Friday, August 8, 2014

ഖൈര്‍'ലാഞ്ചി കൂട്ടക്കൊല

സുരേഖയുടെ കഥ; അല്ല സുരേഖയുടെ ജീവിതം അവസാനിച്ച കഥ 
---------------------------------------------------------------------------------------
സുരേഖ ഒരു ദളിത്‌ വനിത ആയിരുന്നു. മെഹര്‍ ജാതിക്കാരി. കൊല്ലപ്പെടുമ്പോള്‍ നാല്‍പതു വയസ്സായിരുന്നു. അവര്‍ ഭര്‍ത്താവിനെക്കള്‍ സ്കൂള്‍വിദ്യാഭ്യാസം സമ്പാദിച്ച ദളിത്‌ വനിത ആയിരുന്നു. അവര്‍ക്ക് രണ്ട് ആണ്‍ മക്കളും [സുധീറും റോഷനും] ഒരു മകളും. മകളുടെ പേര് പ്രിയങ്ക എന്നായിരുന്നു. ചിത്രം പ്രിയങ്കയുടെ മൃതദേഹത്തിന്റേതാണ്!
സുരേഖ മൂന്നു മക്കള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാന്‍ യത്നിച്ചു. അതിലവര്‍ വിജയിച്ചു. ആണ്‍മക്കളെ കോളേജിലും അയച്ചു പഠിപ്പിക്കുകയായിരുന്നു. സുരേഖയുടെ മാതൃകാ പുരുഷന്‍ ഡോ. അംബേദ്‌കര്‍ ആയിരുന്നു. അംബേദ്കറെപ്പോലെ സവര്‍ണഹിന്ദുക്കളുടെ പീഡനം സഹിക്ക വയ്യാതായപ്പോള്‍ സുരേഖയും ഹിന്ദുമതം ഉപേക്ഷിച്ചു ബുദ്ധമതത്തില്‍ ചേര്‍ന്നു. അത് മേല്ജാതിക്കാരെ പ്രകോപിപ്പിച്ചിരുന്നു. സുരേഖ അതൊന്നും വകവെക്കാതെ കൃഷി ചെയ്ത് ജീവിക്കാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ [മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചി ഗ്രാമം!] കുറച്ചു ഭൂമി വാങ്ങി. കൃഷിപ്പണിക്ക് വെള്ളം പമ്പ് ചെയ്യാന്‍ സുരേഖ ഇലക്ട്രിസിറ്റി കണക്ഷന് അപേക്ഷിച്ചു. കാരണം പറയാതെ ഗ്രാമപഞ്ചായത് അത് നിഷേധിച്ചു. അവര്‍ വാങ്ങിയ കൃഷിഭൂമിക്ക് ചുറ്റും സവര്‍ണ ഹിന്ദുക്കളുടെ കൃഷിസ്ഥലങ്ങള്‍ ആയിരുന്നു. അവര്‍ സുരെഖയെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിച്ചില്ല. സുരേഖയുടെ സ്ഥലത്തിന് നടുവില്‍ക്കൂടി റോഡ്‌ വെട്ടാന്‍ ചിലര്‍ ശ്രമം തുടങ്ങി. സുരേഖ പോലീസില്‍ പരാതി കൊടുത്തു. പോലീസ് അത് കണ്ടതായി നടിച്ചില്ല. ദളിതര്‍ പരാതി കൊടുത്താല്‍ പരിഗണിക്കാറില്ല! സുരേഖയ്ക്ക്‌ ഒരു മുന്നറിയിപ്പെന്നോണം സുരേഖയുടെ ഒരു ബന്ധുവിനെ ആക്രമിച്ചു. അയാള്‍ മരണപ്പെട്ടപ്പോള്‍ സുരേഖ വീണ്ടും പോലീസില്‍ പരാതി കൊടുത്തു. ഇത്തവണ പോലീസിന് ചിലരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ അവര്‍ അന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങിയിട്ട് സുരെഖയെയും കുടുംബത്തെയും പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി. സന്ധ്യക്ക് അവര്‍ സുരേഖയുടെ 
വീട് വളഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. അക്രമികള്‍ സുരെഖയെയും മക്കളെയും പുറത്തേക്ക് വലിച്ചിഴച്ചു. അമ്മയെയും സഹോദരി പ്രിയങ്കയെയും ബലാല്‍സംഗം ചെയ്യാന്‍ അവര്‍ രോഷനോടും സുധീറിനോടും കല്പിച്ചു. വഴങ്ങാത്തത് കൊണ്ട് അവരുടെ ലിംഗം അറുത്തു മാറ്റിയതിനു ശേഷം അവരെ മരത്തില്‍ കെട്ടിത്തൂക്കി. അക്രമികള്‍ സുരേഖയെയും മകള്‍ പ്രിയങ്കയെയും കൂട്ടബലസംഗം ചെയ്തുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള കനാലില്‍ ഇട്ടു. ഖൈര്‍ലാഞ്ചി കൂട്ടക്കൊല നടന്നത് 2006 സെപ്ടംബര്‍ 29ന്. ദളിത്‌ സംഘടനകളുടെ സമരത്തിന്‍റെ ഫലമായി പോലീസ് കേസെടുത്തു. കോടതി കൊലയാളികളെ വധശിക്ഷയ്ക്ക് വിധിച്ചു. പകപോക്കല്‍ കൊലയായിട്ടാണ് പോലീസും കോടതിയും ഇതിനെ കണ്ടത്. ദളിത്‌ പീഡനം കാണാന്‍ കോടതി വിസമ്മതിച്ചു. സ്വാഭാവികമായും ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി. ഇപ്പോള്‍ ദളിത്‌ സംഘടനകള്‍ സുപ്രീം കോടതിയില്‍ പോകാന്‍ ഒരുങ്ങുന്നു.
----------------------------------------------------------------------------------------------------------
ഇക്കഥ അരുന്ധതി റോയ് ഡോ അംബേദ്കറുടെ എന്ന പുസ്തകത്തിന്‌ എഴുതിയ അവതാരികയില്‍ വിവരിച്ചിട്ടുണ്ട്.
=================================================================
ഫേസ് ബുക്കില്‍ കൊടുത്ത പ്രിയങ്കയുടെ മൃതശരീരത്തിന്‍റെ ചിത്രം ചിലരെ പ്രകോപിപ്പിച്ചു. ഏതോ ട്രോള്‍ ന്യൂഡിറ്റി ആണെന്ന് ഫേസ് ബുക്കിന് റിപ്പോര്‍ട്ട്‌ ചെയ്തു. ഫേസ് ബുക്ക്‌ ടീമും അത് ന്യൂഡിറ്റി ആണെന്ന് വിധിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു!!!!