Wednesday, August 25, 2010

പ്രൊഫസര്‍ ജോസഫ് മുഹമ്മദ് നബിയെ നിന്ദിച്ചുവോ?

ആഗസ്റ്റ് 23ലെ (തിരുവോണദിവസം) മാധ്യമത്തില്‍ റമദാനിലെ സമുദായ സൌഹാര്‍ദ്ദ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി എഴുതി:
“കേരളത്തില്‍ രൂപപ്പെട്ട കാര്‍മേഘാവൃതമായ ഒരു പുതിയ സാമൂഹികാന്തരീക്ഷത്തിലാണ്‍ ഈ വര്‍ഷത്തെ റമദാന്‍ ചന്ദ്രിക ഉദയം ചെയ്തത്. പ്രവാചക നിന്ദ, അതിനെ തുടര്‍ന്ന്നുണ്ടായ കൈവെട്ടല്‍ സംഭവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന അറസ്റ്റുകള്‍, പീഡനങ്ങള്‍ – ഇവയെല്ലാം സംഭവിച്ചതെന്തുകൊണ്ട്? മുസ്ലിം വിശ്വാസികള്‍ക്ക് കടമകളിലും ഇതര സമൂഹങ്ങളോടുള്ള സമീപനങ്ങളിലും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ?“

മൌദൂദിസ്റ്റുകളുടെ പ്രചാരണം
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍  ടി ജെ ജോസഫ് പ്രവാചകനെ നിന്ദിച്ചു എന്നാണ് മൌദൂദിസ്റ്റുകളുടെ (ഇസ്ലാമിസ്റ്റുകളുടെ) പ്രചാരണം. പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ നൃശംസതയുടെ പ്രത്യയശാസ്ത്രത്തെ ഭംഗ്യന്തരേണ ന്യായീകരിക്കാന്‍ മൌദൂദിസ്റ്റുകള്‍ സ്വീകരിച്ച അടവാണിത്. ഈ അടവിനെ (tactic) തുറന്നു കാണിക്കാന്‍ പ്രൊഫസര്‍ ടി ജെ ജോസഫ് പ്രവാചകനെ നിന്ദിച്ചുവോ എന്ന് വസ്തുനിഷ്ഠമായ ഒരു അന്വേഷണം ആവശ്യമാണ്.
ചോദ്യം വന്ന വഴി
മലയാളം പ്രൊഫസറായ ടി ജെ ജോസഫ് ബി എ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതാണ് സംഭവത്തിന്റെ തുടക്കം. വിട്ടുകളഞ്ഞ വിരാമം, വിസര്‍ഗ്ഗം, ഉദ്ധരണി, ചോദ്യചിഹ്നം തുടങ്ങിയ അടയാളങ്ങള്‍ (punctuation marks) കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു ചോദ്യം. മുഹമ്മദ് എന്നൊരാളും പടച്ചോനും (സ്രഷ്ടാവ് God) തമ്മിലുള്ള സംഭാഷണമാണ് അടയാളങ്ങള്‍ ചേര്‍ക്കാന്‍ നല്‍കിയിരുന്നത്. പ്രസ്തുത ചോദ്യഭാഗം താഴെ കൊടുക്കുന്നു:
മുഹമ്മദ്  പടച്ചോനെ പടച്ചോനെ
പടച്ചോന്‍  എന്തടാ നായിന്റെ മോനെ
മുഹമ്മദ്  പടച്ചോനെ ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാകും
പടച്ചോന്‍  ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ
ഈ ചോദ്യഭാഗം പ്രൊഫസര്‍ ജോസഫ് സ്വന്തം ഭാവനയില്‍ സൃഷ്ടിച്ചതാണെന്നാണ് പലരും ധരിച്ചതും മൌദൂദിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും. അത് യാഥാര്‍ത്ഥ്യമല്ല.  ഈ ചോദ്യഭാഗം സര്‍വ്വകലാശാല അംഗീകരിച്ച തിരക്കഥാരചനയുടെ രീതിശാസ്ത്രം എന്ന പാഠപുസ്തകത്തില്‍ നിന്നാണ് പ്രൊഫസര്‍ ജോസഫ് എടുത്തത്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതാകട്ടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും.
സിനിമാ സംവിധായകനായ പി റ്റി കുഞ്ഞുമുഹമ്മദ് ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തെ പുസ്തകത്തില്‍ ചേര്‍ക്കുകയുണ്ടായി. ആ പ്രബന്ധത്തിലാണ് ഈ ചോദ്യഭാഗത്തിനാധാരമായ ഭാഷണശകലമുള്ളത്. പി റ്റി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗര്‍ഷോം എന്ന സിനിമയില്‍ പരമാത്മാവും സത്യാന്വേഷകനും തമ്മിലുള്ള സംഭാഷണരംഗമുണ്ട്. ഈ സംഭാഷണരംഗം ആവിഷ്കരിക്കാന്‍ താന്‍ മാ‍തൃകയാക്കിയത് ചാവക്കാട് അങ്ങാടിയില്‍ അലയുന്ന ഒരു മനോരോഗി ചിലപ്പോഴൊക്കെ അല്ലാഹുവുമായി നടത്താറുള്ള സംഭാഷണമാണെന്ന് പി റ്റി കുഞ്ഞുമുഹമ്മദ് പ്രബന്ധത്തില്‍ വിവരിച്ചിട്ടുണ്ട്. മനോരോഗി ഒരു പക്ഷേ അല്ലാഹുവിന്റെ ഭാഷണം അശരീരിയായി (auditory hallucination) കേള്‍ക്കുന്നുണ്ടാകണം. ഭ്രാന്തന്‍ അല്ലാഹുവുമായി നടത്താറുള്ള സംഭാഷണം പി റ്റി കുഞ്ഞുമുഹമ്മദ് പ്രബന്ധത്തില്‍ അവതരിപ്പിച്ചത് ഇങ്ങനെയാണ്:
ഭ്രാന്തന്‍: “പടച്ചോനെ, പടച്ചോനെ“
പടച്ചോന്‍: “എന്തടാ, നായിന്റെ മോനെ?”
ഭ്രാന്തന്‍: “പടച്ചോനെ, ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാകും?”
പടച്ചോന്‍: “ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ?”
പാഠപുസ്തകത്തിലെ ഈ ഭാഗം ബി എ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പരീക്ഷയുടെ ചോദ്യത്തിനായി എടുത്തപ്പോള്‍ ഭ്രാന്തന്‍ എന്നതിനു പകരം പ്രൊഫസര്‍ ജോസഫ് മുഹമ്മദ് എന്നാക്കി. അത്തരമൊരു മാറ്റത്തിനു പിന്നിലെ യുക്തി എന്തായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായി കൊടുക്കുന്നത് ദൈവവിശ്വാസികള്‍ക്ക് അനുചിതമായി തോന്നുമെന്നു കരുതിയാണ് ഭ്രാന്തന്‍ എന്നതു മാറ്റി ഒരു പേര്‍ കൊടുക്കാമെന്ന് തീരുമാനിച്ചത്. ദൈവത്തെ പടച്ചോന്‍ എന്ന് പരാമര്‍ശിക്കാറ് മുസ്ലിങ്ങളായതിനാല്‍ ഒരു മുസ്ലിം പേര്‍ കൊടുക്കാമെന്ന് കരുതി. സര്‍വ്വസാധാരണമായ മുസ്ലിം പേരാണല്ലൊ മുഹമ്മദ്. അതുകൊണ്ടാണ് മുഹമ്മദ് എന്ന പേര്‍ കൊടുത്തത്.
മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ ശങ്ക
ബി എ ക്ലാസ്സിലെ 25 വിദ്യാര്‍ത്ഥികളാണ് ഈ ചോദ്യത്തിന് ഉത്തരമെഴുതിയത്. അതില്‍ നാലു പേരാണ് മുസ്ലിങ്ങള്‍; മൂന്നു വിദ്യാര്‍ത്ഥികളും ഒരു വിദ്യാര്‍ത്ഥിനിയും. മുസ്ലിംവിദ്യാര്‍ത്ഥിനിക്ക് പടച്ചവനും മുഹമ്മദും തമ്മിലുള്ള സംഭാഷണശകലത്തില്‍ അനൌചിത്യമുള്ളതായി തോന്നി. അല്ലാഹു ഒരു മനുഷ്യനെ “നായിന്റെ മോന്‍” എന്നു ഭര്‍ത്സിക്കുന്നത് അനൌചിത്യമാണെന്നാണ്  വിദ്യാര്‍ത്ഥിനിക്ക് തോന്നിയത്. അക്കാര്യം കുട്ടി ഉത്തരക്കടലാസില്‍ കുറിച്ചിടുകയും ചെയ്തു. പ്രസ്തുത ചോദ്യത്തിനു നാല് മാര്‍ക്കാണ് നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ത്ഥിനി ഒരു തെറ്റ് വരുത്തിയതുകൊണ്ട് നാലില്‍ മൂന്ന് മാര്‍ക്ക് കൊടുത്തു. ദൈവം മനുഷ്യനെ നായിന്റെ മോന്‍ എന്ന് ഭര്‍ത്സിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിനിയോട് പ്രൊഫസര്‍ ജോസഫ് അങ്ങനെ ഒരു ചോദ്യം തയ്യാറാക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. കുട്ടിക്ക് അത് സ്വീകാര്യമാവുകയും ചെയ്തു. മുഹമ്മദ് നബിയുടെ കാര്യം ചോദ്യം തയ്യാറാക്കിയ പ്രൊഫസറുടെ മനസ്സിലോ ചോദ്യത്തില്‍ അനൌചിത്യം കണ്ടെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ മനസ്സിലോ പൊന്തിവന്നില്ല.
ചോദ്യക്കടലാസ് ചോരുന്നു
പ്രൊഫ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്ന് മൌദൂദിസത്തോട് ആഭിമുഖ്യമുള്ള ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തുകയും അവരിലൂടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള പോപുലര്‍ ഫ്രണ്ട്കാരുടെ കൈയില്‍പ്പെടുകയും ചെയ്തു. അവര്‍ അതിനെ മതവികാരം ഉത്തേജിപ്പിക്കാനുള്ള കരുവാക്കാന്‍ ഗൂഢാലോചന നടത്തി. മുഹമ്മദും പടച്ചവനും തമ്മിലുള്ള സംഭാഷണം മുഹമ്മദ് നബിയെ നിന്ദിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയതാണെന്ന് ദുര്‍വ്യാഖ്യാനം നല്‍കി പ്രചാരണമാരംഭിച്ചു. അതോടെ ഒരു സാമുദായിക സംഘര്‍ഷത്തിനുള്ള പശ്ചാത്തലമായി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്ലിംങ്ങളെ ഇളക്കി വിട്ട് സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് മൌദൂദിസ്റ്റുകളാണ്. വര്‍ഗ്ഗീയ കലാപം കുത്തിപ്പൊക്കുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്’ഷ്യം. അവര്‍ക്ക് അതില്‍ നിന്നും സംഘടനാപരമായ നേട്ടമുണ്ടാക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. അന്തരീക്ഷം കലുഷമായതോടെ പോലീസ് രംഗപ്രവേശം ചെയ്തു.
ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രൊഫസര്‍ ജോസഫിനെ തള്ളിപ്പറയുന്നു
അന്തരീക്ഷം സംഘര്‍ഷഭരിതമായതോടെ ജോസഫ് കുഴപ്പക്കാരനാണെന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. മാനേജ്മെന്റ് പ്രൊഫസറെ തള്ളിപ്പറയാന്‍ രണ്ട് കാരണങ്ങളാണ്. ജോസഫ് എ.കെ.പി.സി.റ്റി. എന്ന സ്വകാര്യ കോളേജ് അധ്യാപക സംഘടനയിലെ അംഗമാണ്. ഈ അധ്യാപകസംഘടന സി.പി.ഐ[എം] ന്റെ നേതൃത്വത്തിലുള്ളതാണ്. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള സംഘടനയിലെ അംഗമായ ജോസഫിനോട് പക പോക്കാനുള്ള അവസരമായിട്ടാണ് ക്രിസ്ത്യന്‍ മാനേജ്മെന്റ് ഈ സംഭവത്തെ ദുരുപയോഗപ്പെടുത്തിയത്. രണ്ടാമത്തെ കാരണം ജോസഫിനെ ഇരയാക്കി എറിഞ്ഞു കൊടുത്താല്‍ മൊദൂദിസ്റ്റുകളുടെ രോഷത്തില്‍ നിന്നും രക്ഷപ്പെടാ‍മെന്ന കണക്ക് കൂട്ടലായിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ അനൌചിത്യം
വസ്തുനിഷ്ഠമായി അന്വേഷണം നടത്തിയതിനു ശേഷം മാത്രം പ്രതികരിക്കേണ്ട വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ചാടിക്കയറി പ്രൊഫ. ജോസഫ് വങ്കത്തരം കാണിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ജോസഫ് പ്രവാചകനിന്ദ നടത്തിയെന്ന് പ്രചരിപ്പിക്കാന്‍ മൊദൂദിസ്റ്റുകള്‍ക്ക് അവസരം ലഭിച്ചു. പോലീസ് ജോസഫിനെതിരെ മതസൌഹാര്‍ദ്ദം തകര്‍ത്തതിന് കേസെടുക്കയും ചെയ്തതോടെ മൌദൂദിസ്റ്റുകള്‍ക്ക് നല്ലൊരു ഇരയെ കിട്ടി. പ്രവാചകനിന്ദ നടത്തിയ ഒരാളെ എന്തു ചെയ്യണമെന്ന ഗൂഢാലോചന ആരംഭിച്ചു. പോലീസ് മര്‍ദ്ദനം ഭയന്ന് ജോസഫ് ഒളിവില്‍ പോയത് പ്രവാചക നിന്ദ ചെയ്തതിന് തെളിവായെടുത്തു മൌദൂദിസ്റ്റുകള്‍.
പോലീസിന്റെ ക്രൂരകൃത്യങ്ങള്‍
ഒളിവില്‍ പോയ ജോസഫിനെ പിടിക്കാന്‍ വിദ്യാര്‍ത്ഥിയായ മകനെയും മറ്റു ചില ബന്ധുക്കളെയും നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. ഈ ക്രൂരകൃത്യം ചെയ്ത പോലീസ് ഉദോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതായി ഇതുവരെ അറിവില്ല. കമ്യൂണിസ്റ്റായതിന്റെ പേരില്‍ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്ന കോടിയേരി ബാലകൃഷ്ണന്‍ അഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ നടക്കുന്നതും അക്രമികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗണ്മെന്റിന് ഭൂഷണമല്ല.  അതു പോലെ തന്നെ മൌദൂദിസ്റ്റുകളുടെ ഗൂഢാലോചന മണത്തറിഞ്ഞ് പൊഫസര്‍ ജോസഫിനും കുടുംബത്തിനും സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെത്തിരെ  നടപടിയെടുക്കാത്തതും അഭ്യന്തര വകുപ്പിന്റെ വീഴ്ച തന്നെയാണ്.
ഇസ്ലാമിക കോടതി ശിക്ഷ വിധിക്കുന്നു
കേരളത്തില്‍ ഇസ്ലാമിക കോടതി പ്രവര്‍ത്തിക്കുന്ന കാര്യം ഇന്ന് അത്ര രഹസ്യമൊന്നുമല്ല. പോപുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടന ഇന്ത്യയിലെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറയുകയുണ്ടായി. പ്രവാചകനെ നിന്ദിക്കുന്നവര്‍ ഇസ്ലാമിക നിയമത്തില്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്. ഇതനുസരിച്ചാണ് അയാത്തുല്ല ഖൊമേനി സല്‍മാന്‍ റശ്ദിക്ക് Satanic Verses എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്. മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ നല്കണമെന്നാണ് മൌദൂദി രചിച്ച മുര്‍ത്തദ്ദ് കി സാസ ഇസ്ലാം കി കാനൂന്‍ മെയിം (മുര്‍ത്തദ്ദ്കള്‍ക്കുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന    ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.
ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി
ഇസ്ലാമികഭരണം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ലഘൂകരിച്ച് പ്രവാചക നിന്ദയുള്ള ചോദ്യം തയാറിക്കിയ വലതു കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ മതിയെന്ന് കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ) വിധിക്കുകയാണ്‍ ചെയ്തത്. House of Justice എന്നതിന്റെ അറബിഭാഷാ രൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25 യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം സിദ്ധനെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താ‍ലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന വിവരം ജനങ്ങള്‍ക്ക് നല്‍കിയത്.
നൃശംസതയുടെ പ്രത്യയശാസ്ത്രം
പ്രൊഫസറുടെ കൈപ്പത്തിവെട്ടിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നും തങ്ങള്‍ നല്ല പിള്ളകളാണെന്നുമാണ്‍ ജമാ’അത്തെ ഇസ്ലാമിയും പരിവാരങ്ങളും പറഞ്ഞു നടക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൌദൂദിസ്റ്റുകള്‍ പൊതുയോഗങ്ങളും സംഘടിക്കുന്നുണ്ട്. സി. ദാവൂദിന്റെ ഭീകരവാദ വിരുദ്ധ പ്രസംഗം കേള്‍ക്കാന്‍: http://bombaymalayalihalqa.blogspot.com/
അധ്യാ‍പകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ പ്രത്യയശാസ്ത്രം മൌദൂദിസമാണെന്ന കാര്യം മറച്ചുപിടിക്കാന്‍ അവര്‍ പാട് പെടുകയാണ്. അതുകൊണ്ട്, മൌലാന മൌദൂദിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചു ചേര്‍ത്ത് ഇത് അവസാനിപ്പിക്കാം.
“മുസ്ലിംകളുടെ സാക്ഷാല്‍ ലക്’ഷ്യം ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന വിഭാവനം 1926-ല്‍ അല്‍ജിഹാദുല്‍ ഇസ്ലാം എന്ന പുസ്തകം എഴുതിയതുമുതല്‍ തന്നെ എന്റെ ഹൃദയത്തില്‍ രൂഢമൂലമായിരുന്നതായി ഞാന്‍ ആദ്യം പറഞ്ഞിട്ടുണ്ട്. അവരുടെ ലക്’ഷ്യം ഒരു മുസ്ലിം ദേശീയ ഗവണ്മെന്റ് സ്ഥാപിക്കുകയല്ല; ലോകത്ത് അല്ലാഹുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കുകയാണ്. അതിന്റെ സംസ്കാരവും സാമൂഹിക വ്യവസ്ഥയും സാമ്പത്തിക പരിപാടിയും സദാചാരവും കോടതിയും പോലീസും പട്ടാളവും നിയമങ്ങളും നയതന്ത്രരംഗവുമെല്ലാം ലോകത്തിന്റെ മുമ്പാകെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മാതൃക പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം. അതു കണ്ടാല്‍ ഇസ്ലാമും കുഫറും തമ്മിലുള്ള അന്തരമെന്തെന്നും ഇസ്ലാം എല്ലാ വിധത്തിലും എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവെന്നും ലോകത്തിന് മനസ്സിലാക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജമാ’അത്തെ ഇസ്ലാമിയും ലക്’ഷ്യമായംഗീകരിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ഇഖാമത്തുദ്ദീന്‍ എന്നു പറയുന്നു. ‘നിങ്ങള്‍ ദീന്‍ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കരുത്‘ എന്ന് ഖുര്‍’ആന്‍ അരുളിയിട്ടുണ്ട്.“ (ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ – മൌദൂദി)
ജമാ’അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ബാധ്യത
കൈപ്പത്തി വെട്ടിയത് പോപ്പുലര്‍ ഫ്രണ്ട്കാരാണെന്നും തങ്ങള്‍ക്കതില്‍ ബാധ്യതയൊന്നുമില്ലെന്നാണ് ജമാ’അത്തിന്റെയും ലീഗിന്റെയും നാട്യം. മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിച്ചവരാണ് ജമാ’അത്ത്കാര്‍.  ദൈവത്തിന്റെ ഭരണം (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കലാണ് ഇസ്ലാമിന്റെ അന്തിമ ലക്’ഷ്യം എന്ന് മൌദൂ‍ദി പറഞ്ഞിട്ടുണ്ട്. അതിലേക്കെത്തുന്നതിനു മുമ്പ് മ്സുലിംകള്‍ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം ഇസ്ലാംമതവ്യവസ്ഥ സംസ്ഥാപിക്കണം. മതവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്). ശരീഅത്ത് അനുസരിച്ച് പ്രവാചകനെ നിന്ദിച്ചാല്‍ വധശിക്ഷ നല്‍കണം. ദൈവികഭരണം (ഹുക്കുമത്തെ ഇലാഹി) നിലവില്‍ വരാത്ത കേരളത്തില്‍ പ്രവാചക നിന്ദ നടത്തിയ ആളുടെ വധശിക്ഷ ലഘൂകരിച്ച് നടപ്പാക്കിയതായിരുന്നു കൈപ്പത്തി വെട്ടല്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ ചെയ്തികള്‍ക്ക് ജമാ’അത്ത് നേരിട്ട് ഉത്തരവാദികളാണെന്ന് പറയാനവില്ല. പക്ഷേ അവര്‍ക്ക് ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്ന് ഒഴിഞ്ഞ് മാറാനാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍. ഡി. എഫിനെ സ്വന്തം ചിറകിനടിയില്‍ സംരക്ഷിച്ച് വളര്‍ത്തിയത് മുസ്ലിം ലീഗാണ്. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ കലകളില്‍ കലരുന്നത് പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാഡര്‍മാര്‍ ലീഗിന്റെ സംരക്ഷണയില്‍ ഇപ്പോഴും കഴിയുകയാണ്. കൈപ്പത്തി വെട്ടിയ സംഭവത്തില്‍ മുസ്ലിം ലീഗിനും ബദല്‍ ബാധ്യതയുണ്ട്.

Monday, August 16, 2010

അന്’വാര്‍ശ്ശേരിയിലെ മഅദനിയും ഗസ്നിയിലെ മഹ്‘മൂദും

അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഞ്ചു കൊല്ലക്കാലം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്റെ സതീര്‍ത്ഥ്യനായിരുന്ന ഡോ. ഏബ്രഹാം ജോസഫ് കൂട്ടുകാര്‍ക്കയച്ച ഒരു ഇ-മെയില്‍ കത്തില്‍ ഇങ്ങനെ എഴുതി:
India,(whatever was left) after seceding Kashmir, Khalisthan, Junagadh, Azamghadh, Hydrabad, Anvarssery and Malappuram made peace with her neighbors. She made friends with China after respectfully offering Arunachal Pradesh, parts of Mizoram and Nagaland and whole of Sikkim. (അടിവര കൂട്ടിച്ചേര്‍ത്തത്)
സ്വതന്ത്ര ഇന്ത്യയില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വിഘടനവാദങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും മനം നൊന്താണ് ഡോക്ടര്‍ അങ്ങനെ എഴുതിയതെന്ന് തോന്നുന്നു. പക്ഷേ, സമകാലിക രാഷ്ടീയ സംഭവികാസങ്ങളെ വസ്തുനിഷ്ഠമായി കാര്യകാരണബ്ന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാത്തതിന്റെ അപാകം ഡോക്ടറുടെ വാക്കുകളില്‍ പ്രകടമാണ്. മലപ്പുറം ജില്ലയുടെ രൂപവത്കരണത്തെ അദ്ദേഹം വീക്ഷിച്ചത് മുസ്ലിം വിഘടനവാദത്തിന്റെ പരിണതി ആയിട്ടാണ്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി. നേതാവ് മ’അദനി നടത്തുന്ന അന്‍’വാര്‍ശ്ശേരിയിലെ അനാഥാലയത്തെ അദ്ദേഹം സമീകരിച്ചത് കാശ്മീരിനോടും ഖലിസ്ഥാനോടുമാണ്. ഡോ.ഏബ്രഹാം ജോസഫ് മ’അദനിയെ എന്തുകൊണ്ട് ഗസ്നിയിലെ മഹ്മൂദിനോടുപമിച്ചില്ല എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഗസ്നിയിലെ മഹ്മൂദ് അദ്ദേഹത്തിന്റെ അറിവിലോ ഓര്‍മ്മയിലോ വരാത്തതുകൊണ്ടായിരിക്കും. എന്റെ സതീര്‍ത്ഥ്യന്‍ എന്റെ ബ്ലോഗുകളെക്കുറിച്ച് ഞങ്ങളുടെ മറ്റൊരു സതീര്‍ത്ഥ്യനായ ഡോ. എസ്.കെ.രാമചന്ദ്രന്‍ നായര്‍ക്കെഴുതിയ ഇ-മെയില്‍ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു:
For sometime, i have been reading one Dr. NM Mohammed Ali who rites vitreous blogs emitting religious venom. I have been wishing that that Ali shouldn't be my class mate.  

ഇതേ ബ്ലോഗിലെ പര് ധരിച്ച മുസ്ലിം സ്ത്രീകള്ക്കും വോട്ടു ചെയ്യണം എന്ന പോസ്റ്റ് വായിച്ചിട്ടാണ് അദ്ദേഹത്തിന് അങ്ങനെയൊക്കെ തോന്നിയത് എന്ന് ഡോക്ടര്‍ പിന്നീടൊരു കത്തില്‍ സൂചിപ്പിക്കുയുണ്ടായി. vitriolic എന്ന പദം ഉപയോഗിക്കേണ്ടിടത്ത് തെറ്റായി vitreous എന്ന് എഴുതിപ്പോയതാണെന്ന വിശദീകരണവും എന്റെ സതീര്‍ത്ഥ്യന്‍ നല്‍കുകയുണ്ടായി.

 

മുസ്ലിം പേരുള്ള എല്ലാവരും നിത്യേനയെന്നോണം “ഞാനൊരു ഭീകരപ്രവര്‍ത്തകനല്ല“ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയോ നെറ്റിയില്‍ എഴുതി ഒട്ടിക്കുകയോ ചെയ്യേണ്ട ലോകവ്യാപകമായ ദുരവസ്ഥയെ ചൂണ്ടിക്കാണിക്കാനാണ് ആമുഖമായി ഇക്കാര്യം അവതരിപ്പിച്ചത്.

 

മ’അദനി ഭീകരനാണോ എന്ന് പരിശോധിക്കുന്നതിനു മുമ്പ് ഗസ്നി മഹ്’മൂദിനെക്കുറിച്ച് പറയട്ടെ. ചിന്ത പബ്ലിഷേഴ്സ് അടുത്ത് തന്നെ പ്രസിദ്ധപ്പെടുത്തുന്ന എന്റെ ഇസ്ലാമും രാഷ്ട്രീയ ഇസ്ലാ‍മും എന്ന ഗ്രന്ഥത്തിന്റെ അവസാനത്തെ അധ്യായത്തിലെ ഒരു ഉപശീര്‍ഷകം ഇങ്ങനെയാണ്: “ഗസ്നിയിലെ മഹ്മൂദ് എന്ന മുസ്ലിം ഭീകരന്‍” ഗസ്നിയിലെ മഹ്’മൂദിനെ ക്ഷേത്രധ്വംസകനും വിഗ്രഹഭംഞ്ജകനുമായ മുസ്ലിം ഭീകരനാക്കിയതിനു പിന്നിലെ ചരിത്രം പ്രശസ്ത ചരിത്രകാരി റോമിള ഥാപ്പര്‍ വിവരിക്കുന്നതിങ്ങനെയാണ്:

പതിനാറാം നൂറ്റാണ്ടിനുശേഷം ഹിന്ദു, ഇസ്ലാം മതങ്ങളുടെ സമ്പര്‍ക്ക മേഖല ഭക്തിപ്രസ്ഥാനമായിരുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ ഉല്പന്നങ്ങളായ ഐതിഹ്യങ്ങളിലും ശാബരതന്ത്രം എന്ന താന്ത്രിക കൃതിയിലും മഹ്’മൂദിഅനെ ആവാഹിക്കുന്നുണ്ട്. മഹ്’മൂദ് ഇവിടെ അദ്ഭുതസിദ്ധികളുള്ള പീര്‍ (മുസ്ലിം സംന്യാസി) ആണ്. ഈ കൃതികളുടെ രചിയിതാക്കളുടെ  മനസ്സില്‍ ഗസ്നിയിലെ മഹ്’മൂദ് ഒരു ക്ഷേത്ര ധ്വംസകന്‍ ആയിരുന്നില്ലെന്ന വസ്തുതയാണല്ലൊ തെളിയുന്നത്. ഈ സാഹചര്യത്തില്‍ ശാശ്വതമായ ഹിന്ദു-മുസ്ലിം വൈരത്തിനു നിദാനമായ സംഭവമായി ഗസ്നിയിലെ മഹ്’മൂദിന്റെ ക്ഷേത്ര ധ്വംസനം മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അനേഷണം വേണമെന്ന കാര്യം എല്ലാ ചരിത്രപണ്ഡിതരും അംഗീകരിച്ചിട്ടുണ്ട്. മഹ്’മൂദിന്റെ ആക്രമണം മൂലം “ഹിന്ദുക്കളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേറ്റ“ കാര്യം ആദ്യമായി ലോകം അറിയുന്നത് 1843ല്‍ ബ്രിട്ടീഷ് പാര്‍ല്യമെന്റില്‍ നടന്ന ചര്‍ച്ചയിലാണെന്ന കാര്യം രസകരമാണ്. ഗസ്നിയിലുള്ള  മഹ്’മൂദിന്റെ ശവകുടീരത്തിലെ ചന്ദനക്കവാടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് സോമനാഥ ക്ഷേത്രത്തിന്റെ ഭാരവാഹികളെ ഏല്‍പ്പിക്കാന്‍ ഇന്ത്യയുടെ ഗര്‍ണ്ണര്‍ ജനറല്‍ എല്ലന്‍ ബറോ ഉത്തരവിട്ടു. ചനദനക്കവാടം ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടു പോയതല്ലെന്ന് സി.വി.വൈദ്യയെപ്പോലുള്ള ചരിത്രകാരന്മാര്‍ തെളിയിച്ചതായിരുന്നു. ബ്രിട്ടിഷ് പാര്‍ല്യമെന്റിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ്  ഗസ്നിയിലെ മഹ്’മൂദിനെ ക്ഷേത്ര ധ്വംസകനും വിഗ്രഹഭംഞ്ജകനുമായ മുസ്ലിം ഭീകരനായി ചിത്രീകരിക്കാന്‍ തുടങ്ങിയത്. [“SOMANATHA Narratives of a History by Romila Thapar” in Demolishing Myths or Mosques and Temples Edited by Sunil Kumar page 89] 

 ഗസ്നിയിലെ മഹ്’മൂദിനെ ഭീകരനാക്കി ചിത്രീകരിച്ച് ഹിന്ദു-മുസ്ലിം വൈരം നില നിറുത്തിയതിന്റെ ഗുണം ലഭിച്ചത് ആദ്യം ബ്രിട്ടീഷുകാര്‍ക്കും പിന്നെ സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കുമാണെന്ന കാര്യം സുവിദിതമാണല്ലൊ.

മുസ്ലിം മതപണ്ഡിതനും പി.ഡി.പി. നേതാവുമായ മ’അദനി ഒരു മുസ്ലിം ഭീകരനായതെങ്ങനെ? ആര്‍. എസ്. എസ്. കാര്‍ ബാബറിപ്പള്ളി പൊളിച്ച കാലത്ത് ആര്‍. എസ്. എസ്.നോട് പകരം വീട്ടാന്‍ ഐ.എസ്.എസ്. രൂപവത്കരിച്ച് ആര്‍.എസ്.എസ്.നോട് പകരം വീട്ടണമെന്ന് പ്രസംഗിച്ചു നടന്ന കാലത്ത് മ’അദനി ഒരു ഭീകരവാദി തന്നെ ആയിരുന്നു. തര്‍ക്കമില്ല. അങ്ങനെയൊക്കെ പ്രസംഗിച്ചു നടന്നതിനാണല്ലൊ അര്‍.എസ്.എസ്.കാര്‍ ബോംബെറിഞ്ഞ് മദനിയുടെ ഒരു കാല്‍ തകര്‍ത്തത്. അതുകൊണ്ടും അരിശം തീരാഞ്ഞ് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കി ജാമ്യം കൊടുക്കാതെ ഒമ്പതരക്കൊല്ലം ജയിലലടച്ചു. മദനി നിരപരാധിയാണെന്ന് സെഷന്‍സ് കോടതിയും ഹൈക്കോടതിയും വിധിക്കുന്നതിനു മുമ്പ് തന്നെ മദനിയെ കുറ്റവിമുകതനാക്കി മദനിയുടെ പടം വെച്ച് വോട്ടു പിടിച്ചവരാണ് മതനിരപേക്ഷപ്പൊന്മാന്റെ വേഷം ധരിച്ചു നടക്കുന്ന മാരീചരനായ മുസ്ലിം ലീഗും സഖ്യകക്ഷികളും.

 

ബാംഗളൂര്‍ സ്ഫോടനക്കേസില്‍ നാടകീയമായാണ് മദനിയെ പ്രതിയാക്കിയത്. ഇങ്ങനെ പറയുന്നവരെയും മദനിയോടൊപ്പം ഭീകരവാദികളാക്കി ചിത്രീകരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിയെ പ്രതി ചേര്‍ത്ത് ജയിലിലടക്കാനും ഭീകരനായി ചിത്രീകരിക്കാനും ശ്രമിക്കുന്നതിനു പിന്നില്‍ ആരാണ് എന്ന് കണ്ടുപിടിക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. പുരാതന റോമില്‍ കൊലപാതകിയെ കണ്ടുപിടിക്കുന്ന മാര്‍ഗ്ഗമാണത്. ഒരാള്‍ കൊല്ലപ്പെട്ടാല്‍ ആ കൊലപാതകം കൊണ്ട് ഗുണമുണ്ടാകുന്നത് ആര്‍ക്കാണെന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് ആ രീതി. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും അസംബ്ലിയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെയെങ്കിലും മദനി ജയിലില്‍ കിടന്നാല്‍ തങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര അഭ്യന്ത്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കേന്ദ്ര ഇന്റലിജന്‍സിനെ സ്വാധീനിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം കര്‍ണ്ണാടക പോലീസിനെക്കൊണ്ട് മദനിയുടെ പേരില്‍ കള്ളക്കേസുണ്ടാക്കി ജയിലലടയ്ക്കാന്‍ കേരളത്തിലെ യു.ഡി.എഫ്. മുന്കൈയ് എടുത്തത്. പക്ഷേ ലീഗിന്റെയും യു.ഡി.എഫ്.ന്റെയും കണക്കുകള്‍ തെറ്റുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. റമദാന്‍ മാസത്തിലെ നൊയമ്പ് നോറ്റിരിക്കുന്ന ഒരു മതപണ്ഡിതനെ അറസ്റ്റ് ചെയ്തുകൊണ്ടു പോയി കര്‍ണ്ണാടകത്തിലെ ജയിലലടച്ചാല്‍ സംഘ് പരിവാറിന് ആനന്ദമൂര്‍ച്ഛയുണ്ടാകുമെങ്കിലും മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ മുസ്ലിം ലീഗിന്റെ കച്ചവടം നംഷ്ടക്കച്ചവടമാകാനാണ് സാധ്യത!

Thursday, August 12, 2010

മുസ്ലിം ലീഗെന്ന മാരീചന്‍

രാമായണത്തിലെ പൊന്മാന്‍ വഞ്ചനയുടെ രൂപകമാണ്. മാരീചനാണ് പൊന്മാനിന്റെ രൂപത്തില്‍ വന്ന് സീതയെ ചതിച്ചത്. കേരളത്തിലെ മുസ്ലിം ലീഗ് മുസ്ലിം സമുദായത്തിന്റെ  പേര് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കേരളീയരോട് പറയുന്നു മുസ്ലിം ലീഗ് എന്ന “മതേതരപ്പാര്‍ട്ടി” ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളായിപ്പോകുമായിരുന്നെന്ന്. “തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായംഎന്ന ശീര്‍ഷകത്തില്‍ ജമാ’അത്തെ ഇസ്ലാമിയുടെ വക്താവ് സി. ദാവൂദ് ഓഗസ്റ്റ് 3ലെ മാധ്യമത്തില്‍ മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് “1947 ആഗസ്റ്റ് 16ന് ഒരൊറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ കൊല്ക്കത്ത ഡയറക്ട് ആക്ഷന്‍ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ'പ്രവര്ത്തനങ്ങളുടെ റെക്കോഡ് കീശയിലിട്ടു നടക്കുന്ന പ്രസ്ഥാനംഎന്നാണ്.

ജമാ‍‘അത്തെ ഇസ്ലാമിയുടെ മതരാഷ്ട്രസിദ്ധാന്തത്തെക്കുറിച്ചും ജമാ’അത്ത് പരിവാറിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍ക്കൊന്നും സംശയമോ തര്‍ക്കമോ ഇല്ല. ജമാ’അത്തിനെ കാല്‍നഖം മുതല്‍ ശിഖവരെ എതിര്‍ക്കുന്ന RSS ദത്തുപുത്രനായ ഹമീദ് ചേന്നമംഗലൂരിനും പണ്ഡിതനായ M.N.കാരശ്ശേരിക്കും മുസ്ലിം ലീഗ് വര്‍ഗ്ഗീയതയുടെ വിഷമില്ലാത്ത ചേരയുടെ ഗണത്തില്‍പ്പെട്ട ജാതിപ്പാര്‍ട്ടി മാത്രമാണ്. ഈ പണ്ഡിതന്മാരുടെ അറിവിലേക്കായി പ്രശസ്തനും നിഷ്പക്ഷമതിയുമായ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര വര്‍ഗ്ഗീയതയ്ക്ക് നല്‍കിയ നിര്‍വ്വചനം ചൂണ്ടിക്കാണിക്കട്ടെ. “ലളിതമായി പറഞ്ഞാല്‍ ഒരു മതത്തിന്റെ അനുയായികള്‍ തങ്ങള്‍ ആ മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പൊതുവായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതാണ് വര്‍ഗ്ഗിയത (communalism).

മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനു ശേഷം തീവ്രവാദത്തിനെതിരായ  പൊതുവികാരം കേരളത്തില്‍ ശക്തമായി ഉയര്ന്നുവന്നിട്ടുണ്ട്. പൊതുവികാരത്തെ സങ്കുചിത സവര് വര്ഗീയഫാഷിസ്റ്റ് ലക്ഷ്യങ്ങള്ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസ്. ആണ്. ഇതിനിടയില്‍ക്കിടന്ന് തങ്ങള്‍ മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും പാര്‍ട്ടിക്കാരാണെന്ന് കേരളീയരെ ബോധ്യപ്പെടുത്താനുള്ള പെടാപ്പാടിലാണ് മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈയാളുന്ന മുസ്ലിം ലീഗ്.

മൂവാറ്റുപുഴ സംഭവത്തെപ്പോലെ, അതിലേറെ കേരളീയസമൂഹത്തെ സ്തംഭിപ്പിച്ച സംഭവമായിരുന്നു 2003ലെ മാറാട് കൂട്ടക്കൊല. സംഭവത്തില്ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി. മാറാട്സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്ക്കാര്തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്ട്ടിലെ പത്താം അധ്യായം അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് നിരത്തിയ അധ്യായത്തില്‍ അഞ്ചാമത്തെ ഇനം ഇങ്ങനെ: '2003 മേയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും മുസ്ലിം ലീഗ് പ്രവര്ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'.

ലീഗിന്റെ പുതിയ തീവ്രവാദ വിരുദ്ധമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാരാണ്. ലോകത്ത് ഇസ്ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്വഹിക്കുന്നത് സലഫീ-വഹാബി ശാഖയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ സവിശേഷ. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ വിശ്വരൂപം. ഓണത്തിനും വിഷുവിനും ക്രിസ്മസിനും  മതഭേദം കൂടാതെ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം ഖുത്തുബ പറയാനുള്ള പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു).

കോട്ടക്കല്‍ മുസ്ലിംസംഗമത്തില്‍ മറ്റൊരു പ്രധാന റോള്‍ ആടിത്തീര്‍ത്തത് സുന്നി വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു അടുത്തകാലം വരെയും അവരുടെ പ്രധാന പ്രവര്‍ത്തനം. ഇവരുടെ സംസ്ഥാനനേതാവും മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഒരാള്‍ തന്നെയാണ്. പരമാവധി സ്ത്രീകളെ മത്സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അങ്ങനെ മിടുക്ക് കാണിക്കുന്ന ആള്‍ക്ക് പറ്റിയ മുന്നണി തന്നെയാണ് കോട്ടക്കലില്‍ രൂപപ്പെട്ടത്.

കേരള മുസ്ലിംകള്‍ക്കിടയില്‍  തീവ്രവാദ പ്രവണതകള്‍ വളര്ന്നുവന്നിട്ടുണ്ടെന്നത് യാഥാര്ഥ്യമാണ്. അതിന്റെ കാരണം ആത്മാര്ഥമായി പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്കാന്‍ മുസ്ലിങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലിം ലീഗിന് സാധിച്ചില്ല. പകരം, അധികാരത്തിന്റെയും സ്വാര്ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ, തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവര്‍. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് മുസ്ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശ പടര്ത്തി. ബാബരി മസ്ജിദ് തകര്ച്ചയെത്തുടര്‍ന്ന് അവരെടുത്ത നിലപാടില്ലായ്മകള്‍  വികാരത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്ഷത്തില്‍ അകപ്പെട്ട യുവാക്കള്‍ തീവ്രവാദ പ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്.

സംഘ് പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തസമയത്ത് പാണക്കാട്ടെ തങ്ങളും മുസ്ലിം ലീഗും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ മുഴുവന്‍ കൊന്നൊടുക്കുമായിരുന്നെന്നാണ് കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ പറഞ്ഞു നടക്കുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെ അത് ഏറ്റുപറയുന്നു. കേരളജനതയുടെ പൊതുമനസ്സ് (COMMONSENSE) നവോത്ഥാന ചിന്തകളാലും കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളാലും മുഖരിതമാണെന്ന യാഥാതത്ഥ്യം ഈ മാരീചന്മാര്‍ തിരിച്ചറിയുന്നില്ല.