Friday, March 11, 2011

My Body to my Alma-Mater എന്റെ ശരീരം ഞാന്‍ പഠിച്ച മെഡിക്കല്‍ കോളെജിന്

സമ്മതപത്രം
രണ്ടായിരത്തി പതിനൊന്നാമാണ്ട് മാര്‍ച്ച് മാസം പത്താം തിയതി തിരുവനന്തപുരം താലൂക്കില്‍ ശാസ്തമംഗലം വില്ലേജില്‍ കാഞ്ഞിരമ്പാറ ദേശത്ത് 33 ഹരിതഗിരി [റ്റി.സി.7/133(1)] വീട്ടില്‍ താമസം മുഹമ്മദ് കുട്ടി മകന്‍ ഡോക്ടര്‍ എന്‍.എം. മുഹമ്മദ് അലി ബഹുമാനപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ മുമ്പാകെ സമര്‍പ്പിക്കുന്ന സമ്മതപത്രം:
       എന്റെ മരണാനന്തരം എന്റെ ശരീരം   വിദ്യാര്‍ത്ഥികളുടെ പഠനത്തിലേയ്ക്ക് വിട്ടു തരുന്നതായി താഴെ പറയുന്ന സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.
ഒപ്പ്
മുഹമ്മദ്കുട്ടി മകന്‍ ഡോക്ടറ് എന്‍.എം മുഹമ്മദ് അലി

എന്റെ പിതാവിന്റെ/ ഭര്‍ത്താവിന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിലേയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് വിട്ടു കൊടുക്കാന്‍ പൂര്‍ണ്ണ സമ്മതമാണ്.
കെ.എം.റാബിയ (ഡോ.മുഹമ്മദലിയുടെ ഭാ‍ര്യ) ഒപ്പ്
എന്‍. എം. കമാല്‍ (ഡോ. മുഹമ്മദലിയുടെ മകന്‍) ഒപ്പ്
എന്‍.എം. ആശ (ഡോ. മുഹമ്മദലിയുടെ മകള്‍) ഒപ്പ്

സാക്ഷ്കള്‍
വേലായുധന് ആശാരി മകന്‍ രഘുനാഥന്‍ ആശാരി കാഞ്ഞിരമ്പാറ. ഒപ്പ്
കുമാരന്‍ മകന്‍ മധു കാഞ്ഞിരമ്പാറ. ഒപ്പ്
       

Friday, March 4, 2011

വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിയും പ്രസ്ഥാനവും

വി.എസ്. അച്യുതാനന്ദന്‍ താമസംവിനാ കേരളത്തിന്റെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനാകും. അതോടെ അദ്ദേഹം മറവിയുടെ പടുതയ്ക്കപ്പുറത്താകുകയും ചെയ്യും. അദ്ദേഹത്തെക്കുറിച്ചൊരു തുറന്ന വിലയിരുത്തലിനു സമയമായി. എനിക്ക് അതിനുള്ള യോഗ്യത എന്താണെന്ന് ചോദിച്ചേക്കാം. ഒരു വ്യാഴവട്ടക്കാലത്തോളം വി.എസുമായി അടുത്തിടപെടാനും അദ്ദേഹത്തിന്റെ മനോഘടന പഠിക്കാനും അവസരം കിട്ടിയ ഒരു മന:ശാസ്ത്രജ്ഞന്‍ എന്നതു തന്നെയാണെന്റെ യോഗ്യത. പാര്‍ട്ടി അച്ചടക്കലംഘനത്തിനുള്ള ശിക്ഷ എന്ന ഖഡ്ഗം തലയ്ക്കു  മുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട് എന്ന ധാരണയോടെയാണ് ഒരു പാര്‍ട്ടി അംഗമായ ഞാന്‍ ഇതെഴുതുന്നത്.
            വി.എസ്. ഒരു വ്യക്തിയാണ്; ഒപ്പം ഒരു പ്രസ്ഥാനവുമാണിന്ന്. വി.എസ്. എന്ന വ്യക്തിയെക്കുറിച്ച് ആദ്യം എഴുതട്ടെ. ഞാന്വി.എസിനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഇരുപത്തെട്ട് കൊല്ലം മുമ്പാണ്. അന്നദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സംസ്ഥാനക്കമ്മിറ്റി ചേരാനായി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഒരു സംസ്ഥാനക്കമ്മിറ്റി അംഗം എന്നോട് സ്വകാര്യമായി പറഞ്ഞു: ഡോക്ടര്‍പാര്‍ട്ടി സെക്രട്ടറി വി.എസിനെ ഒന്ന് കാണണം. എന്തിന്?” “ഒന്ന് കാണുന്നത് നല്ലതാണ്.
            സമ്മേളനത്തിനു മുമ്പ് ചേര്‍ന്ന ഫ്രാക്ഷന്യോഗത്തിന്റെ സന്ദര്‍ഭത്തില്‍ കേട്ടതും സുഹൃത്ത് പറഞ്ഞതും ഞാന്‍കൂട്ടിവായിചു. ഗസറ്റഡ് സംഘടനയുടെ  ജനറല്‍സെക്രട്ടറി ആയിരുന്ന സോമനാഥന്‍ പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ ഒഴിവിലേയ്ക്ക് വി.എസിന്റെ നോമിനി ഡോ. രാജഗോപാല് (ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍) ആണെന്നായിരുന്നു ഞാന്‍കേട്ടത്. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല. കാരണം ഒരു സംഘടനയുടെ ജനറല്‍ സെക്രട്ടറി ആരാകണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നും ഞാന്‍ ധരിച്ചു. ജനറല്‍ സെക്രട്ടറി ആയില്ലെങ്കിലും നിലവിലുള്ള  സ്ഥാനത്ത് (മൂന്നു സെക്രട്ടറിമാരില്‍ ഒരാള്‍) തുടരാന്‍ അനുവദിക്കുമെന്ന്  എനിക്കുറപ്പുണ്ടായിരുന്നു. അതിനു മുകളിലേക്ക് പോകണമെന്ന് മനോരോഗ ചികിത്സാരംഗത്ത് സജീവമായി നിന്നിരുന്ന ഒരു സൈക്യാട്രിസ്റ്റായ എനിക്ക് താല്പര്യവുമില്ലായിരുന്നു.  
       ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഫ്രാക്ഷന്റെ ചുമതല പാര്‍ട്ടി സെക്രട്ടരിയറ്റ് മെമ്പറായിരുന്ന പുത്തലത്ത് നാരായണനായിരുന്നു. ഫ്രാക്ഷന്‍ യോഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം അടുത്ത കൊല്ലത്തേക്കുള്ള ഭാരവാഹികള്‍ എന്ന വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ഒരാള്‍ ഡോ. രാജഗോപാലിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞു. അത് ശ്രദ്ധിക്കാതെ പുത്തലത്ത് എന്റെ പേര്‍ നിര്‍ദ്ദേശിക്കുകയും ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇല്ല എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. അന്ന് വി.എസ്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കിലും വര്‍ഗ്ഗ ബഹുജനസംഘടനകളുടെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത് പുത്തലത്ത് നാരായണനും എം.വി.രാഘവനും ആയിരുന്നു. അതുകൊണ്ടാണ് സാക്ഷാല്‍ പാര്‍ട്ടി സെക്രട്ടറിയായ വി.എസിന്റെ നോമിനി പുറംതള്ളപ്പെട്ടു പോയത്.
       സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ഞാന്‍ വി.എസിനെ കണ്ടില്ല. യാതൊരാവശ്യവുമില്ലാതെ പാര്‍ട്ടി സെക്രട്ടറിയെ “മുഖം കാണിക്കല്‍” ചടങ്ങ് നടത്താനായി മാത്രം വി.എസിനെ കാണേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി.
       രണ്ടു മാസങ്ങള്‍ക്കു ശേഷം എനിക്ക് പാര്‍ട്ടികേന്ദത്തില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. പാര്‍ട്ടിയുമായി അടുപ്പമുള്ള ഡോക്ടര്‍മാരുടെ ഒരു യോഗം സഖാവ് വി.എസ്. വിളിച്ചിട്ടുണ്ട്. ഞാന്‍ അതില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇക്കാര്യം ഞാന്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സഹപ്രവര്‍ത്തകരില്‍ ഒരാളോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഉപദേശിച്ചതിങ്ങനെയാണ്: “ഡോക്ടര്‍മാരുടെ ഒരു പുതിയ സംഘടന രൂപീകരിച്ച് അതിന്റെ ഫ്രാക്ഷന്റെ ചുമതലക്കാരനാകാനുള്ള ഒരുക്കത്തിലാണ് വി.എസ്. നമ്മുടെ സംഘടനയുടെ ഫ്രാക്ഷന്റെ ചുമതലയുള്ള പുത്തലത്തിനോട് ചോദിച്ചതിനുശേഷം വി.എസ്. വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്താല്‍ മതി.“ പുത്തലത്തിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ: “യോഗത്തില്‍ പങ്കെടുത്തുകൊള്ളൂ. പുതിയ സംഘടന രൂപീകരിക്കാനുള്ള ചുമതലയൊന്നും ഡോക്ടര്‍ ഏറ്റെടുക്കരുത്. ഏറ്റെടുത്താല്‍ ഗസറ്റഡ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.”
       ഞാന്‍ വി.എസ്. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. അന്നാണ് കഥാനായകനെ അടുത്ത് കാണുന്നതും പരിചയപ്പെടുന്നതും. പതിനഞ്ച് ഡോക്ടര്‍മാരായിരുന്നു ആ അനൌപചാരിക യോഗത്തില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരായ പി.കെ.ആര്‍. വാര്യര്‍, ബി.ഇക്ബാല്‍, രാജഗോപാല്‍ എന്നിവരെ മാത്രമെ എനിക്ക് നേരിട്ട് അറിയാമായിരുന്നുള്ളു. മറ്റുള്ളവരെല്ലാം ജൂനിയര്‍മാരായിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. ഞാന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ വി.എസ്. ഒന്ന് ഇരുത്തി മൂളി. ഇരുത്തി മൂളല്‍ ഇഷ്ടക്കേടിന്റെ ശരീരഭാഷയാണ്.
       ഞാന്‍ പ്രതീക്ഷിച്ചിരുന്നതു പോലെ ഐ.എം.എയ്ക്ക് ബദലായി ഇടതുപക്ഷ ഡോക്ടറ്മാരുടെ ഒരു സംഘടന രൂപവത്കരിക്കണം എന്നായിരുന്നു വി.എസിന്റെ നിര്‍ദ്ദേശം. അത് വളരെ ആവശ്യമാണെന്ന് പറഞ്ഞ് ഡോ. വാര്യരും ഇക്ബാലും രാജഗോപാലും വി.എസിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങി. മൌനം പാലിച്ച എന്നോട് അഭിപ്രായം തുറന്നു പറയാന്‍ വി.എസ്. പറഞ്ഞു. ഐ.എം.എ.യ്ക്ക് വലിയ സ്വാധീനമാണ് ഡോക്ടര്‍മാര്‍ക്കിടയിലുള്ളത്. പുതിയ സംഘടന രൂപവത്കരിച്ചാല്‍ വിരലിലെണ്ണാന്‍ പറ്റുന്നത്ര ഡോക്ടര്‍മാരെ മാത്രമെ കിട്ടുകയുള്ളു. അതുകൊണ്ട് ഈ ആശയം ഉപേക്ഷിച്ച് പാര്‍ട്ടി അനുഭാവികളായ ഡോക്ടര്‍മാര്‍ ഐ.എം.എ.യില്‍ സജീവമായി പങ്കെടുത്ത് അതിന്റെ നയപരിപടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരിക്കും നല്ലതെന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി അക്കാര്യമെല്ലാം പരിശോധിച്ചിട്ടാണ് പുതിയ സംഘടന ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും അതുകൊണ്ട് ഇവിടെ വന്ന ഡോക്ടര്‍മാരെല്ലാം പുതിയ സംഘടന ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും വി.എസ്. പറഞ്ഞു. എന്റെ അഭ്യര്‍ഥന ഇങ്ങനെ ആയിരുന്നു: “ഞാന്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്; അതുകൊണ്ട് എന്നെ പുതിയ സംഘടന ഉണ്ടാക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിവാക്കിത്തരണം.“ എടുത്തടിച്ചതുപോലെ വി.എസ്. പറഞ്ഞു: “പാര്‍ട്ടി മെമ്പര്‍മാര്‍ എവിടെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും.”
       ഗസറ്റഡ് സംഘടനയുടെ ഫ്രാക്ഷനില്‍ ഞാന്‍ ഇക്കാര്യം ഉന്നയിച്ചു. ഞാന്‍ ഗസറ്റഡ് സംഘടനയില്‍ത്തന്നെ പ്രവര്‍ത്തിക്കാനായിരുന്നു അവിടത്തെ തീരുമാനം. ഐ.എം.എ,യ്ക്ക് ബദലായി ഡി.എം.എ. (ഡെമോക്രാറ്റിക്ക് മെഡിക്കല്‍ അസോസിയേഷന്‍) രൂപവത്കരിച്ചു. വിസമ്മതം പ്രകടിപ്പിച്ചിട്ടും എന്നെ അതിന്റെ സംസ്ഥാനക്കമ്മിറ്റി അംഗമാക്കി. ഗസറ്റ്ഡ് സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ ഡോക്ടര്‍മാരെ പുതിയ സംഘടനയില്‍ ചേര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. “പാര്‍ട്ടി ഫ്രാക്ഷന്‍“ എന്ന കവച കുണ്ഡലങ്ങളോടെ വി.എസ്. പടച്ചുവിട്ട ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷന്‍ ഒരുകൊല്ലം തികയുന്നതിനു മുമ്പ് ഊര്‍ദ്ധ്വന്‍ വലിച്ചു. ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തത് ഞാനും ഇക്ബാലും രാജഗോപാലും വാര്യര്‍സാറും ഉള്‍പ്പെടെ ഒമ്പത് പേര്‍! ഞാനാണ് അതിന്റെ കഥ കഴിച്ചതെന്ന് ഡോ. രാജഗോപാല്‍ വി.എസിന്റെ ചെവിയില്‍ മന്ത്രിച്ചത് വി.എസ്. അതേപടി വിശ്വസിച്ചു. എന്നെ കണ്ടപ്പോള്‍ വി.എസ്. ചോദിച്ചത് ഇങ്ങനെ: “നല്ലൊരു സംഘടനയുടെ കഥ കഴിച്ചു, അല്ലേ? ശരി.” ഞാന്‍ വിശദീകരിക്കാന്‍ തുനിഞ്ഞില്ല.
       പെട്ടെന്നാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞത്. എം.വി.രാഘവന്റെ “മുസ്ലിം ലീഗ് സഖ്യം“ എന്ന തീസിസിന് തീ പിടിച്ചു. പലരും അഗ്നിക്കിരയായി. ഇടിവെട്ടു കൊണ്ടവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ പുത്തലത്തിന്റെ പേരില്‍ പാര്‍ട്ടി ഫ്ണ്ട് വെട്ടിപ്പും എം.വി, രാഘവന്റെ മേല്‍ അവിഹിതബന്ധവും ആരോപിക്കപ്പെട്ടു. അവര്‍ രണ്ടു പേരും പുറത്താക്കപ്പെട്ടതിനുശേഷമാണ് വി.എസ്. യഥാര്‍ത്ഥ പയറ്റ് തുടങ്ങിയത്. മുസ്ലിം ലീഗിനെ കൊടില്‍ കൊണ്ട് പോലും തൊടില്ലെന്ന മുദ്രാവാക്യമായിരുന്നു വി.എസിന്റെ അന്നത്തെ ഉടവാള്‍. അങ്ങനെ മുസ്ലിം ലീഗിനെ കൂട്ടാതെ തന്നെ എണ്‍പത്തേഴിലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടി. നായനാര്‍ മുഖ്യമന്ത്രി ആയെങ്കിലും വി.എസിന്റെ കൈയിലായിരുന്നു ഭരണചക്രം. ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന എനിക്ക് വി.എസ്. അധികാരഖഡ്ഗം പ്രയോഗിക്കുന്നത് അടുത്ത് നിന്ന് കാണാന്‍ അവസരം ലഭിച്ചു. പാര്‍ട്ടിയുടെ മന്ത്രിമാരില്‍ ഗൌരിയമ്മയൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം പാര്‍ട്ടികേന്ദ്രത്തിലിരുന്ന് ഫോണില്‍ വിളിച്ച് വി.എസ്. ഉത്തരവുകള്‍ നല്‍കും. ഉത്തരവ് നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്താനായി വി.എസ്. പറയും: “വയ്യിട്ട് മന്ത്രിമാരുടെ ഫ്രാക്ഷന്‍ യോഗത്തിന്‍ വരുമ്പം ഓര്‍ഡ്രറിന്റെ ഒരു കാപ്പി കൈയ്യില്‍ വെച്ചേക്ക്.”
       ഏത് മന്ത്രിയെക്കണ്ട് എന്ത് കാര്യം പറഞ്ഞാലും “വി.എസിനോട് പറയൂ” എന്ന് തിരിച്ചു പറയും. അതുകൊണ്ട് നിവേദനങ്ങളെല്ലാം വി. എസിന്റെ കൈയിലാണ് ഏല്പിക്കാറ്. വി.എസ്. അറിയാതെ ഗവണ്മെന്റ് തലത്തില്‍ ഒരില പോലും അനങ്ങുകയില്ല  എന്ന സ്ഥിതി ആയിരുന്നു അന്ന്. സര്‍വ്വീസ് സംഘടനാ നേതാക്കള്‍ വി.എസ്. പറയുന്നതിനനുസരിച്ചേ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കാറുള്ളു. എല്ലാ കാര്യങ്ങളും ഫ്രാക്ഷനില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക എന്ന് രീതിയാണ് ഞാ‍ന്‍ സ്വീകരിച്ചത്. അതുകൊണ്ട് എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് എന്നെ പുറത്താക്കി ഡോ. രാജഗോപാലിനെ ഗസറ്റഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ വി.എസിനു കഴിഞ്ഞില്ല.
       ഒരു ദിവസം രാവിലെ എ.കെ.ജി.സെന്ററില്‍ നിന്നും എനിക്ക് വി.എസിന്റെ വിളി വന്നു.  “ഒരു കാര്യം പറയാനുണ്ട്. വേഗം എത്തണം.” എന്തോ അബദ്ധം എനിക്ക് പിണഞ്ഞുവെന്നും അതിന്റെ പേരില്‍ എന്നെ വെട്ടിനിരത്താനാണ് വിളിച്ചതെന്നും എനിക്കു തോന്നി. പെന്‍ഷനാകുമ്പോള്‍ സൈക്യാട്രി പ്രാക്റ്റീസിലും എഴുത്തിലും മുഴുകണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് എന്തെങ്കിലും “പുനരധിവാസസ്ഥാനം” കിട്ടണമെന്ന് മോഹം ഇല്ലായിരുന്നു. അതു കൊണ്ട് എനിക്ക് ഭയമൊന്നും തോന്നിയില്ല.  
       ഞാന്‍ കാണുമ്പോള്‍ വി.എസിന്റെ മുഖം കനലായിരുന്നു. എന്നെക്കണ്ടപ്പോള്‍ അത് ജ്വാലയായി. “....വകുപ്പിലെ സ്പെഷ്യല്‍ റൂള്‍ ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറി സംഘടനകളുടെ യോഗം വിളിച്ചിട്ട് എന്തുകൊണ്ട് പാര്‍ട്ടിയെ അറിയിച്ചില്ല?” ചോദ്യം കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. എന്റെ തല വെട്ടാന്‍ പറ്റുന്ന കേസൊന്നുമല്ല.  ഗവണ്മെന്റിന്റെ കീഴില്‍ ചെറുതും വലുതുമായി എഴുപതിലധികം വകുപ്പുകളുണ്ട്. ഓരോ വകുപ്പിലെയും ജീവനക്കാരുടെ നിയമനം, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഓരോ വകുപ്പിലെയും വിശേഷാല്‍ ചട്ടങ്ങളുടെ (special rules) അടിസ്ഥാനത്തിലാണ്. ചില വകുപ്പുകള്‍ക്ക് ചട്ടങ്ങള്‍ കാണുകയില്ല. അത്തരം വകുപ്പുകളില്‍ പൊതുചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും. ചട്ടങ്ങളില്ലാത്ത വകുപ്പുകളില്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കണം. വകുപ്പ് സെക്രട്ടറി ചട്ടങ്ങളുടെ കരട് തയ്യാറാക്കി സര്‍വ്വീസ് സംഘടനാ പ്രതിനികളുമായി ചര്‍ച്ച ചെയ്തതിനുശേഷം നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റിക്കയക്കുന്നു. അവര്‍ അംഗീകരിച്ചാല്‍ വിശേഷാല്‍ ചട്ടം നിലവില്‍ വരും. ഏതെങ്കിലും വകുപ്പില്‍ വിശേഷാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കാനായി വകുപ്പ് സെക്രട്ടറി യോഗം വിളിച്ചാലുടനെ വകുപ്പിലെ ജീവനക്കാരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതിനു ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ സെക്രട്ടറി വിളിച്ചു കൂട്ടുന്ന യോഗത്തില്‍ പോകാറ്. ജീവനക്കാരുടെ പ്രതിനിധികളുടെ യോഗത്തില്‍ തര്‍ക്കം ഉണ്ടായാല്‍ ഫ്രാക്ഷന്‍ യോഗം വിളിച് പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതിനുശേഷമാണ് ചര്‍ച്ചയ്ക്ക് പോകുക.
       വി.എസ്. ചോദിച്ച വകുപ്പിലെ ജീവനക്കാരുടെ പ്രതിനിധികളുടെ യോഗത്തില്‍ ഒരു തര്‍ക്കവുമില്ലായിരുന്നു. അതുകൊണ്ട് ഫ്രാക്ഷന്‍ ചേരേണ്ട ആവശ്യമില്ലായിരുന്നു. ഇക്കാര്യം ഞാന്‍ വി.എസിനോട് പറഞ്ഞു. വി.എസ്. ആ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുടെ പേര്‍ പറഞ്ഞിട്ട് ആഞ്ജാസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: “ഇവരെ ഇത്രയും കാലം വകുപ്പ് മേധാവി അവഗണിക്കുകയായിരുന്നു. ഇവര്‍ക്ക് ജോയിന്റ് ഡയറക്റ്ററായി പ്രൊമോഷന്‍ കിട്ടേണ്ടതാണ്. ഇപ്പോളിവര്‍ വെറും അസിസ്റ്റന്റ് ഡയറക്ടറാണ്. ഇവര്‍ക്ക് പ്രൊമോഷന്‍ കിട്ടത്തക്ക രീതിയില്‍ വേണം പുതിയ ചട്ടം ഉണ്ടാക്കാന്‍. ഗസറ്റഡ് സഘടനയുടെ അഭിപ്രായം അങ്ങനെ പറയണം സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍.”
       ഞാന്‍ അല്പനേരം ആലോചിച്ചതിനു ശേഷം രണ്ടും കല്പിച്ച് ഇങ്ങനെ പറഞ്ഞു: “സഖാവ് പറഞ്ഞ രീതിയില്‍ അഭിപ്രായം പറയാന്‍ ഫ്രാക്ഷന്‍ ചേര്‍ന്ന് തീരുമാനിക്കണം.” ജ്വലിച്ചു നിന്നിരുന്ന വി.എസിന്റെ മുഖം ആളാന്‍ തുടങ്ങി. ആ ജ്വാല എന്റെ മുഖത്തേക്കടിച്ചു. “ഒരു സംഘടാ നേതാവും എന്നോടിതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല.”
ഞാന്‍ പ്രതികരിച്ചില്ല. വി.എസ്. അല്പനേരം മൌനമായിരുന്നിട്ട് പറഞ്ഞു: “പാര്‍ട്ടി പറയുന്നത് അനുസരിക്കാത്ത സംഘടനാനേതാക്കന്മാരെ ആ സ്ഥാനത്തു നിന്ന് മാറ്റേണ്ടി വരും.” ധൈര്യം വിടാതെ ഞാന്‍ പറഞ്ഞു: “ഞാന്‍ എന്നും പാര്‍ട്ടിയെ അനുസരിക്കും. ഫ്രാക്ഷന്റെ തീരുമാനം അനുസരിച്ചേ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളു. ഇക്കാര്യത്തിലും ഫ്രാക്ഷന്‍ തീരുമാനിക്കുന്നത് പോലെ ചെയ്യാം സഖാവെ.” എന്നെ രൂക്ഷമായി നോക്കിയതിനുശേഷം വി.എസ്. ക്ഷീണസ്വരത്തില്‍ പറഞ്ഞു: “ഡോക്ടര്‍ പൊക്കോളൂ.” ഞാന്‍ കൂസലില്ലാതെ ചോദിച്ചു: “ഫ്രാക്ഷന്‍ വിളിക്കണ്ടേ സഖാവേ?” വി. എസ്. ഒന്ന് മുരണ്ടു. എന്നിട്ട് എന്നെ ആട്ടിയകറ്റുന്നത് പോലെ പറഞ്ഞു: “വേണ്ട.”
       വി.എസ്. പറഞ്ഞ വനിതാ ഓഫീസര്‍ അന്തരിച്ച ഒരു പാര്‍ട്ടി നേതാവിന്റെ മകളാണെന്ന കാര്യം എനിക്കറിയാമായിരുന്നു. അവര്‍ ഒന്നാമത്തെ തസ്ഥികയില്‍ നിന്ന് രണ്ടാമത്തേതിലേക്ക് കയറ്റം കിട്ടാനുള്ള വിദ്യാഭ്യാസ യോഗ്യത നേടാന്‍ വൈകിയതായിരുന്നു പ്രൊമോഷന്‍ കിട്ടാന്‍ താമസിച്ചതിനു കാരണം. അതിനിടയില്‍ അവര്‍ക്കു ശേഷം സേവനത്തില്‍ വന്നവര്‍ വിദ്യാഭ്യാസ യോഗ്യത നേടുകയും അവര്‍ക്കു മുമ്പേ കയറ്റം നേടുകയും ചെയ്തിരുന്നു. അതാണ് പൊതു ചട്ടങ്ങളും എല്ലാ വകുപ്പുകളിലെയും വിശേഷാല്‍ ചട്ടങ്ങളും പറയുന്നത്. അതിനു വിരുദ്ധമായി നിലപാടെടുക്കാന്‍ ഒരു സംഘടനയ്ക്കും സാധ്യമല്ല. അസിസ്റ്റന്റ് ഡയറക്റ്റര്‍ തസ്തികയില്‍ അവരേക്കാള്‍ സീനിയറായവരെ മറികടന്ന് അവര്‍ക്ക് പ്രൊമോഷന്‍ കിട്ടത്തക്ക വിധത്തില്‍ ചട്ടമുണ്ടാക്കണമെന്ന് ഗസറ്റ്ഡ് സംഘടന അഭിപ്രായം പറയണമെന്നായിരുന്നു വി.എസിന്റെ ആജ്ഞ. ഈ ആജ്ഞയാണ് ഞാന്‍ ലംഘിച്ചത്. പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വി.എസ്.
       വി.എസ്. അന്ന് പറഞ്ഞ വനിതാ ഓഫീസറെ ഇയ്യിടെ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായി നിയമിച്ചു.
       നാലു കൊല്ലം (1987-91) ഷാഡോ മുഖ്യമന്ത്രിയായി പിന്‍സീറ്റിലിരുന്ന് ഭരണം നടത്തിയ വി.എസിന് മുന്‍സീറ്റിലിരുന്ന് ഭരിക്കണമെന്ന് ആഗ്രഹം തോന്നിയതില്‍ കുറ്റമൊന്നുമില്ല. അഞ്ചു കൊല്ലം തികഞ്ഞിട്ട് തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ കേരളത്തിന്റെയും പാര്‍ട്ടിയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. തൊണ്ണൂറ്റി ആറിലെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടുമെന്നും വി.എസ്. മാരാരിക്കുളത്ത് നിന്നും വീണ്ടും ജയിച്ചുവന്ന് മുഖ്യമന്ത്രി ആകുമെന്നും ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. വി.എസ്. മുഖ്യമന്ത്രി ആയാല്‍ എന്നെ വെട്ടി നിരത്താന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുമെന്നും എനിക്കറിയാമായിരുന്നു. എം.ബി.ബി.എസ്. ഡിഗ്രിയും സൈക്യാട്രിയില്‍ ബിരുദാനന്തര ഡിപ്ലോമയും ഉള്ള ഒരു മെന്റല്‍ സ്പെഷ്യലിസ്റ്റായ എനിക്ക് എന്റെ തൊഴില്‍ കൊണ്ട് ജീവിക്കാമെന്നുറപ്പുള്ളതുകൊണ്ട് ഒട്ടും ഭയമോ ആശങ്കയോ തോന്നിയില്ല. തിരഞ്ഞെടുപ്പുഷ്ണം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ ഡോ. രാജഗോപാല്‍ എന്നെ ഫോണില്‍ വിളിച്ചു. “നമ്മള്‍ കുറച്ച് സാമ്പത്തിക സഹായം ചെയ്യണമെന്നാണ് വി.എസ്. പറഞ്ഞത്.”
“നമ്മളെന്ന് പറഞ്ഞാല്‍?”
“ഞാനും ഡോക്ടറും ഇക്ബാലും വാര്യര്‍സാറും ചേര്‍ന്ന്.”
“എത്ര വേണമെന്നാണ് വി.എസ്. പറഞ്ഞത്?”
“തുക പറഞ്ഞില്ല. നമ്മള് നാല് പേരും ചേര്‍ന്ന് അഞ്ചെങ്കിലും കൊടുക്കണമെന്നാണ് ഇക്ബാലും വാര്യര്‍സാറും പറഞ്ഞത്.”
       ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി നോക്കി. ഒരാള്‍ ഒന്നേകാല്‍ ലക്ഷം രൂപ വീതം എടുക്കണം! പതിനായിരം പോലും തികച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇനി കൈയില്‍ പണമുണ്ടെങ്കില്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് സംഭാവന കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പുമില്ലായിരുന്നു. അത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല. പാര്‍ട്ടി അത്തരം സംഭാവനകള്‍ക്ക് വിലക്ക് കല്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഡോ. രാജഗോപാലിനോട് ചോദിച്ചു: “വി.എസ്. പണം വേണമെന്ന് പറഞ്ഞോ?“ രാജഗോപാ‍ല്‍ ക്ഷുഭിതനായി: “ഡോക്ടറെ വി.എസ്. നേരിട്ട് വിളിക്കും. എന്നിട്ട് പണം തന്നാല്‍ മതി.” വി.എസ്. നേരിട്ട് വിളിച്ചാലും പണം കൊടുക്കുകയില്ലെന്ന് ഞാന്‍ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു. അന്നു രാത്രി പതിനൊന്നേമുക്കാലിന് എനിക്ക് വി.എസിന്റെ എസ്.റ്റി.ഡി. കാള്‍ വന്നു. പതിവില്ലാത്ത വിധം മസൃണമായിരുന്നു സ്വരം: “ഡാക്ടര്‍ക്ക് ഉറങ്ങാന്‍ സമയമായോ?” “ഇല്ല സഖാവെ.” “ഡാക്ടര്‍ രാജഗോപാല്‍ ഒരു കാര്യം പറഞ്ഞല്ലൊ. അത് ഞാന്‍ പറഞ്ഞിട്ട് തന്നെയാ...” ഞാന്‍ നിസ്സംഗതയോടെ പറഞ്ഞു. “ശരി സഖാവെ.” എന്റെ നിസ്സംഗത മനസ്സിലാക്കിയതുകൊണ്ടായിരിക്കണം വി.എസ്. പിന്നെ ഒന്നും പറയാതെ ഫോണ്‍ സംഭാഷണം നിറുത്തി. പിറ്റെ ദിവസം രാവിലെ ഡോ. രാജഗോപാല്‍ വിളിച്ചപ്പോള്‍ ഞാന്‍ തുറന്നടിച്ച് പറഞ്ഞു: “ഇത് പാര്‍ട്ടിയുടെ രീതിയല്ല. എന്നെ ഇതില്‍ നിന്നൊഴിവാക്കണം.” അത് കേട്ട ഡോ. രാജഗോപാല്‍ പെട്ടെന്ന് ഫോണ്‍ സംഭാഷണം നിറുത്തി.
       രണ്ടുമൂന്നു ദിവസത്തിനു ശേഷം മുവര്‍ സംഘം മാരാരിക്കുളത്തെത്തി വി.എസിന് തുക കൊടുത്തതായി ഞാനറിഞ്ഞു. വി.എസ്. മാരാരിക്കുളത്ത് തോറ്റെങ്കിലും മൂവര്‍ സംഘത്തിലെ മൂന്നു പേര്‍ക്കും ഗുണമുണ്ടായി. ഒരാള്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായി. മറ്റൊരാള്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി. മൂന്നാമത്തെ ആളിന്റെ ജാമാതാവിനാണ് ഗുണമുണ്ടായത്.
       രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തില്‍ ഞാന്‍ പെന്‍ഷനായി. പതിനാറു കൊല്ലം ഗസറ്റഡ് സംഘടയെ നയിച്ചതിനു പതിന്നാലു ജില്ലകളിലും സ്നേഹോഷ്മളമായ യാത്ര അയപ്പുകള്‍ നല്‍കി. യാത്രയയപ്പ് ഒരു മാസക്കാലത്തോളം നീണ്ടു നിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ സഖാവ് എന്നെ പാര്‍ട്ടി കേന്ദ്രത്തിലേക്ക് വിളിച്ചു. വളരെ നേരം മൌനമായിരുന്നിട്ട് പറഞ്ഞു: “ഡോക്ടറെ നല്ലൊരു സ്ഥാനത്തെത്തിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞാനത് സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചു.” പിന്നെയും കുറച്ചു നേരം മൌനം. ചടയന്‍ സഖാവ് തുടര്‍ന്നു: “ഡോ. രാജഗോപാലിനെ പി.എസ്.സി. അംഗമാക്കാനും ഡോക്ടറെ ആലപ്പുഴയിലെ കെ.എസ്.ഡി.പി.എല്‍. ന്റെ എം.ഡി. ആക്കാനുമാണ് തീരുമാനം. വി.എസ്. അതാണ് പറഞ്ഞത്. കെ.എസ്.ഡി.പി.എല്‍. ഒരു സിക്ക് ഇന്‍ഡ്സ്ട്രി ആണ്. എന്താ, ആ ചുമതല എടുക്കുന്നോ?” ഞാനത് ഏറ്റെടുക്കരുതെന്നായിരുന്നു  സഖാവ് ചടയന്‍വാക്കുകള്‍ക്കിടയിലൂടെ പറഞ്ഞത്. എങ്കിലും സംഭാഷണത്തിന്റെ  സ്വാഭാവികമായ അന്ത്യത്തിനു വേണ്ടി ഞാന്‍ പറഞ്ഞു: “എനിക്ക് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായി ജോലി കിട്ടി. അവിടെ തുടരനാണ്‍ എനിക്കിഷ്ടം.” ചടയന്‍ സഖാവ് ആശ്വാസത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഡോക്ടര്‍ക്ക് അതാണ് നല്ലത്.”
       ഒരു മാസത്തിനു ശേഷം ചണ്ഡീഗഢില്‍ നടന്ന സൈക്യാട്രി നാഷണല്‍ കോണ്‍ഫറന്സില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ ചടയന്‍ സഖാവിന്റെ മരണവാര്‍ത്ത അറിഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഈ വരികളെഴുതിയപ്പോഴും എന്റെ കണ്ണുകള്‍ ഈറനായി.
       വി.എസ്. എന്ന വ്യക്തിയെക്കുറിച്ച് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റി ഒരിക്കല്‍ വിലയിരുത്തിയതിങ്ങനെ: “വൈരനിര്യാതനം കലയാക്കി മാറ്റിയ ആള്‍..... പാര്‍ട്ടിക്കു പകരം പാര്‍ട്ടി സെക്രട്ടറി എന്നാക്കി മാറ്റി....”
       ഇനി വി.എസ്. എന്ന പ്രസ്ഥാനത്തെക്കുറിച്ച്. വി.എസ്. അച്യുതാനന്ദനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്താന്‍ തുടങ്ങിയത് പാര്‍ട്ടിയുടെ മലപ്പുറം സമ്മേളനം നടന്ന അവസരത്തിലായിരുന്നു. അതിന് ആരൊക്കെ ഉത്സാഹിച്ചു എന്ന് വിവരിക്കുന്നില്ല. അവര്‍ മുന്‍പില്‍ നിറുത്തിയത് മാര്‍ക്സിസത്തിന്റെയും ഫ്രോയിഡിസത്തിന്റെയും നെറ്റിപ്പട്ടങ്ങള്‍ ഒരുമിച്ചണിഞ്ഞ ഒരു ശുദ്ധാത്മാവിനെ ആയിരുന്നു. പാര്‍ട്ടിയെ ഇടതുവശത്തു നിന്ന് വെട്ടാനുള്ള ആയുധം എന്ന നിലയ്ക്കാണ് വി.എസിനെ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ തുടങ്ങിയത്. മലപ്പുറം സമ്മേളനത്തില്‍ വി.എസ്. ഫാന്‍സില്‍ ചിലരെങ്കിലും സംസ്ഥാനക്കമ്മിറ്റിയിലേക്ക് ജയിച്ചു കയറുമെന്നായിരുന്നു പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വി.എസ്. പക്ഷക്കാരുടെ പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിയതോടെ “പ്രതിപക്ഷ നേതാവ്“ എന്ന പ്രസ്ഥാനത്തെ വളര്‍ത്തുക എന്നതായി അജണ്ഡ. അത് വിജയിക്കുകയും ചെയ്തു. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. കാരണം അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തുറന്ന അധ്യായങ്ങളാണ്.
       വി.എസ്. എന്ന പ്രസ്ഥാനത്തിന്റെ മുഖമുദ്ര എന്താണ്? കാപട്യം തന്നെ. വിപ്ലവത്തിലെ കാപട്യം. സ്വന്തം പാര്‍ട്ടിയായ സി.പി.ഐ.(എം)നും കാലഹരണം വന്ന നക്സല്‍ പ്രസ്ഥാനത്തിനും നടുവില്‍ നിന്നുകൊണ്ട് സി.പി.ഐ.(എം)നെ വരുതിയിലാക്കി കേരളത്തിലെ മുഖ്യമന്ത്രി ആകുക എന്നത് മാത്രമായിരുന്നു വി.എസ്. എന്ന വ്യക്തിയുടെ ലക്ഷ്യം. പാര്‍ട്ടിയെ തകര്‍ക്കുക എന്നതായിരുന്നു വി.എസ്.പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇതില്‍ വ്യക്തിയുടെ ലക്ഷ്യം നിറവേറി. വി.എസ്.പ്രസ്ഥാനത്തിന്റെ സ്ഥാനം ചരിത്രത്തിനെ ചവറ്റുകുട്ടയിലും വി.എസ്. എന്ന വ്യക്തിയുടെ സ്ഥാനം ജനതയുടെ വിസ്മൃതിയിലുമായിരിക്കും.