തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീം കോടതി ശരിവയ്ക്കരുതായിരുന്നുവെന്നാണ് പീപിള്‍ റ്റി.വി.യുടെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായപ്പെട്ടത്. കാരണം, മുസ്ലിം സ്ത്രീകളില്‍ ചിലര്‍ പര്‍ദ ധരിക്കുന്നത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ഇസ്ലാമിനു മുമ്പുള്ള ‘അജ്ഞാന’ (ജഹിലിയ്യ) കാലത്ത് ചെയ്തിരുന്നത് പോലെ സ്ത്രീകള്‍ സൌന്ദര്യം (സീനത്ത്) പ്രദശിപ്പിക്കരുതെന്ന് ഖുര്‍‘ആനിലെ വചനം 33.33 വ്യക്തമായി പറയുന്നു. ഏതെല്ലാം പുരുഷന്’മാരുടെ മുമ്പില്‍ സൌന്ദര്യം വെളിവാക്കത്തക്ക തരത്തില്‍ സ്ത്രീകള്‍ക്ക് പോകാമെന്ന് ഖുര്‍’ആന്‍ 24:31 വചനത്തില്‍ എണ്ണിപ്പറയുന്നുമുണ്ട്. സ്ത്രീ സൌന്ദര്യം വെളിവാക്കാതിരിക്കാന്‍ പര്‍ദ ധരിച്ചേ മതിയാവൂ എന്ന് ഖുര്‍’ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു സ്ത്രീക്ക് പര്‍ദ ധരിക്കണം. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇസ്ലാമിലെ പര്‍ദസമ്പ്രദായത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ഇതേ ബ്ലോഗില്‍ 2009 ഓഗസ്റ്റില്‍ ‘പര്‍ദയുടെ ഉദ്ഭവം’ എന്ന പോസ്റ്റില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്. അതില്‍ നിന്നും മന:ശാസ്ത്രപരമായ കാരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം മാത്രം ഈ പോസ്റ്റില്‍ ചേര്‍ക്കട്ടെ.
സ്ത്രീകള്‍ക്ക് പര്‍ദ്ദധാരണം അനുശാസിച്ചതിന്റെ മന:ശാസ്ത്രപരമായ കാരണത്തിലേക്ക് വരാം. പത്തിലധികം പത്നിമാര്‍ ഉണ്ടായിരുന്നെങ്കിലും മുഹമ്മദിന് ഏറ്റവും കൂടുതല്‍ ഇഷ്ടം കൌമാരപ്രായം പിന്നിടാത്ത അയിശയോടായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ അയിശയെ ആയിരുന്നു കൂടെ കൂട്ടാറ്. ഒരു യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ അയിശ ഒരു യുവഭടനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന് ചിലര്‍ അപവാദം പ്രചരിപ്പിച്ചു. അയിശ നിരപരാധിനിയാണെന്ന് മുഹമ്മദിന് ബോധ്യപ്പെട്ടെങ്കിലും നബിയുടെ ഭാര്യമാരെ അന്യപുരുഷന്മാര് നോക്കരുതെന്നും അവര്‍ താമസിക്കുന്ന ഭവനങ്ങളില്‍ ചെല്ലരുതെന്നും വിലക്കുന്ന ഖുര്‍ ആന്‍ വചനം (33:53) മുഹമ്മദ് അവതരിപ്പിച്ചു. ഈ സംഭവത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന ഇസ് ലാമിക സമ്പ്രദായം നിലവില്‍ വന്നത്. സ്ത്രീയുടെ മുഖം കണ്ണില്‍ പെട്ടാല്‍ പുരുഷന്റെ കാമം ഉണരുമെന്നുള്ള മുഹമ്മദ് നബിയുടെ ധാരണയില്‍ നിന്നാണ് ഇസ് ലാമിലെ പര്‍ദ്ദ സമ്പ്രദായം ഉദ്ഭവിച്ചത്. യൌവ്വനം പിന്നിടാത്ത അയിശയെക്കുറിച്ച് അവിഹിതവേഴ്ചയുടെ അപവാദം ഉണ്ടായതിനു ശേഷമാണ് മുഹമ്മദിന്റെ മനസ്സില്‍ ഈ വികലമായ ധാരണ ഉടലെടുത്തത്. വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയ ഒരു പുരുഷന്റെ വികലധാരണയില്‍ നിന്നുണ്ടായ പര്‍ദ്ദ സമ്പ്രദായത്തെയാണ് സ്ത്രീയുടെ അവകാശമായും സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപകമായും ചിലര്‍ ചിത്രീകരിക്കുന്നത്. സ്ത്രീയുടെ പരമമായ അടിമത്വത്തിന്റെ ഏറ്റവും പ്രത്യക്ഷമാതൃകയാണ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായം. ഇത്തരം വിദണ്ഡാവാദങ്ങള്‍ സ്ത്രീത്വത്തോട് മാത്രമല്ല മനുഷ്യത്വത്തോട് തന്നെയുള്ള അവഹേളനമാണ്.
പര്‍ദസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മതവിശ്വാസതിന്റെ അടിസ്ഥാനത്തില്‍ പര്‍ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വാദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിതികള് ലംഘിക്കുന്നതും ആണെന്നായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്. കെ.ഇ.എന്‍. ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇസ്ലാമിലുള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കുന്നതിനുള്ള സാമൂഹിക പരിഷ്കരണശ്രമങ്ങളെയും സുപ്രീം കോടതിയുടെ നിരീക്ഷണത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പണ്ഡിതനായ ഹമീദ് ചേന്നമംങ്ങലൂര്‍ വിചിത്രമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പര്‍ദ വിദേശീയമായ ഒരു മധ്യകാല സംസ്കാരത്തിന്റെ അധിനിവേശത്തെ അടയാളപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ആര്.എസ്.എസ്. പറയാറുള്ള അധിനിവേശത്തെക്കുറിച്ചാണ്. ഇസ്ലാം, ക്രിസ്തുമതം, കമ്മ്യൂണിസം... ഇതു മൂന്നും വിദേശ അധിനിവേശങ്ങളാണെന്നാണ് ഗുരുജി മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ മുതലിങ്ങോട്ടുള്ള സംഘ് പരിവാര്‍ ആചാര്യന്മാരെല്ലാം പറയാറുള്ളത്. അത് ഏറ്റു പറയുന്നവരാണ് “ദേശസ്നേഹികള്‍” എന്നും സംഘ്പരിവാര്‍ പറയുന്നു. ഹജ്ജ് യാത്രയ്ക്കായി പാസ്പോര്‍ട്ട് കിട്ടാന്‍ ഫോട്ടോ എടുക്കാറുണ്ടല്ലോ. അതുകൊണ്ട് ഇലക്ഷന് കമിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുക്കണമെന്ന് പറയുന്നതില്‍ അപാകമൊന്നുമില്ലെന്നാണ് ചിലരുടെ വാദം. ഇസ്ലാം മതവിശ്വാസികളില്‍ ആരോഗ്യവും സാമ്പത്തികശേഷിയും ഉള്ളവര്‍ മാത്രം നിര്‍വ്വഹിക്കേണ്ട മതകര്മ്മമാണ് ഹജ്ജ്. ഹജ്ജ് ചെയ്യാന്‍ വിദേശത്ത് പോകണം. വിദേശയാത്ര ചെയ്യുവാന്‍ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പാസ്പോര്‍ട്ട് കൂടിയേ കഴിയൂ. പാസ്പോര്‍ട്ടിനായി ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ ഹജ്ജ് ചെയ്യണ്ട. അതുപോലെ ഇലക്ഷന് കമ്മിഷന്റെ ഐ.ഡി. കിട്ടാന്‍ ഫോട്ടോ എടുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ വോട്ട് ചെയ്യണ്ട എന്നു പറയാമോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ജാതി, മത പരിഗണനകളൊന്നും കൂടാതെ പ്രായപൂര്‍ത്തിയായവരെല്ലാം പങ്കെടുക്കേണ്ട ഒരു ബ്രഹത്തായ ജനാധിപത്യപ്രക്രിയയാണ്. അതില്‍ നിന്നും മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം വനിതകളെ മാറ്റി നിറുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനെയും ഹജ്ജ് കര്‍മ്മത്തെയും താരതമ്മ്യപ്പെടുത്തുന്നത് ചിന്തയിലെ ഉപരിപ്ലവത കൊണ്ടാണ്. കള്ളവോട്ട് തടയാന്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് മാത്രമാണ് ഏക ഉപായം എന്ന ധാരണയിലാണ് ചിലര്‍. ആളെ തിരിച്ചറിയാന്‍ പുറത്ത് കാണിക്കാവുന്ന അവയവങ്ങളിലുള്ള മറുകുകള്‍, കറുത്ത പുള്ളികള്‍, മായാത്ത വടുക്കള്‍ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതേയുള്ളു. ഫോട്ടോ പതിച്ച കാര്‍ഡ് വാങ്ങാത്ത പര്‍ദ ധാരിണികളെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരുന്നാല്‍ അവര്‍ സമൂഹത്തിന്റെ പൊതു ധാരയില്‍ നിന്ന് മാറ്റി നിറുത്തപ്പെടും. മുസ്ലിങ്ങളുടെ രാജ്യസ്നേഹമില്ലായ്മയുടെ മറ്റൊരു തെളിവായി സംഘ്പരിവാര്‍ അതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യും.