Monday, August 20, 2012

സത്നാം സിങ്ങിന്‍റെ കൊല

Satnam Singh Mann

ഇരുപതിനാല് വയസ്സ് തികയാത്ത സത്നാം സിംഗ് മന്‍ ഒരു മനോരോഗി ആയിരുന്നു. ഈ മനോരോഗി കൊല്ലപ്പെട്ടത് ഒരു സംഘട്ടനത്തിലോ പെട്ടെന്നുള്ള ആക്രമണത്തിലോ ആയിരുന്നില്ല. ഒരു പ്രക്രിയയുടെ അന്ത്യത്തിലാണ് ആ ദാരുണമായ കൊല നടന്നത്.
വിഷാദ-ഉന്മാദ മാനസികാവസ്ഥകള്‍ മാറിമാറി വരുന്ന ബൈപോളാര്‍ മൂഡ്‌ ഡിസോര്‍ഡര്‍ (Bipolar Mood Disorder) എന്ന മനോരോഗം ബാധിച്ച നിയമ വിദ്യാര്‍ഥി ഉന്മാദാവസ്ഥയില്‍ കാര്യകാരണചിന്താശേഷിയും അപകട സാധ്യതകളെ കുറിച്ചുള്ള തിരിച്ചറിവും (insight) നഷ്ടപ്പെട്ട അവസ്ഥയിലാണ് ശ്രീ ബുദ്ധന്‍റെ വിഹാര രംഗം ആയിരുന്ന ബീഹാറിലെ ഗയയില്‍ നിന്നും ഗുരുസ്മരണയില്‍ വിളങ്ങുന്ന ശിവഗിരിയിലെത്തിയത്. അമൃതാനന്ദമയിയെ കുറിച്ച് കേട്ടറിഞ്ഞ ഉന്മാദരോഗി ശിവഗിരിയില്‍ നിന്ന് നേരെ പോയത്‌ വള്ളിക്കാവിലെ ആശ്രമത്തിലേക്കാണ്. മുന്‍പില്‍ വരുന്നവരെ കെട്ടിപ്പിടിച്ചു അനുഗ്രഹിക്കുന്ന “അമ്മയെ” കണ്ടപ്പോള്‍ സത്നാമിന്റെ ഉന്മാദം ഇളകി. ബിസ്മില്ലാഹി റഹ്മാനി റഹീം (പരമ കാരുണികനും കരുണാവാരിധിയും ആയ അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് ഉറക്കെ ഉരുവിട്ടുകൊണ്ടാണ് ഉന്മാദരോഗി കണ്‍ കണ്ട  ദൈവത്തിന്‍റെ അനുഗ്രഹം സ്വീകരിക്കാന്‍ അടുത്തത്.
അമ്മയെ കൊല്ലാന്‍ ശ്രമിച്ചു എന്ന് ഹിന്ദി ലിഖിതം 
അമൃതാനന്ദമയി ആശ്രമത്തില്‍ മുസ്ലിം വേദഗ്രന്ഥമായ ഖുര്‍’ആനിലെ അധ്യായങ്ങളുടെ ആരംഭസൂക്തമായ “ബിസ്മി” സൂക്തം ഉരുവിടുന്നവന്‍ മുസ്ലിം ഭീകരന്‍ അല്ലാതെ പിന്നാര്? അങ്ങനെയാണ് അമൃതസ്വരൂപാനന്ദനും അമ്മയുടെ ആരാധകരും ചിന്തിച്ചത്. അമൃത സ്വരൂപാനന്ദന്‍ അത് ചാനലുകളില്‍ ഇരുന്നുകൊണ്ട് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. ഒരു മുസ്ലിം ഭീകരനെ കൈയില്‍ കിട്ടിയാല്‍ വേണ്ടത് പോലെ പെരുമാറാതെ വെറുതെ വിടുന്നത് പാപമല്ലേ? കൃത്യവിലോപമല്ലേ? കരുണാമൂര്‍ത്തിയായ അമ്മയുടെ ശിഷ്യരും ആരാധകരും ചേര്‍ന്ന് സത്നാം സിംഗിനെ “വേണ്ടത് പോലെ” പെരുമാറി. അതിനു ശേഷം പോലീസിനെ ഏല്‍പ്പിച്ചു. വള്ളിക്കാവിനു സമീപത്തുള്ള പോലീസ് സ്റ്റേനിലെ പോലീസുകാരും അമ്മയുടെ ആരാധകര്‍ തന്നെ. അവരും സത്നാമിനെ “വേണ്ടത് പോലെ പെരുമാറി”.
അപ്പോഴേക്കും വിവരം അറിഞ്ഞ അമൃതഭക്തനായ ആഭ്യന്തര മന്ത്രി ആശ്രമത്തിലെത്തി. സത്നാം സിംഗ് എന്ന മനോരോഗിക്ക് എതിരെ വധശ്രമത്തിന് കേസ്‌ എടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തു. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന അനുസരണയുള്ള പോലീസ്! അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ച മുസ്ലിം ഭീകരനെ മജിസ്ട്രേട്ടിന്‍റെ മുമ്പില്‍ ഹാജരാക്കി. മജിസ്ട്രേട്ടിന് മറ്റെന്തു മാര്‍ഗം? മനോരോഗിയായ സത്നാം കൊല്ലം സബ്ജയിലില്‍ എത്തി. കൊല്ലത്തെ ജയില്‍ വാര്‍ഡര്‍മാര്‍ വള്ളിക്കാവിലമ്മയുടെ ആരധകരല്ലാതെ വരുമോ? അമ്മയെ കൊല്ലാന്‍ ശ്രമിച്ച സത്നാമിനെ ജയില്‍ വാര്‍ഡര്‍മാരും പെരുമാറി. മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള പ്രതികരണം ആയിരുന്നില്ല സത്നാമില്‍ നിന്നുണ്ടായത്‌. സംശയം തോന്നിയ ജയിലധികാരികള്‍ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിലെ മനോരോഗ ചികിത്സകന്‍റെ മുമ്പില്‍ ഹാജരാക്കി. അദ്ദേഹത്തിനു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു: അയാളൊരു ഉന്മാദ രോഗി ആണ്! മനോരോഗി ആണെങ്കില്‍ പിന്നെ കൂടുതല്‍ ദേഹപരിശോധനയൊന്നും വേണ്ടല്ലോ!!! ഊളംപാറയിലേക്ക്‌ റെഫര്‍ ചെയ്തു. അങ്ങനെയാണ് കൈകളും കാലുകളും ബന്ധിച്ച നിലയില്‍ സത്നാം സിംഗ് ഒരു “അണ്ടര്‍ട്രയല്‍ പ്രിസണര്‍” ആയി  മനോരോഗാശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ സത്നാമിന് ഉന്മാദാവസ്ഥയ്ക്ക്‌ ശമനം വരാനുള്ള മരുന്നുകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഫോരെന്‍സിക് വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്തു. മുന്‍പ്‌ ഈ വാര്‍ഡിന്റെ പേര് ക്രിമിനല്‍ വാര്‍ഡ്‌ എന്നായിരുന്നു! ഫോരെന്‍സിക് വാര്‍ഡിലെ ഒരു സെല്ലില്‍ വെച്ചു മറ്റു രോഗികളുടെ മര്‍ദ്ദനമേറ്റ്‌ സത്നാം സിംഗ് എന്ന ഇരുപത്തി മൂന്നു കാരന്‍ മരിച്ചു. പലരും ചേര്‍ന്ന് പല സ്ഥലങ്ങളില്‍ വെച്ച് മര്‍ദ്ദിച്ച്  മര്‍ദ്ദിച്ച് സത്നാമിനെ കൊന്നു!
മാര്‍ട്ടിന്‍ മെന്‍ഡാസിന്‍റെ കൊല
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ ഈ ലേഖകന്‍ ഊളമ്പാറ ആശുപത്രിയില്‍ ജോലി ചെയുമ്പോള്‍ മാര്‍ട്ടിന്‍ മെന്‍ഡാസ് എന്ന മുപ്പതു കാരനായ ഉന്മാദരോഗി കൊല്ലപ്പെടുകയുണ്ടായി. ഞാന്‍ രോഗികളെ അഡ്മിറ്റ്‌ ചെയ്യുന്ന ദിവസം മെന്‍ഡാസിനെ അഡ്മിറ്റ്‌ ചെയ്യാന്‍ അമ്മയും അച്ഛനും മറ്റ് രണ്ടു ബന്ധുക്കളും ചേര്‍ന്നാണ് കൊണ്ട് വന്നത്. ഉന്മാദത്തില്‍ ഇളകി മറിഞ്ഞിരുന്ന മെന്‍ഡാസിനെ ഇന്ചെക്ഷന്‍ കൊടുത്തു മയക്കിയതിനു ശേഷം ഉന്മാദ രോഗികളെ പാര്‍പ്പിക്കുന്ന ഇരുപത്തേഴാം വാര്‍ഡിലേക്ക് അയച്ചു. മെന്‍ഡാസിനെ ഒറ്റയ്ക്ക് ഒരു സെല്ലില്‍ പാര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശം എഴുതി അടിവരയിട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനു മുന്‍പ്‌ ഡ്യൂട്ടി റൂമില്‍ നിന്ന് അര കിലോമീറ്റര്‍ അകലത്തുള്ള ഇരുപത്തെഴേം വാര്‍ഡില്‍ പോയി നോക്കി. മെന്‍ഡാസ് മയക്കത്തിലായിരുന്നു. 
പിറ്റേന്ന് രാവിലെ പുതുതായി അഡ്മിറ്റ്‌ ചെയ്ത രോഗിയെ നോക്കാന്‍ ചെന്നപ്പോള്‍ കിട്ടിയ വാര്‍ത്ത എന്നെ ഞെട്ടിച്ചു. മെന്‍ഡാസിനെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലേക്കയച്ച്ചു! ആര് മര്‍ദ്ദിച്ച് അവശനാക്കി? കൂടെ ഉണ്ടായിരുന്ന രണ്ടു രോഗികള്‍. ആര് പറഞ്ഞിട്ടാണ് അയാളുടെ കൂടെ വേറെ രോഗികളെ പാര്‍പ്പിച്ചത്? സൂപ്രണ്ട് പറഞ്ഞു! സൂപ്രണ്ടിനോട് ചോദിച്ചു: "മാനിയാക് എക്സൈറ്റ്‌മെന്‍റ് ഉള്ള രോഗിയെ ഒറ്റയ്ക്ക് സെല്ലില്‍ പാര്‍പ്പിക്കണമെന്നു നിര്‍ദ്ദേശം കൊടുത്തിരുന്നു...."
"നിര്‍ദ്ദേശം ശരി തന്നെ. പക്ഷെ ഇവിടെ അതിനുള്ള ഇടം വേണ്ടേ? അനുവദിച്ച സ്ട്രെങ്ങ്തിന്‍റെ ഇരട്ടിയാണ് രോഗികള്‍!"
മെന്‍ഡാസ് പിറ്റേന്ന് മരണമടഞ്ഞു. സൂപ്രണ്ട് ഭരണതലത്തില്‍ സ്വാധീനമുള്ള ആളായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും ഫലം സ്വാഹ!
അമൃതാനന്ദമയി ആശ്രമത്തില്‍ നിന്ന് തുടങ്ങിയ മര്‍ദ്ദനം ഏറ്റ് അവശനായ സത്നാം സിങ്ങിന്‍റെ അന്ത്യം മാര്‍ട്ടിന്‍  മെന്‍ഡാസിന്റേതു പോലെ ആയിരുന്നു.
ആരൊക്കെയാണ് പ്രതികള്‍?
സത്നാം സിംഗിനെ മര്‍ദ്ദിച്ചവരെല്ലാം ഈ കൊലക്കേസിലെ പ്രതികളാണ്. സത്നാമിനെ അഡ്മിറ്റ്‌ ചെയ്തപ്പോഴും അതിനു ശേഷവും പരിശോധിച്ച ഡോക്ടര്‍മാരുടെ പരിശോധനയില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ കാണാതിരുന്നതു കൊണ്ട് ആശുപത്രിയില്‍ കൊണ്ട് വരുന്നതിനു മുമ്പ് അയാള്‍ക്ക്‌ മര്‍ദ്ദനം ഏറ്റിട്ടില്ല എന്ന് പറയുന്നത് ഷാനി പ്രഭാകരന്‍ - വേണു - വിനു - നികേഷ്‌ കുമാര്‍ പ്രഭൃതികളുടെ വാദത്തിനു സമാനമാണ്. (മെഡിക്കല്‍ പരിശോധനയില്‍ തെളിയാതിരുന്നത് കൊണ്ട് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം നടന്നില്ല എന്നാണു ഇക്കൂട്ടരുടെ വാദം. മലദ്വാരത്തില്‍ ദണ്ട് കയറ്റി അത് വായില്‍ വെച്ചാല്‍, കൈ കൊണ്ട് ഇടിച്ച്ചാല്‍, മെഡിക്കല്‍ പരിശോധനയില്‍ തെളിയുമോ?)
സത്നാം സിംഗിനെ ഒരു മുസ്ലിം ഭീകരനായി ചിത്രീകരിച്ച് മര്‍ദ്ദനത്തിന് പ്രേരണ കൊടുത്ത അമൃതസ്വരൂപാനന്ദ സ്വാമികള്‍ ഈ കൊലക്കേസിലെ പ്രതിയാണ്.
ഒരു മനോരോഗിക്കെതിരെ വധശ്രമിത്തിനു കേസെടുക്കാന്‍ നിര്‍ദ്ദേശം കൊടുത്ത ആഭ്യന്തര മന്ത്രിക്കു ഈ കൊലപാതകത്തില്‍ ബദല്‍ ബാധ്യത (vicarious responsibility) ഉണ്ട്. അദ്ദേഹം പ്രതിസ്ഥാനത്താണ്.
മനോരോഗാശുപത്രിയിലെയും കൊല്ലം ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ കുറ്റകരമായ അനാസ്ഥ (criminal negligence) കാണിച്ചു. അവരും പ്രതിസ്ഥാനത്താണ്.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം! 
ഈ കൊലക്കേസില്‍ അന്വേഷണം നടത്തുന്നത് പ്രതികളെ പിടി കൂടി നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരാനല്ല, മറിച്ചു ചില പ്രതികളെ ഒഴിവാക്കാന്‍ ആണ്. അമൃതഭക്തയായ ക്രൈം ബ്രാഞ്ച് ഐ. ജി. ബി. സന്ധ്യ ഐ. പി.എസിന് ഭാരിച ചുമതലയാണ്. പ്രതികളായ ഉന്നതര്‍ക്ക് രക്ഷപ്പെടാനുള്ള വലിയ വാതായനങ്ങള്‍ (ചെറിയ പഴുതുകള്‍ പോര) പണിയേണ്ടത് ക്രൈം ബ്രാഞ്ച് ഐ.ജി.യുടെ ചുമതലയാണ്.

3 comments:

Anonymous said...

absurd

pava said...

yes its a fact

Sudevan said...

terribly shocking. aldaiva mafiakalkkethire aru?