മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും ഇപ്പോള്‍ മുന്‍ എം.എല്‍.എ.യുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകളാണ് ശീര്‍ഷകം. വിചിത്രമായ മിഥ്യാവിശ്വാസങ്ങള്‍ (delusions) മനസ്സില്‍ സൂക്ഷിക്കുകയും ഇടയ്ക്കിടെ വിളിച്ചുപറയുകയും ചെയ്തിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു കണ്ണന്താനം. ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത് ഈ ഐ.എ.എസ്. ഉദ്യോഗസ്ഥനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മിഥ്യാവിശ്വാസാതുരാവസ്ഥ (delusional disorder) ഉള്ള ആളാണ് കണ്ണന്താനം എന്ന് അന്നു തോന്നിയിരുന്നത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത്തരം ആളുകളെ നാട്ടുഭാഷയില്‍ “നൊസ്സു“ള്ളവര്‍ എന്നാണ് വിവക്ഷിക്കാറ്. നൊസ്സനാണെങ്കിലും ‘വി.എസ്. ഒരു ജനവികാരമാണ്‘ എന്ന് കണ്ണന്താനം ഈയിടെ പറഞ്ഞത് കേരളത്തില്‍ നിലനില്ക്കുന്ന ഒരു സാമൂഹികയാഥാര്‍ത്ഥ്യത്തെ തൊട്ടറിഞ്ഞുകൊണ്ടാണ്. “വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും” എന്ന ബ്ലോഗ് കുറിപ്പിന് കുറെ വി.എസ്. ആരാധകര്‍ എഴുതിയ കമന്റുകള്‍ ഈ സാമൂഹികയാഥാര്‍ത്ഥ്യത്തിന് സാക്ഷ്യം വഹിക്കുന്നു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത അവയില്‍ പ്രാധിനിധ്യസ്വഭാവമുള്ള ഒന്നില്‍ നിന്ന് ഏതാനും വരികള്‍ ഉദ്ധരിച്ച് ചേര്‍ക്കട്ടെ. തപന്‍ എന്നൊരാള്‍ എഴുതി: “അങ്ങയുടെ അഭിപ്രായങ്ങള്‍ നേരനുഭവത്തില്‍ നിന്നാണെന്ന് വ്യക്തമാണ്, ഈ പാര്ടിയേയും അത് നിയന്ത്രിക്കുന്ന ബഹുജന സംഘടനകളെയും കുറിച്ച് നല്ല അറിവുള്ള താങ്കളെ പോലുള്ളവര്‍ ഇത്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല. പിണറായി വിജയന് സംസ്ഥാന സെക്രെട്ടറിയായ സമയത്താണ് താങ്കള്‍ ഭാരവാഹി ആയി പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ ഉണ്ടാകുമായിരുന്ന അനുഭവം സങ്കല്പ്പിക്കാന് ഡോക്റ്റര്ക്കാവുന്നുണ്ടോ?..... ഇടതു പക്ഷത്തിനെതിരായ ആരോഗ്യകരമായ വിമര്ശനങ്ങളെ അംഗീകരിക്കുന്ന എന്നെ പോലെയുള്ള സാധാരണ അനുഭാവികള്‍ ഗ്രൂപ്പിനെല്ലാം അതീതമായി വി.എസി നെ സ്നേഹിക്കുന്നുണ്ട്, അതിനെ ഫാന്‍സ് അസോസിയേഷന്‍കാരുമായി ഉപമിച്ച അങ്ങയുടെ മനോവ്യാപാരങ്ങള്‍ക്ക് ഒരു നല്ല നമസ്കാരം..... കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സഖാവ് വി.എസിന്റെ സ്ഥാനം എവിടെ ആയിരിക്കുമെന്നു ഗസറ്റഡ് ഓഫീസര്‍ ആയിരുന്ന താങ്കള്‍ക്കു സംശയം ഉണ്ടാവാമെങ്കിലും ഇന്നാട്ടിലെ സാധാരണക്കാര്‍ക്ക് അശേഷം ശങ്ക ഉണ്ടാവില്ല എന്നത് ഉറപ്പാണ്..... ചീഞ്ഞു നാറുന്ന ചില വ്യക്തി വൈരാഗ്യങ്ങള്‍ക്കപ്പുറത്തു മറ്റെന്തിലും ഈ രചനക്ക് പ്രേരണ ആയിട്ടുണ്ടെന്ന് കരുതാന്‍ വയ്യ...”
“വി.എസ്.വികാരം” വര്‍ത്തമാനകാലത്തെ ഒരു വ്യാജ നിര്‍മ്മിതിയാണ്. ഇതേ തരത്തിലുള്ളതും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതുമായ വികാരത്തിനടിപ്പെട്ടാണ് ഒരു ജനക്കൂട്ടം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് “യേശുവിനെ കുരിശിലേറ്റുക; ബറബ്ബാസിനെ മോചിപ്പിക്കുക” എന്ന് ആര്‍ത്ത് വിളിച്ചത്. ഇതരം വ്യാജമായ ജനവികാരനിര്‍മ്മിതികള്‍ എല്ലാ ജനസമൂഹങ്ങ ളിലും എക്കാലത്തുമുണ്ടായിട്ടുണ്ട് എന്ന് തെളിയിക്കാനാണ് ബിബ്ലിക്കല്‍ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.
“വി.എസ്.വികാരം” വര്‍ത്തമാനകാലത്തെ ഒരു വ്യാജ നിര്‍മ്മിതിയാണ്. ഇതേ തരത്തിലുള്ളതും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതുമായ വികാരത്തിനടിപ്പെട്ടാണ് ഒരു ജനക്കൂട്ടം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് “യേശുവിനെ കുരിശിലേറ്റുക; ബറബ്ബാസിനെ മോചിപ്പിക്കുക” എന്ന് ആര്‍ത്ത് വിളിച്ചത്. ഇതരം വ്യാജമായ ജനവികാരനിര്‍മ്മിതികള്‍ എല്ലാ ജനസമൂഹങ്ങ ളിലും എക്കാലത്തുമുണ്ടായിട്ടുണ്ട് എന്ന് തെളിയിക്കാനാണ് ബിബ്ലിക്കല്‍ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.
കൃത്രിമമായ ജനവികാര നിര്‍മ്മിതിക്കു മുമ്പ് വി.എസിനെ ബൂര്‍ഷ്വാ മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളും കണ്ടിരുന്നത് എങ്ങനെയാണെന്നോര്‍മ്മ യുണ്ടോ? ‘മനുഷ്യപ്പറ്റില്ലാത്ത മുരത്ത കമ്യൂണിസ്റ്റ്‘ ‘മുരടന്‍ സ്റ്റാലിനിസ്റ്റ്‘ ‘വെട്ടിനിരത്തല്‍കാരന്‍‘ .... അങ്ങനെ പോകുന്നു വി.എസിന്റെ വിശേഷണങ്ങള്‍. ഈ വിശേഷണങ്ങളെല്ലാം വി.എസിന്റെ കര്‍ക്കശസ്വഭാവത്തെ ആധാരമാക്കിയുള്ളതായിരുന്നു. അവ വെറും ഭാവനാസൃഷ്ടികളായിരുന്നില്ല. മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളും വി.എസിന്റെ കാര്‍ക്കശ്യഭാവങ്ങള്‍ക്ക് കടുത്ത നിറം പിടിപ്പിച്ചുവെന്നേയുള്ളു. ‘വൈരനിര്യാതനം കലയാക്കി മാറ്റിയ ആള്‍‘ എന്ന് പാര്‍ട്ടിയുടെ സെണ്ട്രല്‍ കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുള്ള കാര്യം മുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചല്ലൊ.
വ്യാജമായ “വി.എസ്.വികാര” നിര്‍മ്മിതിയുടെ സാമൂഹിക മന:ശാസ്ത്രം
വ്യാജമായ ജനവികാരസൃഷ്ടിയുടെ സാമൂഹിക മന:ശാസ്ത്രം വിശദമാക്കാന്‍ പ്രശസ്തചിന്തകന്‍ നോം ചോംസ്കിയുമായുള്ള അഭിമുഖസംഭാഷണത്തില്‍ നിന്ന് ഒരു ഭാഗം ചേര്‍ക്കട്ടെ.
ചോദ്യം: നാം ജനസമ്മതിയുടെ നിര്‍മ്മാണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആരുടെ സമ്മതമാണ് നിര്‍മ്മിക്കപ്പെടുന്നത്?
ചോംസ്കി: രണ്ട് വിഭിന്ന വിഭാഗങ്ങളുണ്ടെന്നാണ് ആദ്യമായി പറയാനുള്ളത്. പൊതുവായി പറഞ്ഞാല്‍ രണ്ട് വിഭാഗങ്ങളുണ്ട്. രാഷ്ട്രീയവര്‍ഗ്ഗം എന്ന് ചിലപ്പോഴൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. ഇവര്‍ ഇരുപത് ശതമാനത്തോളം വരും. ഇക്കൂട്ടര്‍ വിദ്യാഭ്യാസമുള്ളവരും രാഷ്ട്രീയതീരുമാനങ്ങള്‍ എടുക്കുന്നതില്‍ കുറച്ചൊക്കെ പങ്കാളിത്തമുള്ളവരുമാണ്. ഇവര്‍ സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നവരുമാണ്-- അദ്ധ്യാപര്‍, എഴുത്തുകാര്‍... അങ്ങനെയൊക്കെയുള്ളവര്‍. അവര്‍ വോട്ട് ചെയ്യും. സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ ഇടപെടുകയും ചെയ്യും. ഈ വിഭാഗത്തിന്റെ സമ്മതി വളരെ നിര്‍ണ്ണായകമാണ്. ആശയം ആഴത്തില്‍ സന്നിവേശിപ്പിക്കേണ്ടത് ഈ വിഭാഗത്തിലാണ്. ജനസഞ്ജയത്തില്‍ എണ്‍പത് ശതമാനത്തോളം വരുന്ന വിഭാഗം എപ്പോഴും ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുക. അവര്‍ എന്തിനെക്കുറിച്ചെങ്കിലും ഗൌരവമായി ചിന്തിക്കുകയോ എന്തെങ്കിലും ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. [അമേരിക്കയിലെ ഭരണവര്‍ഗ്ഗം ജനസമ്മിതി നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ചോംസ്കി വിശദീകരിക്കുന്നത്. അഭിമുഖം വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ലിങ്ക്: http://www.chomsky.info/interviews/1992----02.htm ] ജനങ്ങളില്‍ മഹാഭൂരിപക്ഷവും ഒന്നിനെക്കുറിച്ചും ഗൌരവമായി ചിന്തിക്കാതെ വശഗത്വത്തോടെ (suggestibility) കഴിഞ്ഞുകൂടുന്നവരാണെന്ന ചോംസ്കിയുടെ നിരീക്ഷണം സാമൂഹികമന:ശാസ്ത്രത്തില്‍ നിലനില്പുള്ള (tenable) ഒന്നാണ്.
മനുഷ്യപ്പറ്റില്ലാത്ത മുരത്ത കമ്യൂണിസ്റ്റ്കാരന്‍ എന്ന പഴയ ചിത്രം മാറ്റിയതും വിപ്ലവം ഉപേക്ഷിച്ച സി.പി.ഐ.എം എന്ന വിപ്ലവപാര്‍ട്ടിയിലെ യഥാര്‍ത്ഥ വിപ്ലവ നായകന്‍, ജനപക്ഷ പോരാളി എന്നീ പുതിയ ചിത്രങ്ങള്‍ കൃത്രിമായി സൃഷ്ടിച്ചതും അവയിലൂടെ “വി.എസ്.വികാരം” വളര്‍ത്തിയതും സി. പി. ഐ. എം.നെ തകര്‍ക്കാന്‍ താല്പര്യമുള്ള പ്രതിലോമശക്തികളാണ്. ജനസമ്മിതി നിര്‍മ്മാണത്തിന് ചോംസ്കി ചൂണ്ടിക്കാണിച്ച തന്ത്രങ്ങള്‍ തന്നെയാണ് കേരളത്തിലും പ്രയോഗിക്കപ്പെട്ടത്. ഒന്നിനെക്കുറിച്ചും ഗൌരവമായി ചിന്തിക്കാതെ കേട്ടത് അതേപടി വിഴുങ്ങി ജീവിതം കഴിച്ചുകൂട്ടുന്ന മഹാഭൂരിപക്ഷം വരുന്ന നിഷ്കളരായ ജനങ്ങള്‍ക്ക് വിഴുങ്ങാനായി ജനനായകന്‍, ജനങ്ങളുടെ പടനായകന്‍, ജനപക്ഷ പോരാളി തുടങ്ങിയ അപദാനങ്ങള്‍ വ്യാജമായി സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. ഈ വ്യാജാപദാനസൃഷ്ടിക്കായി ചുട്ടികുത്താന്‍ കിടന്നുകൊടുക്കുന്ന കഥകളി നടനെപ്പോലെ വി.എസ്. നിന്നു കൊടുക്കുകയാണ് ചെയ്തത്. 1991 മുതല്‍ താന്‍ സ്വപ്നം കണ്ടിരുന്ന മുഖ്യമന്ത്രിസ്ഥാനത്ത് എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്ന ലക്ഷ്യത്തിലെത്താനാണ് സ്വന്തം പാര്‍ട്ടിയെ വെട്ടാനുള്ള കോടാലിക്കൈയായി നിന്നു കൊടുക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചത്.
എന്തുകൊണ്ട് സ്വന്തം പാര്‍ട്ടിയെ തകര്‍ക്കാന് ശ്രമിക്കുന്ന പ്രതിലോമശക്തികളുടെ കോടാലിക്കൈയാകാന്‍ പുന്നപ്രവയലാര്‍ സമരപാരമ്പര്യമുണ്ടെന്നവകാശപ്പെടുന്ന വി.എസിന് കഴിഞ്ഞു എന്നത് മന:ശാസ്ത്രപരമായ വിശകലനം അര്‍ഹിക്കുന്ന ചോദ്യമാണ്. ഒന്നാമതായി പരിശോധിക്കേണ്ടത് പുന്നപ്രവയലാര്‍ സായുധ സമരത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യം ഈ സഖാവിനുണ്ടോ എന്നാണ്. മുമ്പൊരിക്കല്‍ വി.സ്.ആരാധകരിലൊരാളായ ബാബു ഭരദ്വാജുമായി നടത്തിയ അഭിമുഖത്തില്‍ [മാതൃഭൂമി ആഴചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്] ഈ സഖാവിന്റെ പുന്നപ്രവയലാര്‍ സമരപാരമ്പര്യത്തിന്റെ അവകാശവാദം പൊള്ളയാണെന്നുള്ള വസ്തുത പുറത്താകുകയുണ്ടായി. മറ്റു സഖാക്കാള്‍ വാരിക്കുന്തങ്ങളുമായി പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോയപ്പോള്‍ സഖാവ് എന്തുകൊണ്ട് പോയില്ല എന്ന ചോദ്യത്തിന് വി.എസ്. നല്കിയ മറുപടി രസകരമാണ്. “സഖാവിന്റെ പേരില്‍ അറസ്റ്റ് വാറണ്ടുള്ളത് കൊണ്ട് സഖാവ് പോലീസ് സ്റ്റേഷന്‍ പരിസരത്തേയ്ക്ക് വരണ്ട” എന്ന് പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പോകുന്ന സമരസഖാക്കള്‍ വി.എസിനെ ഉപദേശിച്ചത്രേ! വി.എസ്. ആ ഉപദേശം അപ്പടി സ്വീകരിച്ച് ഒളിവില്‍ പോയി പോലും!! ഒളിവില്‍ പോയെന്നുള്ളത് സത്യമാണ്. അത് യുദ്ധരംഗത്ത് നിന്നുള്ള ഒളിച്ചോട്ടം തന്നെയായിരുന്നു. വി.എസിന്റെ ഭാഗ്യാതിരേകത്താല്‍ ഒളിവില്‍ കഴിയുമ്പോള്‍ തിരുവിതാംകൂറ് പോലീസിന്റെ പിടിയില്‍ പെടുകയും ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. പോലീസുകാര്‍ ബയണറ്റ് കൊണ്ട് കുത്തി കാല്‍പ്പാദങ്ങളില്‍ മുറിവേല്പിച്ചതിന്റെ പാടുകള്‍ ഇപ്പോഴും മായാതെ കിടക്കുന്നത് എന്നെ കാണിച്ചിട്ടുണ്ട്.
ഇന്ത്യ സ്വതന്ത്രയായതിനുശേഷമുള്ള വി.എസിന്റെ പാര്‍ട്ടി പ്രവര്‍ത്തനം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി നടത്തിയ ജനകീയ പോരാട്ടങ്ങളുടെ നായകസ്ഥാനത്ത് സ്ഥാനമോഹങ്ങളൊന്നുമില്ലാതെ നിലയുറപ്പിച്ച എ.കെ.ജി. ഏറെക്കാലം വി.എസിനെ ആലപ്പുഴയില്‍ തന്നെ ഒതുക്കി നിറുത്തിയത്.
“വി.എസ്. ഒരു ജനപക്ഷ പോരാളി” എന്ന വ്യാജ വികാര നിര്‍മ്മിതിക്കായി ഉപയോഗിച്ച കരുക്കള്‍ എന്തൊക്കെ ആയിരുന്നു? പ്ലാച്ചിമട, മതികെട്ടാന്‍, മൂന്നാറില്‍ ടാറ്റയുടെ ഭൂമികൈയേറ്റം, കിളിരൂര്‍ ബാലികാപീഡനം, ഐസ്ക്രീം പെണ്‍’വാണിഭം, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം ചോര്‍ത്തല്‍... “മതികെട്ടാന്‍ മലയിലൊക്കെ പോകുമ്പോള്‍ ജനങ്ങള്‍ എത്ര ആവേശത്തോടെയാണ് എന്നെ പിന്തുടര്‍ന്നിരുന്നത്” എന്ന് ഈയ്യിടെ ഒരു ചാനല്‍ ഇന്റ്രവ്യൂവില്‍ വി.എസ്. ആസ്വാദ്യതയോടെ ഓര്‍മ്മ അയവിറക്കുന്നത് കാണുകയുണ്ടായി.
പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കോമരത്തെ എഴുന്നള്ളിച്ച് നടന്നിരുന്ന മാധ്യമപ്പടയുടെ മനസ്സില്‍ അക്കാലത്ത് കടക്കെണിയില്‍ പെട്ട് ആത്മഹത്യചെയ്ത നൂറുകണക്കായ കര്‍ഷക കുടുംബങ്ങളിലൊന്നിന്റെയെങ്കിലും മുറ്റത്ത് തങ്ങളുടെ കോമരത്തെ എത്തിക്കണമെന്ന ചിന്ത പോലും ഉണ്ടായില്ല. അതിനു കാരണമുണ്ട്. കര്‍ഷക ആത്മഹത്യകളിലേക്ക് ജനശ്രദ്ധ പോയാല്‍ തങ്ങളെ ഉപ്പും ചോറും തന്ന് പോറ്റുന്ന കുത്തക മൂലധനത്തിന്റെ കുരുക്കിടല്‍ രഹസ്യങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങുമെന്ന് അവര്‍ ഭയപ്പെട്ടതു കൊണ്ടല്ല. തങ്ങളെ ശമ്പളം തന്ന് നിറുത്തിയിരിക്കുന്നത് അത്തരം പ്രശനങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കാനല്ല മറിച്ച് വ്യാജമായ വികാരനിര്‍മ്മിതിക്കാണെന്ന് അവരുടെ യജമാനന്മാര്‍ ഓര്‍മ്മിപ്പിച്ചിരുന്നതു കൊണ്ടാണ്.
വി.എസ്.എന്ന ജനവികാരത്തിന്റെ മറുവശം
കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ജനവികാരം വേഗം തന്നെ കെട്ടടങ്ങുമെന്ന് ഒരു വി.എസ്.ആരാധകനായ കെ.കെ.എന്‍.ന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഞാന്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെ അറുപത്തഞ്ച് കാരനായ അറ്റന്‍ഡര്‍ കൃഷ്ണങ്കുട്ടിനായര്‍ ഒരു കടുത്ത വി.എസ്.ഫാന്‍ ആയിരുന്നു. കെ.കെ.എന്‍ എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എല്ലാവരും വിളിക്കാറ്. കെ.കെ.എന്‍.നും ഞാനും സമയം കിട്ടുമ്പോഴൊക്കെ രാഷ്ട്രീയം സംസാരിക്കാറുണ്ട്. വി.എസിനെ പോളിറ്റ് ബ്യൂറോയിയില്‍ നിന്ന് തരം താഴ്ത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ കെ.കെ.എന്‍. ദു:ഖത്തോടെ പറഞ്ഞു: “ഈ പാര്‍ട്ടി നാശത്തിലേക്കാണ് പോക്ക്. ഇനി വി.എസ്. ഈ പാര്‍ട്ടീല്‍ നിക്കണതിനക്കാളും നല്ലത് മുഖ്യമന്ത്രിസ്ഥാനോം കളഞ്ഞിട്ട് രാജി വെച്ചെറങ്ങിപ്പോരണതാണ്. ” പോളിറ്റ് ബ്യൂറോയില്‍ നിന്ന് സെണ്ട്രല്‍ കമ്മിറ്റിയിലേക്കല്ലേ തരം താഴ്ത്തിയുള്ളു. ബ്രാഞ്ചിലേക്ക് താഴ്ത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു വി.എസിന്. അക്കാര്യം കെ.കെ.എന്‍.നെ പോലുള്ള പാവം ആരാധകര്‍ക്ക് അറിയില്ല.
ആര്‍. ബാലകൃഷണപിള്ളയുടെ തടവ്ശിക്ഷാവിധിയും ഐസ്ക്രീം പെണ്’വാണിഭക്കേസിലെ റൌഫ് വെളിപ്പെടുത്തലുകളും തക്ക സമയത്ത് തന്നെ വന്നപ്പോള്‍ ഞാന്‍ കെ.കെ.എന്‍.നോട് പറഞ്ഞു: “വി.എസ്. വീണ്ടും മത്സരിക്കാനൊരുങ്ങുന്നുണ്ടല്ലൊ. ” കെ.കെ.എന്‍. എന്നെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ പറഞ്ഞു: “വി.എസിന് രണ്ടാമതും മുഖ്യമന്ത്രിയാവാന്‍ വേണ്ടീട്ടാണ് ഇതൊക്കെ ചെയ്യണതെന്നല്ലേ ഡാക്റ്റ് പറയണത്. എണ്പത്തഞ്ച് കഴിഞ്ഞ ആള്‍ക്ക് രണ്ടാം പ്രാവശ്യം മുഖ്യമന്ത്രിയാകാനൊന്ന്വല്ല സാറെ ഇതൊക്കെ ചെയ്യണത്. വി.എസ്. എന്നും അഴിമതിക്കും പെണ്’വാണിഭത്തിനും എതിരാണ്. വി.എസില്ലെങ്കി നമ്മടെ പാര്‍ട്ടി പണ്ടേ കോണ്‍ഗ്രസ്സിനേക്കാട്ടിലും അധ:പതിച്ചേനെ. ” വി.എസിന് എണ്‍പത്തഞ്ചല്ല എണ്‍പത്താറ് കഴിഞ്ഞെന്ന് പറഞ്ഞ് കെ.കെ.എന്‍.നെ തിരുത്താന്‍ ശ്രമിച്ചില്ല.
വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പുറത്ത് വന്നപ്പോള്‍ ഞാന്‍ കെ.കെ.എന്‍.നോട് ചോദിച്ചു: “ഇപ്പോളെന്തായി? ഞാന്‍ പറഞ്ഞത് ശരിയായില്ലെ? ” അല്പനേരം മൌനം പാലിച്ചതിനു ശേഷം കെ.കെ.എന്‍. എന്ന വി.എസ്.ഫാന്‍ പറഞ്ഞു: “ഛെ! അത് വേണ്ടായിരുന്നു. ഞാനിനി മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിന്നെങ്കില്‍ വി.എസ്. വലിയൊരാള്‍ തന്നേണെന്ന് എല്ലാരും സമ്മതിക്കും. ഇതിപ്പം.... ” വാചകം പൂര്‍ത്തിയാക്കാതെ പാവപ്പെട്ട വി.എസ്.ഫാന്‍ സംഭാഷണം നിറുത്തി. സാധാരണക്കാര്‍ ബുദ്ധിജീവികള്‍ക്കു മുമ്പേ വ്യാമോഹമുക്തര്‍ (disillusioned) ആകുമെന്ന് കെ.കെ.എന്‍. എന്ന ആശുപത്രി അറ്റ്ന്‍ഡറുടെ വാക്കുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. നിത്യവും കണ്ടുമുട്ടാറുള്ള ബുദ്ധിജീവികളായ ചില വി.എസ്.ഫാനുകളുടെ മുഖത്ത് നിന്ന് വിഷണ്ണത വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. “കരളിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ല.... ” എന്ന സിനിമാപ്പാട്ടിന്റെ ഓര്‍മ്മകള്‍ അവരെ അലട്ടുന്നുണ്ടായിരിക്കും. പ്രായാധിക്യത്തില്‍ കാമം (libido, sexual urge) ഇലാതാവുമെങ്കിലും മോഹം (ambition) കുറയുകയില്ലെന്ന മന:ശാസ്ത്ര തത്ത്വത്തിന് കെ.ആര്‍. ഗൌരിയമ്മ, കെ. കരുണാകരന്‍, വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ തെളിവ് നല്‍കുന്നു.