സെപ്തംബര്‍ 11 ഭീകരാക്രമണത്തെ തുടര്‍ന്ന് ക്യൂബന്‍ജനത അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രത്തിനു നേരെയുണ്ടായ മൃഗീയ ആക്രമണത്തിന് ഇരയായവര്‍ക്ക് അടിയന്തരസഹായം എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന തോതിലുള്ള പിന്തുണ വാഗ്ദാനം ചെയ്തു. ആക്രമണത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിന്റെ മണിക്കൂറുകളില്‍ നിലത്തിറങ്ങാന്‍ ഇടമില്ലാതെ വിഷമിച്ച അമേരിക്കന്‍ വിമാനങ്ങള്‍ക്കായി ഞങ്ങളുടെ റണ്‍വേകള്‍ തുറന്നുകൊടുക്കാമെന്നും അറിയിച്ചു. നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളോട് ക്യൂബന്‍ വിപ്ലവത്തിനുള്ള ചരിത്രപരമായ എതിര്‍പ്പ് പൊതുവെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ബാറ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ നടത്തിയ സായുധസമരത്തിന്റെ കാലത്തും ഞങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഭീകരനടപടികളെ എതിര്‍ത്തിരുന്നു.
അരനൂറ്റാണ്ടായി സ്വീകരിച്ചുവരുന്ന ഈ നിലപാട് ഒസാമ ബിന്‍ ലാദന്റെ വധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാന്‍ അവകാശം നല്‍കുന്നു. സംഘര്‍ഷവും യുദ്ധവും വഴി രാജ്യാന്തരഭീകരവാദത്തിന് അറുതിവരുത്താന്‍ കഴിയില്ലെന്ന് ഹവാനയില്‍ അന്നേദിവസം (സെപ്തംബര്‍ 11ന്) സംഘടിപ്പിച്ച ചടങ്ങില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഒസാമ ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ സുഹൃത്തായിരുന്നു. യുഎസ്എസ്ആറിനും സോഷ്യലിസത്തിനും എതിരായി യുദ്ധംചെയ്ത ലാദന് അമേരിക്ക പരിശീലനവും നല്‍കി. പക്ഷേ, എന്തുതന്നെയായാലും നിരായുധനായി, കുടുംബാംഗങ്ങളുടെ സാമീപ്യത്തില്‍ കഴിഞ്ഞ വ്യക്തിയെ വധിച്ചത് ജുഗുപ്സാവഹമായി. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും ശക്തമായ രാഷ്ട്രമാണ് ഈ കൃത്യം ചെയ്തതെന്ന് ഓര്‍ക്കണം. ലാദന്റെ വധം സ്ഥിരീകരിച്ച്, ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പ്രസ്താവനയില്‍ ഒബാമ പറഞ്ഞു: "ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും മോശമായ ദൃശ്യങ്ങളായിരുന്നു അവ. അത്താഴമേശയിലെ ഒഴിഞ്ഞ കസേര. മാതാവിന്റെയോ പിതാവിന്റെയോ ലാളനകള്‍ ലഭിക്കാതെ വളരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ . വാരിപ്പുണരാന്‍ കുട്ടികള്‍ ഇല്ലാതായ മാതാപിതാക്കള്‍ . മൂവായിരത്തോളം പേരെയാണ് ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത്, ഞങ്ങളുടെ ഹൃദയത്തില്‍ വലിയ വിള്ളലാണ് ഉണ്ടായത്" (സെപ്തംബര്‍ 11 ആക്രമണത്തെ പരാമര്‍ശിച്ച്). ഈ പ്രസ്താവനയില്‍ നാടകീയമായ സത്യമുണ്ട്, എന്നാല്‍ , ഇത്രയും സത്യസന്ധരായ വ്യക്തികളെ അന്യായമായ യുദ്ധങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇത് പിന്തിരിപ്പിക്കുന്നില്ല, അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശയുദ്ധങ്ങളില്‍ എത്രയോ ലക്ഷം കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു? എത്രയോ മാതാപിതാക്കള്‍ക്ക് വാരിപ്പുണരാന്‍ കുഞ്ഞുങ്ങളില്ലാതായി? ഇറാഖ്, അഫ്ഗാനിസ്ഥാന്‍ , വിയത്നാം, ലാവോസ്, കംബോഡിയ, ക്യൂബ തുടങ്ങി ലോകത്തിന്റെ കോണുകളിലുള്ള രാജ്യങ്ങളില്‍ നിന്ന് ദശലക്ഷങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.
ക്യൂബന്‍ അതിര്‍ത്തിക്കുള്ളില്‍ അമേരിക്ക കൈയടക്കിവച്ചിരിക്കുന്ന ഗ്വാണ്ടനാമോയിലെ ഭീകരതടവറകളില്‍ മാസങ്ങളോ വര്‍ഷങ്ങളോ ആയി കൊടിയപീഡനങ്ങള്‍ക്ക് വിധേയരാകുന്നവരുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ മറന്നിട്ടില്ല. വിവിധ രാജ്യത്തുനിന്ന് നിയമവിരുദ്ധമായി പിടികൂടി, കടത്തിക്കൊണ്ടു വരുന്നവരെയാണ് ഇവിടെ പീഡിപ്പിക്കുന്നത്. ഭാര്യമാരുടെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് ലാദന്‍ വധിക്കപ്പെട്ടതെന്ന സത്യം ഒബാമയ്ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല. 20 കോടി ജനസംഖ്യയുള്ള ഒരു മുസ്ലിം രാജ്യത്തിന്റെ പരമാധികാരത്തെയും അന്തസ്സിനെയും മതപരമായ ആചാരങ്ങളെയും ചവുട്ടിമെതിച്ചുകൊണ്ടായിരുന്നു ഈ ആക്രമണം. നിയമത്തിന്റെ വഴിവിട്ട്, വിചാരണ കൂടാതെ വധിക്കപ്പെട്ട ഒരാളുടെ ഭാര്യമാരോടും കുട്ടികളോടും ഒബാമ എന്തു ന്യായം പറയും? വൃക്കകള്‍ക്ക് കടുത്ത രോഗം ബാധിച്ച ലാദന്‍ , സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ തലേനാളായ 2001 സെപ്തംബര്‍ 10ന് പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് സിബിഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാന്‍ റാതര്‍ 2002 ജനുവരി 28നു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒളിവില്‍ പോകാനോ വിദൂരമലനിരകളില്‍ അഭയം നേടാനോ കഴിയാത്തവിധം രോഗാതുരനായിരുന്നു ലാദന്‍ . ഇത്തരമൊരാളെ വധിച്ചതും മൃതദേഹം കടലില്‍ തള്ളിയതും അമേരിക്ക അനുഭവിക്കുന്ന ഭയത്തിന്റെയും അരക്ഷിതബോധത്തിന്റെയും പ്രതിഫലനമാണ്. ഇതുവഴി "ലാദന്‍ കൂടുതല്‍ അപകടകാരിയായി" മാറുകയും ചെയ്തു. ആദ്യത്തെ വിജയാഘോഷങ്ങള്‍ക്കുശേഷം അമേരിക്കയിലെ ജനാഭിപ്രായം തികച്ചും വിപരീതദിശയിലാകും. ലാദനെ വധിക്കാന്‍ സ്വീകരിച്ച മാര്‍ഗം അമേരിക്കക്കാര്‍ക്കുനേരെയുള്ള വിദ്വേഷവും പ്രതികാരമനോഭാവവും പതിന്മടങ്ങാകാനും ഇടയാക്കും.
No comments:
Post a Comment