Tuesday, September 13, 2011

ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്യം

മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍‍ പ്രതിപക്ഷനേതാവുമായ വി. എസ്. അച്യുതാനന്ദന്‍‍  89:28 ലക്കം (സെപ്തമ്പര്‍‍ 18-24) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍‍ ആധാര്‍ എന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ (യു.ഐ.ഡി.) പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഉത്തിഷ്ഠമാനവും ജാഗ്രവത്തും ആയ ഒരു ലേഖനമെഴുതിയിരിക്കുന്നു.  ഞാന്‍‍ ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളോടും പൂര്‍‍ണ്ണമായി യോജിക്കുന്നു. അച്യുതാനന്ദന്‍ സഖാവിനും മാതൃഭൂമി ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങള്‍.
എന്താണ് ആധാര്‍‍? 
അത് പന്ത്രണ്ടക്കമുള്ള ഒരു നമ്പറാണ്. യുണീക്  ഐഡന്റിഫിക്കേഷന്‍‍ അതോറിറ്റി എന്ന സര്‍‍ക്കാര്‍‍ ഏജന്‍‍സിയാണ് ഈ നമ്പര്‍‍ നല്‍കുന്നത്. ആധാറില്‍‍ നേരിട്ടോ ജനസംഖ്യാ രജിസ്റ്റര്‍‍ പദ്ധതി വഴിയോ അംഗമാകുന്ന ആള്‍‍ക്ക് അതോറിറ്റി ഈ നമ്പര്‍‍ നല്‍‍കും. ഇത്തരമൊരു നമ്പര്‍‍ ലഭിച്ച വ്യക്തി കൃത്യമായി തിരിച്ചറിയപ്പെടും.  ഒരു നമ്പര്‍‍ ഇന്ത്യയിലെ ഒരു പൌരനു മാത്രമേ ഉണ്ടാകൂ. വ്യക്തിയില്‍‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍‍ ഒരു ദേശീയ വിവരസഞ്ചയത്തില്‍‍ ചേര്‍‍ക്കും. വ്യക്തിയുടെ സാമൂഹികവും കുടുംബപരവുമായ വിവരങ്ങള്‍‍ക്കു പുറമെ പത്തു വിരലുകളൂടെയും അടയാളങ്ങള്‍‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം തുടങ്ങിയ ജൈവപരമായ വിവരങ്ങളൂം ആധുനിക സജ്ജീകരണങ്ങള്‍‍ മുഖേന ശേഖരിച്ച് വിവര സഞ്ചയത്തില്‍‍ ചേര്‍ക്കും. താനാരാണെന്ന് വെളിപ്പെടുത്തേണ്ട സന്ദര്‍ഭത്തില്‍‍ ആധാര്‍‍ നമ്പര്‍‍ പറഞ്ഞാല്‍‍ മതിയാകും.
ആധാര്‍‍ ഇല്ലാത്തവന്‍‍ ഇന്ത്യക്കാരനല്ലാ‍താവും 
റേഷന്‍‍ കാര്‍‍ഡ് കിട്ടാന്‍‍, ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍‍, സ്കൂളിലോ കോളേജിലോ ചേരാന്‍‍, ട്രെയിന്‍ ടിക്കറ്റോ പ്ലെയിന്‍‍ ടിക്കറ്റോ ബുക്ക് ചെയ്യാന്‍‍, ബുക്ക് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യാന്‍‍..... അങ്ങനെ എല്ലാത്തിനും ആധാര്‍‍ വേണ്ടി വരുന്ന സ്ഥിതിവിശേഷം താമാസിയാതെ സംജാതമാകും. അധികം താമസിയാതെ ആധാര്‍‍ ഇല്ലാത്തവന്‍‍ ഇന്ത്യക്കാരനല്ലെന്ന് പോലും വിശേഷിപ്പിക്കപ്പെടും...  
ജനങ്ങളെ  ചാപ്പ കുത്തുന്നു 
മാതൃഭൂമി ലേഖനത്തില്‍ വി. എസ്. എഴുതി: “കമ്പ്യൂട്ടര്‍‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന യു. ഐ. ഡി. പദ്ധതി തീര്‍‍ച്ചയായും ഭരണകൂടത്തിന്ന്  അനിയന്ത്രിതമായ അധീകാരങ്ങള്‍‍ നല്‍‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍‍ക്കാരാണ്. എന്നാല്‍ പൌരന്മാരെ സുതാര്യ അടിമകളാക്കാനാണ് യു.ഐ.ഡി.പദ്ധതി സഹായിക്കുക.”  
നാറ്റ്സി ജര്‍മ്മനിയില്‍ ജൂതന്മാരെ കൊന്നൊടുക്കിയ കാര്യം വി.എസ്. ലേഖനത്തില്‍  സൂചിപ്പിക്കുന്നുണ്ട്. ജൂതന്മാരെ തിരിച്ചറിയാന്‍ ഒരു യു.ഐ.ഡി. പദ്ധതി ജര്‍മ്മനിയിലും നടപ്പാക്കിയ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നില്ലെന്ന് തോന്നുന്നു. അദ്ദേഹം വിട്ടുപോയ മറ്റൊരു കാര്യമുണ്ട്. യു.ഐ.ഡി.പദ്ധതിക്ക് ഒരു ഗൂഢലക്ഷ്യമുള്ളതാണ് അത്.
യു.ഐ.ഡി.പദ്ധതിയുടെ ഗൂഢലക്ഷ്’യം 
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ അംഗങ്ങളെയും നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആധാര്‍ പദ്ധതിയുടെ ഗൂഢലക്ഷ്’യം. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയോ എല്‍. കെ. അഡ്വാനിയെ എഴുതിത്തള്ളാന്‍ കഴിയാത്തതിനാല്‍ സര്‍വ്വാധികാരവിഭൂഷിതനായ ഉപപ്രധാന മന്ത്രിയോ ആ‍യാല്‍ യു.ഐ.ഡി. എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ഒന്നാലോചിച്ചു നോക്കൂ.

Friday, June 10, 2011

കേഴുക പ്രിയ നാടേ!

        മഖ്ബൂല്‍ ഫിദാ ഹുസൈന്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ മൂര്‍ത്ത രൂപമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യമായിരുന്നു അദ്ദേഹത്തിന്റെ രചനാവിഷയങ്ങള്‍.  ഒരു രാജ്യത്തിലെ പൌരന്‍ ആ രാജ്യത്തിന്റെ പുത്രനെന്ന സംബോധനയ്ക്ക് അര്‍ഹനാകണമെങ്കില്‍ അനിതരസാധാരണമായ സംഭാവന ആ പൌരന്‍ തന്റെ രാജ്യത്തിന് നല്‍കണം. ചിത്രകലയുടെ ലോകം ഇന്ത്യയുടെ പിക്കാസോ എന്നാണ് എം.എഫ്. ഹുസൈനെ വിശേഷിപ്പിച്ചത്. ഹുസൈന്‍ സാഹിബ് ഇന്ത്യയുടെ പുത്രന്‍ എന്ന സംബോധനയ്ക്ക് അര്‍ഹനായെന്ന് സാരം.
     ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം പ്രഭാവം പ്രകടിപ്പിക്കുന്നതിനു മുമ്പ് എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ വിവാദമായില്ല. ഹിന്ദുദേവതകളെയും ഭാരതാംബയെയും നഗ്നരായി ചിത്രങ്ങളില്‍ ആവിഷ്കരിച്ചു എന്നാരോപിച്ചാണ് ഹിന്ദുത്വവാദികളായ തെമ്മാടിക്കൂട്ടം എം.എഫ്. ഹുസൈനെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടത്.  ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരണമെന്നും ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണമെന്നും എം.എഫ്. ഹുസൈന്‍ ആഗ്രഹിച്ചു; പലരെയും തന്റെ ആഗ്രഹം അറിയിച്ചു. സ്വന്തം നാട്ടിലേയ്ക്ക് തിരിചുവരാന്‍ ഹിന്ദുത്വ ഫാഷിസം എം.എഫ്. ഹുസൈനെ അനുവദിച്ചില്ല. മതനിരപേക്ഷരാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ ഭരണസംവിധാനത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും ഇന്ത്യയുടെ ഒരു ഉത്തമ പുത്രനായ, ഇന്ത്യയുടെ പിക്കാസോ ആയ എം.എഫ്. ഹുസൈന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞില്ല.
     മതനിരപേക്ഷരാഷ്ട്രമായ ഇന്ത്യയുടെ ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും ഹിന്ദുത്വഫാഷിസത്തിന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു! കേഴുക പ്രിയനാടേ, കേഴുക!!