ഒരു പത്രത്തിലെ പംക്തികാരന് എഴുതിയ ലേഖനത്തിലെ അഭിപ്രായങ്ങള്‍ ആ പത്രത്തിന്റെ അഭിപ്രായമാണെന്ന് പറയുന്നത് ശരിയാണോ? ശരിയാണെന്നാണ് എന്റെ അഭിപ്രായം. കാരണം പാര്‍ടി പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, തേജസ് എന്നിവയൊഴിച്ച് മറ്റു പത്രങ്ങള്‍ കപടമായ നിഷ്പക്ഷ മുഖം പുറത്ത് കാണിക്കാന്‍ വൃഥാവ്യായാമം നടത്താറുണ്ടെങ്കിലും പത്രത്തിന്റെ ഉടമസ്ഥരുടെ പ്രത്യയശാസ്ത്രത്തിനു നിരക്കാത്ത രീതിയിലുള്ള ‘വായനക്കാരന്റെ കത്ത്’ പോലും പ്രസിദ്ധപ്പെടുത്താറില്ല. ഏറ്റ്വും നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ദി ഹിന്ദു പോലും അപവാദമല്ല. വായനക്കാരുടെ കത്തുകള്‍ പോലും തമസ്കരിക്കുന്ന കപടനിഷ്പക്ഷത നടിക്കുന്നവര്‍ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ തരംഗദൈര്‍ഘത്തിനനുസരിച്ച് എഴുതാത്ത പംക്തികാരന്റെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുമോ?
ഡി. ബാബു പോള്‍ മാധ്യമം പത്രത്തിന്റെ ഒരു പംക്തികാരനാണ്. ഇദ്ദേഹം ഒരു റിട്ടയേഡ് ഐ.എ.എസ്. ആപ്പീസറാണ്. പത്രപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ ഒരു പത്രത്തില്‍ ദീര്‍ഘകാലം ഒരു പംക്തി എഴുതിയത് താന്‍ മാത്രമാണെന്ന് മാധ്യമത്തിലെ ‘മധ്യരേഖ’ എന്ന പംക്തി ചൂണ്ടിക്കാണിച്ച് മേനി നടിക്കുന്ന ആളുമാണ്. എന്തു കൊണ്ട് ബാബു പോളിന് ദീര്‍ഘകാലം മാധ്യമത്തിന്റെ പംക്തികാരനായി തുടരാന്‍ കഴിയുന്നു? ജമാ’അത്തെ ഇസ്’ലാമിക്ക് രുചിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ ഉളുപ്പില്ലാത്തതു കൊണ്ട് തന്നെ. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇദ്ദേഹം ഹമീദ് ചേന്നമംഗലൂരിനെപ്പോലെയും റ്റി.ജെ.എസ്. ജോര്‍ജിനെപ്പോലെയും താമര വിരിയുന്ന ലേഖനങ്ങളാണ് മറ്റുള്ള മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരുന്നത്.
ഇത്രയും ആമുഖമായി പറയാന്‍ കാരണം ജൂലൈ ഏഴിന്റെ
മാധ്യമം പത്രത്തിലെ ‘മധ്യരേഖ’യില്‍ “വാറന്റെ വാറണ്ടല്ല പ്രശ്നം” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനമാണ്. വാറന്‍ ആന്‍ഡേഴ്സനെ ഒരു ഇന്ത്യക്കാരന് മറക്കാന്‍ കഴിയില്ലല്ലോ. 25,000 മനുഷ്യരെ മണിക്കൂറുകള്‍ക്കകം കൊന്നൊടുക്കുകയും 1,25,000 പേരെ ജീവച്ഛവങ്ങളാക്കി മാറ്റുകയും ചെയ്ത യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ മുതലാളിയാണ്. ഇയ്യാള് ഇന്ത്യയില്‍ വന്നപ്പോള്‍ ഒരു വി.ഐ.പി. ആയി രാജീവ് ഗാന്ധി അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചല്ലോ. അതിനെ മുന്‍ ഐ.എ.എസ്. ആപ്പീസര്‍ ഭംഗ്യന്തരേണ ന്യായീകരിക്കുന്നത് നോക്കുക:
ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യം എടുക്കുക. കാല്‍നൂറ്റാണ്ടായി കഥ കഴിഞ്ഞിട്ട്. ഇപ്പോള്‍ നമ്മുടെ നീതിന്യായസംവിധാനത്തിലെ ഏറ്റവും താഴെ പടികളിലൊന്നില്‍ ഇരുന്നുകൊണ്ട് ഏതോ ഒരു ചെറിയ മജിസ്ട്രേറ്റ് വിധി പറഞ്ഞു എന്നതാണ് പുതിയ സംഭവം. നാം കേള്‍ക്കുന്നതൊന്നും അതിനെക്കുറിച്ചല്ല. പണ്ടെങ്ങോ അടുത്തൂണ്‍ പറ്റിയ ചീഫ് ജസ്റ്റിസ് അഹ്മദി എന്തോ വലിയ രാജ്യദ്രോഹം ചെയ്തു; രാജീവ് സര്‍ക്കാര്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനായിരുന്ന സായ്വിനെ വിലങ്ങുവെക്കാതെ വിട്ടു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും ശരിയും തെറ്റും ഉള്‍ക്കൊള്ളുന്നവയാണ്
മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത്തയ്യായിരം പേരുടെ മരണത്തില്‍ കലാശിച്ച ഭോപ്പാല്‍ വാതകദുരന്തത്തെ ഈ പണ്ഡിതമ്മന്യന് വിശേഷിപ്പിക്കുന്നത് ‘അപകടം’ എന്നാണ്. അപകടമുണ്ടായപ്പോള്‍ ഇന്ത്യയില്‍ വന്ന് അപകടത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച വാറന്‍ ആന്‍ഡേഴ്സനെ വാഴ്ത്താനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് മടിയില്ല. പംക്തികാരന് തുടരുന്നു:വാറന്‍ ആന്‍ഡേഴ്സണെ അറിയുമല്ലോ. ഇപ്പോള്‍ അശീതിയുടെ അയല്ക്കാരന്. അന്ന് കാര്‍ബൈഡിന്റെ ആഗോള ചെയര്മാന്. അപകടത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാധ്യമഭാഷയില്‍ പറഞ്ഞാല്‍ 'സംഭവസ്ഥലത്തേക്ക് കുതിക്കാന്‍' തോന്നി. ജനം ക്ഷുഭിതരാണ് എന്നാരോ പറഞ്ഞപ്പോള്‍ എങ്കിലും പോയി ആശ്വസിപ്പിക്കാതെ വയ്യ എന്ന് സായിപ്പിന് വാശി. അങ്ങനെ ഉണ്ടായ മധ്യപാതാനിര്‍ദേശമാണ് രസഗോത്ര എന്ന വിദേശകാര്യസെക്രട്ടറി നല്കിയ 'സേഫ് പാസേജ്': വന്നുകൊള്ളൂ, കണ്ടുകൊള്ളൂ, പൊയ്ക്കൊള്ളൂ, ദേഹോപദ്രവം ഉണ്ടാകയില്ല, സര്‍ക്കാര്‍ സാക്ഷി. ഇപ്പോള്‍ പറയുന്നു ആ മനുഷ്യനെ തടവിലാക്കണമായിരുന്നു എന്ന്. അത് ഭാരതീയധര്‍മത്തിന് നിരക്കുമായിരുന്നില്ല. അശ്വത്ഥാമാവ് എന്ന ആന ചരിഞ്ഞപ്പോള്‍ മരിച്ചത് ആനയാണെന്ന ഭാഗം ശബ്ദം താഴ്ത്തി പറഞ്ഞത് ആചാര്യന്റെ ബലഹീനതയായി കാണുന്ന സംസ്കാരമാണ് നമ്മുടേത്. വന്നോളൂ എന്ന് അനുവദിച്ചശേഷം വരുന്നവനെ കുടുക്കുന്നത് നമ്മുടെ പാരമ്പര്യമല്ല. അതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കുന്നവര്‍ നാടോടുമ്പോള്‍ നടുവേ ഓടുകയാണ്.
താന്‍ നാടോടുമ്പോള്‍ നടുവെ ഓടാത്ത, ഒഴുക്കിനെതിരെ നീന്തുന്ന ആര്‍ജ്ജവക്കാരനാണെന്ന് സാരം! എന്തു കൊണ്ട് മാധ്യമം വാറന്‍ ആന്‍ഡേഴ്സന്റെ വക്കാലത്ത് ഏറ്റെടുത്തു? ആന്ഡേഴ്സന് നാലാം വേദക്കാരനാണ്. കാല് ലക്ഷം മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ കൊന്നൊടുക്കിയെങ്കിലും ഒന്നേകാല്‍ ലക്ഷം പേരെ ജീവച്ചവങ്ങളാക്കിയെങ്കിലും അയാള്‍ നിരീശ്വരവാദിയല്ല. ബാബു പോളാകട്ടെ വേദശബ്ദ രത്നാകരം രചിച്ച ദൈവശാസ്ത്ര പണ്ഡിതനുമാണ്. അദ്ദേഹം പറയുന്നതെല്ലാം ഇസ്’ലാമിനു സ്വീകാര്യമാണ്. ഡോ.ഡി.ബാബു പോള്‍ വാറന്‍ ആന്‍ഡേഴ്സനു വേണ്ടി നടത്തിയ വക്കാലത്ത് മാധ്യമത്തിന് സ്വീകാര്യമായതങ്ങനെയാണ്. ഇവിടെ ഇസ്’ലാമിസ്റ്റുകളുടെ “സാമ്രാജ്യത്വവിരുദ്ധ“ പൊയ്മുഖം അഴിഞ്ഞു വീഴുക കൂടി ചെയ്യുന്നുണ്ട്.