Friday, August 21, 2009

മുഹമ്മദലി ജിന്നയും ഞാനും

ബാപ്പ എനിക്ക് മുഹമ്മദലി എന്ന് പേരിട്ടതില്‍ ഞാന്‍ പലപ്പോഴും ദു:ഖിച്ചിട്ടുണ്ട്. അഴീക്കോട് (കൊടുങ്ങല്ലൂര്‍) പ്രൈമറി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം. ഒരു ദിവസം ഞാന്‍ ബാപ്പയോട് പരാതി പറഞ്ഞു: എന്നെ ചിലര്‍ ജിന്ന് എന്ന് വിളിക്കുന്നു.
ബാപ്പ ചോദിച്ചു: ആരാണങ്ങനെ വിളിച്ചത്?
-പുതിയതായി വന്ന മാഷ്. പിന്നെ ഹെഡ് മാഷും അങ്ങനെ വിളിച്ചു.
- മണ്ടാ, ജിന്ന് എന്നായിരിക്കൂല. ജിന്ന എന്നായിരിക്കും. ഖായിദെ അസം മുഹമ്മദലി ജിന്ന. നിനക്ക് അയാളുടെ പേരിട്ടത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞിട്ടാണ്. അദ്ദേഹം മരിക്കുന്നതിനു മുമ്പ് എന്നോടങ്ങനെ പറഞ്ഞിരുന്നു.

ബാപ്പയും ഉമ്മയും അടൂത്ത ബന്ധുക്കളും അലിയെന്നും കൂട്ടുകാരും നാട്ടുകാരും അലിക്കുഞ്ഞി എന്നും വിളിച്ചിരുന്നതുകൊണ്ട് അഴീക്കോട് നിന്നും തിരുവനന്തപുരത്തെത്തുന്നത് വരെ ജിന്ന എന്നെ ശല്യപ്പെടുത്തിയില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെത്തിയത്. പേട്ട പ്രൈമറി സ്കൂളിലെ ഒരു സാറ് (തിരുവനന്തപുരത്ത് മാഷില്ല. എല്ലാവരും സാറാണ്) എന്റെ പേര് കേട്ട ഉടനെ പറഞ്ഞു: ഓ, മുഹമ്മദാലി ജിന്ന! അന്നു മുതല്‍ ജിന്നയും എന്റെ പേരിനു വീണ ദീര്‍ഘവും ഒരു പോലെ എന്നെ അലട്ടാന്‍ തുടങ്ങി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ പേട്ടയില്‍ നിന്നും ഞങ്ങള്‍ ജഗതിയിലേക്ക് താമസം മാറ്റി. ജഗതിയിലേക്ക് താമസം മാറ്റിയ ഉടനെയാണ് ജോസഫ് സ്റ്റാലിന്‍ അന്തരിച്ചത്. ബാപ്പാക്ക് വായിക്കാന്‍ പ്രഭാതം എന്ന പത്രം അടുത്ത വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നത് ഞാനായിരുന്നു. ഞാന്‍ പത്രത്തില്‍ നോക്കിയപ്പോള്‍ ഒരു കൊമ്പന്‍ മീശക്കാരന്റെ പടമാണ് കണ്ടത്. ബാപ്പ പത്രത്തില്‍ നോക്കിയ ഉടനെ പറഞ്ഞു: ഓ, സ്റ്റാലിന്‍ ചത്തു. ലോകം രക്ഷപ്പെട്ടു!
അര നൂറ്റാണ്ടിനുശേഷം എണ്‍പ്ത്തേഴാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ബാപ്പ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടക കക്ഷിയായ ജനതാ ദളിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു. സ്റ്റാലിന്‍ ഒരു ഭീകരനായിരുന്നുവെന്നാണ് ബാപ്പ അന്ന് എന്നോട് പറഞ്ഞത്. സ്റ്റാലിനെ പോലെ മുഹമ്മദലി ജിന്നയും ഒരു ഭീകരനാണെന്ന തോന്നല്‍ എന്റെ മനസ്സിലുണ്ടാക്കിയത് ജഗതി പ്രൈമറി സ്കൂളിലെ എന്റെ ക്ലാസ് റ്റീച്ചറായിരുന്ന ഭാനുമതിയമ്മ സാറായിരുന്നു. (അതെ, എല്ലാവരും സാറന്മാര്‍ തന്നെ!) എന്നെ നാല് സി.യിലാണ് ചേര്‍ത്തത്. ക്ലാസ് ടീച്ചര്‍ ഭാനുമതിയമ്മ സാറ് എന്റെ പേര് കേട്ട ഉടനെ പറഞ്ഞു: മുഹമ്മദാലി ജിന്ന! ഇന്ത്യയെ വെട്ടിമുറിച്ച ഭീകരന്‍!

ഭാനുമതിയമ്മ സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് ആദ്യം ഓര്‍മ്മ വരിക. നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ റാണി പത്മിനിയെക്കുറിച്ചുള്ള പാഠം പഠിപ്പിക്കുകയായിരുന്നു അവര്‍. അലാവുദ്ദീന്റെ ആക്രമണത്തില്‍ ചിത്തോര്‍ പരാജയപ്പെട്ടപ്പോള്‍ അന്ത:പുരത്തിലെ റാണിമാര്‍ അഗ്നികുണ്ഡത്തില്‍ ചാടി ആത്മാഹുതി ചെയ്തു. ഈ ഭാഗം വായിച്ചുകഴിഞ്ഞ ഉടനെ ഭാനുമതിയമ്മ സാറ് ഏറ്റവും പിന്നിലെ ബെഞ്ചില്‍ ഇരുത്തിയിരുന്ന എന്റെ അടുക്കലേക്ക് വന്ന് കുപിതയായി പറഞ്ഞു: നിന്റെ ആളുകള്‍ കാരണമല്ലേടാ ആ പാവപ്പെട്ട റാണിക്ക് തീയില്‍ ചാടി മരിക്കേണ്ടി വന്നത്?
അന്നു രാത്രി മുഴുവന്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. വെളുപ്പാന്‍ കാലത്ത് ഉറങ്ങിത്തുടങ്ങിയ ഉടനെ ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.
അടുത്തയിടെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാക്കമ്മിറ്റി, എന്റെ കഥാസമാഹാരം (ശവമുറിയിലെ ജോലി) പ്രകാശനം ചെയ്യാനായി സംഘടിപ്പിച്ച യോഗത്തില്‍ തിരുവനന്തപുരം ജഗതി പ്രൈമറിസ്കൂളിലെ നാലാം ക്ലാസില്‍ വെച്ചുണ്ടായ അനുഭവം വിവരിച്ചു. അത് അങ്ങനെ അവതരിപ്പിച്ചത് ശരിയായില്ലെന്ന് പു.ക.സ. ജില്ലാക്കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ പറയുകയുണ്ടായി. പക്ഷേ, പുസ്തകം പ്രകാശനം ചെയ്ത പെരുമ്പടവം ശ്രീധരന്‍ പിറ്റേന്ന് സ്റ്റുഡന്റ്സ് സെന്ററില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ഞാന്‍ പറഞ്ഞ കാര്യം സദസ്സിനോട് പറയുകയും താനിത് അവസരം കിട്ടുമ്പോഴെല്ലാം പറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജഗതി സ്കൂളിലെ അനുഭവത്തിനു ശേഷം വളരെക്കാലത്തേക്ക് ജിന്ന എന്നെ ശല്യപ്പെടുത്തിയില്ല. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം എം.ബി.ബി.എസ്സിന് അഡ്മിഷനു വേണ്ടിയുള്ള ഇന്റര്‍വ്യൂവിലാണ് ജിന്ന വീണ്ടും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വൈസ്പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി ഇന്റര്‍വ്യൂ നടത്തിയായിരുന്നു സെലക്ഷന്‍ നടത്തിയിരുന്നത്. സമിതിയിലെ ഒരാള്‍ എന്നെ ഇങ്ങനെ അവതരിപ്പിച്ചു: ഹി ഈസ് മുഹമ്മദാലി. ഉടനെ മറ്റൊരംഗം എന്നോട് ചോദിച്ചു: ആര്‍ യൂ മുഹമ്മദാലി ജിന്ന?
അദ്ദേഹത്തിന്റെ ചോദ്യം മറുപടി അര്‍ഹിക്കാത്തതാണെന്ന് തോന്നിയതു കാരണം ഞാന്‍ സ്വയം നിയന്ത്രിച്ച് മൌനം പാലിച്ചു. എന്നോട് അങ്ങനെ ചോദിച്ച എന്റെ ഗുരുനാഥന്‍ പില്‍ക്കാലത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ലോക് സഭയിലേക്ക് മത്സരിച്ചു!
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്തൊന്നും ജിന്ന ശല്യപ്പെടുത്തിയില്ല. ഒരു പതിറ്റാണ്ടിനു ശേഷം റാഞ്ചിയിലെ (അന്ന് ബീഹാര്‍, ഇന്ന് ഝാര്‍ഘണ്ട്) ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൈക്യാട്രിയില്‍ ഉപരിപഠനം നടത്തുമ്പോള്‍ ജിന്ന നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ മലയാളിയായ സഹപാഠിയും എന്നെ ജിന്നയെന്ന് വിളിച്ചിരുന്നു. അദ്ദേഹത്തോട് എന്തുകൊണ്ടാണ് എന്നെ ജിന്നയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: നിങ്ങളെല്ലാം ജിന്നയുടെ ആളുകളാണ്; കേരളത്തിലായാലും ഇവിടെയായാലും.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരമാണ് എനിക്ക് മുഹമ്മദലി എന്ന പേരിട്ടത് എന്ന് ബാപ്പ പറഞ്ഞതിലെ ഉത്തരാധുനികത ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴാണ് തിരിച്ചറിഞ്ഞത്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാവും കറതീര്‍ന്ന ദേശീയവാദിയുമായിരുന്നു. പിന്നെ എന്തുകൊണ്ട് ഇന്ത്യയെ “വെട്ടിമുറിച്ച് ” പാക്കിസ്ഥാന്‍ രൂപവത്കരിക്കണമെന്ന് വാശിപിടിച്ച ജിന്നയുടെ പേര് അനുയായിയുടെ ആദ്യസന്താനത്തിടാന്‍ ഉപദേശിച്ചു എന്നതായിരുന്നു എന്റെ മനസ്സിനെ അലട്ടിയ സമസ്യ. അക്കാര്യം ഞാന്‍ ബാപ്പയോട് ചോദിച്ചു. ബാപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അക്കാലത്തൊന്നും ജിന്ന ഇന്ത്യയെ വിഭജിക്കണമെന്ന അഭിപ്രായക്കാരനായിരുന്നില്ല. പിന്നീടാണയാള്‍ പാകിസ്ഥാന്‍ വേണമെന്ന് പറഞ്ഞ് തുടങ്ങിയത്. ജിന്നയെ പാകിസ്ഥാന്‍ വാദിയാക്കിയത് കോണ്‍ഗ്രസ്സിലെ ഹിന്ദു വര്‍ഗ്ഗീയവാദിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലാണ്. (ഇതു തന്നെയല്ലേ ജസ്വന്ത് സിംഹും പറഞ്ഞത്? പുസ്തകം വായിച്ചില്ല)
സ: ഇ.എം.എസ്. എഴുതിയ “ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം” വായിച്ചപ്പോള്‍ എന്റെ ബാപ്പ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. “കോണ്‍ഗ്രസ്സ് ഹിന്ദുക്കളുടെയും ലീഗ് മുസ്ലിങ്ങളുടെയും രാഷ്ട്രീയ സംഘടനകളാണ്. രണ്ടും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി കണക്കു പറഞ്ഞ് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങണം‌‌ - ഇതായിരുന്നു ലീഗ് നേതാക്കളുടെ നിലപാട്. അത് വകവെച്ചുകൊടുത്താല്‍ കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി നിലനില്പില്ലാതാകും... ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കകത്ത് രൂപം കൊണ്ട ചേരിതിരിവും അന്യോന്യ മത്സരവുമാണ് 1937-40 കാ‍ലത്തെ ലീഗിന്റെ ഉയിര്‍ത്തെഴുന്നേല്പിനടിസ്ഥാനം.” (വാള്യം 3 പുറം 793) ജിന്നയെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജസ്വന്ത് സിംഹിനെ ബി.ജെ.പി. പുറത്താക്കിയ നടപടി ഉയര്‍ത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദി ഹിന്ദു ദിനപത്രം ജിന്ന മരിച്ചതിന്റെ രണ്ടാം ദിവസം ജിന്നയെക്കുറിച്ച് എഴുതിയതിങ്ങനെയാണ്: The news of the sudden death of Mr. Jinnah will be received with widespread regret in this country. Till barely a twelvemonth ago he was, next to Gandhiji, the most powerful leader in undivided India. And not only among his fellow-Muslims but among members of all communities there was great admiration for his sterling personal qualities even while the goal which he pursued with increasing fanaticism was deplored.
താല്പര്യമുള്ളവര്‍ക്ക് വായിക്കാം:
http://www.hindu.com/2009/08/21/stories/2009082155840900.htm
ഈ ലേഖനം വായിച്ചപ്പോഴാണ് എന്റെ ബാപ്പ എന്തുകൊണ്ടാണ് എനിക്ക് ജിന്നയുടെ പേരിട്ടതെന്ന് മനസ്സിലായത്. പാക്കിസ്ഥാനെ ഇസ്ലാമിക രാഷ്ട്രമെന്ന് ജിന്ന വിശേഷിപ്പിച്ചെങ്കിലും അതിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കിയതും “ഹിന്ദുക്കളുടെ രാജ്യമായ” ഇന്ത്യയുടെ ശത്രുരാജ്യമാക്കിയതും ജിന്നയല്ല; അവിടത്തെ മതമൌലിക സംഘടനകളാണ്.

7 comments:

suni said...

ചാരം കൊണ്ടു മൂടപ്പെട്ട ചരിത്രത്തിലെ ചില കനലുകളില്‍്‌ ജീവിതാനുഭവങ്ങള്‍ കൊണ്ട് ഡോക്ടര്‍ ഊതിയിരിക്കുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ 'അത്യുഗ്രന്‍'.
ജസ്വന്ത് സിങിന്‍ര്‍ ഉദ്ധേശം എന്തായാലും ഇന്‍ഡ്യയുടെ യഥാര്‍ത്ഥ ചരിത്രം അംഗീകരിച്ച് ഇതുപോലുള്ളവര്‍ മുന്നോട്ടുവരുന്നത് ന്യൂനപക്ഷങ്ങള്‍ക്കു ആശ്വാസകരം തന്നെ.

ea jabbar said...

ജിന്നയുടെ വ്യക്തി ജീവിതം മതേതരമായിരുന്നു. പാശ്ചാത്യരീതിയാണദ്ദേഹം ജീവിതത്തിലുടനീളം സ്വീകരിച്ചിരുന്നത്. പാകിസ്ഥാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വഴുതിപ്പോയതു സ്വാഭാവികം. ഇസ്ലാമിനെയും മുസ്ലിംങ്ങളെയും കൈകാര്യം ചെയ്യുന്ന മതേതരവാദികള്‍ക്ക് ഈ അനുഭവം പാഠമാണ്. ഇറാനില്‍ അമേരിക്കന്‍ പാവയായിരുന്ന ഷായെ അട്ടിമറിക്കാന്‍ ഖുമൈനിയോടൊപ്പം ചേര്‍ന്ന ഇടതുപക്ഷത്തിന്റെ അനുഭവവും ഇതേ പാഠമാണു നല്‍കുന്നത്. കമ്യൂണിസ്റ്റുകാരെ വംശനാശം വരുത്തുകയാണ് ഖുമൈനി ആദ്യം ചെയ്തത്.

Lalsalam said...

കമ്യൂണിസം എന്നു കേട്ടാല്‍ ജമാ‍അത്ത് ഇസ്ലാമികളെപ്പോലെയുള്ള ഇസ്ലാമിസ്റ്റുകള്‍ ചോപ്പ് കണ്ട കാളകളെപ്പോലെ മുക്രയിടുമെങ്കില്‍ യുക്തിവാദികളാകട്ടെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ പരക്കം പാച്ചില്‍ തുടങ്ങുമെന്ന് ഒരു സുഹൃത്ത് പറഞ്ഞതാണ് ജബ്ബാര് മഷുടെ കമന്റ് കണ്ടപ്പോള്‍ തോന്നിയത്. ജ്ബ്ബാര്‍ മാഷ് ഇഞ്ചി കടിക്കാതെ തന്നെ ചാടുകയാണ്‍ ചെയ്തത്. “മുഹമ്മദലി ജിന്നയും ഞാനും“ എന്ന ബ്ലോഗ് പോസ്റ്റില്‍ കമ്യുണിസത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. എങ്കിലും മാഷ് കമ്യൂണിസത്തിനെതിരെ കുരച്ചുചാടുന്നു. മാഷ് എഴുതി:“ഇറാനില്‍ അമേരിക്കന്‍ പാവയായിരുന്ന ഷായെ അട്ടിമറിക്കാന്‍ ഖുമൈനിയോടൊപ്പം ചേര്‍ന്ന ഇടതുപക്ഷത്തിന്റെ അനുഭവവും ഇതേ പാഠമാണു നല്‍കുന്നത്. കമ്യൂണിസ്റ്റുകാരെ വംശനാശം വരുത്തുകയാണ് ഖുമൈനി ആദ്യം ചെയ്തത്.” അമേരിക്കന്‍ പാവയായിരുന്ന ഷായ്ക്കെതിരെ ഖുമേനിയോടൊപ്പം കമ്യൂണിസ്റ്റുകാര്‍ പോരാടിയത് വലിയ പാതകമായിപ്പോയെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഖുമേനി കമ്യൂണിസ്റ്റുകളെ വക വരുത്തിയതിന് ഇസ്ലാമിനെയല്ലേ പഴിക്കേണ്ടത്? ഇസ്ലാമിസ്റ്റുകള്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ തയ്യാറായാല്‍ കമ്യൂണിസ്റ്റുകാര്‍ ഇനിയും ഇസ്ലാമിസ്റ്റുകളുമായി കൈകോര്‍ക്കും, കൈകോര്‍ക്കണം എന്നാണ് ഒരു കമ്യൂണിസ്റ്റുകാരനായ എന്റെ അഭിപ്രായം. യുക്തിവാദികള്‍ക്ക് ഒരൊറ്റ ശ്ത്രുവേയുള്ളു; ദൈവം. ഇല്ലാത്ത ദൈവത്തെ കൊല്ലാന്‍ അവര്‍ ചെകുത്താനെയും (ശൈത്ത്വാന്‍) കൂട്ടുപിടിക്കും. അവര്‍ക്ക് ജോര്‍ജ്ജ് ബുഷിനേക്കാള്‍ മോശക്കാര്‍ അല്ലാഹും മുഹമ്മദ് നബിയുമാണ്‍. ഇത്തരം വികലവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നതു കൊണ്ടാണ് സഖാവ് ഇ.എം.എസ്. “ചിറകൊടിഞ്ഞ യുക്തിവാദം“ എന്ന് ഇവരുടെ സിദ്ധാന്തങ്ങളെ വിശേഷിപ്പിച്ചത്. പാവപ്പെട്ട മൊല്ലാക്കാമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ആര്‍.എസ്.എസ്.കാരേക്കാള്‍ വീറോടെയാണ്‍ ജബ്ബാര്‍ മാഷ് രംഗത്ത് വന്നിരിക്കുന്നത്.(ആഗസ്റ്റ് ലക്കം യുക്തിരേഖ) കമ്യൂണൊസ്റ്റുകാരെ എതിര്‍ക്കുന്നതില്‍ ആര്‍.എസ്.എസ്. കാരും ജമാ‍അത്തെ ഇസ്ലാ‍മികളും യുക്തിവാദികളും ഒരു കൈയ് ആണ്.

Appu said...

“ഹിന്ദുക്കളുടെ രാജ്യമായ” ഇന്ത്യ.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല ഒരു മതേതതര രാഷ്ട്രമാണ്‌ അങ്ങനെ പറയാന്‍ ആഗ്രഹിക്കുക , ശ്രമിക്കുക .

Dr. N.M.Mohammed Ali said...

Appu ഉദ്ധരണി ചിഹ്നം കാണുകയും അത് അതേപടി എടുത്ത് കാണിക്കുകയും ചെയ്തിട്ടുപോലും അതിന്റെ അര്‍ഥം മനസ്സിലാക്കിയില്ല. പാകിസ്ഥാനിലെ ഇസ് ലാമിസ്റ്റുകളെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഉദ്ധരണി കൊടുത്തത്. അത് മനസ്സിലാക്കാതെ പോയതിനു പിന്നില്‍ മന:ശാസ്ത്രപരമായ കാരണമുണ്ട്. ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന മൃദുല ഹിന്ദുത്വം! ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാകണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇന്ത്യയിലെ മുസ് ലിങ്ങളും ക്രിസ്ത്യാനികളുമാണ്. കാരണം അത് അവരുടെ നിലനില്പിന്റെ പ്രശ്നമാണ്. ഒരു ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുത്വവാദികളൊഴിച്ച് മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ഇന്ത്യ മതനിരപേക്ഷരാഷ്ട്രമാണെന്ന് അംഗീകരിക്കുന്നു.

M.A.Latheef said...

സ്വന്തം അനുഭവത്തെ ചരിത്രവുമായി ബന്ധിപ്പിച്ചു കാലികപ്രസക്തമായ വിഷയങ്ങളെ അവതരിപ്പിക്കുന്നതില്‍ ഡോക്ടര്‍ അഗ്രകണ്യനാണെന്നു വീണ്ടും തെളിയിച്ചു...Expect more from ur pen...

Ravikumar said...

വളരെ പ്രസക്തമായ വിഷയം. ദ്വിരാഷ്ട്രസിദ്ധാന്തം ആദ്യം ഉന്നയിച്ചത് ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ആണ്. അതിനുശേഷമാണ് മുസ്ലിം ലീഗ് ഏറ്റുപിടിച്ചത്. ദേവബന്ദി ഉലമകള്‍ ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്തു. നെഹ്രുവിനും പട്ടേലിനും ജിന്നയെ ഒഴിവാക്കാന്‍ വേണ്ടി ഇന്ത്യയെ വിഭജിക്കണമെന്നുണ്ടായിരുന്നു.