Tuesday, May 3, 2011

കൊണ്ടു നടന്നതും നീയേ ചാപ്പാ...

കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ... ഒസാമയെ കൊന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വടക്കന്‍ പാട്ടിലെ ഈ വരിയാണ് ഓര്‍മ്മ വന്നത്. കമ്യൂണിസത്തിനെതിരായ "കുരിശുയുദ്ധം" നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഭീകരവാദിയാണ് ഒസാമ ബിന്‍ ലാദന്‍ . കാലചക്രം മാറിമറിഞ്ഞപ്പോള്‍ ലാദന്‍ അമേരിക്കയുടെ ബദ്ധശത്രുവായി. അമേരിക്കക്കാരുടെ ഉറക്കംകെടുത്തിയ കൊടുംഭീകരനായി വളര്‍ന്ന ലാദനെ ഒടുവില്‍ നിഗ്രഹിച്ചത് പാലൂട്ടിയ കൈകള്‍തന്നെ. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേര്‍ക്കുണ്ടായ ഭീകരാക്രമണത്തോടെയാണ് ലാദന്‍ ലോകശ്രദ്ധ നേടുന്നത്. എന്നാല്‍ , അതിനും എത്രയോമുമ്പേ ആഗോളരാഷ്ട്രീയത്തില്‍ ലാദനും അല്‍ ഖായ്ദയും വിനാശകരമായി ഇടപെട്ടിരുന്നു. അയല്‍രാജ്യമായ യമനില്‍നിന്ന് സൗദി അറേബ്യയില്‍ കുടിയേറി വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മുഹമ്മദ് ബിന്‍ ലാദന്റെ 52 മക്കളില്‍ പതിനേഴാമനായി 1957ലാണ് ഒസാമ ബിന്‍ ലാദന്‍ ജനിച്ചത്. പൊതുമരാമത്ത് കരാറുകാരനും കെട്ടിട നിര്‍മാണ വ്യവസായിയുമായ മുഹമ്മദാണ് സൗദിയിലെ റോഡുകളില്‍ 80 ശതമാനവും നിര്‍മിച്ചത്. 1969ല്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മുഹമ്മദ് മരിച്ചതോടെ ഒസാമ നന്നേ ചെറുപ്പത്തില്‍ത്തന്നെ ശതകോടി ഡോളറുകളുടെ സ്വത്തിന് ഉടമയായി. സിവില്‍ എന്‍ജിനിയറിങ് പഠനത്തിന് ജിദ്ദയിലെ കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ ചേര്‍ന്ന ലാദന്‍ മതമൗലികവാദ സംഘടനകളുമായി അടുപ്പത്തിലായി. ഇസ്ലാമികതീവ്രവാദികള്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന കാലം. അഫ്ഗാനിസ്ഥാനിലെ നജീബുള്ള സര്‍ക്കാരിന്റെ തീവ്രവാദവിരുദ്ധ പോരാട്ടത്തെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ സേനയെ അയച്ചത് ലാദനും കൂട്ടര്‍ക്കും ഒട്ടും രസിച്ചില്ല. സോവിയറ്റ് സേനയ്ക്ക് എതിരെ പൊരുതാന്‍ മുജാഹിദ്ദീന് രൂപം നല്‍കിയ ലാദന് അമേരിക്കയുടെ സര്‍വസഹായവും ലഭിച്ചു. അഫ്ഗാനില്‍ 1979ല്‍ തമ്പടിച്ച ലാദനും കൂട്ടര്‍ക്കും ആയുധമായും പണമായും തന്ത്രപരമായ സഹായമായും അമേരിക്കയില്‍നിന്ന് പിന്തുണ വേണ്ടുവോളം കിട്ടി. പിന്നീട് താലിബാനായി മാറിയ മുജാഹിദ്ദീന് അമേരിക്കന്‍സേന നേരിട്ടുതന്നെ പരിശീലനം നല്‍കി. ആഗോളതലത്തില്‍ ലാദന്റെ നേതൃത്വത്തില്‍ അല്‍ ഖായ്ദ (താവളം) യ്ക്ക് രൂപം നല്‍കിയത് 1988ലാണ്. ഫണ്ട് സമാഹരിച്ച് നല്‍കുന്ന ചുമതലയാണ് ലാദന്‍ മുഖ്യമായും നിറവേറ്റിയിരുന്നത്. 1989ല്‍ സോവിയറ്റ്സേന അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങിയതോടെ ലാദന്‍ സൗദിയിലേക്ക് മടങ്ങി. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ലാദന്റെ ജീവിതത്തില്‍ അടുത്ത വഴിത്തിരിവായത് 1991ല്‍ അമേരിക്ക ഇറാഖിനുനേരെ നടത്തിയ കടന്നാക്രമമാണ്. അമേരിക്കയുടെ നടപടി ഇസ്ലാമിനുനേരെയുള്ള ആക്രമണമായി കണ്ട ലാദന്‍ പാശ്ചാത്യര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു. അമേരിക്കന്‍ പക്ഷത്തായിരുന്ന സൗദി അറേബ്യക്ക് ഇതോടെ ലാദനെ കൈവിടേണ്ടിവന്നു. ലാദനും കുടുംബവും സുഡാനില്‍ അഭയം തേടി. 1993ല്‍ അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിലുണ്ടായ ബോംബ്സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. ഈ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായവര്‍ക്ക് ലാദനുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. 1994ല്‍ അമേരിക്കന്‍ ഭരണകൂടത്തെയും സൗദി രാജകുടുംബത്തയും നിശിതമായി വിമര്‍ശിച്ച് ലാദന്‍ പ്രസ്താവന പുറപ്പെടുവിച്ചു. 1996 ജൂണ്‍ 25ന് സൗദിയിലെ ഖോബാറിലുള്ള അമേരിക്കന്‍ സേനാ താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി. 19 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ഏകദേശം 400 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെയും സൗദിയുടെയും നിരന്തര സമ്മര്‍ദത്തെതുടര്‍ന്ന് ലാദനോട് രാജ്യം വിട്ടുപോകാന്‍ സുഡാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്ന് ഭാര്യമാരും പത്തു മക്കളുമായി ലാദന്‍ അഫ്ഗാനിലേക്ക് പോയി. 1998 ആഗസ്ത് ഏഴിന് കെനിയയിലും താന്‍സാനിയയിലും അമേരിക്കന്‍ എംബസികള്‍ക്കുമുമ്പില്‍ ട്രക്ക്ബോംബുകള്‍ പൊട്ടി. 224 പേര്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി അഫ്ഗാനിലും സുഡാനിലും അല്‍ ഖായ്ദ കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍ വര്‍ഷിച്ചു. എംബസി സ്ഫോടനക്കേസുകളില്‍ 1998 നവംബറില്‍ അമേരിക്കന്‍ കോടതി ലാദനെ കുറ്റക്കാരനായി വിധിച്ചു. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചു. എഫ്ബിഐ തൊട്ടടുത്തവര്‍ഷം ലാദനെ പത്ത് പിടികിട്ടാപുള്ളികളുടെ പട്ടികയില്‍പ്പെടുത്തി. 2000 ഒക്ടോബര്‍ 12ന് അമേരിക്കയ്ക്ക് വീണ്ടും പ്രഹരമേറ്റു. യമനില്‍ അമേരിക്കന്‍ യുദ്ധക്കപ്പലിനുനേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 19 നാവികസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 2001 സെപ്തംബര്‍ 11ന് അമേരിക്കന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിനും ലോകം സാക്ഷ്യം വഹിച്ചു. റാഞ്ചിയെടുത്ത അമേരിക്കന്‍ വിമാനങ്ങള്‍ ലോകവ്യാപാരകേന്ദ്രത്തിലും പെന്റഗണ്‍ ആസ്ഥാനത്തും ഇടിച്ചിറക്കുകയായിരുന്നു. മൂവായിരം പേരുടെ മരണത്തിനിടയാക്കിയ ഈ ഭീകരാക്രമണത്തിന്റെ മുഖ്യ ഉത്തരവാദിയായി ലാദനെ സെപ്തംബര്‍ 13ന് അമേരിക്ക പ്രഖ്യാപിച്ചു. തുടര്‍ന്ന് ലാദനെ വധിക്കാനും അല്‍ ഖായ്ദയെ തകര്‍ക്കാനും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് "വിശുദ്ധയുദ്ധം" പ്രഖ്യാപിച്ചു. അഫ്ഗാന്‍ മലനിരകളിലെ ഗുഹകളില്‍ ഗോത്രവംശജരുടെ സംരക്ഷണത്തില്‍ ലാദന്‍ കഴിയുന്നുവെന്നായിരുന്നു പ്രചാരണം. ഇതിന്റെ പേരിലാണ് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാന്‍ അധിനിവേശയുദ്ധം നടത്തിയത്. എന്നാല്‍ , ഭീകരവിരുദ്ധയുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിയായ പാകിസ്ഥാനില്‍വച്ച് പത്തുവര്‍ഷത്തിനുശേഷം ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു
മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാകുമോ എന്ന് അമേരിക്കതന്നെ സംശയിക്കുന്നതുകൊണ്ടായിരിക്കണം കടലില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ബിന്‍ ലാദന് ഒരു പുനര്‍ജന്മം സാധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ജനമുന്നേറ്റത്തില്‍ ബിന്‍ ലാദന്മാര്‍ക്ക് പ്രസക്തിയില്ല. ആധുനിക വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം തെരുവിലിറങ്ങുന്ന മുസ്ലിം ജനസാമാന്യത്തിന് ബിന്‍ ലാദന്മാര്‍ അന്യമാണ്. എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി ബിന്‍ ലാദന്റെ ജീവിതം പ്രതിനിധാനംചെയ്യുന്നു. തികച്ചും യാഥാസ്ഥിതികനായ ബിന്‍ ലാദന്‍ എല്ലാ പുരോഗമനപ്രവണതകള്‍ക്കും എതിരായിരുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരുവായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്.

1 comment:

Vinod Nair said...

excellent article sir, very clear views, it is a good time for Osama to die , his ideology is becoming more and more irrevelent due to popular upraising in the Middle east