ജൂലൈ 22ലെ മലയാള മനോരമ പത്രത്തില്‍ പാളയം ജുമാ മസ്ജിദിലെ ഇമാം ജമാലുദീന്‍ മങ്കട “നന്മ കൊണ്ട് പ്രതിരോധം തീര്‍ക്കാം” എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഫത്’വയാണ് ഓര്‍മ്മയില്‍ വന്നത്. റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം നടന്ന കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന ഈജിപ്തിലെ പുരോഗമന വാദികള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. ഇത് കണ്ട് വിറളി പൂണ്ട ബ്രിട്ടീഷ് മേലാളരുടെ നിര്‍ദ്ദേശപ്രകാരം ഇസ്’ലാംമത മേലധ്യക്ഷനായിരുന്ന ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ബഖീത് 1919ല്‍ കമ്യൂണിസ്റ്റ് വിരുദ്ധ ഫത്’വ പുറപ്പെടുവിച്ചു. കമ്യൂണിസം വര്‍ഗ്ഗരഹിത സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ട് കമ്യൂണിസം ഇസ്’ലാം വിരുദ്ധമാണെന്നുമായിരുന്നു ഫത്’വയുടെ രത്നച്ചുരുക്കം. ഈ ഫത്’വയ്ക്കെതിരായി ഒരു ഇസ്’ലാംമത പണ്ഡിതന്‍ തന്നെ രംഗത്ത് വന്നു. മുഹമ്മദ് റശീദ് റിദ (1865-1935) സ്വന്തം പത്രാധിപത്യത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന അല്‍-മനാര്‍ (ദീപസ്തംഭം) മാസികയില്‍ എഴുതി: “ചില രാഷ്ട്രീയക്കാരും ഗ്രാന്റ് മുഫ്തിയുടെ ഫത്’വയും പറയുന്നത് പോലെ ബോള്‍ഷെവിസത്തിലും സോഷ്യലിസത്തിലും തിന്മയും ദ്രോഹവും മാത്രമേയുള്ളോ?... എനിക്ക് പറയാനുള്ളതിതാണ്: ഞാന്‍ വായിച്ചു മനസ്സിലാക്കിയതിതാണ് – അത് ധനാര്‍ത്തിയുള്ള പ്രഭുക്കന്മാരെയും അവരെ പിന്തുണയ്ക്കുന്നവരെയും സ്ഥാനഭ്രഷ്ടരാക്കുന്നു... എന്നിട്ട് ഭൂരിപക്ഷത്തിന്റെ ഭരണം സ്ഥാപിക്കുന്നു...” [Socialism, Bolshevism and Religion by Muhammad Rashid Rida in Al-Manâr, Vol.21 No. 5. 29; 26 August 1919]
വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായി എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ലേഖനത്തില്‍ പോപുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടന ഇന്ത്യയിലെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്’ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയത് മങ്കട മൌലവിയെയും ജമാ’അത്തിന്റെ വക്താവായ മാധ്യമം പത്രാധിപരെയും പ്രകോപിപ്പിച്ചു. സി.പി.ഐ.(എം) കേരളത്തില്‍ “വര്‍ഗ്ഗരഹിത സ്റ്റാലിനിസ്റ്റ് രാഷ്ട്രം” സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു പോലെ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇമാം മങ്കട മൌലവി സമര്‍ത്ഥിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ വിഢിത്തമാണ് പറഞ്ഞെതെന്ന് പത്രാധിപര്‍ ഒരു ചാനലിന്റെ അന്തിച്ചര്‍ച്ചയില്‍ ഉദീരണം ചെയ്തു.
ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക നിയമവ്യവസ്ഥയും
കോടിയേരിയുടെ മുന്നറിയിപ്പിനെതിരെ ഇസ്’ലാമിസ്റ്റുകള്‍ മാത്രമേ രംഗത്ത് വന്നുള്ളു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്’ഷ്യം കേരളത്തെ ഒരു മുസ്’ലിം ഭൂരിപക്ഷ പ്രദേശം ആക്കുകയാണെന്നും അതിനായി അവര്‍ പല അടവുകളും പയറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ ഇസ്’ലാമിസ്റ്റുകള്‍ക്കു പുറമെ ശുദ്ധ “മതനിരപേക്ഷ” വാദികളായ മുസ്’ലിം ലീഗുകാരും തരാതരം പോലെ ഹിന്ദുക്കാര്‍ഡും മുസ്’ലിം കാര്‍ഡും മാറിമാറിക്കളിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുകാരും ഉള്‍പ്പെടുന്ന യു.ഡി.എഫ്. ഒന്നടങ്കം അച്യുതാനന്ദനെതിരെ പടയിറങ്ങി. അച്യുതാനന്ദന്റെ പറച്ചില്‍ മുസ്’ലിം സമുദായത്തിനെതിരെ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണത്തിന്‍ സമാനമായ ഒന്നാണെന്നാണ് യു.ഡി.എഫ്. നേതാക്കളുടെയും സ്വത്വരാഷ്ട്രീയക്കാരായ ദളിതരുടെയും വാദം. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഒരു ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും മുസ്ലിം സമുദായത്തെയും സമീകരിക്കുന്നത് ദുരുപദിഷ്ടമാണെന്നും വി. എസ്. വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ്. ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞാല്‍ അത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് ആരെങ്കിലും വ്യാഖ്യാനിക്കുമോ എന്ന ചോദ്യത്തിന് മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈയാളുന്ന മുസ്ലിം ലീഗും വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമായി രഹസ്യവേഴ്ച നടത്തുന്ന കോണ്‍ഗ്രസ്സും മറുപടി പറഞ്ഞിട്ടില്ല.
അച്യുതാനന്ദനെതിരെ പടയിറങ്ങിയവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. അധ്യാപകന്റെ കൈപ്പത്തി വെട്ടിയപ്പോഴാണല്ലൊ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫാഷിസ്റ്റ് ദംഷ്ട്രകള്‍ പുറത്ത് കണ്ടത്. എന്‍. ഡി. എഫ്., പോപുലര് ഫ്രണ്ട്, എസ്. ഡി. പി. ഐ., സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ജമാ’അത്തെ ഇസ്’ലാമിയുടെ “ഇസ്’ലാമിക രാഷ്ട്രം” എന്ന മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. നിഷ്പക്ഷമതിയെന്ന് അംഗീകരിക്കപ്പെട്ട ഒരു ചിന്തകന്‍ എഴുതി: “ഇന്നത്തെ ഇസ്’ലാമിക് ആക്റ്റിവിസം പ്രത്യയശാസ്ത്രത്തിനും സംഘടനാ മാതൃകയ്ക്കും ഹസനുല്‍ ബന്ന സ്ഥാപിച്ച മുസ്ലിം ബ്രദര്‍ഹൂഡിനോടും മൌദൂദി സ്ഥാപിച്ച ജമാ‘അത്തെ ഇസ്ലാമിയോടും കടപ്പെട്ടിരിക്കുന്നു.” [The Islamic Threat Myth or Reality? by John L. Esposito 3rd Edition page 129] ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ലക്’ഷ്യമിട്ടിട്ടുള്ള സംഘ് പരിവാറിന്‍ സമാന്തരമാണ് ജമാ’അത്ത് പരിവാര്‍.
ഇസ്ലാം മതത്തിന്റെ പരിശുദ്ധി നിലനിറുത്താന്‍ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്നാണ്‍ മൌദൂദിയുടെ മതരാഷ്ട്രസിദ്ധാന്തം. ഇതിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‍ ജമാ’അത്തെ ഇസ്ലാമി. ഇതിന്റെ പ്രവര്‍ത്തനം തെക്കേ ഏഷ്യയിലാകെ വ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യത്തുമുള്ള സംഘടന പ്രതേകം അമീറിന്റെ കീഴിലാണ്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലെയും ജമാ’അത്തുകളുടെ സംഘടനാ രൂപവും പ്രത്യയശാസ്ത്രവും ഒന്നു തന്നെയാണ്‍. രണ്ടാം ഖലീഫ ഉമര്‍ ഇബ്നു അല്‍-ഖത്താബ് അമീറുല്‍ മുഅ‍്മിനീന്‍ (വിശ്വാസികളുടെ സേനാനായകന്‍) എന്ന സ്ഥാനപ്പേര്‍ സ്വയം സ്വീകരിക്കുകയുണ്ടായി. ജമാ’അത്തെ ഇസ്ലാമിക്കും അമീറ് ആണ്‍ തലപ്പത്ത്. ഖലീഫ ഉമ്മറിന്റെ കാലത്തുണ്ടായിരുന്ന മാതൃകാപരമായ ഇസ്ലാമിക സാമ്രാജ്യമാണ് ജമാ’അത്തെ ഇസ്ലാമിയുടെ സ്വപ്നം. ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാല്‍ നടപ്പിലാക്കേണ്ട നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മൌദൂദി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇസ്ലാമിക സാമ്രാജ്യമെന്ന സ്വപനസാക്ഷാത്കാരത്തിന് കാലതാമസമുണ്ട്. അത് സ്ഥാപിതമാകുന്നതിനു മുമ്പ് ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ മുസ്ലിം സമൂഹം അധിവസിക്കുന്നുണ്ടോ അവിടങ്ങളില്‍ ഇസ്ലാമികമായ ജീവിതരീതി സ്വീകരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് മൌദൂദി പറയുന്നു. ഇസ്ലാമിക ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം എന്ന് സാരം.
മുസ്ലിം ഭരണം ഉള്ള രാജ്യങ്ങളില്‍ ഇസ്ലാമിക നിയമ വ്യവസ്ഥ (ശരീഅത്ത്) നടപ്പിലാക്കണം. ശരീഅത്ത് നടപ്പാക്കുമ്പോള്‍ മതനിന്ദകരെ എന്തു ചെയ്യണം എന്നു പ്രത്യേകം പ്രതിപാദിക്കുന്ന ഒരു പുസ്തകം തന്നെ മൌദൂദി രചിച്ചിട്ടുണ്ട്. അതിന്റെ പേരാണ് മുര്‍ത്തദ്ദ് കി സാസാ ഇസ്ലാം കി കാനൂന്‍ മേം (മതം ഉപേക്ഷിച്ചവര്‍ക്കുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍). മൌദൂദിയുടെ എല്ലാ രചനകളും ഉറുദുവില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ജമാ’അത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുര്‍ത്തദ്ദ് കി സാസാ ഇസ്ലാം കി കാനൂന്‍ മേം മാത്രം ഒഴിവാക്കി. കാരണം അത് മലയാളത്തിലാക്കിയാല്‍ മൌദൂദിസത്തിന്റെ ദംഷ്ട്രകള്‍ മലയാളികള്‍ കാണുമെന്നുള്ളതു കൊണ്ട് തന്നെ.
പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഒഴിവാക്കിയത് ജമാ’അത്തെ ഇസ്ലാമി നടത്തിയ ഒരു പൂഴ്ത്തിവെപ്പാണ്. ഇതുപോലൊരു പൂഴ്ത്തിവെപ്പ് സംഘ് പരിവാറും നടത്തിയിട്ടുണ്ട്. എം. എസ്. ഗോള്‍വാള്‍ക്കര്‍ രചിച്ച We or Our Nationhood Defined എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ആര്‍.എസ്.എസ്. പൂഴ്ത്തി. അതില്‍ പച്ചയായിത്തന്നെ മുസ്ലിങ്ങള്‍ വിദേശികളാണെന്നും ഇന്ത്യക്കാരുടെ ശത്രുക്കളാണെന്നും നിഗ്രഹിക്കപ്പെടേണ്ടവരാണെന്നും പറയുന്നുണ്ട്. ആ പുസ്തകം ആര്‍.എസ്.എസ്. ഓഫീസുകളില്‍ മാത്രം സൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയാണുണ്ടായത്.
മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ
റിദ (മതം ഉപേക്ഷിക്കല്‍) എന്ന പദത്തില്‍ നിന്നാണ്‍ മുര്‍ത്തദ്ദ് എന്ന പദം ഉണ്ടായത്. ഇസ്ലാം മതത്തെയും പ്രവാചകനെയും ഖുര്‍’ആനിനെയും നിന്ദിക്കുന്നവരെല്ലാം മുര്‍ത്തദ്ദുകളാണെന്നാണ് ഇസ്ലാംമതപണ്ഡിതരുടെ വ്യാഖ്യാനം. അവരെല്ലാം ഇസ്ലാമിക നിയമത്തില്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്‍. ഇതനുസരിച്ചാണ് അയാത്തുല്ല ഖൊമേനി സല്‍മാന്‍ റശ്ദിക്ക് Satanic Verses എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്. മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ നല്കണമെന്നാണ്‍ മൌദൂദിയും തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ ഇസ്ലാമിക കോടതികള്‍
തൊടുപുഴ കോളെജിലെ പ്രൊഫസര്‍ ടി. ജെ. ജോസഫ് യഥാര്‍ത്ഥത്തില്‍ വധശിക്ഷ അര്‍ഹിക്കുന്ന ആളാണെന്നാണ്‍ ഇസ്ലാമിസ്റ്റുകളുടെ വാദം. ഇസ്ലാമികഭരണം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ലഘൂകരിച്ച് പ്രവാചക നിന്ദയുള്ള ചോദ്യം തയാറിക്കിയ വലതു കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ മതിയെന്ന് കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ) വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ്. House of Justice എന്നതിന്റെ അറബിഭാഷാ രൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25 യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം സിദ്ധനെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.
കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ മൌദൂദിസ്റ്റുകള്‍ക്ക് പരിപാടിയുണ്ടോ?
മൌദൂദിസ്റ്റ് സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത് മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്‍. ലോകത്ത് മുസ്ലിങ്ങളും അവിശ്വാസികളും തമ്മില്‍ (ഇസ്ലാമും കുഫറും തമ്മില്‍) വര്‍ഗ്ഗസമരം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമവിജയം ഇസ്ലാമിനായിരിക്കുമെന്നുമാണ് മൌദൂദി പ്രവചിച്ചത്. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. അല്ലാഹുവിനു കീഴടങ്ങല്‍ എന്നു സാരം. മുസ്ലിം എന്നാല്‍ കീഴടങ്ങിയവര്‍. ഈ അര്‍ത്ഥത്തില്‍ ലോകത്തുള്ള സര്‍വ്വ ചരാചരങ്ങളും മുസ്ലിം ആണ്. കുറച്ച് മനുഷ്യര്‍ മാത്രമേ അല്ലാഹുവിനു കീഴടങ്ങാതുള്ളു. അവരെക്കൂടി കീഴടങ്ങിയവരാക്കുക (മുസ്ലിം ആക്കുക) എന്നത് ഓരോ ഇസ്ലാം മത വിശ്വാസിയുടെയും കടമയാണ്. [Towards Understanding Islam by Mawdudi - http://www.witnesspioneer.org/]
മതത്തില്‍ നിര്‍ബ്ബന്ധം പാടില്ലെന്ന് ഖുര്‍’ആന്‍ പറയുന്നുണ്ട്. അതുകൊണ്ട് മുസ്ലിം ആകാതെ അവിശ്വാസികളായി തുടരുന്നവരെ മുസ്ലിം ആക്കുവാന്‍ ചതുരുപായങ്ങളില്‍ അവസാനത്തേത് (ദണ്ഡം) ഒഴിച്ച് ബാക്കി മൂന്നുപായങ്ങളും (സാമം, ദാനം, ഭേദം) പ്രയോഗിക്കണം. കേരളത്തിലെ മൌദൂദിസ്റ്റുകള്‍ ഇസ്ലാമിക സ്വത്വത്തെ ദളിത് സ്വത്വവുമായി കൂട്ടിക്കെട്ടുന്നതിനു പിന്നില്‍ മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തമാണുള്ളത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ വിജയിച്ചിടത്ത് തങ്ങള്‍ക്കും വിജയസാദ്ധ്യതയുണ്ടെന്ന് മൌദൂദിസ്റ്റുകള്‍ സ്വപ്നം കാണുന്നു.