമ്മദ്. അതുകൊണ്ടാണ് മുഹമ്മദ് എന്ന പേര്‍ കൊടുത്തത്.
മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ ശങ്ക
ബി എ ക്ലാസ്സിലെ 25 വിദ്യാര്‍ത്ഥികളാണ് ഈ ചോദ്യത്തിന് ഉത്തരമെഴുതിയത്. അതില്‍ നാലു പേരാണ് മുസ്ലിങ്ങള്‍; മൂന്നു വിദ്യാര്‍ത്ഥികളും ഒരു വിദ്യാര്‍ത്ഥിനിയും. മുസ്ലിംവിദ്യാര്‍ത്ഥിനിക്ക് പടച്ചവനും മുഹമ്മദും തമ്മിലുള്ള സംഭാഷണശകലത്തില്‍ അനൌചിത്യമുള്ളതായി തോന്നി. അല്ലാഹു ഒരു മനുഷ്യനെ “നായിന്റെ മോന്‍” എന്നു ഭര്‍ത്സിക്കുന്നത് അനൌചിത്യമാണെന്നാണ്  വിദ്യാര്‍ത്ഥിനിക്ക് തോന്നിയത്. അക്കാര്യം കുട്ടി ഉത്തരക്കടലാസില്‍ കുറിച്ചിടുകയും ചെയ്തു. പ്രസ്തുത ചോദ്യത്തിനു നാല് മാര്‍ക്കാണ് നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ത്ഥിനി ഒരു തെറ്റ് വരുത്തിയതുകൊണ്ട് നാലില്‍ മൂന്ന് മാര്‍ക്ക് കൊടുത്തു. ദൈവം മനുഷ്യനെ നായിന്റെ മോന്‍ എന്ന് ഭര്‍ത്സിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിനിയോട് പ്രൊഫസര്‍ ജോസഫ് അങ്ങനെ ഒരു ചോദ്യം തയ്യാറാക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. കുട്ടിക്ക് അത് സ്വീകാര്യമാവുകയും ചെയ്തു. മുഹമ്മദ് നബിയുടെ കാര്യം ചോദ്യം തയ്യാറാക്കിയ പ്രൊഫസറുടെ മനസ്സിലോ ചോദ്യത്തില്‍ അനൌചിത്യം കണ്ടെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ മനസ്സിലോ പൊന്തിവന്നില്ല.
ചോദ്യക്കടലാസ് ചോരുന്നു
പ്രൊഫ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്ന് മൌദൂദിസത്തോട് ആഭിമുഖ്യമുള്ള ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തുകയും അവരിലൂടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള പോപുലര്‍ ഫ്രണ്ട്കാരുടെ കൈയില്‍പ്പെടുകയും ചെയ്തു. അവര്‍ അതിനെ മതവികാരം ഉത്തേജിപ്പിക്കാനുള്ള കരുവാക്കാന്‍ ഗൂഢാലോചന നടത്തി. മുഹമ്മദും പടച്ചവനും തമ്മിലുള്ള സംഭാഷണം മുഹമ്മദ് നബിയെ നിന്ദിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയതാണെന്ന് ദുര്‍വ്യാഖ്യാനം നല്‍കി പ്രചാരണമാരംഭിച്ചു. അതോടെ ഒരു സാമുദായിക സംഘര്‍ഷത്തിനുള്ള പശ്ചാത്തലമായി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്ലിംങ്ങളെ ഇളക്കി വിട്ട് സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് മൌദൂദിസ്റ്റുകളാണ്. വര്‍ഗ്ഗീയ കലാപം കുത്തിപ്പൊക്കുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്’ഷ്യം. അവര്‍ക്ക് അതില്‍ നിന്നും സംഘടനാപരമായ നേട്ടമുണ്ടാക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. അന്തരീക്ഷം കലുഷമായതോടെ പോലീസ് രംഗപ്രവേശം ചെയ്തു.
ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രൊഫസര്‍ ജോസഫിനെ തള്ളിപ്പറയുന്നു
അന്തരീക്ഷം സംഘര്‍ഷഭരിതമായതോടെ ജോസഫ് കുഴപ്പക്കാരനാണെന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. മാനേജ്മെന്റ് പ്രൊഫസറെ തള്ളിപ്പറയാന്‍ രണ്ട് കാരണങ്ങളാണ്. ജോസഫ് എ.കെ.പി.സി.റ്റി. എന്ന സ്വകാര്യ കോളേജ് അധ്യാപക സംഘടനയിലെ അംഗമാണ്. ഈ അധ്യാപകസംഘടന സി.പി.ഐ[എം] ന്റെ നേതൃത്വത്തിലുള്ളതാണ്. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള സംഘടനയിലെ അംഗമായ ജോസഫിനോട് പക പോക്കാനുള്ള അവസരമായിട്ടാണ് ക്രിസ്ത്യന്‍ മാനേജ്മെന്റ് ഈ സംഭവത്തെ ദുരുപയോഗപ്പെടുത്തിയത്. രണ്ടാമത്തെ കാരണം ജോസഫിനെ ഇരയാക്കി എറിഞ്ഞു കൊടുത്താല്‍ മൊദൂദിസ്റ്റുകളുടെ രോഷത്തില്‍ നിന്നും രക്ഷപ്പെടാ‍മെന്ന കണക്ക് കൂട്ടലായിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ അനൌചിത്യം
വസ്തുനിഷ്ഠമായി അന്വേഷണം നടത്തിയതിനു ശേഷം മാത്രം പ്രതികരിക്കേണ്ട വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ചാടിക്കയറി പ്രൊഫ. ജോസഫ് വങ്കത്തരം കാണിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ജോസഫ് പ്രവാചകനിന്ദ നടത്തിയെന്ന് പ്രചരിപ്പിക്കാന്‍ മൊദൂദിസ്റ്റുകള്‍ക്ക് അവസരം ലഭിച്ചു. പോലീസ് ജോസഫിനെതിരെ മതസൌഹാര്‍ദ്ദം തകര്‍ത്തതിന് കേസെടുക്കയും ചെയ്തതോടെ മൌദൂദിസ്റ്റുകള്‍ക്ക് നല്ലൊരു ഇരയെ കിട്ടി. പ്രവാചകനിന്ദ നടത്തിയ ഒരാളെ എന്തു ചെയ്യണമെന്ന ഗൂഢാലോചന ആരംഭിച്ചു. പോലീസ് മര്‍ദ്ദനം ഭയന്ന് ജോസഫ് ഒളിവില്‍ പോയത് പ്രവാചക നിന്ദ ചെയ്തതിന് തെളിവായെടുത്തു മൌദൂദിസ്റ്റുകള്‍.
പോലീസിന്റെ ക്രൂരകൃത്യങ്ങള്‍
ഒളിവില്‍ പോയ ജോസഫിനെ പിടിക്കാന്‍ വിദ്യാര്‍ത്ഥിയായ മകനെയും മറ്റു ചില ബന്ധുക്കളെയും നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. ഈ ക്രൂരകൃത്യം ചെയ്ത പോലീസ് ഉദോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതായി ഇതുവരെ അറിവില്ല. കമ്യൂണിസ്റ്റായതിന്റെ പേരില്‍ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്ന കോടിയേരി ബാലകൃഷ്ണന്‍ അഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ നടക്കുന്നതും അക്രമികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗണ്മെന്റിന് ഭൂഷണമല്ല.  അതു പോലെ തന്നെ മൌദൂദിസ്റ്റുകളുടെ ഗൂഢാലോചന മണത്തറിഞ്ഞ് പൊഫസര്‍ ജോസഫിനും കുടുംബത്തിനും സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെത്തിരെ  നടപടിയെടുക്കാത്തതും അഭ്യന്തര വകുപ്പിന്റെ വീഴ്ച തന്നെയാണ്.
ഇസ്ലാമിക കോടതി ശിക്ഷ വിധിക്കുന്നു
കേരളത്തില്‍ ഇസ്ലാമിക കോടതി പ്രവര്‍ത്തിക്കുന്ന കാര്യം ഇന്ന് അത്ര രഹസ്യമൊന്നുമല്ല. പോപുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടന ഇന്ത്യയിലെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറയുകയുണ്ടായി. പ്രവാചകനെ നിന്ദിക്കുന്നവര്‍ ഇസ്ലാമിക നിയമത്തില്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്. ഇതനുസരിച്ചാണ് അയാത്തുല്ല ഖൊമേനി സല്‍മാന്‍ റശ്ദിക്ക് Satanic Verses എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്. മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ നല്കണമെന്നാണ് മൌദൂദി രചിച്ച മുര്‍ത്തദ്ദ് കി സാസ ഇസ്ലാം കി കാനൂന്‍ മെയിം (മുര്‍ത്തദ്ദ്കള്‍ക്കുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന    ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.
ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി
ഇസ്ലാമികഭരണം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ലഘൂകരിച്ച് പ്രവാചക നിന്ദയുള്ള ചോദ്യം തയാറിക്കിയ വലതു കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ മതിയെന്ന് കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ) വിധിക്കുകയാണ്‍ ചെയ്തത്. House of Justice എന്നതിന്റെ അറബിഭാഷാ രൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25 യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം സിദ്ധനെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താ‍ലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന വിവരം ജനങ്ങള്‍ക്ക് നല്‍കിയത്.
നൃശംസതയുടെ പ്രത്യയശാസ്ത്രം
പ്രൊഫസറുടെ കൈപ്പത്തിവെട്ടിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നും തങ്ങള്‍ നല്ല പിള്ളകളാണെന്നുമാണ്‍ ജമാ’അത്തെ ഇസ്ലാമിയും പരിവാരങ്ങളും പറഞ്ഞു നടക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൌദൂദിസ്റ്റുകള്‍ പൊതുയോഗങ്ങളും സംഘടിക്കുന്നുണ്ട്. സി. ദാവൂദിന്റെ ഭീകരവാദ വിരുദ്ധ പ്രസംഗം കേള്‍ക്കാന്‍: http://bombaymalayalihalqa.blogspot.com/
അധ്യാ‍പകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ പ്രത്യയശാസ്ത്രം മൌദൂദിസമാണെന്ന കാര്യം മറച്ചുപിടിക്കാന്‍ അവര്‍ പാട് പെടുകയാണ്. അതുകൊണ്ട്, മൌലാന മൌദൂദിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചു ചേര്‍ത്ത് ഇത് അവസാനിപ്പിക്കാം.
“മുസ്ലിംകളുടെ സാക്ഷാല്‍ ലക്’ഷ്യം ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന വിഭാവനം 1926-ല്‍ അല്‍ജിഹാദുല്‍ ഇസ്ലാം എന്ന പുസ്തകം എഴുതിയതുമുതല്‍ തന്നെ എന്റെ ഹൃദയത്തില്‍ രൂഢമൂലമായിരുന്നതായി ഞാന്‍ ആദ്യം പറഞ്ഞിട്ടുണ്ട്. അവരുടെ ലക്’ഷ്യം ഒരു മുസ്ലിം ദേശീയ ഗവണ്മെന്റ് സ്ഥാപിക്കുകയല്ല; ലോകത്ത് അല്ലാഹുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കുകയാണ്. അതിന്റെ സംസ്കാരവും സാമൂഹിക വ്യവസ്ഥയും സാമ്പത്തിക പരിപാടിയും സദാചാരവും കോടതിയും പോലീസും പട്ടാളവും നിയമങ്ങളും നയതന്ത്രരംഗവുമെല്ലാം ലോകത്തിന്റെ മുമ്പാകെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മാതൃക പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം. അതു കണ്ടാല്‍ ഇസ്ലാമും കുഫറും തമ്മിലുള്ള അന്തരമെന്തെന്നും ഇസ്ലാം എല്ലാ വിധത്തിലും എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവെന്നും ലോകത്തിന് മനസ്സിലാക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജമാ’അത്തെ ഇസ്ലാമിയും ലക്’ഷ്യമായംഗീകരിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ഇഖാമത്തുദ്ദീന്‍ എന്നു പറയുന്നു. ‘നിങ്ങള്‍ ദീന്‍ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കരുത്‘ എന്ന് ഖുര്‍’ആന്‍ അരുളിയിട്ടുണ്ട്.“ (ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ – മൌദൂദി)
ജമാ’അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ബാധ്യത
കൈപ്പത്തി വെട്ടിയത് പോപ്പുലര്‍ ഫ്രണ്ട്കാരാണെന്നും തങ്ങള്‍ക്കതില്‍ ബാധ്യതയൊന്നുമില്ലെന്നാണ് ജമാ’അത്തിന്റെയും ലീഗിന്റെയും നാട്യം. മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിച്ചവരാണ് ജമാ’അത്ത്കാര്‍.  ദൈവത്തിന്റെ ഭരണം (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കലാണ് ഇസ്ലാമിന്റെ അന്തിമ ലക്’ഷ്യം എന്ന് മൌദൂ‍ദി പറഞ്ഞിട്ടുണ്ട്. അതിലേക്കെത്തുന്നതിനു മുമ്പ് മ്സുലിംകള്‍ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം ഇസ്ലാംമതവ്യവസ്ഥ സംസ്ഥാപിക്കണം. മതവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്). ശരീഅത്ത് അനുസരിച്ച് പ്രവാചകനെ നിന്ദിച്ചാല്‍ വധശിക്ഷ നല്‍കണം. ദൈവികഭരണം (ഹുക്കുമത്തെ ഇലാഹി) നിലവില്‍ വരാത്ത കേരളത്തില്‍ പ്രവാചക നിന്ദ നടത്തിയ ആളുടെ വധശിക്ഷ ലഘൂകരിച്ച് നടപ്പാക്കിയതായിരുന്നു കൈപ്പത്തി വെട്ടല്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ ചെയ്തികള്‍ക്ക് ജമാ’അത്ത് നേരിട്ട് ഉത്തരവാദികളാണെന്ന് പറയാനവില്ല. പക്ഷേ അവര്‍ക്ക് ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്ന് ഒഴിഞ്ഞ് മാറാനാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍. ഡി. എഫിനെ സ്വന്തം ചിറകിനടിയില്‍ സംരക്ഷിച്ച് വളര്‍ത്തിയത് മുസ്ലിം ലീഗാണ്. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ കലകളില്‍ കലരുന്നത് പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാഡര്‍മാര്‍ ലീഗിന്റെ സംരക്ഷണയില്‍ ഇപ്പോഴും കഴിയുകയാണ്. കൈപ്പത്തി വെട്ടിയ സംഭവത്തില്‍ മുസ്ലിം ലീഗിനും ബദല്‍ ബാധ്യതയുണ്ട്.

7 comments:

chithrakaran:ചിത്രകാരന്‍ said...

വര്‍ഗ്ഗീയ കാര്‍ഡുകള്‍ കളിക്കുന്നവര്‍ക്ക് മികച്ച വളര്‍ച്ചയും,വിളവും ലഭിക്കാന്‍ മത നിന്ദയും,പ്രവാചക നിന്ദയും,ദൈവ നിന്ദയും ...എല്ലിനും,പല്ലിനും,പേശിക്കും അതിശയകരമായ വളര്‍ച്ച ലഭിക്കുമെന്ന് പറയപ്പേടുന്ന
കോമ്പ്ലാന്‍, ബോണ്‍‌വിറ്റ, ഹോര്‍ളിക്സ് തുടങ്ങിയ സാധനങ്ങള്‍ പോലെ വളരെ വളരെ പ്രിയപ്പെട്ടതാണ്.
അതുകൊണ്ടാണ് ഇല്ലാത്ത ഒരു മത നിന്ദയെ അടവെച്ച് പോപ്പുലര്‍ ഫ്രണ്ടിന് വിരിയിച്ചെടുത്ത് ...
അതിന്റെ പേരില്‍ കൈ വെട്ടല്‍ നടത്തേണ്ടി വന്നത്.
സത്യത്തില്‍ പ്രഫസര്‍ ജോസഫിനോട് മൌദൂതി ഇസ്ലാം, മിതവാദ വര്‍ഗ്ഗീയ സുഷുപ്തിയിലിരിക്കുന്ന ലീഗ്,സവര്‍ണ്ണ ഹൈന്ദവ പരിവാരങ്ങള്‍, ക്രൈസ്തവ വര്‍ഗ്ഗീയത... എല്ലാവരും മനസ്സില്‍ നന്ദി പറയുന്നുണ്ടാകും.
കാരണം, മതവര്‍ഗ്ഗീയ സംഘടനകളൊന്നുംതന്നെ ദൈവത്തേയോ, പ്രവാചകനേയോ,മതത്തേയോ രക്ഷിക്കാനുള്ള സവിധാനങ്ങളല്ല. ഈ സംങ്കല്‍പ്പങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനത്തെ
ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ത്തി അതിലൂടെ സ്വന്തം ഉപരിവര്‍ഗ്ഗ സ്ഥാനവും, സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമാക്കുന്ന ഇത്തിക്കണ്ണികളാണ്
മതവര്‍ഗ്ഗീയതക്കു പിന്നിലുള്ള ശക്തികള്‍.
അതുകൊണ്ടുതന്നെ, ജനങ്ങള്‍ക്ക് ഈ വക
വിഗ്രഹവല്‍ക്കരിക്കപ്പെട്ട നാമങ്ങളോടുള്ള താല്‍പ്പര്യം
കുറയുന്ന പക്ഷം വര്‍ഗ്ഗീയവാദികള്‍ സ്വയം പിരിഞ്ഞ്പോകുന്നതും,മര്യാദക്ക് അദ്ധ്വാനിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നതുമാണ്.
അതിനായി ഡോ. എം.എം.മുഹമ്മെദ് അലി സത്യത്തെ അനാവൃതമാക്കുന്നതുപോലെ... ഒട്ടേറെ പേര്‍ നഗ്ന സത്യങ്ങളുമായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
സത്യം മാത്രമേ സത്യമായുള്ളു... ദൈവവും, മതങ്ങളും, മത സ്ഥാപകരുമെല്ലാം സത്യമെന്ന പേരില്‍ പ്രചരിക്കപ്പെടുന്ന സത്യത്തിന്റെ വിദൂര സാദൃശ്യം പോലുമില്ലാത്ത അസത്യത്തിന്റെ ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമാണ് :)

Anonymous said...

it was reality

sabeerazhikode said...

തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകം 2003 ലാണ് പുറത്തിറങ്ങിയത്. എം.ടി തുടങ്ങി അമ്പതോളം തിരക്കഥാകൃത്തുക്കള്‍ അവരുടെ രീതികളും കാഴ്ച്ചപ്പാടുകളും പങ്കുവെയ്ക്കുന്നുണ്ട്.സിനിമാ തിരക്കഥാ രചനയെപ്പറ്റി അറിയാന്‍ താല്പര്യമുള്ളവര്‍ ഒഴികെ ആരും അധികം വായിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ഈ പുസ്തകത്തെപ്പറ്റി ലോകം അറിയുന്നതിപ്പോഴാണ്.
ആ പുസ്തകത്തില്‍ സംഭാഷണ രൂപത്തിലല്ല വിവാദ ചോദ്യഭാഗം നല്‍കിയിരിക്കുന്നത്.അതായത് ജോസെഫ് സര്‍ മുഹമ്മദ്‌ എന്ന പേര് നല്‍കുക മാത്രമല്ല അതിനൊരു ഘടനയും നല്‍കി.എല്ലാം യാദൃശ്ചികമായിരിക്കാം ...മുഹമ്മദ്‌ മുസ്ലിംകളുടെ പ്രവാചകനാണെന്ന് ഓര്‍ത്തുകാണില്ലെന്നും നമുക്ക് കരുതാം... പക്ഷെ ആ ഒരു ചോദ്യം ആ ചോദ്യക്കടലാസിന്റെ മുഴുവന്‍ ഗൌരവവും നഷ്ടപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ എം എ ബേബിയോട് ഞാന്‍ യോജിക്കുന്നു. കൈ വെട്ടുകയായിരുന്നില്ല വേണ്ടിയിരുന്നത് ഒരു ചൂരലെടുത്തു കുണ്ടിക്ക് രണ്ടു പെട നല്‍കുകയായിരുന്നു വേണ്ടത്.

sabeer said...

തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകം 2003 ലാണ് പുറത്തിറങ്ങിയത്. എം.ടി തുടങ്ങി അമ്പതോളം തിരക്കഥാകൃത്തുക്കള്‍ അവരുടെ രീതികളും കാഴ്ച്ചപ്പാടുകളും പങ്കുവെയ്ക്കുന്നുണ്ട്.സിനിമാ തിരക്കഥാ രചനയെപ്പറ്റി അറിയാന്‍ താല്പര്യമുള്ളവര്‍ ഒഴികെ ആരും അധികം വായിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ഈ പുസ്തകത്തെപ്പറ്റി ലോകം അറിയുന്നതിപ്പോഴാണ്.
ആ പുസ്തകത്തില്‍ സംഭാഷണ രൂപത്തിലല്ല വിവാദ ചോദ്യഭാഗം നല്‍കിയിരിക്കുന്നത്.അതായത് ജോസെഫ് സര്‍ മുഹമ്മദ്‌ എന്ന പേര് നല്‍കുക മാത്രമല്ല അതിനൊരു ഘടനയും നല്‍കി.എല്ലാം യാദൃശ്ചികമായിരിക്കാം ...മുഹമ്മദ്‌ മുസ്ലിംകളുടെ പ്രവാചകനാണെന്ന് ഓര്‍ത്തുകാണില്ലെന്നും നമുക്ക് കരുതാം... പക്ഷെ ആ ഒരു ചോദ്യം ആ ചോദ്യക്കടലാസിന്റെ മുഴുവന്‍ ഗൌരവവും നഷ്ടപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ എം എ ബേബിയോട് ഞാന്‍ യോജിക്കുന്നു. കൈ വെട്ടുകയായിരുന്നില്ല വേണ്ടിയിരുന്നത് ഒരു ചൂരലെടുത്തു രണ്ടു പെട നല്‍കുകയായിരുന്നു വേണ്ടത്.

bombay malayalihalqa said...

http://muhammednabi.blogspot.com/
ഇസ്ലാം വര്‍ഗ്ഗീയമല്ല സാഹോദര്യത്തില് അധിഷ്ഠിതമാണ്.

PUNNAKAADAN said...

bombay malayalihalqa said...
http://muhammednabi.blogspot.com/
ഇസ്ലാം വര്‍ഗ്ഗീയമല്ല സാഹോദര്യത്തില് അധിഷ്ഠിതമാണ്.

September 25, 2010 11:46 PM

നിന്റെ വിസ്വാസം നിന്നെ രെക്ഷിക്കട്ടെ

ശ്രീനാഥന്‍ said...

ജോസഫ് സാറിനെതിരായ അക്രമം ഫാസിസത്തിന്റെ പ്രകടരൂപമായി കാണുകയും ശക്തമായ പ്രതിഷേധത്തിനൊപ്പം ചേരുകയും ചെയ്തയാളാണ് ഞാൻ. ആ കോളെജ് മാനേജ്മെന്റെ തീരെ കൃസ്ത്യൻ അല്ല എന്ന് അവരുടെ പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു. എങ്കിലും ഒരധ്യാപകനും ഇതു പോലെ തീ കൊണ്ട് കളിക്കരുത് എന്ന് പറയാതിരിക്കാനാവുന്നില്ല,( കുഞ്ഞുമുഹമ്മദും ചോദ്യവും ഞാൻ വായിച്ചിട്ടുണ്ട്.) പിന്നെ അദ്ദേഹമത് ഉദ്ദേശിച്ചില്ലെന്ന് പറയുന്നത് മുഖവിലക്കെടുത്താൽ, കോളെജധ്യാപകനു വേണ്ട അവശ്യം സാമാന്യബുദ്ധി അദ്ദേഹത്തിനില്ലെന്നു കൂടി പറയേണ്ടി വരും. സഖാവ് ബേബി പറഞ്ഞത് അനവസരത്തിലായിരിക്കാം, പക്ഷേ ശരിയാണ്.