Thursday, September 17, 2009

അഭയ കേസും നാര്‍ക്കോഅനാലിസിസും

നാര്‍ക്കോഅനാലിസിസ് ശാസ്ത്രീയവും കുറ്റമറ്റതും ആയ കുറ്റാന്വേഷണ ഉപാധിയാണെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐ. ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോപരിശോധനാസമയത്ത് കുറ്റാരോപിതന്‍ പറയുന്നത് തെളിവായി കോടതികള്‍ സ്വീകരിക്കണമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്.ഈ വാദം അംഗീകരിക്കപ്പെട്ടാല്‍ നീതിനിര്‍വ്വഹണരംഗത്ത് ദൂരവ്യാപകങ്ങളായ ദൂഷ്യഫലങ്ങള്‍ ഉളവാക്കും.

നാര്‍ക്കോഅനാലിസിസ് (Narcoanalysis) സൈക്കോഅനാലിസിസില്‍ (Psychoanalyisis) നിന്നാണ് ജന്മം കൊണ്ടത്. അനാലിസിസ് (analyisis)എന്നാല്‍ അപഗ്രഥനം, വിശകലനം, വിശ്ലേണം എന്നൊക്കെ അര്‍ത്ഥം. രസതന്ത്രത്തില്‍ (chemistry) മാത്രമുണ്ടായിരുന്ന അനാലിസിസിനെ മന:ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നത് സിഗ്മണ്ട് ഫ്രോയിഡ് എന്ന യുഗപുരുഷനായിരുന്നു. സൈക്കോഅനാലിസിസിന്റെ ഉപജ്ഞാതാവ് ഫ്രോയിഡ് ആണ്. രസതന്ത്രപരീക്ഷണങ്ങള്‍ മറ്റുശാസ്ത്രശാഖകളിലും സ്വാധീനം ചെലുത്തിയ കാലഘട്ടമായിരുന്നു അത്. രാസവസ്തുക്കളെപ്പോലെ മനസ്സിനെയും വിശകലനം ചെയ്യാമെന്ന് ഫ്രോയിഡിനു തോന്നി. ഫ്രോയിഡിന്റെ സൈക്കോഅനാലിസിസ് മനസ്സിന്റെ മുഴുവനായുള്ള അപഗ്രഥനമല്ല, അബോധമനസ്സിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്. മനസ്സിന് ബോധമനസ്സ് (Conscious Mind)ഉപബോധമനസ്സ് (Subconscious Mind) അബോധമനസ്സ് (The Unconscious) എന്നിങ്ങനെ മൂന്നു തലങ്ങളുണ്ടെന്നും അബോധമനസ്സിലെ സംഘര്‍ഷങ്ങളാണ് മനോരോഗങ്ങള്‍ക്ക് നിദാനം എന്നുമായിരുന്നു ഫ്രോയിഡിന്റെ സിദ്ധാന്തം. അബോധമനസ്സിലെ സംഘര്‍ഷങ്ങളെ പുറത്ത് കൊണ്ടുവന്ന് വിശകലനം ചെയ്ത് രോഗിയെ ബോധ്യപ്പെടുത്തിയാല്‍ രോഗം മാറും എന്നായിരുന്നു ഫ്രോയിഡിന്റെ വിശ്വാസം. ആദ്യമൊക്കെ രോഗിയെ ഹിപ്നോട്ടിക്ക് നിദ്രയിലാക്കിയതിനു ശേഷമായിരുന്നു അബോധത്തിലെ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്. എല്ലാവരെയും ഹിപ്നോട്ടിക്ക് നിദ്രയിലാക്കാന്‍ കഴിയുകയില്ലെന്നും ചിലര്‍ ഹിപ്നോട്ടിക് നിദ്രയില്‍ പറഞ്ഞ കാര്യങ്ങള്‍ അവിശ്വസനീയങ്ങളോ നുണകളോ ആയിരുന്നുവെന്നും ഉള്ള തിരിച്ചറിവ് ഈ സങ്കേതം ഉപേക്ഷിക്കാന്‍ ഫ്രോയിഡിനെ നിര്‍ബ്ബന്ധിതനാക്കി. അതിനുശേഷം അനിബദ്ധ സംശ്ലേഷണം (Free Association) എന്ന രീതി ഉപയോഗിക്കാന്‍ തുടങ്ങി. രോഗിയെ ചാരുകട്ടിലില്‍ (couch) കിടത്തി ചികിത്സകന്‍ രോഗിയുടെ തലഭാഗത്ത് രോഗിയുടെ കണ്ണില്‍ പെടാത്തവിധം ഇരിക്കുന്നു. മനസ്സില്‍ വരുന്നതെല്ലാം ഉറക്കെ പറയാന്‍ രോഗിയോട് ആവശ്യപ്പെടുന്നു. രോഗി പറയുന്നത് ശ്രവിച്ച് അബോധമനസ്സിലെ കാര്യങ്ങള്‍ ചികിത്സകന്‍ മനസ്സിലാക്കി വിശകലനം ചെയ്യുന്നു. ഈ ഫ്രീ അസോസിയേഷന്‍ രീതിയാണ് പിന്നീട് സൈക്കോഅനാലിസിസ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഫ്രോയിഡ് തന്നെയാണ് പേരുമാറ്റം നടത്തിയത്.

സൈക്കോഅനാലിസിസില്‍ നിന്നും നാര്‍ക്കോഅനാലിസിസ് ജന്മം കൊള്ളാന്‍ കാരണക്കാരന്‍ അമേരിക്കയിലെ ഡാലസില്‍ ജോലി ചെയ്തിരുന്ന പ്രസവശുശ്രൂഷകന്‍ ഡോ.റോബര്‍ട്ട് ഹൌസാണ്. പ്രസവവേദന അറിയാതിരിക്കാന്‍ ഇദ്ദേഹം ഒരു യുവതിക്ക് സ്കോപൊലമീന്‍ എന്ന മരുന്നു കുത്തിവെച്ചു. യുവതി അനിയന്ത്രിതമായി മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.1922ല്‍ ആയിരുന്നു ഈ സംഭവം. ഇതറിഞ്ഞ ചില സൈക്യാട്രിസ്റ്റുകള്‍ മനോരോഗികളുടെ മനസ്സിലുള്ളതറിയാന്‍ സൈക്കോഅനാലിസിസിനു പകരം പെന്റോഥാല്‍ സോഡിയം എന്ന മയക്കുമരുന്നു കുത്തിവെച്ച് സംസാരിപ്പിക്കുന്ന വിദ്യ പ്രയോഗിക്കാന്‍ തുടങ്ങി. ഈ വിദ്യയാണ് നാര്‍ക്കോഅനാലിസിസ്. നാര്‍ക്കോഅനാലിസിസിനു വേണ്ടി കുത്തിവെയ്ക്കുന്ന മയക്കുമരുന്നിന് “സത്യദ്രാവകം” (truth serum) എന്ന കാല്പനികത തുളുമ്പുന്ന പേരാണ് സാധാരണക്കാര്‍ കൊടുത്തത്.

സത്യദ്രാവകം മനസ്സിന്റെ ഗതിവിഗതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ശാസ്ത്രീയഗവേഷണങ്ങള്‍ തുടര്‍ന്ന് നടന്നു. മദ്യം (alcohol - ethanol) മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് സത്യദ്രാവകത്തിലുള്ള ബാര്‍ബിച്യുറേറ്റ് എന്ന മയക്കുമരുന്നും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ വ്യക്തി വായാടിയാകുന്നതും മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതും നിത്യവും നാം കാണുന്നതാണല്ലോ. മദ്യം മസ്തിഷ്ക കോശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണങ്ങള്‍ നീങ്ങുന്നു. അതേ പ്രക്രിയ തന്നെയാണ് നാര്‍ക്കോഅനാലിസിസിലും നടക്കുന്നത്. മദ്യത്തിന്റെ അളവ് കൂടുന്തോറും മനസ്സിന്റെ നിയന്ത്രണത്തിന്റെ തോത് കുറയുന്നു. മദ്യം അധികമായാല്‍ ആള്‍ ഉറക്കത്തിലേക്ക് വഴുതിവീഴും. അതിലും കൂടുതലായാല്‍ അബോധാവസ്ഥയായിരിക്കും ഫലം. നാര്‍ക്കോഅനാലിസിസിനായി കുത്തിവെയ്ക്കുന്ന സത്യദ്രാവകത്തില്‍ ബാര്‍ബിച്യുറേറ്റിന്റെ അളവ് കൂടിയാല്‍ വ്യക്തി അബോധാവസ്തയിലായിപ്പോകും. വ്യക്തിയെ അര്‍ദ്ധബോധാവസ്തയില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമാണ് നാര്‍ക്കോഅനാലിസിസില്‍ സ്വീകരിക്കുന്നത്. അപ്പോള്‍ ചോദ്യത്തിന്റെ ഉത്തരം മനസ്സിലുണ്ടെങ്കില്‍ പറയാതെ പിടിച്ചു നില്‍ക്കാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നു. സത്യം മറച്ചുവെക്കാനോ നുണ ഭാവനയില്‍ സൃഷ്ടിച്ച് പറയാനോ ഉള്ള മാനസികശേഷിയും ഉണ്ടായിരിക്കുകയില്ല.

1970കള്‍ ആയപ്പോഴേയ്ക്കും മനോരോഗചികിത്സകര്‍ സൈക്കോഅനാലിസിസും നാര്‍ക്കോഅനാലിസിസും കൈവെടിഞ്ഞു. കാരണം രണ്ടും ഫലപ്രദമായ ചികിത്സയ്ക്ക് ഉതകുന്നവയല്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. സൈക്കോഅനാലിസിസിലും നാര്‍ക്കോഅനാലിസിസിലും രോഗി പറയുന്നത് മുഴുവന്‍ വസ്തുതാപരമല്ലെന്നും മനസ്സിലായി. എങ്കിലും “സത്യദ്രാവകം” എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാവനകളിള്‍ തങ്ങി നിന്നു. അവിടെ നിന്നുമാണ് അത് കുറ്റാന്വേഷണ രംഗത്തേയ്ക്ക് നൃത്തച്ചുവടുകള്‍വെച്ച് കടന്നുവന്നത്. കുറ്റാന്വേഷണത്തില്‍ നാര്‍ക്കോഅനാലിസിസ് പ്രതീക്ഷിച്ചതുപോലെ ഫലം തരുന്നില്ലെന്ന് പല രാജ്യങ്ങളിലെയും പോലീസുകാര്‍ അധികം താ‍മസിയാതെ തിരിച്ചറിഞ്ഞു. കാരണം മയക്കുമരുന്ന് കുത്തിവെച്ചതിനുശേഷം ഉണ്ടാകുന്ന അര്‍ദ്ധബോധാവസ്ഥയില്‍ വ്യക്തി പറയുന്ന കാര്യങ്ങള്‍ പലതും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഭ്രമകല്പനകളുമായിരുന്നു. എല്ലാ രാജ്യങ്ങളിലെയും പോലീസുകാര്‍ നാര്‍ക്കോഅനാലിസിസ് ഉപേക്ഷിച്ചു. അവര്‍ വലിച്ചെറിഞ്ഞത് സി.ഐ.എ.എന്ന ചാരസംഘടന‍ ഏറ്റെടുത്തു. അവരത് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള “നാലാം മുറ” ആയി ഉപയോഗിച്ചു തുടങ്ങി. ഈ ചരിത്രപശ്ചാത്തലത്തിലാണ് നാര്‍ക്കോഅനാലിസിസിനെ “മന:ശാസ്ത്രത്തിലെ മുന്നാം മുറ” എന്ന് തമിഴ്നാട് ഗവണ്മെന്റിന്റെ ഫോറന്‍സിക്ക് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന ഡോ.പി.ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ഫലപ്രദമല്ലെന്ന് മനസ്സിലായതോടെ ചാരസംഘടനയും “സത്യദ്രാവകപ്രയോഗം” ഉപേക്ഷിച്ചു. 1977ല്‍ അമേരിക്കയിലെ സെനറ്റ് വിചാരണയില്‍ “ടുത്ത് സീറം” എന്ന മാന്ത്രികവിദ്യ ഫലപ്രദമല്ലെന്ന് സി.ഐ.എ. തെളിവു നല്‍കി. മനുഷ്യന്റെ മൌലികമായ അവകാശങ്ങളെ ധ്വംസിക്കുന്ന മൂന്നാം മുറ പ്രയോഗത്തില്‍ പെട്ടത് തന്നെയാണ് നാര്‍ക്കോഅനാലിസിസും എന്ന കാര‍ണത്താല്‍ മിക്കവാറും രാജ്യങ്ങള്‍ അതുപേക്ഷിച്ചു.

പരിഷ്കൃതജനതകളും രാജ്യങ്ങളും ഉപേക്ഷിച്ച നാര്‍ക്കോഅനാലിസിസിന് അടുത്തകാലത്ത് ഇന്ത്യയില്‍ പ്രിയമേറാന്‍ തുടങ്ങിയിരിക്കുന്നത് വിരോധാഭാസം തന്നെ. ചില സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അവരുടെ പോലീസ് നാര്‍ക്കോഅനാലിസിസ് ഉപയോഗപ്പെടുത്തണമെന്നുണ്ട്. നാര്‍ക്കോഅനാലിസിസിലൂടെ കിട്ടുന്ന വിവരങ്ങള്‍ കോടതികളിള്‍ അതേപടി തെളിവായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്ന “നിയമജ്ഞരും” ഉണ്ട്. യുക്തിവാദികളും അത് തന്നെ ആവശ്യപ്പെടുന്നതായി യുക്തിരേഖ എന്ന മാസികയിലെ ഒരു കുറിപ്പില്‍ നിന്ന് മനസ്സിലായി. യുക്തിവാദികള്‍ നാര്‍കോഅനാലിസിസിന്റെ അശാസ്ത്രീയതയെക്കുറിച്ച് മനസ്സിലാക്കാതെയാണ് ഈ അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാണ്. നാര്‍ക്കോഅനാലിസിസില്‍ ഒരു വ്യക്തി പറയുന്ന കാര്യങ്ങള്‍ തെളിവായി സ്വീകരിച്ചാല്‍ ഉണ്ടാകവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കാ‍ത്തത് കൊണ്ടും നാര്‍ക്കോഅനാലിസിസിന്റെ മാന്ത്രികഫലസിദ്ധിയിലുള്ള അന്ധമായ വിശ്വാസം കൊണ്ടും ആണ് ഇത്തരം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നത്.

നാര്‍ക്കോഅനാലിസിസ് നടത്തുമ്പോള്‍ അതിനു വിധേയനാകുന്ന വ്യക്തിയെക്കൊണ്ട് പോലീസ് ആഗ്രഹിക്കുന്ന രീതിയില്‍ പറയിക്കാന്‍ പോലീസിനു കഴിയും എന്നുള്ളതാണ് ഈ സങ്കേതത്തിന്റെ ഏറ്റവും വലിയ അപകടം. നാര്‍ക്കോഅനാലിസിസിനു വിധേയനാക്കാന്‍ പോകുന്ന വ്യക്തിയോട് ടെസ്റ്റിനു മുമ്പ് ഒരു കാര്യം ആവര്‍ത്തിച്ച് പറഞ്ഞാല്‍ ടെസ്റ്റിന്റെ സമയത്ത് അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ അത് തന്നെ പറയാന്‍ സാധ്യതയുണ്ട്. ഉദാഹരണമായി ഒരു കൊലപാതകക്കേസില്‍ കുറ്റം ചെയ്തെന്ന് സംശയിക്കപ്പെടുന്ന ആളോട് നിങ്ങളാണ് കൊല ചെയ്തതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാല്‍ നാര്‍ക്കോഅനാലിസിസിന്റെ സമയത്ത് താനാണ് കൊല ചെയ്തതെന്ന് അയാള്‍ പറയാന്‍ സാധ്യതയുണ്ട്. ഇതാണ് പ്രത്യായനത്തിന്റെ ഫലം (effect of suggestion).

പ്രത്യായനം (suggestion) മന:ശസ്ത്രത്തിലെ ഒരു സങ്കേതമാണ്. പ്രത്യായന വിദ്യ ആദ്യം ഉപയോഗിച്ചത് ആന്റ്ണ്‍ മെസ്മര്‍ എന്ന ഫ്രഞ്ച് വൈദ്യനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മെസ്മെറിസം എന്ന പദം നിഷ്പാദിച്ചത്. തന്റെ ശരീരത്തില്‍ കാന്തികശക്തിയുണ്ടെന്നും താന്‍ തൊടുമ്പോള്‍ അത് രോഗിയിലേക്ക് വ്യാപിച്ച് രോഗം ഭേദമാകും എന്ന് മെസ്മെര്‍ രോഗിയോട് പറഞ്ഞുകൊണ്ട് രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നു. മാനസികകാരണങ്ങള്‍ കൊണ്ടുണ്ടായ ചില രോഗങ്ങള്‍ക്ക് ശമനം കിട്ടുകയും ചെയ്തു. രോഗിയെ തൊടുന്നതിനു മുമ്പുള്ള ആ പറച്ചിലാണ് പ്രത്യായനം. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി സ്വീകരിച്ചുകൊള്ളും എന്ന് ഗീബത്സിയന്‍ സിദ്ധാന്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്ര തത്ത്വവും പ്രത്യായനം തന്നെ. പരസ്യങ്ങള്‍ ഫലപ്രദമാകുന്നതും പ്രത്യായനത്തിന്റെ സ്വാധീനം മൂലമാണ്. ഇന്നത്തെ ചില മാധ്യമങ്ങള്‍ നുണകള്‍ ആവര്‍ത്തിക്കുന്നതും പ്രത്യായനം തന്നെ.

മരുന്നുകള്‍ മനുഷ്യന്റെ മസ്തിഷ്ക്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതുവഴി മനുഷ്യമനസ്സിന്റെ ഗതിവിഗതികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിക്കുന്ന ശാസ്ത്രമാണ് സൈക്കോഫാര്‍മക്കോളജി. ബാംഗ്ലൂരിലെ നിംഹാന്‍സിലെ പ്രൊഫസറും ലോകപ്രശസ്ത സൈക്കോഫാര്‍മക്കോളജിസ്റ്റുമായ ഡോ. ചിത്തരഞ്ജന്‍ അന്ദ്രാദെ പറയുന്നു:“പ്രത്യായനത്തിന്റെ ഫലമായി വളരെ സുബോധത്തോടെ ഇരിക്കുന്ന ആള് പോലും ഇല്ലാത്ത കാര്യം ഉണ്ടെന്ന് വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടും”.(Frontline; May 5-18, 2007) കുറ്റാന്വേഷണത്തില്‍ നാര്‍ക്കോപരിശോധനയുടെ വിശ്വസനീയത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയുടെ മേധാവി ഡോ. ബി. മോഹനന്‍ അവകാശപ്പെടുന്നത് നാര്‍ക്കോ പരിശോധനകള്‍ 96 മുതല്‍ 97 ശതമാനം വരെ വിജയിക്കുന്നുവെന്നാണ്. ഈ അവകാശവാദത്തിന് ശാസ്ത്രീയമായ തെളിവൊന്നുമില്ല.

നാര്‍ക്കോഅനാലിസിസിന്റെ അര്‍ദ്ധനിദ്രാവസ്ഥയില്‍ ഒരാള്‍ക്ക് നുണ പറയാന്‍ കഴിയില്ല എന്നത് മന:ശാസ്ത്രപരമായ വസ്തുതയാണ്. പക്ഷേ നാര്‍ക്കോഅനാലിസിസ് തുടങ്ങുന്നതിനുമുമ്പ് പ്രത്യായനത്തിലൂടെ ഒരു കാര്യം മനസ്സില്‍ പതിപ്പിച്ചാല്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്തും അയാള്‍ അത് തന്നെ പറയും എന്നതും മന:ശാസ്ത്രസത്യം തന്നെ. ഇത്തരത്തില്‍ ഒരു നിരപരാധിയെക്കൊണ്ട് പോലീസിന് നാര്‍ക്കോഅനാലിസിസില്‍ “കുറ്റസമ്മതം” നടത്തിക്കാന്‍ കഴിയും. സിസ്റ്റര്‍ അഭയക്കേസില്‍ രണ്ട് വൈദികരും കന്യാസ്ത്രീയും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” “കോടാലി” “ചുറ്റിക” “കൊണ്ട് തലക്കടിച്ചു” “സിസ്റ്റര്‍ അഭയയെ കിണറ്റിലിട്ടു” “സ്നേഹബന്ധമുണ്ട്” തുടങ്ങിയ വാക്കുകള്‍ നാര്‍ക്കോ അനാലിസിസിന്റെ സമയത്ത് പറഞ്ഞത് പ്രത്യായനത്തിന്റെ ഫലമായിരുന്നു. മൂന്നു പേരും സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. പാതിരിമാര്‍ ഇംഗ്ലീഷിലും കന്യാസ്ത്രീ മലയാളത്തിലും പറയുന്നു. “അഭയയെ ഞാന്‍ കൊന്നു” അല്ലെങ്കില്‍ “അഭയയെ ഞങ്ങള്‍ കൊന്നു” എന്ന് ആരും പറയുന്നില്ല. “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ്” എന്ന പ്രസ്താവന സി.ബി.ഐ. ഉദ്യോഗസ്തന്മാര്‍ മൂന്നു പേരോടും ആവര്‍ത്തിച്ച് പറഞ്ഞതിന്റെ ഫലമായിട്ടാണ് നാര്‍ക്കോ പരിശോധനാസമയത്ത് മൂന്നു പേരും “സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു” എന്നു പറഞ്ഞത്.

എനിക്ക് മതസ്ഥാപനങ്ങളോട് തീരെ മമതയില്ല. മനുഷ്യനെ ചൂഷണം ചെയ്യാനും മനുഷ്യന്റെ സ്വതന്ത്ര ചിന്തയ്ക്ക് കൂച്ചുവിലങ്ങിടാനും മാത്രമാണ് മതങ്ങളും മതസ്ഥാപനങ്ങളും നിലകൊള്ളുന്നത് എന്ന സുചിന്തിതമായ അഭിപ്രായം എനിക്കുണ്ട്. ക്രിസ്തീയസഭകള്‍ ഭുതകാലത്ത് ചെയ്തതും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ മാനവികവിരുദ്ധ പ്രവൃത്തികളുടെ പേരില്‍ അഭയക്കേസില്‍ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നവര്‍ക്കെതിരെ മുന്‍ വിധി പാടില്ല. പതിനാറ് കൊല്ലം മുമ്പ് സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ അതൊരു കൊലപാതകമാണെന്ന സംശയം ആദ്യമുന്നയിച്ചത് അഭയയുടെ കോണ്‍ വെന്റും പള്ളിയും തന്നെയാണ്. അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ആദ്യം ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും വിടുന്നത്.

പള്ളിവിരോധികളും ഹിന്ദുത്വത്തോട് അനുഭാവമുള്ള ചില മാധ്യമങ്ങളും കോടതിയും അഭയ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐയെ സമ്മതിക്കാത്ത സാഹചര്യത്തില്‍ കേസ് വിചാരണക്കോടതിയില്‍ “അവസാനിപ്പിക്കാന്‍” ഉള്ള തീരുമാനമെടുത്തുകൊണ്ടാണ് സി.ബി.ഐ. നീങ്ങുന്നത്. ‘ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും കേസ് തോറ്റു പോയി’ എന്ന് പൊതുജനങ്ങളെക്കൊണ്ട് പറയിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.ബി.ഐ.ക്കുള്ളത്. ആ ലക്ഷ്യത്തോടെയാണ് കുറ്റപത്രവും നാര്‍ക്കോ പരിശോധനയുടെ സി.ഡി.യും മാധ്യമങ്ങള്‍ക്ക് സി.ബി.ഐ. തന്നെ “ചോര്‍ത്തി” കൊടുത്തത്.

നാര്‍ക്കോഅനാലിസിസില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അത് നമ്മുടെ നീതിന്യായചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ക്കും.

Wednesday, September 16, 2009

രോഗിയുടെ കഴുത്ത് അറുക്കുന്ന ഡോക്ടര്‍

തിരുവനന്തപുരം നഗരത്തിലെ ഒരു സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അനാവശ്യമായി എം.ആര്‍.ഐ.സ്കാന്‍ പോലുള്ള ചെലവേറിയ പരിശോധനകള്‍ നടത്തിച്ച് രോഗികളെ കൊള്ളയടിക്കുന്നത് ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത് അഭിനന്ദനമര്‍ഹിക്കുന്നു. ഒരു എം.ആര്‍.ഐ.സ്കാന്‍ ചെയ്യാന്‍ അയ്യായിരത്തിനുമേലാണ് ഫീസ്. ആവശ്യമില്ലാതെ സ്കാന്‍ ചെയ്യാന്‍ രോഗിയെ നിര്‍ബ്ബന്ധിച്ച ഡോക്ടര്‍ക്ക് 1500 രൂപ കിക്ക് ബാക്ക് കിട്ടും! ഇത്തരം കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ തടിതപ്പുന്ന ഒരു ആപ്തവാക്യമുണ്ട്. “എല്ലാ ഡോക്ടര്‍മാരും ഇത്തരം അനാശാസ്യവും അധാര്‍മ്മികവുമായ പ്രാക്റ്റീസ് ചെയ്യുന്നില്ല.” യഥാര്‍ത്ഥത്തില്‍ വാര്‍ത്താചാനല്‍ പുറത്ത് കൊണ്ടുവന്നത് ചികിത്സാരംഗത്ത് നടക്കുന്ന അധാര്‍മ്മികവും അനാശാസ്യവുമായ പ്രവര്‍ത്തന-മഞ്ഞുമലയുടെ തുമ്പ് (tip of the iceberg) മാത്രമാണ്.

ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികളായ ഡോക്ടര്‍മാര്‍ക്ക് പ്രചോദനം നല്‍കുന്നത് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍ എടുക്കുന്ന അധാര്‍മ്മിക നിലപാടുകളാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി തുടങ്ങിയവയാണ് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍. ഐ.എം.എ.എന്ന പൊതു പ്രൊഫഷണല്‍ സംഘടന കൂടാതെ ഓരോ സ്പെഷ്യാലിറ്റിയിലും പെട്ട ഡോക്ടര്‍മാര്‍ക്കും പ്രൊഫഷണല്‍ സംഘടനകളുണ്ട്. കൊക്കോള കമ്പനിയില്‍ നിന്നും വലിയതുക കോളയുടെ പരസ്യത്തിനായി ഐ.എം.എ. കൈപ്പറ്റിയ കാര്യം പുറത്ത് വന്നത് അടുത്തയിടെയാണല്ലോ.

ഡോക്ടര്‍മാരുടെ സംഘടനകളുടെ സമ്മേളനങ്ങള്‍ നടത്താനുള്ള ചെലവിലേക്ക് സംഭാവനകള്‍ നല്‍കാന്‍ മരുന്നുകമ്പനികള്‍ മത്സരിക്കുകയാണ്. സമ്മേളനങ്ങളുടെ രാവുകള്‍ മദ്യത്തില്‍ മുക്കുന്നതും മരുന്നുകമ്പനികള്‍ തന്നെ.

അടുത്തയിടെയുണ്ടായ അനുഭവം പറയട്ടെ. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകത്തിന്റെ സമ്മേളനം കണ്ണൂരില്‍ നടന്നു. 25 വര്‍ഷത്തില്‍ കൂടുതല്‍ കാലം ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ച മനോരോഗചികിത്സകരെ ആദരിക്കുന്ന ഒരു പരിപാടി കൂടി സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് നല്ലൊരു കാര്യമാണെന്ന് 35 കൊല്ലം ഈ രംഗത്ത് പ്രവര്‍ത്തിച്ച എനിക്കു തോന്നിയത് സ്വാഭാവികം. പക്ഷേ, പരിപാടി നടത്തിയത് മരുന്നു കമ്പനി മദ്യത്തില്‍ മുക്കിപ്പിടിച്ച രാത്രിയില്‍! മദ്യലഹരിയുടെ വഴുവഴുപ്പില്‍ ഒരു ഭാരവാഹി “മുതിര്‍ന്ന” മനോരോഗചികിത്സകന്റെ പേര് ‘വിഴിക്കുന്നു’. ചികിത്സകനെ ആടി നില്‍ക്കുന്ന മറ്റൊരു ഭാരവാഹി പൊന്നാടയണിയിക്കുന്നു. എന്റെ പേരു വിളിക്കുമ്പോള്‍ പോകാതെ ജുഗുപ്സാവഹമായ ഈ ചടങ്ങിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. ഞാന്‍ മനസ്സില്‍ കണ്ടത് അവര്‍ മാനത്ത് കണ്ടിട്ടെന്നോണം എന്റെ പേര് വിളിച്ചില്ല! മദ്യലഹരിയില്‍ വിട്ടുപോയതാകാം!

കമ്പനിയുടെ മരുന്നുകള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ഫീസ് കൊടുക്കുക, പ്ലെയിന്‍ ടിക്കറ്റ് വാങ്ങിക്കൊടുക്കുക, പഞ്ചനക്ഷത്രഹോട്ടലുകളില്‍ താമസസൌകര്യം സൌജന്യമായി ഏര്‍പ്പെടുത്തിക്കൊടുക്കുക, കുടുംബാംഗങ്ങള്‍ക്കായി വിനോദയാത്രകള്‍ സംഘടിപ്പിക്കുക തുടങ്ങിയുള്ള അനാശാസ്യപ്രവൃത്തികളും മരുന്നു കമ്പനികള്‍ ചെയ്യുന്നു; അഥവാ ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളെക്കൊണ്ട് ചെയ്യിക്കുന്നു. പ്രാക്ടീസ് കൂടുതലുള്ള ഡോക്ടര്‍മാര്‍ക്ക് വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ നല്‍കാനും മരുന്നുകമ്പനികള്‍ മത്സരത്തിലാണ്. ഇത്തരം കാര്യങ്ങളൊന്നും പൊതുജനങ്ങളെ ബാധിക്കുന്നില്ലല്ലോ എന്നാണ് വാദമെങ്കില്‍ തെറ്റിപ്പോയി. അനാവശ്യമായ പരിശോധനകള്‍ ലാബറട്ടറികളുടെയും സ്കാന്‍ കമ്പനികളുടെയും പ്രേരണയില്‍ ചെയ്യുമ്പോള്‍ തന്നെ മരുന്നുകമ്പനികളുടെ പ്രേരണയില്‍ അനാവശ്യമായ മരുന്നെഴുത്തും നടക്കുന്നു. മാത്രവുമല്ല ചികിത്സാരംഗത്താകെ അധാര്‍മ്മികത കൊടികുത്തി വാഴാന്‍ ഇതിടയാക്കുന്നു. അധാര്‍മ്മിക ചികിത്സാ രീതികള്‍ (unethical practices) അവലംബിക്കുന്നത് തെറ്റല്ലെന്ന അവബോധം ഡോക്ടര്‍മാരില്‍ ഉണ്ടാകാനും ഇത് കാരണമാകുന്നു.

1857 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്തതോടെ കമ്പനി ഭരണം അവസാനിച്ചെന്ന് പറയുന്നു. ചികിത്സാരംഗത്തെ ‘കമ്പനി ഭരണം’ ഇന്നും തുടരുന്നു.

Wednesday, September 9, 2009

കവിതയിലില്ല മനസ്സിലുണ്ട്.

ഒരു യുവകവിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്ത ധന്യമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. കവിതാമഞ്ജരിയെ പ്രകാശത്തിലെത്തിച്ചത് അംബിളിക്കലയെ പൊന്നരിവാളായിക്കണ്ട് നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന് സ്വപ്നം കാണാന്‍ മലയാളതാരുണ്യത്തെ പഠിപ്പിച്ച മഹാകവി ആയിരുന്നു. കവിതപ്പൂങ്കുല കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയത് മഹാകവിയുടെ കവിതകളിലെ ലാവണ്യസരോവരത്തെ ഒന്നാകെ മലയളമനസ്സുകളിലേക്കാനയിച്ച നിരൂപക കേസരിയും. ഞാന്‍ പുണ്യകര്‍മ്മത്തിന്‍ സാക്ഷിയാകാന്‍ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

പുസ്തക പ്രകാശനവും ഏറ്റുവാങ്ങലും മനോജ്ഞമായി നടന്നു.

മഹാകവി മധുരഭാഷണം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ ആദ്യം യുവകവിയുടെ വിപ്ലവോപാസനയെ വാഴ്ത്തി. പതുക്കെപ്പതുക്കെ കവിതയുടെ ഇന്നത്തെ ശോച്യാവസ്തയെ കുറിച്ചായി സംസാരം. പിന്നെ സാമൂഹിക ജീര്‍ണ്ണതകളെക്കുറിച്ചു വിലപിച്ചു. അതും കഴിഞ്ഞ് നമ്മുടെ സാംസ്കാരികമായ പൈതൃകത്തെ നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിപ്പറയാന്‍ തുടങ്ങി. ഒടുവിലത് ആക്രോശമായി. ആ ഭാഷണം അവസാനിച്ചതിങ്ങനെയാണ്‍: “ഒരുവന്‍ നമ്മുടെ ദേശീയോത്സവത്തെക്കുറിച്ച്, നമ്മുടെ ധന്യമായ പൈതൃകത്തെക്കുറിച്ച് എന്തൊക്കെയാണ്‍ ജല്പിച്ചു നടക്കുന്നത്! ഇവനൊക്കെ അധികാരം കിട്ടിയാല്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും നമ്മുടെ സംസ്കാര സത്തയായ ഓണത്തെ നിഷ്കാസനം ചെയ്യും. ഇവനെയൊക്കെ നിങ്ങള്‍ സംഘടനയില്‍ നിന്നു പുറത്താക്കണം...”

മഹാകവിയുടെ ആക്രോശം കേട്ടുകൊണ്ടിരുന്ന ഞാന്‍ അല്പനേരത്തേക്ക് അസ്തപ്രജ്ഞനായിപ്പോയി. മഹാകവിയുടെ കവിതകളെകുറിച്ച് പഠനവും മനനവും നടത്തി ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച നിരൂപകകേസരിയുടെ വിചിന്തനങ്ങളുടെ വാഗ് ധോരണിയാണ്‍ എന്നെ പ്രജ്ഞാഭംഗത്തില്‍ നിന്നുണര്‍ത്തിയത്.

ഫാഷിസത്തിന്റെ വായ പിളര്‍ന്ന് അതിന്റെ കരാളദംഷ്ട്രകള്‍ ഒരു ഗ്രന്ഥത്തിലൂടെ മലയാളിക്ക് കാണിച്ചുകൊടുത്ത നിരൂപകകേസരി ഇങ്ങനെയാണ്‍ അവസാനിപ്പിച്ചത്: “ഓണത്തെപ്പോലും വിവാദമാക്കുന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്‍.”

അന്ന്‍ രാത്രി വളരെ വൈകിയിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനും എന്റെ കുടുംബവും ഓണം ആഘോഷിക്കാറില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഓണം കേരളതിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയുന്നു. ഓണവും ക്രിസ്തുമസും ബക്രീദും ദേശീയോത്സവങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ എനിക്ക് സ്വീകാര്യമാകുമായിരുന്നു.

മഹാകവിയുടെ വാക്കുകള്‍ കേട്ട് ചകിതനായ ഞാന്‍ അദ്ദേഹത്തിനൊരു കത്തെഴുതി. ഓണം ആഘോഷിക്കാത്ത എനിക്കെതിരെ നാളെ ഊരുവിലക്കുണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നതായി കത്തില്‍ പറഞ്ഞു. സവര്‍ണ്ണഹൈന്ദവതയുടെ അടയാളങ്ങളുള്ള ഓണത്തെ ബഹുസ്വരതയുള്ള കേരളീയസമൂഹത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കുന്ന ആളെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന വാദം നാളെ ഓണം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാത്തവര്‍ക്കെതിരെ ഊരുവിലക്കേര്‍പ്പെടുത്തണമെന്ന വാദമായി വളരുമെന്ന് ഞാന്‍ ഭയപ്പെടുന്നതായും മഹാകവിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. മറുപടി വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല കത്തെഴുതിയതെങ്കിലും അതിരൂക്ഷമായ മറുപടി വന്നു. അതിലെ മൂന്നു കാര്യങ്ങള്‍ ഇപ്പോഴുമോര്‍ക്കുന്നു. ഒന്ന്. ഓണത്തെ തള്ളിപ്പറയുന്നത് ഏത് വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. രണ്ട്. ഊരുവിലക്ക് എന്നൊക്കെപ്പറയുന്നത് ആത്മനിഷ്ഠമായ കാര്യമാണ്‍. മൂന്ന്. നിങ്ങളോട് തുടര്‍ന്ന് കത്തിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. സമയമില്ല, അതിനുള്ള ആരോഗ്യവുമില്ല.

അങ്ങയുടെ മനസ്സിനെ രോഷാതുരമാക്കിയതിന്‍ മാപ്പ് ചോദിക്കുന്നു എന്ന് ഒരു കത്ത്കൂടി എഴുതി ഞാന്‍ വിരാമമിട്ടു.

മഹാകവിയുടെ കവിതകളില്‍ രോഷമോ വിദ്വേഷമോ വിരോധമോ മഷിയിട്ടു നോക്കിയാലും കാണില്ല. കവിതകളില്‍ മനുഷ്യ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള നറും നിലാവ് മാത്രം. സ്നേഹിച്ചു തീര്‍ക്കാനുള്ള ആയുസ്സില്ലെന്ന് കവി ദു:ഖിക്കുകയും ചെയ്യുന്നു.

എനിക്ക് ഓണത്തോട് മമതയില്ലായ്മ തോന്നാന്‍ എന്റേതായ ചില കാരണങ്ങളുണ്ട്. ഞാന്‍ ജ്നിച്ചു വളര്‍ന്ന നാട്ടിന്‍പുറത്ത് കഴിച്ചു കൂട്ടിയ ബാല്യകാലത്ത് ഞങ്ങള്‍ക്കൊന്നും ഓണമില്ലായിരുന്നു. “ഹിന്ദുക്കളുടെ പെരുന്നാള്‍” എന്നാണ്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്.

കൊടുങ്ങല്ലൂരില്‍ നിന്നും തിരുനന്തപുരത്തേക്ക് കുടുയേറിയപ്പോള്‍ ഓണം തിക്തമായ ഓര്‍മ്മയാകുന്ന ഒരു അനുഭവമുണ്ടായി. ഞങ്ങള്‍ എന്‍.ജി.ഓ. ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. നമ്പര്‍ മുപ്പത്തേഴില്‍. ഞാനൊരു അഞ്ചാംക്ലാസ്കാരന്‍. മുപ്പത്തെട്ടിലെ രാമകൃഷ്ണന്‍ നായര്‍ സാറിന്റെ കുടുംബം ഓണം കെങ്കേമമായി ആഘോഷിക്കുമായിരുന്നു. ഒരോണത്തിന്‍ സദ്യയുണ്ണാന്‍ എന്നെയും ഇളയ സഹോദരി ഫാത്തിമയെയും അവരുടെ വീട്ടിലേക്ക് വിളിച്ചു. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിന്‍. എന്റെ ബാപ്പോട് ഞങ്ങളെ മുന്നാം ഓണത്തിന് ഉണ്ണാന്‍ വീട്ടിലേക്കയക്കണമെന്ന് രാമകൃഷ്ണന്‍ നായര്‍ സാറ് പറഞ്ഞതിങ്ങനെ ‍: “അവരെ വീട്ടിലോട്ടയക്കണം. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി. തിരുവോണം ഞങ്ങള്‍ക്ക് വിശേഷപ്പെട്ട ദിവസമാണ്.” തിരുവോണദിവസം വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണല്ലൊ ഞാനും സഹോദരിയും എന്നോര്‍ത്ത് ദു:ഖിച്ചു. ഓണത്തെക്കുറിച്ചോര്‍ക്കുമ്പോളൊക്കെ “തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി...” എന്ന വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങും.

എന്റെ മകളെ വിവാഹം ചെയ്തത് ഒരു ഹിന്ദു‍. ഹിന്ദുമതവിശ്വാസിയുമാണ്. അവരുടെ വിവാഹത്തിനുശേഷം ജാ‍മാതാവിനെ സത്കരിക്കാരാനായി എല്ലാക്കൊല്ലവും ഓണ സദ്യ ഒരുക്കാറുണ്ട്. തിരുവോണ നാളിലെ ഓണസദ്യയ്ക്ക് ഇറച്ചിയും മീനും പാടില്ലെന്ന് ഞാന്‍ ഭാര്യയോട് പറയുമെങ്കിലും അവര്‍ അത് വക വയ്ക്കാതെ അവയും ഉള്‍പ്പെടുത്തും. സാക്ഷാല്‍ കാളയിറച്ചി കൂട്ടിയുള്ള ഓണസദ്യ. എന്റെ ഹിന്ദുവായ ജാമാതാവിന്‍ അതില്‍ പരാതിയുമില്ല.

ഓണത്തിന് കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് പറഞ്ഞ മുസ്ലിം നാമധാരിയായ സാമൂഹിക വിമര്‍ശകനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് മഹാകവി ആക്രോശിക്കാന്‍ കാരണമെന്തെന്ന് ഞാന്‍ ചിന്തിച്ചു നോക്കി.

കേരളീയ മനസ്സുകളിലേക്ക് മൃദുല ഹിന്ദുത്വം അരിച്ചിറങ്ങി പൌരസമൂഹത്തിന്റെ (civil society) പൊതുമനസ്സിലെ (അന്റോണിയോ ഗ്രാംഷിയുടെ commonsense എന്ന പരികല്പന്‍) പൊതു ഇടം (public shphere) ചുരുങ്ങിപ്പോയതു കൊണ്ടാണ്‍ ഒരു മഹാകവിയില്‍ നിന്നുപോലും ആക്രോശം ഉണ്ടായത്. ഹിന്ദുത്വത്തിന്റെ മുസ്ലിങ്ങളോടുള്ള അരിശമാണ്‍ മഹാകവിയുടെ ആക്രോശമായി ബഹിര്‍ഗ്ഗമിച്ചത്.

അശോകന്‍ ചരുവില്‍ ദ്വാരകാടാക്കീസ് എന്ന ചെറുകഥയില്‍ ജനമനസ്സുകളിലേക്ക് ഹിന്ദുത്വം അരിച്ചിറങ്ങുന്നതിനെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമീണ നഗരത്തിലെ ദ്വാരക ടാക്കീസില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. പോലീസ് എത്തിയപ്പോഴേക്കും ഗുണ്ട്കള്‍ സ്ഥലം വിട്ടു. ആരൊക്കെയാണ്‍ ഏറ്റുമുട്ടിയതെന്ന് തിരിച്ചറിയാനായി ദ്വാരകാടാക്കീസിന്റെ കവാടത്തില്‍ പെട്ടിക്കട നടത്തുന്ന് അല്പപ്രാണനായ മാപ്പിളയെ (മുസ്ലിം) ബ്രഹ്മാനന്ദന്‍ എസ്.ഐ. ചോദ്യം ചെയ്യുന്നു. ഗുണ്ട്കളോടുള്ള ഭയം കാരണം മാപ്പിള ഒന്നും തുറന്ന് പറയുന്നില്ല. കോപം ജ്വലിച്ച ബ്രഹ്മാനന്ദന്‍ എസ്.ഐ. പാവം മാപ്പിളയെ തല്ലിച്ചതയ്ക്കുന്നു. താന്‍ ചെയ്തതില്‍ കുറ്റബോധം തോന്നിയ എസ്.ഐ. മാപ്പിളയെ പോലീസ് ജീപ്പില്‍ വീട്ടിലെത്തിക്കുന്നു. കലഹമുണ്ടാക്കിയ ഗുണ്ടകള്‍ ആരൊക്കെയാണെന്ന് തുറന്നു പറയാത്തതു കൊണ്ടു മാത്രമല്ല, അയാളൊരു മാപ്പിള ആയതുകൊണ്ടു കൂടിയാണ്‍ തനിക്ക് അരിശം അടക്കാന്‍ കഴിയാതിരുന്നത് എന്ന് ബ്രഹ്മാനന്ദന്‍ എസ്.ഐ. സ്വകാര്യസംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.

സമൂഹത്തിന്റെ പൊതു ഇടം ചുരുങ്ങിപ്പോയാല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സുഗന്ധവാഹിയായ കര്‍പ്പൂരധൂമത്തിനു പകരം വിവാദങ്ങളുടെ പൊടിപടലമായിരിക്കും ഉയരുക.

മദ്രാസ് യൂണിവേഴ്സിറ്റിയുടെ ക്രിസ്ത്യന്‍ സ്റ്റ്ഡീസ് വകുപ്പിന്റെ ജൂബിലി ആഘോഷവേളയില്‍ ചരിത്രപണ്ഡിതനായ പ്രൊഫ. കെ.എന്‍. പണിക്കറ് നടത്തിയ പ്രഭാഷണം സമൂഹത്തിലെ പൊതു ഇടങ്ങള്‍ മതങ്ങള്‍ കൈയടക്കുന്നതിനെക്കുറിച്ചായിരുന്നു.

സമൂഹം മതനിരപേക്ഷം ആകുന്നതിനെക്കുറിച്ചായിരുന്നു പ്രഭാഷണത്തിന്റെ ആരംഭം. സമൂഹം ആധുനികവത്കരിക്കപ്പെടുന്നതോടൊപ്പം മതനിരപേക്ഷമാവുകയും ചെയ്യുന്നു എന്നാണ്‍ ഒരു സിദ്ധാന്തം. Between Naturalism and Religion എന്ന വിഖ്യാതഗ്രന്ത്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ. ജുര്‍ഗന്‍ ഹെബര്‍മസ് ആണ്‍ ഈ സിദ്ധാന്തം ശരിയാണെന്ന് ശഠിക്കുന്നവരില്‍ മുമ്പന്‍. ജ്ഞാനോദയത്തിനുശേഷം സമൂഹത്തില്‍ മതത്തിന്റെ സ്വാധീനം കുറഞ്ഞു. ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ കാര്യകാരണചിന്തകളെ സഹായിച്ചു. ജ്ഞാനോദയം സിദ്ധിച്ച മനസ്സുകള്‍ക്ക് ദൈവത്തെയും ഭൌതികാതീത ചിന്തകളെയും ആശ്രയിക്കേണ്ടതില്ല. പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയത്തിലും നിയമ വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും സ്വാധീനം കുറഞ്ഞു. ഈ കാരണങ്ങളാല്‍ സമൂഹത്തില്‍ മതത്തിന്റെ പ്രസക്തിയും സ്വാധീനവും കുറഞ്ഞു.

ഈ വാദം ശരിയല്ലെന്ന് വസ്തുതകള്‍ തെളിയിക്കുന്നു.

ഇന്ത്യയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന് പ്രൊഫ. പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയിലെ സെന്റ്ര് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേര്‍ തീവ്രമായ മതവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‍. പത്തില്‍ അഞ്ചു പേര്‍ തീവ്രമല്ലാത്ത തരത്തില്‍ വിശ്വാസം ഉള്ളവരാണ്‍. അതായത് ഇന്ത്യയിലെ തൊണ്ണൂറു ശതമാനം ആളുകളിലും മതം സ്വാധീനം ചെലുത്തുന്നു. സ്വാഭാവികമായും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ഇടം (public shphere) വളരെ ചുരുങ്ങിയതാണ്‍. കഴിഞ്ഞ കുറെ ദശകങ്ങളായി മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയൊഗിക്കുന്നതുകൊണ്ട് പൊതു ഇടം തീരെ ഇല്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

കേരളസമൂഹത്തിന്റെ പൊതു ഇടം തീരെ ചുരുങ്ങിപ്പോയതിനാല്‍ ഓണത്തില്‍ സവര്‍ണ്ണഹൈന്ദവമുദ്രകളുള്ളതുകൊണ്ട് കേരളത്തിന്റെ ദേശീയോത്സവമാക്കുന്നത് നന്നല്ല എന്ന് അഭിപ്രായം പറയുന്നത് ഒരു മഹാകവിയുടെ മനസ്സിനെ പോലും രോഷാതുരമാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കേരളത്തിന്റെ commonsense അഥവാ പൊതുമനസ്സ്.


പ്രൊഫ. കെ.എന്‍.പണിക്കരുടെ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം സെപ്റ്റംബര്‍ 8 ലെ ദി ഹിന്ദു ദിനപത്രത്തിലുണ്ട്. ലിങ്ക്:
http://www.hindu.com/2009/09/08/stories/2009090854800800.htm