Sunday, June 13, 2010

ജമാ’അത്തെ ഇസ്’ലാമിയുടെ സ്വത്വരാഷ്ട്രീയം


മാധ്യമം പത്രത്തില്‍ വള്ളിക്കുന്നം പ്രഭ എന്നൊരാള്‍ എഴുതി:
ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ? സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍ കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്.
ജമാ’അത്തെ ഇസ്’ലാമി ഇസ്’ലാമികമതരാഷ്ട്രവാദത്തെയും, കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും സ്വത്വാവബോധത്തെയും സമീകരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ദളിതരിലും ആദിവാസികളിലും ഒരു വിഭാഗം സ്വത്വാവബോധത്തില്‍ നിന്ന് വര്‍ഗ്ഗബോധത്തിലേക്കുയരാനാകാതെ നിന്നുപോയിട്ടുണ്ട്. അവരുടെ ഇടയില്‍ സ്വത്വരാഷ്ട്രീയം വളര്‍ത്തി തങ്ങളുടെ ജാതി, മത, വര്‍ഗ്ഗീയതാരാഷ്ടീയത്തിന്റെ ചളിക്കുണ്ടില്‍ തന്നെ കുടുക്കിയിടാനാണ് കമ്പോളരാഷ്ട്രീയക്കാരായ കോണ്‍ഗ്രസ്സുകാര്‍ എക്കാലത്തും ശ്രമിച്ചിച്ചിട്ടുള്ളത്. ഇതേ തന്ത്രമാണ് ഇപ്പോള്‍ ജമാ’അത്തെ ഇസ്’ലാമിയും പയറ്റുന്നത്. ജമാ’അത്തെ ഇസ്’ലാമിയുടെ തനിനിറത്തെക്കുറിച്ച് നിഷ്പക്ഷമതിയായ പണ്ഡിതന്‍ ജോണ്‍ എസ്പോസിറ്റോ എഴുതി:
ഇന്നത്തെ ഇസ്’ലാമിക ആക്റ്റിവിസം അതിന്റെ പ്രത്യയശാസ്ത്രത്തിനും സംഘടനാമാതൃകകള്‍ക്കും മുസ്’ലിം ബ്രദര്‍ഹൂഡിനോടും ജമാ’അത്തെ ഇസ്’ലാമിയോടുമാണ് കടപ്പെട്ടിരിക്കുന്നത്. ( The Islamic Threat : Myth or Reality? by John L. Esposito 3rd Edition page 129)
ജമാ’അത്തെ ഇസ്’ലാമിയുടെ ആശയപരമായ അടിത്തറ മൌദൂദിസമാണ്. അബൂല്‍ അ’അലാ മൌദൂദിയാകട്ടെ പ്രചോദനം കൊണ്ടത് സൌദി അറേബ്യയുടെ ഔദ്യോഗികമതമായ വഹാബിസത്തില്‍ നിന്നുമാണ്. മൌദൂദിയുടെ “വര്‍ഗ്ഗസമരസിദ്ധാന്തം” അനുസരിച്ച് ലോകത്ത് രണ്ട് വര്‍ഗ്ഗങ്ങളേയുള്ളു. സത്യവിശ്വാസികളും കാഫിറുകളും. വിശ്വാസവും കുഫറും തമ്മിലുള്ള സമരത്തില്‍ അന്തിമ വിജയം ഇസ്’ലാമിനായിരിക്കും. ഇന്ന് മറുഭാഗത്ത് നില്‍ക്കുന്ന ജനവിഭാഗങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമങ്ങള്‍ “വര്‍ഗ്ഗസമര“ത്തിന്റെ ഭാഗമാണ്. ജമാ’അത്തെ ഇസ്’ലാമിയുടെ നോട്ടത്തില്‍ കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ മതം മാറ്റാവുന്ന വിഭാഗങ്ങളാണ് ദളിതരും ആദിവാസികളും. ക്രിസ്ത്യന്‍ മിഷണറിമാരുടെ അനുഭവം അവരുടെ മുന്നിലുണ്ട്. ഇനി ദളിതരെയും ആദിവാസികളെയും മതം മാറ്റത്തിന് കിട്ടിയില്ലെങ്കില്‍ തന്നെയും സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തലിനും വിവേചനത്തിനും ഇരകളായ ദളിതരുടെയും ആദിവാസികളുടെയും, സടകുടഞ്ഞെഴുന്നേറ്റ സ്വത്വാവബോധത്തോട് മുസ്’ലിം മതസ്വത്തത്തെ കൂട്ടിക്കെട്ടുന്നത് കൊണ്ട് മറ്റൊരു ഗുണമുണ്ടെന്ന് ജമാ’അത്ത് കണക്ക് കൂട്ടുന്നു. കെ.ഇ.എന്‍ ‘വാരാദ്യമാധ്യമത്തില്‍’ എഴുതി:
സ്വത്വം പുതിയ ആകാശങ്ങള്‍ തേടി പറക്കാന്‍ അതിപ്പോള്‍ ചിറകു വിടര്‍ത്തുകയാണ്. ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും അതിനിനി, പണ്ടേ പോലെ ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍ അന്തിയുറങ്ങാന്‍ കഴിയുകയില്ല.
ദളിത് ആദിവാസി സ്വത്വാവബോധത്തെ ഇസ്’ലാമിക മതരാഷ്ട്ര സ്വത്വവുമായി സമരസപ്പെടുത്തുന്നത് തെറ്റാണെന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യയിലെ മുസ്’ലിങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന, ആര്‍.എസ്.എസ്.കാര്‍ രൂപവത്കരിക്കാന്‍ പോകുന്ന “ന്യൂനപക്ഷ മോര്‍ച്ചയുടെ കാര്യവാഹക് “ ആകാന്‍ കൊതിച്ചു നടക്കുന്ന ചില പണ്ഡിതരെ തുറന്ന് കാട്ടേണ്ടതുണ്ട്. ഹമീദ് ചേന്നമങ്ങലൂര്‍ എന്ന പണ്ഡിതന്‍ പറഞ്ഞത് അറബി ഭാഷയിലുള്ള, മുസ്’ലിങ്ങളുടെ ബാങ്ക് വിളി അറേബ്യയോടുള്ള വിധേയത്വം മൂലമാണെന്നാണ്. മുസ്’ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ അധിനിവേശത്തിന്റെ അടയാളമാണെന്നും ഈ പണ്ഡിതന് അഭിപ്രായമുണ്ട്. എം.എസ്.ഗോള്‍വാള്‍ക്കറെ പോലെ മുസ്’ലിങ്ങള്‍ ഒന്നടങ്കം അധിനിവേശക്കാരാണെന്ന് പറ്യാതിരുന്നത് ഭാഗ്യം. അത്തരം പണ്ഡിതമ്മന്യന്മാരെ അവരുടെ പാട്ടിനു വിടാം. ഇന്നത്തെ ഇന്ത്യയിലെ മുസ്’ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രകുത്തലിന്റെ ഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ലെന്ന് പ്രതിദിനം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്’ലിങ്ങള്‍ക്ക്....വിവേചനപരമായ സമീപനത്തിന്റെ ഇരകളാണ് തങ്ങളെന്ന തോന്നല്‍ മുസ്’ലിങ്ങള്‍ക്കിടയില്‍, വിശേഷിച്ച് യുവാക്കള്‍ക്കിടയിള്‍ വളരെ കൂടുതലാണ്.
മുസ്’ലിങ്ങളുടെ ഈ അവസ്ഥയെ ചൂഷണം ചെയ്ത് രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാനാണ് ജമാ’അത്തെ ഇസ്’ലാമിയുടെ ശ്രമം. അതിനവര്‍ പയറ്റുന്ന അടവുകളിള്‍ ഒന്നാണ് സ്വത്വരാഷ്ട്രീയം. അവര്‍ പ്രയോഗിക്കുന്നത് സ്വത്വരാഷ്ട്രീയം തന്നെയാണെന്ന് തുറന്ന് പറയാന്‍ മടിക്കുന്നവരെ മുസ്’ലിം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് വിശേഷിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. വാരാദ്യമാധ്യമലേഖനത്തിന്റെ ഒടുവില്‍ കെ.ഇ.എന്‍. എഴുതി:
ഓരോ മതത്തെയും ജാതിയെയും അതില്‍ തന്നെ സ്തംഭിപ്പിച്ചു നിറുത്തുകയും വര്‍ഗ്ഗപരവും സാമൂഹികവുമായ കൂട്ടായ്മകളെ ശിഥിലമ്മാക്കുകയും മനുഷ്യവിമോചനത്തെക്കുറിച്ചുള്ള സമഗ്ര സമീപനങ്ങളെയാകെ വെല്ലുവിളിക്കുകയും ചെയ്യുന്ന ‘സ്വതരാഷ്ട്രീയം ‘ അത്യന്തം അപകടകരമാണ്.
സ്വത്വ രാഷ്ട്രീയത്തെ ഗര്‍ഹണീയമെന്ന് പറ്ഞ്ഞ് തുറന്നു കാട്ടുന്നവരെ സ്വതമെന്ന ചരിത്രയഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവര്‍ എന്ന് അധിക്ഷേപിക്കുന്നത് സ്വത്വാവബോധവും സ്വത്വരാഷ്ട്രീയവും തമ്മില്‍ വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ഇസ്’ലാമിസ്റ്റുകള്‍ ഇപ്പോള്‍ കളിക്കുന്ന ‘സ്വതരാഷ്ടീയം‘ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും എതിരെയുള്ള സമരത്തിന്റെ ഭാഗമല്ലെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമെ തിരിച്ചറിവ് (insight) പൂര്‍ണ്ണമാകൂ.
പിന്‍’കുറിപ്പ്: മാതൃഭുമി ആഴ്ചപ്പതിപ്പില്‍ കെ.ഇ.എന്‍.നെയും പി.കെ.പോക്കറെയും അധിക്ഷേപിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനം ചൂണിക്കാണിച്ചു കൊണ്ട് കുറെ പു.ക.സ.ക്കാര്‍ എനിക്ക് എസ്.എം.എസ്. അയക്കുകയുണ്ടായി. അവര്‍ക്കെല്ലാം ഞാന്‍ മറുപടി അയച്ചതിങ്ങനെ: yes, he is a big man indeed!

16 comments:

നന്ദന said...

ഓരോ ദിവസവും/ സെക്കന്റും രാഷ്ട്രീയക്കാർ മാറിക്കൊണ്ടിരിക്കണം, അധികാരത്തിന്റെ അപ്പക്കഷണങ്ങൽ നുണയാൻ ഇതല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.

Anonymous said...

big man എന്നുദ്ദേശിച്ചത് ഹമീദിനെയോ കെ ഈ എന്നിനേയോ?
പുതിയ ലക്കം ഭാഷാപോഷിണിയില്‍ കെ ഈ എന്‍-പോക്കര്‍ സാഹിബുമാരുമായുള്ള ഇന്റര്‍വ്യൂ ഉണ്ട്. തന്റെ പാര്‍ട്ടിക്കാരില്‍നിന്നുപോലും ഉദ്ദേശിക്കുന്ന പിന്തുണ കിട്ടാത്ത കെ ഈ എന്റെ വിങ്ങല്‍ അതിലുണ്ട്.

ചാർ‌വാകൻ‌ said...

ഇസ്ലാമിനെ ആഗോളതലത്തിൽ അപരവൽക്കരിക്കുന്ന (ലോക ഭീകരന്മാർ)കാര്യത്തിൽ ,എല്ലാവരും ഒത്തൊരുമിക്കുന്ന നയനാനന്തകരമായ കാഴ്ച്ചയാണ്.
ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ,മദൂദി ഭരണത്തിൽ വന്നാലുള്ള അങ്കലാപ്പിനെ എങ്ങനെയാണ് കാണേണ്ടത്.നവ സാമൂഹ്യ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ,ഈ പറയുന്ന ജമായത്തെ ഇസ്ലാമിയാകട്ടെ,സോളിഡാരിറ്റിയാകട്ടേ കാണിക്കുന്ന ഐക്യപ്പെടൽ മറ്റോരു പ്രസ്ഥാനത്തിൽ നിന്നും കിട്ടാത്തതാണ്.ചെങ്ങറ സമരത്തെ തൊഴിലാളികളെവിട്ട് അടിച്ചൊതുക്കാനാണ് എല്ലാകക്ഷികളും ശ്രമിച്ചത്.
വിശ്വാസി കൂട്ടായ്മയ്ക്കപ്പുറം ,മറ്റോരു മതപ്രസ്ഥാനത്തിനുമില്ലാത്ത നവീന ബോധം ഇവർ കാണിക്കുന്നുണ്ടന്നാണ് അനുഭവം പറയുന്നത്.സെക്കുലർ ഇസ്ലാമിനെക്കാ‍ളും യാഥാർത്ഥ്യ ബോധം ഇവർക്കുണ്ടന്നത് തീർച്ച.

Unknown said...

കെ. വേണു എഴുതുന്നു: "കേരളത്തിലെ ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കിടയ്ക്ക് അധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ള തിരിച്ചറിവ് വർധിക്കുകയും കമ്യൂണിസ്റ്റുകാരോടുള്ള ചെറുത്തുനില്പ് ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഭാഗങ്ങൾക്കിടയ്ക്ക് സംഘടനാപരമായ സാന്നിധ്യത്തിന് ശ്രമിക്കുന്നതോടൊപ്പം സൈദ്ധാന്തികമായി ഇടപെടാനും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ.ഇ.എൻ. കുഞ്ഞഹമ്മദിനെപ്പോലുള്ളവർ സ്വത്വരാഷ്ട്രീയം ഉന്നയിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ 'ഇരകളുടെ മാനിഫെസ്റ്റോ' ചർച്ച ചെയ്ത ഒരു വേദിയിൽ, ഈ വിഷയം ഉന്നയിക്കുമ്പോൾ പാലിക്കേണ്ടതായ ബുദ്ധിപരമായ സത്യസന്ധത അദ്ദേഹം പാലിക്കുന്നില്ലെന്ന് ഞാൻ ചൂണ്ടിക്കാട്ടുകയുണ്ടായി. വർഗരാഷ്ട്രീയ നിലപാട് എടുക്കുന്ന സി.പി.എമ്മിനെപ്പോലുള്ള ഒരു പാർട്ടിക്ക് സ്വത്വരാഷ്ട്രീയം കൈകാര്യം ചെയ്യാൻ എങ്ങനെ കഴിയുമെന്ന് വിശദീകരിക്കപ്പെടണം. പഴയ നിലപാട് തിരുത്താതെ ഇതു സാധ്യമല്ല. കെ.ഇ.എന്നിനെപ്പോലുള്ളവർ ചെയ്യുന്നത് ഒളിച്ചുകടത്തലാണ്. ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്കു മറുപടി തരാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ആ ഒളിച്ചുകളി ഇപ്പോഴും തുടരുന്നു. സ്വത്വവാദം യാഥാർഥ്യമാണ്, സ്വത്വരാഷ്ട്രീയം അപകടകരമാണ് എന്നെല്ലാമുള്ള വാദങ്ങൾ അപഹാസ്യമാണ്. സ്വത്വവാദം യാഥാർഥ്യമാണെങ്കിൽ അതിന്റെ രാഷ്ട്രീയവും യാഥാർഥ്യമായിരിക്കും."

Unknown said...

സ്വത്വരാഷ്ട്രീയത്തിന്റെ കുന്തിരിക്കം പുകച്ച്‌ മേറ്റ്ല്ലാ മണങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച കെഇഎന്‍, പി.കെ.പോക്കര്‍ എന്നീ ബുജികളുടെ തൊലി പൊള്ളിക്കുന്ന ലേഖനമാണ്‌ ഹമീദിന്റേത്‌. വാസ്തവത്തില്‍ മുസ്ലീം തീവ്രവാദികളേക്കാള്‍ തീവ്രമായി വര്‍ഗീയ സ്വത്വത്തിന്റെ നീരാളിക്കൈകളുമായി മതേതര ലേബലില്‍ ടിയാന്മാര്‍ വാഴുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ പാവം മാര്‍ക്സിസ്റ്റുകള്‍. പക്ഷേ, യാഥാര്‍ത്ഥ്യമോ? വര്‍ഗീയതയുടെ കാളകൂടങ്ങള്‍. ഹമീദ്‌ ഇവര്‍ക്ക്‌ കൊടുത്ത പേര്‌ പുകസ തന്ത്രികള്‍ എന്നാണ്‌.

സിപിഎമ്മില്‍ നിന്നുകൊണ്ട്‌ ജമാഅത്തിന്റെ മതലക്ഷ്യാധിഷ്ഠിത സ്വത്വരാഷ്ട്രീയത്തിന്‌ മതേതരമുഖം നല്‍കുകയും അതുവഴി ആ ആശയത്തിന്‌ കൂടുതല്‍ പൊതുസ്വീകാര്യത ഉറപ്പാക്കുകയും ചെയ്യാനുള്ള ആസൂത്രിത ശ്രമമത്രെ കുഞ്ഞഹമ്മദ്‌-പോക്കര്‍മാരില്‍നിന്നുണ്ടായത്‌. വാസ്തവത്തില്‍ അടുത്തിടെ ഉരുത്തിരിഞ്ഞുവന്ന സ്വത്വരാഷ്ട്രീയ-സ്വത്വബോധത്തോടെ കുഞ്ഞഹമ്മദ്‌-പോക്കറാദികളുടെ ആട്ടിന്‍ തോലിട്ട ജമാഅത്തെ ഇസ്ലാമി സ്വത്വമാണ്‌ വെളിപ്പെട്ടത്‌. ഇത്‌ പുറത്തറിഞ്ഞുപോയല്ലോ എന്ന വെകളിയാണ്‌ ഇരുവര്‍ക്കും തദ്വാരാ സിപിഎമ്മിനുമുള്ളത്‌.

കെഇഎന്‍ എന്ന ഇരട്ടവേഷക്കാരനെ പാലൂട്ടി വളര്‍ത്തുന്നതിനെക്കുറിച്ചുള്ള ഹമീദിന്റെ നിരീക്ഷണം നോക്കുക: എതിര്‍ത്ത്‌ തോല്‍പ്പിക്കേണ്ട സംഘടനയെന്ന്‌ സിപഎം പോളിറ്റ്‌ ബ്യൂറോ അംഗം യെച്ചൂരി വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലാണ്‌ പാര്‍ട്ടി അംഗമായ പുകസ സെക്രട്ടറി മാസങ്ങളായി കോളം ചെയ്യുന്നത്‌. പു.ക.സയോ പാര്‍ട്ടിയോ ഒന്നും അതില്‍ യാതൊരു തെറ്റും ഇതുവരെ കണ്ടതായി അറിയില്ല. ആര്‍എസ്‌എസ്സിന്റെ പത്രത്തിലായിരുന്നു കോളമെഴുത്തെങ്കില്‍ തല്‍ക്ഷണം നടപടിയുണ്ടാകുമായിരുന്നു എന്നത്‌ കട്ടായം.

വാസ്തവത്തില്‍ സിപിഎമ്മിന്‌ തിരിച്ചറിവില്ല എന്നതൊക്കെ വെറുതെ പറയുന്നതാണ്‌. അറിഞ്ഞുകൊണ്ടുള്ള കളികളാണിതൊക്കെ. ഏതായാലും കെഇഎന്‍-പോക്കര്‍ അച്ചുതണ്ടിന്റെ ഇരുഭാഗത്തും ഇമ്മാതിരി ഒരുപാട്‌ പേരുണ്ട്‌. ഒരുപക്ഷേ, അവരൊക്കെ സ്വത്വാത്മക അന്വേഷണത്തിലൂടെ പുറത്തുവരാം. ഇല്ലെങ്കില്‍ സ്ലീപ്പിംഗ്‌ വിങ്ങുകളായി താന്താങ്ങളുടെ പണി സമര്‍ത്ഥമായി ചെയ്യാം; ആളെ പറ്റിക്കുന്ന സിപിഎം രാഷ്ട്രീയം പോലെ.

ചാർ‌വാകൻ‌ said...

http://aralikootam.blogspot.com/2010/06/blog-post.html
ഇവിടെ ചിലതു പറഞ്ഞിട്ടുണ്ട്.

കുരുത്തം കെട്ടവന്‍ said...

ചേന്ദമംഗലൂര്‍ സാംസ്കാരിക തൊഴിലാളിക്ക്‌ ജമാഅത്തെ ഇസ്‌ലാമിയോടുള്ള വിരോധം പണ്ടേ പ്രശസ്തമാണു. അതിനാല്‍ തന്നെ ടിയാന്‍ പറയുന്നത്‌ ആരും കാര്യമാക്കാറില്ല. ഇത്രയും കാലം കേരളത്തില്‍ ജീവിച്ചിട്ടും ടിയാണ്റ്റെ കേരള ജനതക്കുള്ള സംഭാവന്‍ എന്തെന്ന് ചോദിച്ചാല്‍ ഒരു പ്രസ്ഥാനത്തെ മാത്രം ലക്ഷ്യം വെച്ച്‌ പുള്ളി എഴുതികൂട്ടിയ ചവറുകള്‍ 'മാത്രഭൂമി' പത്രത്തിണ്റ്റെ രൂപത്തില്‍ കാണാം. മനുഷ്യരാശിക്ക്‌ ഗുണമുള്ള വേറെ എന്തെങ്കിലും കണ്ടതായി ഒാര്‍മയില്ല. അതു പോട്ടെ, ഇപ്പോള്‍ ടിയാന്‍ പു ക സ നേതാക്കളായ കെ ഇ എന്‍, പോക്കര്‍ തുടങ്ങിയവരെയും ജമാഅത്തെ ഇസ്‌ലാമി വക്താക്കളാക്കിയിരിക്കുന്നു!! 'മാധ്യമം' ദിനപത്രത്തില്‍ കെ ഇ എന്‍ ഒരു കോളം കൈകാര്യം ചെയ്യുന്നു എന്നതാണു ന്യായം! 'മാധ്യമം' വായിക്കുന്ന എത്‌ കൊച്ചിനും അറിയാം പത്രത്തില്‍ കോളം കൈകാര്യം ചെയതതുകൊണ്ട്‌ ആരും അവരവരുടെ വക്താക്കളാകില്ലെന്ന്. പിന്നെന്താണി സാംസ്കാരിക തൊഴിലാളി ഉദ്ദേശിക്കുന്നത്‌? ഒ വി ഉഷ, ഡോ: ബാബുപോള്‍, എം. റഷീദ്‌, എം ജെ അക്ബര്‍, കുല്‍ദീപ്‌ നയാര്‍ തുടങ്ങിയവരൊക്കെ 'മാധ്യമം'പത്രത്തില്‍ സ്ഥിരമായി കോളം കൈകാര്യം ചെയ്യുന്നവരാണു. അപ്പോള്‍ അവരൊക്കെ ജമാഅത്തെ ഇസ്‌ലാമി വക്താക്കളായിരിക്കും,!! ഹ ഹ. എന്തെങ്കിലും ഒന്നിനോട്‌ മാത്രം അന്ധമായ വിരോധം കാരണം കണ്ണൂകാണാതായ സാംസ്കാരിക തൊഴിലാളിയാണിദ്ദേഹം. കെ ഇ എനിണ്റ്റെ കാര്യമെടുത്താലോ, തനിക്ക്‌ ഇസ്‌ലാമില്‍ തന്നെ വിശ്വാസമില്ലെന്ന് പറഞ്ഞ്‌ ശരിക്കും സെക്കുലറായി ജീവിക്കുകയും അന്യമത വിശ്വാസിയെ ജീവിത പങ്കാളിയാക്കുകയും മക്കളെ ഒരു മതത്തിലും വിശ്വാസമില്ലാത്തവരാക്കി വളര്‍ത്തുകയും ചെയ്ത്പോന്ന മൂത്ത സെക്കുലറായ കെ ഇ എനിനെയാണു ഈ ചേന്ദമംഗലൂര്‍ സാംസ്കാരിക തൊഴിലാളി ജമാഅത്തിണ്റ്റെ ആലയത്തില്‍ തളക്കാന്‍ നോക്കുന്നത്‌!! ഇസ്‌ലാം സബ്ബുര്‍ണ്ണമാണെന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയും അതിലൊന്നും തനിക്ക്‌ ഒരു വിശ്വാസവുമില്ലെന്ന് പറയുന്ന കെ ഇ എന്‍, പോക്കര്‍ പ്രഭ്രതികളും തമ്മില്‍ കടലും കടലാടിയും ഉള്ള വ്യത്യാസമുണ്ട്‌. പിന്നെ എവിടന്ന് കിട്ടി ഈ സാംസകാരിക തൊഴിലാളിക്ക്‌ ഈ വക കസര്‍ത്തുകള്‍. ഇനി പു ക സയുടെ പ്രസിഡണ്റ്റ്‌ എന്താണു പറഞ്ഞത്‌. പി രാജീവിണ്റ്റെ ലേഖനം വന്നതിനു ശേഷമാണു പു ക സ പ്രസിഡണ്റ്റ്‌ തണ്റ്റെ അഭിപ്രായം പറഞ്ഞത്‌ "അവകാശ ബോധമുണ്ടാകാന്‍ സ്വത്വം അനിവാര്യമാണു. ഈ ബോധമില്ലാത്തത്‌ കൊണ്ടാണു അന്യ സംസ്ഥാനങ്ങളില്‍ കീഴ്‌ ജാതിക്കാരും ദരിദ്രരും പീഡനമേല്‍ക്കേണ്ടിവരുന്നതും ചവറ്റുകൊട്ടയിലേക്ക്‌ തള്ളപെടുന്നതും. കേരളത്തില്‍ പിന്നോക്കകാര്‍ പോലും സ്വത്വബോധമുള്ളവരായതിനാലാണു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നാം സാമുഹികമായി മുന്നില്‍ നില്‍ക്കുന്നത്‌" കെ ഇ എനിണ്റ്റെ അഭിപ്രായത്തെ പ്രസിഡണ്റ്റ്‌ ശരിവെക്കുകയാണുണ്ടായത്‌. പു ക സ പ്രസിഡണ്റ്റും ജമാഅത്താണെന്ന് ഈ സാംസ്കാരിക തൊഴിലാളി പറയുമോ ആവോ?! ഇനി സത്യത്തില്‍ എന്താണു നടക്കുന്നതെന്ന് സാഹിത്യകാരനായ പി കെ പാറക്കടവ്‌ അവലോകനം ചെയ്യുന്നതൊന്ന് നോക്കു.

Unknown said...

മുഹമ്മദലിയുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നതിന് തെളിവ് താഴെ ചേര്‍ക്കുന്നു.(ആര്‍.എസ്.എസ്.കാര്‍ രൂപവത്കരിക്കാന്‍ പോകുന്ന “ന്യൂനപക്ഷ മോര്‍ച്ചയുടെ കാര്യവാഹക് “ ആകാന്‍ കൊതിച്ചു നടക്കുന്ന ചില പണ്ഡിതരെ തുറന്ന് കാട്ടേണ്ടതുണ്ട്.)

തേഞ്ഞിപ്പലം: സോഷ്യലിസത്തിന്റെയും ഫാസിസ്റ്റ്-സാമ്രാജ്യത്വ വിരുദ്ധതയുടെയും മുഖംമൂടി അണിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിലെ ഇന്നുള്ള ഏറ്റവും വലിയ ബുദ്ധിജീവിയായി താന്‍ കരുതുന്ന സീതാറാം യെച്ചൂരി ഇക്കാര്യം മുമ്പുതന്നെ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേതൂവല്‍ പക്ഷികളാണെന്നു തെളിയിക്കുന്നതിന് ഹമീദ് അക്കമിട്ട് ഉദാഹരണങ്ങളും നിരത്തി.

ജമാഅത്തെ ഇസ്‌ലാമിക്ക് ആര്‍.എസ്.എസ്സിനോടുള്ളതിനേക്കാള്‍ എതിര്‍പ്പ് ഗാന്ധിസത്തോടാണെന്ന ആരിഫലിയുടെ അഭിപ്രായത്തെ അദ്ദേഹം ചോദ്യംചെയ്തു. ഗാന്ധിജി മുന്നോട്ടുവെച്ച മതസങ്കല്പവും രാജ്യസങ്കല്പവും മതനിരപേക്ഷമാണ്. വ്യക്തിഗത മതത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിച്ചയാളാണ് ഗാന്ധിജി. ഗാന്ധിസവുമായുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ താരതമ്യം ശുദ്ധഅസംബന്ധമാണെന്നും ഹമീദ്പറഞ്ഞു.

എല്ലാ മതസമുദായങ്ങള്‍ക്കിടയിലും ഏറിയോ കുറഞ്ഞോ മതമൗലികവാദവും തീവ്രവാദവും ഉണ്ട്. വര്‍ഗീയത ഭൂരിപക്ഷത്തിന്‍േറതായാലും ന്യൂനപക്ഷത്തിന്‍േറതായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നുള്ള ഇ.എം.എസിന്റെ കാഴ്ചപ്പാട് എന്നും പുലര്‍ത്തിയ ആളാണ് താന്‍-ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം സി.പി.എമ്മിന്റെ പ്രൗഢമായ വേദിയില്‍ വീണ്ടും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സംഘാടകര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഹമീദ് പ്രസംഗം അവസാനിപ്പിച്ചത്.

Unknown said...
This comment has been removed by the author.
Unknown said...

ഹമീദിനോടുള്ള മുഹമ്മദലിയുടെ അന്ധമായ വിരോധവും അസൂയയും എഴുത്തില്‍ വളരെ വ്യക്തം.

ബുദ്ധിപരമായ സത്യസന്ധത മുഹമ്മദലിക്കും ഹമീദിന്റെ തന്നെ കസിനായ കെ. ഇ. എന്നിന്നും അശ്ശേഷം ഇല്ലല്ലോ.

കുരുത്തം കെട്ടവന്‍ said...

ജമാഅത്തെ ഇസ്‌ലാമിയെ കുറിച്‌ ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും ഉദ്ദരിക്കാന്‍ നടക്കുന്ന ഹമീദ്‌ എന്ന സാംസ്കാരിക തൊഴിലാളിയെക്കാള്‍ വിവരമുണ്ട്‌ അമുസ്ളിം സഹോദരങ്ങള്‍ക്ക്‌. ഒരു അമുസ്ളിന്‍ സഹോദരണ്റ്റെ അഭിപ്രായം നോക്കൂ.

കുരുത്തം കെട്ടവന്‍ said...

ഹമീദ്‌ എന്ന സാംസ്കാരിക തൊഴിലാളി തണ്റ്റെ ജീവിതം മുഴുവന്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച്‌ അപവാദം എഴുതിയിട്ടും എം എല്‍ എ പോലും വിശ്വസിച്ചില്ലെന്നോ, കഷ്ടം!!

Ajith said...

TN prathapan may not be convinced , but there are a lot among the Muslim theologicians ,MLAs, cultural leaders who share Prof Hameed's views . To quote a few

MLAs / political leaders: KM Shaji , MK Munir ,Paloli Muhammed Kutty, Aryadan Muhammed, Aryadan Shoukath etc


Muslim theologicians : Sunni, Mujahid , Ahammediyya,Tabligh (mostly every one except Jamaat)


cultural leaders : MN Karassery, Khadija Mumtaz.....



KM shaJi's column which appeared in last issue of mathrubhumi weekly explains about it. Its better from Jamaat's side to explain its stand on the allegation raised by these personlities, instead of certifying who ever possible as Sangh- supporters. It will better explain how kerala Jamaat distinguishes itself from another state unit - kashmir as well as abroad(pakistan, bangladesh)

sandehi said...

സ്വവർഗ്ഗരതിക്കാരുടെ, ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്നം ഒരു സ്വത്വപ്രശ്നമല്ലേ.അതിനേ കെ ഇ എൻ അടക്കമുള്ളവർ ബൂർഷ്വാരാജകവാദമോ സാമ്രാജ്യത്വ ജീർണ്ണലൈഗികതയോ ആണ്‌.ഹമീദ്‌ ചേന്നമംഗലൂരിന്റെ നിലപാടെന്താണെന്നറിയില്ല.സി പി എം ഇതിനെ ഇനിയും പൂർണ്ണമായി അംഗീകരിച്ചിട്ടില്ല.സ്വത്വവാദമാർക്ക്സിറ്റുകൾ ഹമീദിനെപ്പോലെ കാപട്യം പുലർത്തുന്നു.
എല്ലാത്തിനെയും വർഗ്ഗത്തിലേക്കൊതുക്കാൻ കഴിയില്ല.അത്‌ വർഗ്ഗന്യൂനീകരണമാണ്‌.മാർക്ഷിസ്റ്റുകാർ ശുദ്ധതൊഴിലാളിവർഗ്ഗമായി ഗണിക്കുന്നത്‌ ആധുനിക വ്യവസായതൊഴിലാളികളെയാണ്‌.ഇന്ത്യയെ പോലുള്ള പ്രാങ്ങ്‌ മുതലാളിത്തത്തിന്റെ സമ്മിശ്രസാമൂഹിക ഘടന നിലനിൽക്കുന്ന സമ്മൂഹങ്ങളേ സ്റ്റേറ്റ്‌ മുതലാളിത്തത്തിലൂടെയോ കൂർപ്പാറേറ്റ്‌ മുതലാളിത്തത്തിലൂടെയോ സോഷ്യലിസത്തിലൂടെയോ ജനാധിപത്യ വിപ്ലവത്തിലൂടെയോ വർഗ്ഗ ഏകീകരണം നടത്താമെന്ന് കരുതുന്നത്‌ അസംബന്ധമാണ്‌.മാത്രമല്ല അത്‌ സമഗ്രാധിപത്യമോ ഫാഷിസമോ ആണ്‌.
സ്വത്വം എന്നത്‌ ഒരു പ്രത്യേക കാൽത്തിലോ സാഹചര്യത്തിലോ ഉറച്ചുപോയ ഒന്നല്ല.അതിന്റെ സ്വഭാവം നിരന്തരം മാറും.
തന്നെയുമല്ല ഒരു സ്വത്വത്തിനുള്ളിൽ അതിനെ ഭേദിക്കുന്ന മറ്റ്‌ പലസ്വത്വങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കും.
തൊഴിലാളിവർഗ്ഗത്തിനുള്ളിൽ സ്ത്രീക്ക്‌ വേറിട്ടൊരു അസ്തിത്വം നിലനിൽക്കുന്നതെന്നതെന്തുകൊണ്ട്‌?
തൊഴിലാളിവർഗ്ഗ ദളിതനും മുസ്ലിമിനും സ്ത്രീകും ലൈഗികന്യൂനപക്ഷത്തിനും അതിനുള്ളിൽ പ്രത്യേക അസ്തിത്വമുണ്ട്‌.മുതലാളിത്തത്തിന്റെ മേൽപ്പുരസൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളാണ്‌ ഇതിന്റെ സംഘർഷാത്മകതവർദ്ധിപ്പിക്കുന്നത്‌.

സ്ത്രീസംവരണബില്ല് പാസാകുമ്പോൾ സുഷമാസ്വരാജും വൃന്ദാകാരാട്ടും സന്തോഷം കൊണ്ട്‌ കെട്ടിപ്പിടിച്ചു പോകുന്നത്‌ ചില നിമിഷങ്ങളിൽ അത്‌ മേൽക്കൈ നേടുന്നത്‌ കൊണ്ടാണ്‌.
ഗുജറാത്ത്കലാപസമയത്ത്‌ ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായ മുസ്ലിമും ഇരയാക്ക്പെട്ടു.ചിലസാമൂഹ്യസന്ദർഭങ്ങളിൽ മതേതരം-വർഗ്ഗീയം,തൊഴിലാളി-മുതലാളി തുടങ്ങിയ സ്ഥൂലസ്യത്വങ്ങളെ മറികടക്കുന്ന അവസ്ഥ ഉണ്ടാകും.ജാതി വിവേചനവും ഭൂരിപക്ഷഫാസിസവും പുരുഷാധിപത്യവും ലൈംഗികഭൂരുപക്ഷപൊതുബോധവും നിലനിൽക്കുന്നേടത്തോളം കാലം ഈ സ്വത്വങ്ങളുടെ അസ്തിത്വത്തെ നിഷേധിക്കാൻ കഴിയില്ല.
ശുദ്ധതൊഴിലാളിവർഗ്ഗം-മുതലാളിവർഗ്ഗം എന്നൊന്നില.മാർക്ഷിസ്റ്റുകാർ വങ്കിട മുതലാളിവർഗ്ഗത്തെ പോലും വിഭാഗീകരിക്കുന്നുണ്ട്‌.ദേശീയ ബൂർഷാസി,അല്ലാത്തവർ,പിന്നെ ചെറുകിട ഇടത്ത്രം എന്നൊക്കെ.പെറ്റിബൂർഷാസിക്കും മാർക്ഷിസ്റ്റ്പാഠപുസ്തകത്തിൽ നിരവധി ഉപവിഭാഗങ്ങളുണ്ട്‌.തൊഴിലാളിവർഗ്ഗത്തിലും ഉണ്ട്‌.ഇതൊക്കെ എന്ത്‌ കൊണ്ട്‌ നിലനിൽക്കുന്നു? അതേ സാഹചര്യത്താൽ സ്വത്വവൈരുദ്ധ്യങ്ങളും നിലനിൽക്കും.
തൊശ്ശ്ഹിലാളിവർഗ്ഗസർവ്വാധിപത്യം നിലവിൽ വന്നാലും കർഷക-തൊഴിലാളി,സ്ത്രീ-പുരുഷ,അങ്ങനെ തുടങ്ങി പലവൈരുധ്യങ്ങളും ദീർഗ്ഘകാലം നിലനിൽക്കും എന്ന് മാർക്ഷിസ്റ്റുകൾ തന്നെ സമ്മതിക്കുന്നതാണല്ലോ.

അപ്പോൾ സ്വത്വപ്രശ്നം ഒരു കെ ഇന്നിലും ഒതുങ്ങി നിൽക്കുന്നതല്ല. അതിന്‌ കൂടുതൽ ആഴവും പരപ്പും അന്വേഷിക്കേണ്ടതിണ്ട്‌.
ജമാത്തെ ഇസ്ലാമി ഒരു സ്വത്വത്തേയും പ്രതിനിധാനം ചെയ്യുന്നില്ല.അത്‌ സ്വത്വനിഷേധിയായ ഒരു സമഗ്രാധിപത്യകാഴ്ചപ്പാടാണ്‌.
സ്വത്വങ്ങൾ പരസ്പരവും അതിനകത്തും തലങ്ങും വിലങ്ങും വിഭജിക്കപ്പെട്ടിരിക്കുന്നു.സ്വത്വങ്ങൾക്കകത്ത്‌ നടക്കുന്ന ജനാധിപത്യസംഘർഷങ്ങളെ അടിച്ചൊതുക്കാതെ പൊതുജനാധിപത്യവൽക്കരണവുമായി അതിനെ കണ്ണിചേർക്കുകയാൺ വേണ്ടത്‌.
പരിഹരിക്കപ്പേടാത്ത സ്വത്വ സംഘർഷമാണ്‌ ഇപ്പോൾ കിർഗ്ഗിസ്ഥാനിൽ കലാപമായി പൊട്ടിത്തെറിക്കാൻ കാരണമോ ഉപകരണമോ ആയത്‌. ഇസ്ലാമിനും കമ്യൂണിസത്തിനും സ്തൂലതലത്തിൽ പരിഹരിക്കാവുന്ന ഒന്നല്ല ഇത്‌.

മൗദൂദിസം! said...

KEN.poker cannot devolop this polemic to all fields because they are prisoners of marxist claas reductionism.

സ്വത്വവാദി said...

കെ ഇ എൻ/ഹമീദ്:കപടന്മാരുടെ കടിപിടി, ഭാഗം-1

വ്യവസ്ഥാപിത കമ്യൂണിസം,ഇസ്ലമിസം,ഹിന്ദുത്വം തുടങ്ങിയ സമഗ്രാധിപത്യ,സർവ്വാധിപത്യ,ഏകശിലാവാദങ്ങളെ അംഗീകരിക്കാത്ത ഒരു സ്വത്വജനാധിപത്യവാദിയാണ്‌ സന്ദേഹി.സന്ദേഹി ഒരിക്കൽ പറഞ്ഞുപോയ,വിശ്വസിച്ചുപോയ കാര്യങ്ങളുടെ തടവറയിൽ കിടന്ന് സ്വയം ന്യായീകരിച്ച്‌ അപഹാസ്യനാകാൻ ഇഷ്ടപ്പെടുന്നില്ല.എന്നിട്ടും പലപ്പോഴും അങ്ങനെയായിപ്പോകാറുണ്ട്‌.

സ്വത്വരാഷ്ട്രീയ വിവാദവും(സംവാദമല്ല)ജമാ-അത്ത്‌ വിചാരണയും ഒന്നിച്ച്‌ ചേർത്തൊരു അവിയൽ വേവിച്ചെടുക്കാൻ ശ്രീ ഹമീദ്‌ ചേന്നമംഗലൂർ കിണഞ്ഞ്‌ ശ്രമിക്കുന്നത്‌ കാണുമ്പോൾ ഒരു ജമാ-അത്ത്‌ വിരുദ്ധനായ സന്ദേഹിക്കുണ്ടായ ഉത്കണ്ടയാണ്‌ ഇതെഴുതാൻപ്രേരിപ്പിക്കുന്നത്‌.സ്വത്വചർച്ചയും ജമാ-അത്ത്‌ വിമർശ്ശനവും ഹമീദിന്റെ ശുഷ്കവിചാരങ്ങളിലാകുമോ ചെന്നവസാനിക്കുക, ദൈവമേ! മതേതരത്വത്തിന്റെ ഹമീദ്പഠം/യുക്തിയിൽ ഈ ചർച്ച ചെന്നെത്തിയാലത്തെ ഗതികേട്‌ ഒന്നാലോചിച്ച്‌ നോക്കൂ.അത്‌ കൊണ്ട്‌ എഴുതിപ്പോകുകയാണ്‌.ജമാ-അത്തിനെതിരെയുള്ള ചർച്ചയിൽ പങ്കാളിയാകുന്ന സന്ദേഹിക്ക്‌ മനസ്സാക്ഷിക്കുത്തും കുറ്റബോധവും ഒഴിവാക്കാനെങ്കിലും ഇത്രയെങ്കിലും എഴുതാതിരിക്കാൻ പറ്റില്ല.