Thursday, August 16, 2012

ടി.പി.വധം: തുരങ്കത്തിന്‍റെ മറ്റേ അറ്റത്തെ പ്രകാശം കണ്ടു തുടങ്ങി

ടി.പി. ചന്ദ്രശേകാരനെ കൊന്നവരുമായി സി.പി.എം.നെ ബന്ധപ്പെടുത്തുന്ന  ഒരു തെളിവും കുറ്റപത്രത്തില്‍ ഇല്ല! 
ടി.പി.ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിനു ശേഷം കേരളീയ സമൂഹത്തെ ഇരുട്ട് നിറഞ്ഞ ഒരു തുരംഗത്തിലൂടെ കൊണ്ട് പോകുകയായിരുന്നു മാര്‍ക്സിസ്റ്റ്‌ വിരോധികളായ പാര്‍ട്ടികളും മാധ്യമങ്ങളും. കൊല നടത്തിയത് ഒരു വാടക കൊലയാളി സംഘം ആണെന്നും ആരോ സ്വകാര്യമായ കാരണത്താല്‍ ചെയ്യിച്ചതാനെന്നും പോലീസിന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ലെന്നും അദ്ദേഹം പറഞ്ഞു!
കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കേരള ആഭ്യന്തര മന്ത്രി, കേരള മുഖ്യമന്ത്രി, കെ. പി. സി. സി. പ്രസിഡണ്ട്‌ എന്നിവര്‍ ചേര്‍ന്ന് പോലീസ് മേധാവി പറഞ്ഞത് തെറ്റാണെന്നും ടി. പി. യെ. കൊല്ലിച്ചത് സി.പി.എം. ആണെന്നും പ്രഖ്യാപിച്ചു. അതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിച്ചത് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ വാക്കുകളാണ്!! സി.പി.എം. വിരോധികളായ മാധ്യമങ്ങള്‍ അത് ഏറ്റ് പ്രചരിപ്പിച്ചു. തിരുവഞ്ചുരും, മുല്ലപ്പള്ളിയും തയ്യാറാക്കിയ തിരക്കഥ അനുസരിച്ചു പോലീസ് ആടാനും തുടങ്ങി. എഴുപതോളം പാര്‍ട്ടിക്കാരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലില്‍ അടച്ചു.
 പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോയവരെ കൊല്ലുന്നത് പാര്‍ട്ടിയുടെ നയമല്ല, ഈ നയത്തിന് വിരുദ്ധമായി ഏതെങ്കിലും പാര്‍ട്ടിക്കാര്‍ കൊലയില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികള്‍ ആയിട്ടുണ്ട് എങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കും എന്ന് പാര്‍ട്ടി ആവര്‍ത്തിചു പറഞ്ഞിട്ടും ടി.പി.യെ കൊല്ലിച്ചത് സി.പി.എം. തന്നെ എന്ന് ആവര്‍ത്തിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നു.
കുറ്റപത്രം കോടതിയില്‍ എത്തിയപ്പോള്‍ ടി.പി.യെ കൊല്ലിച്ചത് പാര്‍ട്ടി ആണെന്ന് തെളിഞ്ഞു കഴിഞ്ഞതായി ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പക്ഷെ ഒരു പത്രത്തിന് കുറ്റപത്രത്തിലെ കുറവു കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയ ദി ഹിന്ദു ദിനപത്രത്തില്‍  കുറ്റപത്രത്തെ കുറിച്ചുള്ള ആറു കോളം ശീര്‍ഷകവലിപ്പമുള്ള വാര്‍ത്തയുടെ ഹൃദയ ഭാഗത്ത് തിളങ്ങുന്ന സത്യം വായനക്കാരെ നോക്കി പുഞ്ചിരിക്കുന്നു. കൊലയാളികളുമായി സി.പി.എം.നെ ബന്ധിപ്പിക്കുന്ന ഒന്നും കുറ്റപത്രത്തില്‍ കാണുന്നില്ല. കൊലയാളികളുടെ തലവന് സി.പി.എം.കാര്‍ കൊടുത്തു എന്ന് പറയുന്ന പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ഒരു സൂചനയും കുറ്റപത്രത്തില്‍ ഇല്ല!!!
പ്രിയ. എ.എസ്. ആഗസ്റ്റ്‌ 19ന്റെ  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ "അപ്പക്കാര സാക്ഷി" എന്ന  കഥയില്‍ നിന്ന്ചില വരികള്‍ ഉദ്ധരിച്ച് ചേര്‍ത്ത് ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.
"പാര്‍ട്ടി നടത്തിയ കല്യാണത്തില്‍ നിന്ന് പാര്‍ട്ടി നടത്തിയ അടിയന്തിരത്തിലേക്കുള്ള ദൂരമായി ഈ ഞാനും എന്‍റെ പതിനഞ്ചു പിറന്നാളുകളും.
....
അന്ന് അഛനെ മണ്‍മറയത്താക്കുന്നേരം അമ്മയ്ക്ക് ബോധം മറഞ്ഞു.ജീവിതവും എന്‍റെ നാടകവും ഞങ്ങള്‍ കണ്ട സിനിമകളും എല്ലാം ചേര്‍ത്ത് അമ്മ എന്‍റെ മടിയില്‍ കിടന്നു എന്തെല്ലാമോ പുലമ്പിക്കൊണ്ടേയിരുന്നു.
അമ്മയെ ചേര്‍ത്തു പിടിച്ച് അങ്ങനെ മരവിച്ചിരിക്കുമ്പോള്‍, എന്‍റെ സ്കൂളിലെ നാടകത്തിലെന്നപോലെ ഒരാള്‍ തന്നെ പലരായി അഭിനയിച്ചു എന്‍റെ മുന്നിലൂടെ കടന്നു പോകുന്നത് കാണാമായിരുന്നു എനിക്ക്.....
.....
ഇല്ലാതായ അഛനെ, കുളിപ്പിച്ചു കുളിപ്പിച്ചു ഒന്നുകൂടി ഇല്ലാതാക്കും എല്ലാവരും കൂടി എന്ന ബോധത്തോടെ, ഉള്ളിലൊരു ഈറന്‍ ചിരിയോടെ ഞാനിരുന്നു.
.....
പക്ഷേ, സാഹിത്യകാരന്മാരും കൂടി പങ്കെടുക്കും കുളിപ്പിച്ചച്ഛനെ ഇല്ലാതാക്കലില്‍  എന്ന് ഞാന്‍ കരുതിയതേയില്ല.ചാനലുകളെയും പത്രങ്ങളെയും പോലെ തന്നെ ഒന്നും ചെയ്യാനില്ലാതിരിക്കുവായിരുന്നു അവരും എന്ന് തോന്നുന്നു. തുണ്ടുകളുടെ എണ്ണം, അതാണ്‌ പ്രശനം ആയത്. അച്ഛനെ മലയാള അക്ഷരമാല എന്ന പോലെ മലയാള സാഹിത്യം ഏറ്റെടുത്തു.
ഒന്നാമത്തെ ആഴ്ച മൂന്ന് കവിത വന്നു, പല പ്രസിദ്ധീകരണങ്ങളിലായി.
രണ്ടാമത്തെ ആഴ്ച, മൊത്തം ആറു കവിതകളും മൂന്നു മിനിക്കഥകളും നാല് ചെറുകഥകളും കോടി പിടിച്ചു.
മൂന്നാമത്തെ ആഴ്ച പ്രതികരിക്കാതിരിക്കുന്നവരെക്കുറിച്ചുള്ള പ്രതികരണപ്പടക്കങ്ങലായിരുന്നു.
നാലാമത്തെ ആഴ്ച, അച്ഛന്‍റെ മരണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നവരെ കുറിച്ചുള്ള സോദ്ദേശ നാടകം.
പിന്നെ എന്നെ കുറിച്ച്, അമ്മയെ കുറിച്ച്, അപ്പൂപ്പനെ കുറിച്ച്, അമ്മയുടെ സഹോദരരിയെ കുറിച്ച്, ഞങ്ങളുടെ പൂച്ചയെ കുറിച്ച്, ഞങ്ങളുടെ വീടിന്‍റെ മുകളിലൂടെ പറക്കാറുള്ള കാക്കകളെ കുറിച്ച് ഒക്കെ സാഹിത്യം പെറ്റ് വീണു. അത് ളെള, ളെള എന്ന് കരഞ്ഞപ്പോള്‍ എടുത്ത്‌ തോളത്തിട്ടു താലോലിക്കാന്‍ പാര്‍ട്ടിക്കാരും സാഹിത്യകാരന്മാരും ഊഴം വെച്ച് കാത്തിരുന്നു.
.....
അച്ഛനെ കുറിച്ചു എഴുതാത്തവാന്‍ സാഹിത്യകാരനല്ല എന്ന സ്ഥിതി.സാഹിത്യ വൃത്തത്തില്‍ നിന്ന് പുറത്താക്കപ്പെട്ടാലോ എന്ന് പേടിച് എല്ലാവരും നീളത്തിലും ചതുരത്തിലും വട്ടത്തിലും എഴുത്തോടെഴുത്ത്....
.....
അമ്മയെ കാണാന്‍ മഹാ ശ്വേതാ ദേവി വന്നിരുന്നു...
(കഥാകാരി പ്രിയ എ.എസിനും കഥ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച കമല്‍ റാം സജീവിനും  ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!)

1 comment:

G P RAMACHANDRAN said...

correct analysis. keep it up. in solidarity