Saturday, May 14, 2011

വി. എസ്. ഫാക്റ്റര്‍ എന്ന മിഥ്യ

മാര്‍ച്ച് 4-ന് പോസ്റ്റ് ചെയ്ത ബ്ലോഗില്‍ വി. എസിനെക്കുറിച്ച് ഞാന്‍ എഴുതി: ‘വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്തുനിന്നും പ്രത്യക്ഷനാകും. അതോടെ അദ്ദേഹം മറവിയുടെ പടുതയ്ക്കപ്പുറത്താകുകയും ചെയ്യും."  കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ അത് ഉടനെ സംഭവ്യമാകുമെന്നുറപ്പായിരിക്കുന്നു. ബംഗാളില്‍ ഇടതുമുന്നണി അമ്പേ പരാജയപ്പെടുകയും കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടാതെ പോകുകയുമാണുണ്ടായത്. വി.എസ്.ഫാക്റ്റര്‍ ഇല്ലായിരുന്നെങ്കില്‍ സി. പി. ഐ. (എം) പാര്‍ട്ടിക്ക് ബംഗാളില്‍ സഭവിച്ചതുപോലെ പാതാളപതനം സംഭവിക്കുമായിരുന്നെന്നാണ് വി. എസിനെ ഏകാകിയായ കിക്സോട്ടിയന്‍ വിപ്ലവനായകനാക്കാന്‍ ഓവര്‍ടൈം പണിയെടുത്ത മാധ്യമ വിശാരദന്മാരുടെ വിലയിരുത്തല്‍. വി.എസ്. ബാധയില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെടരുതെന്നാണ് ഇക്കൂട്ടരുടെ ഉന്നം.
        എണ്‍പത്തഞ്ച് വയസ്സ് പിന്നിട്ട വി.എസ്. വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതെങ്ങനെയാണ്? ഐസ്ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ചുള്ള റൌഫ് വെളിപ്പെടുത്തലുകളും ബാലകൃഷ്ണപ്പിള്ളയുടെ ജയില്‍ശിക്ഷാവിധിയും വന്നില്ലായിരുന്നെങ്കില്‍ വി. എസ്. വീണ്ടും മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നോ എന്ന് ഞാന്‍ പല വി. എസ്. ഫാനുകളോടും ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു അവെരല്ലാം ഒരു പോലെ ഉത്തരം പറഞ്ഞത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഈ രണ്ടു സംഭവങ്ങളും ഉണ്ടായത് തികച്ചും യാദൃച്ഛികമാണെന്ന് കരുതുക പ്രയാസമാണ്. ഈ രണ്ടു സംഭവങ്ങളും വി. എസ്. എന്ന ബലൂണിനെ വളരെയധികം ഊതി വീര്‍പ്പിക്കുകയുണ്ടായി. സ്വാഭിവകമായും വി. എസിനെ മാറ്റി നിറുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യമല്ലെന്ന ആതുരമായ മിഥ്യാവിശ്വാസം (Delusion) ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങളെ ബാധിച്ചു. അങ്ങനെയാണ് വി. എസ്. വീണ്ടും സ്ഥാനാര്‍ത്ഥിയായത്. വി. എസിന്റെ പടം വെച്ച് വോട്ട് ചോദിക്കുന്ന പതനത്തിലെത്തി എല്ലാ ഇടതുമുന്നണി സ്ഥാനാര്‍ഥികളും. വി. എസ്-ബലൂണിനെ ഊതി വീര്‍പ്പിച രണ്ട് സംഭവങ്ങളുടെയും അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് മനസ്സിരുത്തി ചിന്തിക്കാനും വിലയിരുത്താനും ഉള്ള സാവകാശം ആര്‍ക്കും കിട്ടിയതുമില്ല.
        രണ്ട് മുന്നണികളോടും സമദൂരം പാലിച്ചിരുന്ന എന്‍. എസ്. എസ്. ഇത്തവണ ഇടതുമുന്നണിയോട് പ്രതികൂല മനോഭാവം വെച്ചുപുലര്‍ത്താന്‍ കാരണം ആര്‍. ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു കൊല്ലത്തേക്ക് തടവിനു ശിക്ഷിച്ച സംഭവമാണ്. ആ വിധിക്ക് കാരണക്കാരന്‍ വി. എസ്. ആണെന്ന അവരുടെ ആരോപണം ശരിയാണ്. ബാലകൃഷ്ണപിള്ള കുറ്റക്കരനല്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സായിരുന്നു. പാര്‍ട്ടിയില്‍ നിന്നു വേറിട്ടു നിന്നിരുന്ന പ്രതിപക്ഷ നേതാവിനാണ് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കുത്തക എന്നു വരുത്തണമെന്ന ഒറ്റ ലക്‘ഷ്യം മാത്രമേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളു. സാധാരണ ഗതിയില്‍ 2012-ലോ 2013-ലോ വിധി വരേണ്ട കേസ് നേരത്തെയെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത് സുപ്രീം കോടതി അഭിഭാഷകനായ ശാന്തിഭൂഷണാനാണ്. എന്‍. എസ്. എസിന്റെ ഇണ്ടാസനുസരിച്ചൊന്നുമല്ല നായര്‍സമുദായത്തിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ടു ചെയ്യാറ്. എങ്കിലും ബാലകൃഷ്ണപിള്ളയോട് പ്രതികാരം ചെയ്യുകയും ‘ഒരുത്തനെ ഞാന്‍ ജയിലിലയച്ചു’ എന്ന് വീമ്പിളക്കുകയും ചെയ്ത അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്തിയാകരുത് എന്ന് ഒരു വിഭാഗം നായര്‍സമുദായാംഗങ്ങള്‍ ഇത്തവണ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് വോട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
        ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടിക്ക് നിയമവിരുദ്ധവും അവിഹിതവുമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തു കൊടുത്തിരുന്ന റൌഫ് എന്ന ക്രിമിനല്‍ സ്വഭാവക്കാരന്‍ കുഞ്ഞാലിക്കുട്ടിക്കുട്ടിയുമായി എന്തോ കാരണത്താല്‍ തെറ്റി. കുഞ്ഞാലിക്കുട്ടിക്ക് ചെയ്തുകൊടുത്ത അവിഹിത ഏര്‍പ്പാടുകള്‍ വെളിപ്പെടുത്തിയാല്‍ ചില മെച്ചങ്ങളുണ്ടാകുമെന്ന് ഭൂതോദയമുണ്ടായപ്പോളാണ് അതിനുള്ള ഒരുക്കങ്ങള്‍ അധികാരത്തിന്റെ ഇടനാഴികയിലുള്ളവരുടെ ഒത്താശയോടെ റൌഫ് ആരംഭിച്ചത്. റൌഫിന്റെ വെളിപ്പെടുത്തലുകള്‍ ഉപയോഗപ്പെടുത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്താല്‍ സ്ത്രീ പീഡനക്കാരെ കൈയാമം വെച്ച് നിരത്തിലൂടെ നടത്തിക്കുമെന്ന തന്റെ നടക്കാതെ പോയ വിപ്ലവപ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമായിട്ടാണ് മുഖ്യമന്ത്രി അച്യുതാനന്ദന്‍ കണ്ടത്. സ്വഭാവേന മുസ്ലിം വിരോധിയായ അച്യുതാനന്ദന്‍ കുഞ്ഞാലിക്കുട്ടിയെ കൈയാമം വെച്ച് തെരുവിലൂടെ നടത്തിച്ച് മുസ്ലിം സമുദായത്തെ അവഹേളിക്കാന്‍ പോകുന്നു എന്ന് നിഷ്കളങ്കരായ മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മുസ്ലിം ലീഗിന് അവസരം ലഭിച്ചു. അങ്ങനെ കേരളത്തിലുടനീളം മുസ്ലിം സമുദായാംഗങ്ങളുടെ ഇടതുപക്ഷ വിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള ദൃഢീകരണം സംഭവിച്ചു. എന്‍. എസ്. എസിന്റെയും മുസ്ലിങ്ങളുടെയും വിരോധഭാവം ഇല്ലായിരുന്നെങ്കില്‍ എല്‍. ഡി. എഫ്. ഭൂരിപക്ഷം നേടുമായിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
        സാമൂഹിക രംഗത്തെ ചലനങ്ങളെ ഉപരിപ്ലവമായി മാത്രം കാണുന്ന ഹ്രസ്വദൃഷ്ടികളുടെ മനസ്സില്‍ ഒരു സംശയം ബാക്കി നില്‍ക്കും. ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട എല്‍. ഡി. എഫിനു ഇത്രത്തോളം ജനപിന്തുണ നേടിക്കൊടുത്തത് അച്യുതാനന്ദന്റെ അഴിമതി-സ്ത്രീപീഡന-വിരുദ്ധ പോരാട്ടങ്ങള്‍ എന്ന പൊടിക്കൈകളല്ലേ എന്നായിരിക്കും അവരുടെ ചോദ്യം. അക്കൂട്ടരോട് സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ അന്തര്‍ധാര മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്.
        ഒന്നാം യു. പി. എ. ഗവണ്മെന്റിനെ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പില്‍ സി. പി. ഐ. എമ്മും ഇടതുപക്ഷവും നിര്‍ണ്ണായക ശക്തിയായി പാര്‍ലമെന്റിലെത്തി. ഇത് നവ ഉദാരീകരണ-ആഗോളീകരണ ശക്തികളെ അമ്പരപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അതേ തോതില്‍ പാര്‍ലമെന്റിലെത്താതെ ഒതുക്കണമെന്ന് അവര്‍ തീരുമാനിച്ചു. ഇടതുപക്ഷത്തെ തളയ്ക്കാന്‍ ബംഗാളിലും കേരളത്തിലും ഇടതുപക്ഷ വിരുദ്ധ വികാരം വളര്‍ത്തുക മാത്രമായിരുന്നു മാര്‍ഗ്ഗം. ബംഗാളില്‍ കരുവാക്കിയത് മമതാ ബാനര്‍ജിയെയാണെങ്കില്‍ കേരളത്തില്‍ ഉപയോഗപ്പെടുത്തിയത് അച്യുതാനന്ദന്റെ പാര്‍ട്ടിയില്‍ നിന്നു വേറിട്ട നിലപാടുകളും പ്രവര്‍ത്തന ശൈലിയും തന്നെയാണ്. മദനിയുമായി പ്രചാരണവേദി പങ്കിട്ടതായിരുന്നു പാര്‍ട്ടിക്കെതിരെ പ്രയോഗിച്ച വജ്രായുധം. പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങളെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് അച്യുതാനന്ദന്‍ വാചാലമായ മൌനത്തിലൂടെ പിന്തുണച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്ക് നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഉണ്ടായ കൊലച്ചിരി കുപ്രസിദ്ധമായല്ലൊ. സ്വന്തം കൂട്ടില്‍ കാഷ്ടിച്ച് വൃത്തികേടാക്കുന്ന പക്ഷിയോടാണ് സുകുമാര്‍ അഴിക്കോട് അച്യുതാനന്ദനെ ഉപമിച്ചത്.
        ബംഗാളില്‍ ഇടതുപക്ഷ വിരോധത്തിന്റെ അഗ്നിക്ക് ശമനം വരാതെ നിന്നതിനു കാരണം പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ ധിക്കാരപരമായ ശൈലി തന്നെയാണ്. അത് തിരുത്തണമെന്നാണ് മുഖ്യമന്ത്രി ബുദ്ധദേവ് പരസ്യമായി ഉപദേശിച്ചത്. കേരളത്തിലാകട്ടെ ഏറ്റവും അടിത്തട്ടിലെ സാധാരണക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമാക്കിയുള്ള  ഗവണ്മെന്റിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ഇടതുപക്ഷവുമായി വീണ്ടും അടുപ്പിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ ധനമന്ത്രി തോമസ് ഐസക്കിന്റെ മിടുക്ക് തന്നെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍വിഘ്നം മുന്നോട്ടു കൊണ്ടു പോകാന് ഇടയാക്കിയത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെട്ടെങ്കിലും ഇടതുപക്ഷം പാ‍ര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുകയുണ്ടായി. ഗവണ്മെന്റ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് പറയുകയും തുടര്‍ന്നു ഭരിക്കാന്‍ അവസരം കിട്ടിയാല്‍ കൂടുതല്‍ ജനക്ഷേമം ലക്’ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്യുന്നതിലൂടെ മാത്രം ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാമായിരുന്നു.
        എണ്‍പത്തഞ്ചുകാരനായ തനിക്ക് വീണ്ടും മത്സരിച്ച് രണ്ടാമൂഴം സിംഹാസനാരോഹണം ചെയ്യണമെന്ന വി. എസിന്റെ അതിമോഹമാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടാതാക്കിയത്. പകപോക്കലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം മാത്രമറിയാവുന്ന വി. എസ്. അചുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകരുതെന്ന് ചില വിഭാഗങ്ങള്‍ ഉത്ക്കടമായി ആഗ്രഹിച്ചു പോയതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടാതെ പോയതിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈകാരിക ഘടകം. ഉര്‍വ്വശീ ശാപം ഉപകാരമാകും എന്നാണ് എന്റെ പ്രതീക്ഷ.

7 comments:

nice said...

ldf നു പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റ് കിട്ടാന്‍ കാരണം വി എസ് ഫാക്ടര്‍ അല്ല. ഭരണം നന്നായത് കൊണ്ടും അല്ല. udf ന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന അപാകതകളും (രാഹുല്‍ നോമിനെകളും മറ്റും) expired ആയ ഗൌരിയമ്മ, രാഘവന്‍ തുടങ്ങിയ ഈര്കിലി പാര്‍ടികളും, ജോസഫ്‌ ലയനം ഇഷ്ടപെടാത്ത അണികളും. കുഞ്ഞാലികുട്ടിയെ ജയിലില്‍ അടക്കും എന്ന് പറഞ്ഞപ്പോള്‍ (മുസ്ലിം) ലീഗു സ്ട്രോങ്ങ്‌ ആയത് പോലെ അത് കാണാന്‍ കൊതിക്കുന്ന കുറച്ചു ആളുകള്‍ ഇപ്പുറത്തും, സ്ട്രോങ്ങ്‌ ആയി എന്നത് വാസ്തവം. വി യെസ്നു ശരിക്കും communal card കളിക്കാന്‍ അറിയാം.

JS Adoor said...

very well said!

JS Adoor said...

Very well said!

ശ്രീജിത് കൊണ്ടോട്ടി. said...

വി.എസ് എന്നത് തന്നെ മിഥ്യ ആണ് സാര്‍. സി,പി.എം എന്നതും മിഥ്യ. സാര്‍ പറയുന്നത് മാത്രം സത്യം.. ഞാന്‍ വിശ്വസിച്ചു. പക്ഷെ ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല. കാരണം അവര്‍ ഈ ബ്ലോഗ്‌ വായിചിട്ടല്ലോ വോട്ട് ചെയ്യാന്‍ പോയത്. പൊതുജനത്തിന് "കോമണ്‍സെന്‍സ്‌" ഇല്ല. സാര്‍ ഇതിങ്ങനെ വീണ്ടും വീണ്ടും പറയും, പോസ്റ്റുകള്‍ അങ്ങനെ ഇടും. എന്ത് കാര്യം.. :)

പുന്നകാടൻ said...

ഗുഡ്‌ കമന്റ്‌,നൈസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു,ശ്രിജിത്‌ ഒരു വി സ്‌ ആരാധകൻ തന്നെ

പുന്നകാടൻ said...

ഗുഡ്‌ കമന്റ്‌,നൈസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു,ശ്രിജിത്‌ ഒരു വി സ്‌ ആരാധകൻ തന്നെ

കുന്നെക്കാടന്‍ said...

പറച്ചില്‍ ഇഷ്ടപ്പെട്ടു
:-)