ടി.പി. വധക്കേസിനെ സംബന്ധിച്ചു പോലീസ്
മേധാവി ആദ്യം പറഞ്ഞു: “ആരോ സ്വകാര്യ ലാഭത്തിനു വേണ്ടി ചെയതതാണ്.” പിന്നൊരിക്കല്‍
പറഞ്ഞു: “കൊന്നവരെയും കൊല്ലിച്ചവരെയും പിടിക്കും.” കൊന്നവരെ പിടി കിട്ടി. ഏഴംഗ
വാടകക്കൊലയാളി സംഘമാണ്. “ഇനി കൊല്ലിച്ചവരെ പിടി കൂടണം” എന്നാണ് പോലീസ് മേധാവി
ഏറ്റവും ഒടുവില്‍ പറഞ്ഞത്. അതായത് വാടകക്കൊലയാളി സംഘത്തെ പിടിച്ചതിനു ശേഷം
പിടിച്ച് ജയിലില്‍ അടച്ച എഴുപതു സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും അല്ല
ടി.പി.യെ കൊല്ലിച്ചത് എന്നല്ലേ ഡി.ജി.പി.
പറഞ്ഞതിന്‍റെ സാരം? സാമാന്യബുദ്ധി (commonsense) അതാണ്
പറയുന്നത്.
കീചകവധന്യായത്തിന് പുതിയൊരു രൂപം
വന്നിരിക്കുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ
എന്നാണു പൌരാണിക രൂപം. പുതിയ രൂപം ഇങ്ങനെ: “കൊല്ലപ്പട്ടത്
ടി.പി. ചന്ദ്രശേഖരന്‍ എങ്കില്‍ കൊല്ലിച്ചത് സി.പി.എം. തന്നെ!”
സുനില്‍ പി. ഇളയിടം എന്ന മാര്‍ക്സിസ്റ്റ് താത്ത്വികന് ഒരു
സംശയവും ഇല്ല: കൊന്നത് സി.പി.എം. തന്നെ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 90:19 ലക്കത്തിലെ
“ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മികതയ്ക്കും” എന്ന ശീര്‍ഷകത്തിലുള്ള
ലേഖനത്തില്‍ അതാണ് അദ്ദേഹം ഉന്നതമായ താത്ത്വിക നിലവാരത്തില്‍ നിന്നുകൊണ്ട് പറഞ്ഞത്. ലേഖനം
തുടങ്ങുന്നത് ഇങ്ങനെ: “കേരളീയ സമൂഹത്തിന്‍റെ നീതിബോധത്തെയും രാഷ്ട്രീയ
മന:സാക്ഷിയെയും സ്തബ്ധമാക്കി, അങ്ങേയറ്റം ഹീനമായ നിലയില്‍, നടപ്പാക്കപ്പെട്ട
ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിനു മുന്നില്‍
വലിയ രണ്ടു വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.” ഹീനമായ കൊലപാതകം നടപ്പാക്കിയത് സി.പി.എം.
ആണെന്ന കാര്യത്തില്‍ ഇളയിടത്ത് അദ്ദേഹത്തിനു തെല്ലും സംശയം ഇല്ല!
എതിര്‍കക്ഷിയില്‍ നിന്ന് അച്ചാരം വാങ്ങി
സ്വന്തം കക്ഷിയെ കോടതിയെക്കൊണ്ട് ശിക്ഷിപ്പിച്ച വക്കീലിനെ പോലെയാണ് അദ്ദേഹം
സി.പി.എം.നു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ന്യായവാദം” നടത്തിയത്. താത്വികനായ
അദ്ദേഹം സംസ്കൃതത്തില്‍ നീട്ടി നീട്ടി പറഞ്ഞത് മലയാളത്തില്‍ ചുരുക്കിയാല്‍
സി.പി.എം.ന്‍റെ ഇപ്പോഴത്തെ അപാകങ്ങള്‍ ഇനി പറയുന്നവയാണ്: (1)
ജനാധിപധ്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ് സംഘടനാ തത്ത്വം അട്ടത്തു വെച്ച്
സ്റ്റാലിന്‍റെ രീതി (വിമതരെ കൊല്ലല്‍)
നടപ്പാക്കുന്നു. വിമതഅഭിപ്രായങ്ങള്‍ പറയുന്നവരെ വെട്ടി നിരത്തുന്നു. പ്രഭാത്
പട്നായിക്കിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടിയെ ഫ്യൂഡല്‍-സ്റ്റാലിനിസം
ബാധിച്ചിരിക്കുന്നു. (2) സി. പി. എം.ന്‍റെ ധാര്‍മിക അടിത്തറ തകര്‍ന്നിരിക്കുന്നു.
ഇടതുപക്ഷത്തിന്‍റെ ധാര്‍മികതയോട് ഇപ്പോള്‍
ലേഖകന് വലിയ മതിപ്പൊന്നുമില്ല. “ഇടതു പക്ഷത്തിന്‍റെ ധാര്‍മികാടിസ്ഥാനം എന്ന്
പറയുമ്പോള്‍ അതൊരു പരിഹാസ്യമായ ആശയമായി ഇപ്പോള്‍ അനുഭവപ്പെടാനിടയുണ്ട്. മാര്‍ക്സിസ്റ്റ്
വിരുദ്ധര്‍ക്ക് മാത്രമല്ല മാര്‍ക്സിസ്റ്റ്‌കാര്‍ക്കും അങ്ങനെ തോന്നും.” സി.പി.എം.
ചന്ദ്രശേഖരനെ കൊലപ്പടുത്തിയതാണ് ഈ വിശ്വാസ പ്രതിസന്ധിക്ക് കാരണം. മുന്‍പ് സി. പി. എം.
പല പ്രതിസന്ധികള്‍ നേരിടുകയും അതില്‍ നിന്നെല്ലാം കരകയറുകയും ചെയ്ത കാര്യം ലേഖകന്‍
തിരിച്ചറിയുന്നുണ്ട്. “എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകം ഇതില്‍ നിന്നെല്ലാം
വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷത്തിനു കേരളത്തില്‍ ജന്മം നല്‍കിയിട്ടുണ്ട്. സി. പി.
എം.ന്‍റെയും ഇടതുപക്ഷത്തിന്‍റെയും ധാര്‍മികമായ അടിത്തറയെ മുന്‍പൊരു സന്ദര്‍ഭത്തിലും
ഉണ്ടായിട്ടില്ലാത്ത വിധം അത് ദുര്‍ബ്ബലപ്പെടുത്തി.”
തനത് ഭാവം |
ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു
വഴിയേ ഉള്ളു. ഇളയിടം അത് ഉദാരതയോടെ ചൂണ്ടിക്കാനിക്കുന്നു: “വിശാലമായ നീതിബോധത്തില്‍
മാത്രം പ്രചോദിതരായ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും
രാഷ്ട്രീയബോധത്തിന്‍റെ ധാര്‍മിക അടിസ്ഥാനം വീണ്ടെടുത്തു നല്‍കുകയാണ്, ഉറച്ചതും കര്‍ക്കശവുമായ
നടപടികളിലൂടെ അവരുടെ വിശ്വാസപ്രതിസന്ധിയില്‍ നിന്നും അവരെയും പ്രസ്ഥാനത്തെയും കരകയറ്റുകയാണ്
ഒന്നാമതായി ചെയ്യേണ്ടത്. അല്ലാതെ പറയുന്നവര്‍ക്ക് തന്നെയും വേണ്ടത്ര
വിശ്വാസമില്ലാത്ത താര്‍ക്കിക യുക്തികളില്‍ അഭയം പ്രാപിക്കുകയല്ല.”
നേരെ ചൊവ്വേ പറയാം. പാര്‍ട്ടി ടി. പി. ചന്ദ്രശേഖരനെ അന്‍പത്തൊന്നു
വെട്ട് വെട്ടി കൊലപ്പെടുത്തി എന്ന് കുറ്റം
സമ്മതിക്കണം. ഇതിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍
ഏറ്റെടുക്കണം. എന്നിട്ട് പോലീസ് അറസ്റ്റ് ചെയ്തു ജയലില്‍ ആക്കിയ എല്ലാ പാര്‍ട്ടി
പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് ഉടനെ പുറത്താക്കണം. “പറയുന്നവര്‍ക്ക് തന്നെയും
വേണ്ടത്ര വിശ്വാസമില്ലാത്ത” വാക്കുകളെന്താണ്? “ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക്
പങ്കില്ല. പാര്‍ട്ടി വിട്ടു പോകുന്നവരെ കൊല്ലുന്നത് പാര്‍ട്ടിയുടെ നയമല്ല.
ആരെങ്കിലും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ
നടപടി എടുക്കും.”
ഇളയിടത്തിന്‍റെ വരികള്‍ വായിച്ചപ്പോള്‍
അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മ വന്നത്: നല്ല അരിയുടെ
ചോറ് തിന്നുന്നവരാരും പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നത്
വിശ്വസിക്കുകയില്ല! ഇദ്ദേഹത്തിന് ഇപ്പോള്‍ “നല്ല അരി”യെക്കുറിച്ച് മാത്രമേ ഓര്‍മ
വരൂ. റേഷനരിയുടെ കാര്യം ഓര്‍മ വരില്ല.
വില്പനയ്ക്ക് ഒരു സീന്‍ |
ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അതിന്‍റെ
ഉത്തരവാദിത്വം പാര്‍ട്ടിയുടെ ചുമലില്‍ കെട്ടിവെച്ചു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍
മാധ്യമങ്ങള്‍ നടത്തിയ കാര്യം ലേഖകന്‍ ഔദാര്യത്തോടെ പറയുന്നുണ്ട്. മാധ്യമങ്ങള്‍
അവരുടെ “ചുമതല” നിര്‍വ്വഹിക്കുന്നു എന്നതില്‍ കവിഞ്ഞൊന്നും ചെയ്യുന്നില്ല. സുനില്‍
പി. ഇളയിടത്തെയും അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷനെയും പോലെയുള്ളവര്‍ പിന്നില്‍
നിന്ന് കുത്തുന്നതാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുന്നത്.
കൊല നടത്തിയ ഏഴു വാടകക്കൊലയാളികളെ കൂടാതെ
എഴുപതോളം പാര്‍ട്ടിപ്രവര്‍ത്തകരെ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലില്‍
ആക്കിയിട്ടുണ്ട്. കള്ളക്കേസുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. കള്ളക്കേസുകള്‍
തള്ളിപ്പോകുമ്പോള്‍ സുനില്‍ പി. ഇളയിടം, അടിസ്ഥാനരഹിതമായി പാര്‍ട്ടിയെ കുറ്റപ്പെടുത്തിയതിനു
മാപ്പ് പറയുമോ? അതോ പോലീസിന്‍റെ കഴിവ്കേടു കൊണ്ടാണ് കേസുകള്‍ തള്ളിപ്പോയത് എന്ന്
ആരോപിക്കുമോ?
1 comment:
കൊലപാതകത്തിന് ഒരു ന്യായീകരണവുമില്ല.തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പടണം.ജനാധിപത്യവും നിയമവ്യവസ്ഥയും നിലനില്ക്കണം.ഇതേയുള്ളൂ സാധാരണക്കാരന് പറയാനും പ്രതീക്ഷിക്കാനും.മറ്റെല്ലാ വാഗ്വാദങ്ങളും നിലനില്പിന്റേയും വയറ്റുപ്പിഴപ്പിന്റേയുമാണെന്ന് ആര്‍ക്കാണ് അറിയാത്തത്!പ്രതികരണത്തിന് നന്ദി.
Post a Comment