മോര്‍വി അണ - സ്കെച് |
ഗുജറാത്തിലെ വ്യവസായ നഗരമായ മോര്‍വിയുടെ അടുത്ത് മചു നദിയിലെ അണക്കെട്ട് (മോര്‍വി ഡാം) 1979 ഓഗസ്റ്റ് 11ന് പേമാരി മൂലം തകര്‍ന്നു 25000ത്തോളം പേര്‍ മരിച്ചപ്പോഴാണ് നൂറിലധികം കൊല്ലം പഴക്കമുള്ള മുല്ലപെരിയാര്‍ ഡാമിന്‍റെ സുരക്ഷയെക്കുറിച് ആദ്യം ചിന്തിച്ചത്. അന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍റെ ഉത്തരവനുസരിച്ച് തമിഴ്നാട് ഗവണ്മെന്‍റ് ജലനിരപ്പ് 142.2 അടിയില്‍ നിന്ന് 136 അടിയായി കുറച്ചു. സി. ഡബ്ലിയു. സി. ഒരു പുതിയ ഡാം പണിയണമെന്നു നിര്ദേശിച്ചു വെങ്കിലും കേരളം അക്കാര്യം വേണ്ടത്ര ഗൌനിച്ചില്ല. തമിഴ്നാട് പി. ഡബ്ലിയു. ഡി. ഡാമിനെ ബലപ്പെടുത്തുന്ന പണികള്‍ നടത്തി. ഇത് മറച്ചു വെച്ചുകൊണ്ടാണ് ഡാം ഉടനെ പൊട്ടുമെന്ന പ്രചാരണം നടത്തുന്നത്.
ഡാം തകര്‍ന്നപ്പോള്‍ മോര്‍വി നഗരം |
മുല്ലപെരിയാര്‍ ഡാം പ്രചാരണവിഷയമാക്കി അധികാരസോപാനത്തില്‍ കയറി ആനന്ദിച്ച അച്യുതാനന്ദന്‍ ഡാം പൊട്ടിയാല്‍ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു ഏജന്‍സിയെ ചുമതലപെടുത്താന്‍ പോലും തുനിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യുറോ പറഞ്ഞത് തള്ളിക്കളഞ്ഞു കൊണ്ടു മുല്ലപെരിയാര്‍ പ്രശനത്തില്‍ ബഹളം കൂട്ടുന്നത് എന്തിനാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
അച്യുതാനന്ദന്‍ മുല്ലപെരിയാരില്‍
മുല്ലപപ്പെരിയാര്‍ പ്രശ്നം 2005ല്‍ സജീവമാക്കിയത് വി. എസ്. അച്യുതാനന്ദനാണ്. കൃത്യമായി പറഞ്ഞാല്‍ അച്യുതാനന്ദന് വേണ്ടി സിപിഎം വിരുദ്ധ മാധ്യമങ്ങളാണ് മുല്ലപ്പെരിയാര്‍ പ്രശ്നം അന്ന് കുത്തിപ്പൊക്കിയത്. 2005ല്‍ മലപ്പുറത്ത്
മുല്ലപെരിയാര്‍ ഡാം |
നടന്ന സിപിഎം സമ്മേളനത്തില്‍ അച്യുതാനന്ദന്‍ ഗ്രൂപ് പരാജയപ്പെട്ടപ്പോള്‍ അടുത്ത് നടക്കാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ താന്‍ തഴയപ്പെടുമെന്നും തന്‍റെ മുഖ്യമന്ത്രിസ്ഥാനമോഹം സഫലമാകുകയില്ലെന്നും അച്യുതാനന്ദന് ബോധ്യമായി. പ്രതിപക്ഷനേതാവ് എന്ന സ്ഥാനം ഉപയോഗപ്പെടുത്തി പാര്‍ടിയെ അവഗണിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് വി.എസിനെ തഴയാന്‍ സാധിക്കുകയില്ലെന്ന് വി.എസ്. ഗ്രൂപുകാര്‍ മനസ്സിലാക്കി. അങ്ങനെയാണ് വി.എസിന്‍റെ രജനീകാന്ത്-മമ്മൂട്ടി-മോഹന്‍ലാല്‍ ശൈലിയിലുള്ള “ജനപക്ഷ” സമരങ്ങള്‍ ആരംഭിച്ചത്. മതികെട്ടാന്‍, പ്ലാച്ചിമട, കിളിരൂര്‍, സ്ത്രീപീഡനം, പെണ്‍വാണിഭം തുടങ്ങിയ പോപുലിസ്റ്റ് വിഷയങ്ങളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു മുല്ലപ്പെരിയാര്‍. ചില മാധ്യമപ്രവര്‍ത്തകര്‍ മൂവിക്യാമറകളുടെ അകമ്പടിയോടെ അച്യുതാനന്ദനെ മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് കൊണ്ടുപോയി തമിഴ്നാട്ടുകാര്‍ നമ്മുടെ വെള്ളം “ചോര്ത്തിക്കൊണ്ടു പോകുന്നത്” കാണിച്ചുകൊടുത്തു. അന്ന് അച്യുതാനന്ദന്‍റെയും മാധ്യമങ്ങളുടെയും മുറവിളി കേരളത്തിന് അവകാശപ്പെട്ട വെള്ളം തമിഴ്നാട് ചോര്‍ത്തിക്കൊണ്ട് പോകുന്നു എന്നായിരുന്നു. ഡാം പഴക്കം ചെന്നതാണെന്ന് ബോധ്യപെടുത്താന്‍ വെള്ളം ലീക്ക് ചെയ്യുന്നത് ചില ന്യൂസ് ചാനലുകള്‍ ഇടക്കിടെ കാണിക്കുമായിരുന്നെങ്കിലും അത് ഉടനെ പൊട്ടി മനുഷ്യര്‍ ചാവുമെന്നുള്ള മുറവിളി അന്നില്ലായിരുന്നു.
പ്രേമചന്ദ്രന്‍ ചെയ്ത പോഴത്തം
2006ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുകയും അച്ചുതാനന്ദന്‍ മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തതിനു ശേഷമാണു ഡാം സുരക്ഷ എന്ന വിഷയം അജണ്ടയില്‍ പെടുത്തിയത്. ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രന്‍ ആയിരുന്നു അതിന്‍റെ സൂത്രധാരകന്‍. ഭരണഘടനയ്ക്ക് വിധേയമാമുകുമോ എന്നുപോലും നോക്കാതെ കേരളത്തിന്‍റെ ഡാം സേഫ്ടി ബില്ല് തയാറാക്കിയത് അദ്ദേഹം ആണ്. തമിഴ്നാടിന്‍റെ ഹര്‍ജിയെ തുടര്‍ന്നു അതിന്‍റെ സാധുത ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കുകയാണ്. നമ്മുടെ സ്ഥലത്ത് നമുക്ക് ഡാം പണിയാനുള്ള അവകാശം നമുക്ക് ഉണ്ടെന്നും അദ്ദേഹം അസംബ്ലിളിയില്‍ പ്രഖ്യാപിച്ചു. ഇത് തികഞ്ഞ വിഘടനവാദമാണ്.
ഇടക്കാല തിരഞ്ഞെടുപ്പ് എന്ന മോഹം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടാത്തത് കൊണ്ടു രണ്ടാം ഊഴം മുഖ്യമന്ത്രി ആകാത്ത ദു:ഖത്തില്‍ കഴിഞ്ഞിരുന്ന വി.എസിന്‍റെ ചിന്ത ഒരു ഇടക്കാല തിരഞ്ഞെടുപ്പ് എന്ങ്ങനെ ഒപ്പിക്കാം എന്നായിരുന്നു. കാരണം അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വി.എസിന് മത്സരിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹത്തിനു തന്നെ സംശയമുണ്ട്. അന്ന് പ്രായാധിക്യം കാരണം പറഞ്ഞു മാറ്റിനിറുത്തിയാല്‍ അത് എല്ലാവരും അംഗീകരിക്കും. അതുകൊണ്ടു എങ്ങനെയും ഒരു ഇടക്കാല തിരഞ്ഞെടുപ് നടത്തിയേ മതിയാകൂ.
ഭൂചലനങ്ങള്‍ ഒരു നിമിത്തം
അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 2 മുതല്‍ 4 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടാകുകയും മുല്ലപെരിയാര്‍ പ്രശ്നം സജീവമാകുകയും ചെയ്തത്. ജലവിഭവ വകുപ്പ് മന്ത്രി പി. ജെ. ജോസഫിന്‍റെ “മുല്ലപെരിയാര്‍ ഡാം പൊട്ടുമെന്ന് പേടിച്ച് എനിക്കുറങ്ങാന്‍ കഴിയുന്നില്ലേ” എന്ന വിലാപമാണ് തുടക്കം. ഇടത് മുന്നണിയില്‍ ഒരു സ്വതന്ത്രരാജാവായി കഴിഞ്ഞിരുന്ന ജോസഫിന് വലതു മുന്നണിയില്‍ മാണിയുടെ സാമന്തനായി കഴിയുന്നത് അരോചകം തന്നെ. സാമാന്തന്‍റെ സ്ഥാനത്തുനിന്നു സ്വതന്ത്രന്‍റെ സ്ഥാനത്തേക്ക് ഉയരാന്‍ ജോസഫിന് കിട്ടിയ പിടിവള്ളികളാണ് ഭൂചലനവും മുല്ലപെരിയാറും.
മുല്ലപെരിയാര്‍ സമരം രാഷ്ട്രീയ നേട്ടത്തിന്
മുല്ലപെരിയാര്‍ സമരത്തെ ജോസഫും മാണിയും കൂടി ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കാന്‍ സി.പി.എം.നും കോണ്ഗ്രസ്സിനും കഴിയില്ല. ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മന്ത്രി പി. ജെ. ജോസഫിന്‍റെ വിലാപം കേട്ട് മുല്ലപെരിയാര്‍ ഡാം സുരക്ഷാകാര്യം പറഞ്ഞുകൊണ്ട് ചപ്പാത്തിലും വണ്ടിപെരിയാറിലും ചിലര്‍ സമരം തുടങ്ങി. അങ്ങനെ മുല്ലപെരിയാര്‍ ഡാം ഉണര്ന്നെനീറ്റ് സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്താന്‍ തുടങ്ങി. മുല്ലപെരിയാര്‍ സമരം ഏറ്റെടുക്കാന്‍ കേരള കോണ്ഗ്രസ്സിനോടൊപ്പം സി. പി. എമ്മും കോണ്ഗ്രസ്സും ബാക്കിയുള്ള കുരുവിപ്പാര്‍ട്ടികളും നിര്ബ്ബന്ധിക്കപെട്ടു.
അപ്പുറത്തും തീ കൊളുത്തുന്നവര്‍
ഇപ്പുറത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ അപ്പുറത്തും ഇത് തന്നെ സംഭവിച്ചു. ഇപ്പുറത്ത് മുപ്പത്തഞ്ചു ലക്ഷം (പി. ജെ. ജോസഫ് ഇപ്പോള്‍ അമ്പതു ലക്ഷത്തിന്‍റെ കണക്കാണ് പറയുന്നത്) ജനങ്ങളുടെ ജീവന്‍റെ പ്രശനം പറഞ്ഞപ്പോള്‍ അപ്പുറത്ത് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു മരിക്കുന്നതിന്‍റെയും വലിയൊരു ഭൂപ്രദേശം മരുഭൂമിയാകുന്നതിന്‍റെയും കഥകളാണ് പറഞ്ഞത്. മുല്ലപെരിയാര്‍ പ്രശ്നം വൈകാരിക തലത്തില്‍ കൊണ്ടു ചെന്ന് എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പി.ജെ. ജോസഫിനും വി.എസ്. അച്യുതാന്ദനും ആണ്. അത് തമിഴരും മലയാളികളും തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നു. ഈ മുറിവുകള്‍ ഉണങ്ങാന്‍ അനേക വര്‍ഷങ്ങള്‍ വേണ്ടി വരും.
ചെയ്യേണ്ടിയിരുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും
ഇടുക്കി ജില്ലയില്‍ ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേരളം, സുപ്രിം കോടതി നിയോഗിച്ച empowered committeeയെ സമീപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനു പകരം ജനങ്ങളില്‍ ഭീതി പരത്തി “ജനകീയ പ്രക്ഷോഭം” ഉണ്ടാക്കി പുതിയ ഡാം പണിയാന്‍ തീരുമാനം എടുക്കാമെന്ന് ആയിരുന്നു പി. ജെ. ജോസഫിന്‍റെ ധാരണ. ജോസഫിന്‍റെ ശ്രമം ഫലിക്കാതെ വരുമ്പോള്‍ ജോസഫ് യു. ഡി. എഫ്. വിട്ടുപോരുമെന്നും അങ്ങനെ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന സ്വപ്നം സാധ്യമാകും എന്നാണ് വി. എസ്. അച്യുതാനന്ദന്‍റെ കണക്ക് കൂട്ടല്‍. അതുകൊണ്ടാണ് സ്വന്തം പാര്‍ടിയുടെ പോളിറ്റ് ബ്യുറോ പറഞ്ഞത് തള്ളി പ്രാദേശിക സന്കുചിത വികാരം ആളിക്കത്തിക്കാന്‍ അച്യുതാന്ദന്‍ ശ്രമിക്കുന്നത്.
No comments:
Post a Comment