Monday, November 21, 2011

A RELEVANT QUESTION TO Dr. ABDUL KALAM

നമ്മുടെ മുന്‍ പ്രസിഡന്റ്‌  ഡോ. അബ്ദുല്‍ കാലം യാതൊരു വിധ മാനുഷിക വീക്ഷണങ്ങളും ഇല്ലാത്ത വെറുമൊരു ടെക്നോക്രാറ്റ് ആണ്. അദ്ദേഹം ഇയ്യിടെ കൂടങ്കുളം ആണവ നിലയത്തിന് വേണ്ടി വാദിച്ചു കൊണ്ട് നീണ്ട ലേഖനം എഴുതുകയുണ്ടായി. അതിനോട് പ്രതികരിച്ചു കൊണ്ട് സുഗതകുമാരി പ്രസക്ത മായ ഒരു ചോദ്യം കലാമിനോട് ചോദിച്ചിരിക്കുന്നു. അതാണ്‌ പുതിയ പോസ്റ്റ്‌.



അബ്ദുല്‍കലാം, താങ്കള്‍ക്ക് എങ്ങനെ ഉറപ്പുനല്‍കാന്‍ കഴിയും?

സുഗതകുമാരി


കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെപ്പറ്റി യാതൊരു ഭീതിക്കും അവകാശമില്ലെന്ന് നമ്മുടെ ബഹുമാന്യനായ മുന്‍രാഷ്ട്രപതി അബ്ദുല്‍കലാം പ്രവചിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ വ്യസനംതോന്നി. മറ്റൊരു സാധാരണ ശാസ്ത്രജ്ഞനെപ്പോലെയല്ലല്ലോ നമ്മുടെ പ്രിയപ്പെട്ട അബ്ദുല്‍കലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പൂര്‍ണമായ വില കല്പിച്ചുകൊണ്ടുതന്നെ ഞാനെന്റെ സംശയങ്ങള്‍ അറിയിക്കുകയാണ്.

ആണവ മാലിന്യച്ചോര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കാണു സാധിക്കുക? അമേരിക്കയ്ക്കും റഷ്യയ്ക്കും ജപ്പാനും സാധിക്കാത്ത സുരക്ഷാസംവിധാനം നമ്മുടെ രാജ്യത്തിന് ഉറപ്പാക്കാന്‍ സാധിക്കുമോ? ഒരാപത്തുണ്ടായിപ്പോയാല്‍ ലക്ഷക്കണക്കിനു ജനങ്ങളെ അതിദ്രുതം ഒഴിപ്പിച്ച് മറ്റിടങ്ങളില്‍ പാര്‍പ്പിക്കാനുള്ള എന്തു സംവിധാനമാണ് നമ്മുടെ ഗവണ്‍മെന്റുകള്‍ക്കുള്ളത്?

ശരി. യാതൊരുവിധ നിര്‍മാണത്തകരാറുമില്ലാതെ പ്ലാന്റ് പ്രവര്‍ത്തിച്ചുകൊള്ളും എന്നിരിക്കട്ടെ. എന്നാല്‍, ഒരു സുനാമിയുണ്ടാവില്ല എന്ന് ഉറപ്പുനല്‍കാന്‍ ഏതു ശാസ്ത്രശക്തിക്ക് സാധിക്കും?

ഒരിക്കലും കൂടംകുളത്ത് ഒരു ഭൂമികുലുക്കമുണ്ടാവില്ല എന്നു പ്രവചിക്കാന്‍ ഏതു ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും!

ഒരു തീവ്രവാദി ആക്രമണം ഒരിക്കലും ഉണ്ടാവില്ല എന്നു വാക്കുനല്‍കാന്‍ ബഹുമാന്യനായ കലാമിനു കഴിയുമോ? സര്‍വവിധവും സുരക്ഷാസജ്ജമായ അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു കൊച്ചുവിമാനം പറത്തിവന്ന് താഴ്ത്തിയിടിച്ച് ആയിരക്കണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്യാനുള്ള സാഹസികതയും ക്രൂരതയും ശാസ്ത്രവൈദഗ്ധ്യവും തീവ്രവാദഗ്രൂപ്പുകള്‍ക്കുണ്ട്. അതു തടയാനുള്ള എന്തു ശക്തിയുണ്ട് കൂടംകുളത്തിന്?

ഭൂകമ്പങ്ങളുടെ നാടാണ് ജപ്പാന്‍. എത്രയധികം സുരക്ഷാ ക്രമീകരണങ്ങള്‍ സശ്രദ്ധം പാലിച്ചുകൊണ്ടായിരിക്കും അവിടെ ആണവനിലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ടാവുക! എന്നാലും ഒറ്റ ഭൂകമ്പത്തിന്, തുടര്‍ന്നുണ്ടായ സുനാമിക്ക് ആ സുരക്ഷാ മാര്‍ഗങ്ങളെയെല്ലാം തകര്‍ത്തെറിയാന്‍ സാധിച്ചു. ഫുക്കിഷിമ അപകടത്തിനുശേഷം ലോകമെങ്ങും അണുശക്തി നിലയങ്ങള്‍ക്കെതിരായി ജനകീയാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുതുതായി ആണവ നിലയങ്ങള്‍ പാടില്ല എന്ന സമ്മര്‍ദവും വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ പല ദശവര്‍ഷങ്ങളായി അമേരിക്ക, ഫ്രാന്‍സ് മുതലായ രാഷ്ട്രങ്ങള്‍ ആണവപദ്ധതികള്‍ ആരംഭിച്ചിട്ടില്ല. ഫുക്കുഷിമ ലോകമെങ്ങുമുള്ള ജനങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചിരിക്കുന്നു. അവിടെ അപകടമുണ്ടായപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചത് 100 കി.മീ. ചുറ്റളവിലുള്ള ജനങ്ങളെയാണ്. എന്നാലും തിരമാലകളിലൂടെ നൂറുകണക്കിനു മൈലുകള്‍ സഞ്ചരിച്ച് മറ്റുതീരങ്ങളിലും ആണവ തിരമാലകള്‍ ചെന്നുതൊടുകയാണ് എന്നോര്‍ക്കുക. പരിഹാരമില്ലാത്ത, ഭീകരമായ ആപത്തുകളാണിവ.

ഞാന്‍ വളരെ പഴയ ചില രംഗങ്ങള്‍ ഓര്‍മിക്കുകയാണ്. കേരളത്തിനും വേണം ഒരു ആണവനിലയം എന്ന് അന്നത്തെ സര്‍ക്കാറിനു തോന്നിയതനുസരിച്ച് ഭൂതത്താന്‍കെട്ട്, പെരിങ്ങോം എന്നീ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭൂതത്താന്‍കെട്ട് ജനസമ്മര്‍ദംമൂലം മുന്നോട്ടു നീങ്ങിയില്ല. പെരിങ്ങോം പദ്ധതി നടപ്പിലാക്കിയേ മതിയാവൂ എന്ന് സര്‍ക്കാറിന് നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ പതിവുപോലെ, ഈ 'വികസനത്തെ' എതിര്‍ക്കാന്‍ ഇറങ്ങി. പെരിങ്ങോമില്‍ ആയിരക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടിയ ഒരു യോഗത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി.

''കേരളത്തിന്റെ ഈ മണ്ണില്‍ ആണവ നിലയം ഞങ്ങള്‍ അനുവദിക്കുകയില്ല'' എന്നായിരുന്നു പ്രതിജ്ഞാവാചകം. നട്ടുച്ചവെയിലേറ്റുകൊണ്ടു നിന്ന് ആയിരമായിരം കണ്ഠങ്ങള്‍ ഇടിമുഴക്കംപോലെ മൂന്നുവട്ടം ആ പ്രതിജ്ഞ ഏറ്റു ചൊല്ലിയത് അഭിമാനത്തോടെ സ്മരിക്കുന്നു. എന്നാല്‍ ഇന്ന് തൊട്ടയലത്ത്, നമ്മുടെ സഹോദരങ്ങള്‍, ഇതേ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

കഠിനമായ ആശങ്ക തോന്നുന്നു. ജപ്പാനിലെ സുനാമിത്തിരകളുടെ നിശ്ശബ്ദഭീകരമായ ആ പെരുംവരവും വായപിളര്‍ന്നുള്ള സര്‍വവും വിഴുങ്ങലും നാം നേരിട്ടു കണ്ടുകഴിഞ്ഞു. ന്യൂയോര്‍ക്കിലെ അംബരചുംബികളുടെ മാറിടത്തിലേക്ക് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്ന അഗ്‌നിഗോളങ്ങളെയും നാം കണ്ടു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെക്കോസ്ലാവാക്യയില്‍ എഴുത്തുകാരുടെ ഒരു സാംസ്‌കാരിക വിനിമയ പരിപാടിയില്‍ അംഗമായിപ്പോയ ഞാന്‍ ഞങ്ങളുടെ യോഗത്തില്‍ ഒരു ചെറുപ്പക്കാരന്‍ കവി അയാളുടെ അമ്മയുടെ എഴുത്ത് ഉറക്കെ വായിച്ചു കേള്‍പ്പിച്ചതോര്‍ക്കുന്നു. നാട്ടിന്‍പുറത്തുനിന്ന് അമ്മ മകന് ഇങ്ങനെയെഴുതുന്നു: ''മകനേ, കഴിഞ്ഞമാസം നമ്മുടെ ഗ്രാമത്തില്‍ ഒരു കറുത്ത മഴ പെയ്തു. പേടിച്ച് ഞങ്ങളെല്ലാം വീടിനുള്ളില്‍ അടച്ചിരുന്നു. എന്നാല്‍ അതേത്തുടര്‍ന്ന് നമ്മുടെ പച്ചക്കറികള്‍ക്കെല്ലാം ഭ്രാന്തുപിടിച്ചപോലെ! ഓരോ ടൊമാറ്റോയും ഒരു മത്തങ്ങയ്‌ക്കൊപ്പമായി! കാബേജ് എടുത്താല്‍ പൊങ്ങാത്തവിധം ചീര്‍ത്തുവലുതായി. ഓരോ മുളകും തടിച്ചു വീര്‍ത്തുചുവന്നു. ഞങ്ങള്‍ക്കു പേടിയായി! എല്ലാം വെട്ടിപ്പറിച്ച് ആഴത്തില്‍ കുഴിവെട്ടിമൂടി. മകനെ, ചെര്‍ണോബില്‍ നമ്മുടെ നാട്ടില്‍ നിന്നും വളരെ ദൂരെയാണല്ലോ. പിന്നെയെന്താണിങ്ങനെ.''

അമ്മേ, ആണവ വികരണങ്ങള്‍ക്കു രാഷ്ട്രാതിര്‍ത്തികള്‍ അറിഞ്ഞകൂടാ. സുനാമിത്തിരകള്‍ക്കും അറിഞ്ഞുകൂടാ. ഭൂമികുലുക്കത്തിന് ഒട്ടും അറിഞ്ഞുകൂടാ. അറിയാവുന്നത് സ്വയം നശിച്ചും നശിപ്പിക്കാന്‍ പകയുമായി നടക്കുന്നവര്‍ക്ക്. അവര്‍ അറിഞ്ഞുകൊണ്ടു തന്നെ തകര്‍ക്കാനൊരുങ്ങിയാലോ?

ഭയപ്പെടുന്നത് എന്റെ തലമുറയെ ഓര്‍ത്തല്ല. കുട്ടികളെ ഓര്‍ത്താണ്. അവര്‍ക്കുവേണ്ടി നാം എന്തു കരുതിവെക്കുന്നു?കടിഞ്ഞാണിടാനാവാത്ത ഒരു ഭീകരശക്തിയെ അവര്‍ക്കു കൈമാറാമെന്നാണോ? പഴയതെല്ലാം അവിടെത്തന്നെയുണ്ട് എന്നറിയാം. പക്ഷേ, ഇനിയും പുതിയത് വേണമോ? വൈദ്യുതിക്കുവേണ്ടി ഇത്ര ഭയാനകമായൊരു സംവിധാനം വേണമോ? പ്രിയപ്പെട്ട കലാം, മുകളിലേക്കു നോക്കുക, അവിടെ സൂര്യന്‍ ജ്വലിച്ചുനില്പുണ്ട്. നമുക്കുവേണ്ടതെല്ലാം നല്‍കാനുള്ള ഊര്‍ജശക്തി അവിടെത്തന്നെയുണ്ട്. അത് കൂടുതല്‍ ശാസ്ത്രീയമായി ഫലവത്തായി ഉപയോഗിക്കാനുള്ള തീവ്രശ്രമമല്ലേ വേണ്ടത്?
(21/11/2011ലെ മാതൃഭൂമി പത്രത്തില്‍ നിന്ന്‍

1 comment:

മുഹമ്മദ് ഖാന്‍(യുക്തി) said...

സര്‍
താങ്കള്‍ അബ്ദുല്‍ കലാമിന്റെ ദിഹിന്ദു ഇരുപേജ് ലേഖനം വായിച്ചുണ്ടന്നു കരുതുന്നു.ടീച്ചര്‍ പൂര്‍ണ്‍നമായി മറുപടി നല്‍കിയതായി തോന്നുന്നില്ല.