Monday, July 12, 2010

വാറന്‍ ആന്‍ഡേഴ്സനു വേണ്ടി ഒരു മലയാള മാധ്യമത്തിന്റെ വക്കാലത്ത്

ഒരു പത്രത്തിലെ പംക്തികാരന്‍ എഴുതിയ ലേഖനത്തിലെ അഭിപ്രായങ്ങള്‍ ആ പത്രത്തിന്റെ അഭിപ്രായമാണെന്ന് പറയുന്നത് ശരിയാണോ? ശരിയാണെന്നാണ് എന്റെ അഭിപ്രായം. കാരണം പാര്‍ടി പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, തേജസ് എന്നിവയൊഴിച്ച് മറ്റു പത്രങ്ങള്‍ കപടമായ നിഷ്പക്ഷ മുഖം പുറത്ത് കാണിക്കാന്‍ വൃഥാവ്യായാമം നടത്താറുണ്ടെങ്കിലും പത്രത്തിന്റെ ഉടമസ്ഥരുടെ പ്രത്യയശാസ്ത്രത്തിനു നിരക്കാത്ത രീതിയിലുള്ള ‘വായനക്കാരന്റെ കത്ത്’ പോലും പ്രസിദ്ധപ്പെടുത്താറില്ല. ഏറ്റ്വും നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ദി ഹിന്ദു പോലും അപവാദമല്ല. വായനക്കാരുടെ കത്തുകള്‍ പോലും തമസ്കരിക്കുന്ന കപടനിഷ്പക്ഷത നടിക്കുന്നവര്‍ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ തരംഗദൈര്‍ഘത്തിനനുസരിച്ച് എഴുതാത്ത പംക്തികാരന്റെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുമോ?
ഡി. ബാബു പോള്‍ മാധ്യമം പത്രത്തിന്റെ ഒരു പംക്തികാരനാണ്. ഇദ്ദേഹം ഒരു റിട്ടയേഡ് ഐ.എ.എസ്. ആപ്പീസറാണ്. പത്രപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ ഒരു പത്രത്തില്‍ ദീര്‍ഘകാലം ഒരു പംക്തി എഴുതിയത് താന്‍ മാത്രമാണെന്ന് മാധ്യമത്തിലെ ‘മധ്യരേഖ’ എന്ന പംക്തി ചൂണ്ടിക്കാണിച്ച് മേനി നടിക്കുന്ന ആളുമാണ്. എന്തു കൊണ്ട് ബാബു പോളിന് ദീര്‍ഘകാലം മാധ്യമത്തിന്റെ പംക്തികാരനായി തുടരാന്‍ കഴിയുന്നു? ജമാ’അത്തെ ഇസ്’ലാമിക്ക് രുചിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ ഉളുപ്പില്ലാത്തതു കൊണ്ട് തന്നെ. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇദ്ദേഹം ഹമീദ് ചേന്നമംഗലൂരിനെപ്പോലെയും റ്റി.ജെ.എസ്. ജോര്‍ജിനെപ്പോലെയും താമര വിരിയുന്ന ലേഖനങ്ങളാണ് മറ്റുള്ള മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരുന്നത്.
ഇത്രയും ആമുഖമായി പറയാന്‍ കാരണം ജൂലൈ ഏഴിന്റെ മാധ്യമം പത്രത്തിലെ ‘മധ്യരേഖ’യില്‍ “വാറന്റെ വാറണ്ടല്ല പ്രശ്നം” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനമാണ്. വാറന്‍ ആന്‍ഡേഴ്സനെ ഒരു ഇന്ത്യക്കാരന് മറക്കാന്‍ കഴിയില്ലല്ലോ. 25,000 മനുഷ്യരെ മണിക്കൂറുകള്‍ക്കകം കൊന്നൊടുക്കുകയും 1,25,000 പേരെ ജീവച്ഛവങ്ങളാക്കി മാറ്റുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുതലാളിയാണ്. ഇയ്യാള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഒരു വി.ഐ.പി. ആയി രാജീവ് ഗാന്ധി അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചല്ലോ. അതിനെ മുന്‍ ഐ.എ.എസ്. ആപ്പീസര്‍ ഭംഗ്യന്തരേണ ന്യായീകരിക്കുന്നത് നോക്കുക:
ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യം എടുക്കുക. കാല്‍നൂറ്റാണ്ടായി കഥ കഴിഞ്ഞിട്ട്. ഇപ്പോള്‍ നമ്മുടെ നീതിന്യായസംവിധാനത്തിലെ ഏറ്റവും താഴെ പടികളിലൊന്നില്‍ ഇരുന്നുകൊണ്ട് ഏതോ ഒരു ചെറിയ മജിസ്‌ട്രേറ്റ് വിധി പറഞ്ഞു എന്നതാണ് പുതിയ സംഭവം. നാം കേള്‍ക്കുന്നതൊന്നും അതിനെക്കുറിച്ചല്ല. പണ്ടെങ്ങോ അടുത്തൂണ്‍ പറ്റിയ ചീഫ് ജസ്റ്റിസ് അഹ്മദി എന്തോ വലിയ രാജ്യദ്രോഹം ചെയ്തു; രാജീവ് സര്‍ക്കാര്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനായിരുന്ന സായ്‌വിനെ വിലങ്ങുവെക്കാതെ വിട്ടു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും ശരിയും തെറ്റും ഉള്‍ക്കൊള്ളുന്നവയാണ്
മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത്തയ്യായിരം പേരുടെ മരണത്തില്‍ കലാശിച്ച ഭോപ്പാല്‍ വാതകദുരന്തത്തെ ഈ പണ്ഡിതമ്മന്യന്‍ വിശേഷിപ്പിക്കുന്നത് ‘അപകടം’ എന്നാണ്. അപകടമുണ്ടായപ്പോള്‍ ഇന്ത്യയില്‍ വന്ന് അപകടത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച വാറന്‍ ആന്‍ഡേഴ്സനെ വാഴ്ത്താനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് മടിയില്ല. പംക്തികാരന്‍ തുടരുന്നു:
വാറന്‍ ആന്‍ഡേഴ്‌സണെ അറിയുമല്ലോ. ഇപ്പോള്‍ അശീതിയുടെ അയല്‍ക്കാരന്‍. അന്ന് കാര്‍ബൈഡിന്റെ ആഗോള ചെയര്‍മാന്‍. അപകടത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാധ്യമഭാഷയില്‍ പറഞ്ഞാല്‍ 'സംഭവസ്ഥലത്തേക്ക് കുതിക്കാന്‍' തോന്നി. ജനം ക്ഷുഭിതരാണ് എന്നാരോ പറഞ്ഞപ്പോള്‍ എങ്കിലും പോയി ആശ്വസിപ്പിക്കാതെ വയ്യ എന്ന് സായിപ്പിന് വാശി. അങ്ങനെ ഉണ്ടായ മധ്യപാതാനിര്‍ദേശമാണ് രസഗോത്ര എന്ന വിദേശകാര്യസെക്രട്ടറി നല്‍കിയ 'സേഫ് പാസേജ്': വന്നുകൊള്ളൂ, കണ്ടുകൊള്ളൂ, പൊയ്‌ക്കൊള്ളൂ, ദേഹോപദ്രവം ഉണ്ടാകയില്ല, സര്‍ക്കാര്‍ സാക്ഷി. ഇപ്പോള്‍ പറയുന്നു ആ മനുഷ്യനെ തടവിലാക്കണമായിരുന്നു എന്ന്. അത് ഭാരതീയധര്‍മത്തിന് നിരക്കുമായിരുന്നില്ല. അശ്വത്ഥാമാവ് എന്ന ആന ചരിഞ്ഞപ്പോള്‍ മരിച്ചത് ആനയാണെന്ന ഭാഗം ശബ്ദം താഴ്ത്തി പറഞ്ഞത് ആചാര്യന്റെ ബലഹീനതയായി കാണുന്ന സംസ്‌കാരമാണ് നമ്മുടേത്. വന്നോളൂ എന്ന് അനുവദിച്ചശേഷം വരുന്നവനെ കുടുക്കുന്നത് നമ്മുടെ പാരമ്പര്യമല്ല. അതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കുന്നവര്‍ നാടോടുമ്പോള്‍ നടുവേ ഓടുകയാണ്.
താന്‍ നാടോടുമ്പോള്‍ നടുവെ ഓടാത്ത, ഒഴുക്കിനെതിരെ നീന്തുന്ന ആര്‍ജ്ജവക്കാരനാണെന്ന് സാരം! എന്തു കൊണ്ട് മാധ്യമം വാറന്‍ ആന്‍ഡേഴ്സന്റെ വക്കാലത്ത് ഏറ്റെടുത്തു? ആന്‍ഡേഴ്സന്‍ നാലാം വേദക്കാരനാണ്. കാല്‍ ലക്ഷം മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ കൊന്നൊടുക്കിയെങ്കിലും ഒന്നേകാല്‍ ലക്ഷം പേരെ ജീവച്ചവങ്ങളാക്കിയെങ്കിലും അയാള്‍ നിരീശ്വരവാദിയല്ല. ബാബു പോളാകട്ടെ വേദശബ്ദ രത്നാകരം രചിച്ച ദൈവശാസ്ത്ര പണ്ഡിതനുമാണ്. അദ്ദേഹം പറയുന്നതെല്ലാം ഇസ്’ലാമിനു സ്വീകാര്യമാണ്. ഡോ.ഡി.ബാബു പോള്‍ വാറന്‍ ആന്‍ഡേഴ്സനു വേണ്ടി നടത്തിയ വക്കാലത്ത് മാധ്യമത്തിന് സ്വീകാര്യമായതങ്ങനെയാണ്. ഇവിടെ ഇസ്’ലാമിസ്റ്റുകളുടെ “സാമ്രാജ്യത്വവിരുദ്ധ“ പൊയ്മുഖം അഴിഞ്ഞു വീഴുക കൂടി ചെയ്യുന്നുണ്ട്
.

Sunday, June 13, 2010

ജമാ’അത്തെ ഇസ്’ലാമിയുടെ സ്വത്വരാഷ്ട്രീയം


മാധ്യമം പത്രത്തില്‍ വള്ളിക്കുന്നം പ്രഭ എന്നൊരാള്‍ എഴുതി:
ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ? സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍ കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്.
ജമാ’അത്തെ ഇസ്’ലാമി ഇസ്’ലാമികമതരാഷ്ട്രവാദത്തെയും, കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും സ്വത്വാവബോധത്തെയും സമീകരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ദളിതരിലും ആദിവാസികളിലും ഒരു വിഭാഗം സ്വത്വാവബോധത്തില്‍ നിന്ന് വര്‍ഗ്ഗബോധത്തിലേക്കുയരാനാകാതെ നിന്നുപോയിട്ടുണ്ട്. അവരുടെ ഇടയില്‍ സ്വത്വരാഷ്ട്രീയം വളര്‍ത്തി തങ്ങളുടെ ജാതി, മത, വര്‍ഗ്ഗീയതാരാഷ്ടീയത്തിന്റെ ചളിക്കുണ്ടില്‍ തന്നെ കുടുക്കിയിടാനാണ് കമ്പോളരാഷ്ട്രീയക്കാരായ കോണ്‍ഗ്രസ്സുകാര്‍ എക്കാലത്തും ശ്രമിച്ചിച്ചിട്ടുള്ളത്. ഇതേ തന്ത്രമാണ് ഇപ്പോള്‍ ജമാ’അത്തെ ഇസ്’ലാമിയും പയറ്റുന്നത്. ജമാ’അത്തെ ഇസ്’ലാമിയുടെ തനിനിറത്തെക്കുറിച്ച് നിഷ്പക്ഷമതിയായ പണ്ഡിതന്‍ ജോണ്‍ എസ്പോസിറ്റോ എഴുതി:
ഇന്നത്തെ ഇസ്’ലാമിക ആക്റ്റിവിസം അതിന്റെ പ്രത്യയശാസ്ത്രത്തിനും സംഘടനാമാതൃകകള്‍ക്കും മുസ്’ലിം ബ്രദര്‍ഹൂഡിനോടും ജമാ’അത്തെ ഇസ്’ലാമിയോടുമാണ് കടപ്പെട്ടിരിക്കുന്നത്. ( The Islamic Threat : Myth or Reality? by John L. Esposito 3rd Edition page 129)
ജമാ’അത്തെ ഇസ്’ലാമിയുടെ ആശയപരമായ അടിത്തറ മൌദൂദിസമാണ്. അബൂല്‍ അ’അലാ മൌദൂദിയാകട്ടെ പ്രചോദനം കൊണ്ടത് സൌദി അറേബ്യയുടെ ഔദ്യോഗികമതമായ വഹാബിസത്തില്‍ നിന്നുമാണ്. മൌദൂദിയുടെ “വര്‍ഗ്ഗസമരസിദ്ധാന്തം” അനുസരിച്ച് ലോകത്ത് രണ്ട് വര്‍ഗ്ഗങ്ങളേയുള്ളു. സത്യവിശ്വാസികളും കാഫിറുകളും. വിശ്വാസവും കുഫറും തമ്മിലുള്ള സമരത്തില്‍ അന്തിമ വിജയം ഇസ്’ലാമിനായിരിക്കും. ഇന്ന് മറുഭാഗത്ത് നില്‍ക്കുന്ന ജനവിഭാഗങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമങ്ങള്‍ “വര്‍ഗ്ഗസമര“ത്തിന്റെ ഭാഗമാണ്. ജമാ’അത്തെ ഇസ്’ലാമിയുടെ നോട്ടത്തില്‍ കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ മതം മാറ്റാവുന്ന വിഭാഗങ്ങളാണ് ദളിതരും ആദിവാസികളും. ക്രിസ്ത്യന്‍ മിഷണറിമാരുടെ അനുഭവം അവരുടെ മുന്നിലുണ്ട്. ഇനി ദളിതരെയും ആദിവാസികളെയും മതം മാറ്റത്തിന് കിട്ടിയില്ലെങ്കില്‍ തന്നെയും സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തലിനും വിവേചനത്തിനും ഇരകളായ ദളിതരുടെയും ആദിവാസികളുടെയും, സടകുടഞ്ഞെഴുന്നേറ്റ സ്വത്വാവബോധത്തോട് മുസ്’ലിം മതസ്വത്തത്തെ കൂട്ടിക്കെട്ടുന്നത് കൊണ്ട് മറ്റൊരു ഗുണമുണ്ടെന്ന് ജമാ’അത്ത് കണക്ക് കൂട്ടുന്നു. കെ.ഇ.എന്‍ ‘വാരാദ്യമാധ്യമത്തില്‍’ എഴുതി:
സ്വത്വം പുതിയ ആകാശങ്ങള്‍ തേടി പറക്കാന്‍ അതിപ്പോള്‍ ചിറകു വിടര്‍ത്തുകയാണ്. ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും അതിനിനി, പണ്ടേ പോലെ ശബ്ദകോശങ്ങളുടെ ശ്മശാനങ്ങളില്‍ അന്തിയുറങ്ങാന്‍ കഴിയുകയില്ല.
ദളിത് ആദിവാസി സ്വത്വാവബോധത്തെ ഇസ്’ലാമിക മതരാഷ്ട്ര സ്വത്വവുമായി സമരസപ്പെടുത്തുന്നത് തെറ്റാണെന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യയിലെ മുസ്’ലിങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന, ആര്‍.എസ്.എസ്.കാര്‍ രൂപവത്കരിക്കാന്‍ പോകുന്ന “ന്യൂനപക്ഷ മോര്‍ച്ചയുടെ കാര്യവാഹക് “ ആകാന്‍ കൊതിച്ചു നടക്കുന്ന ചില പണ്ഡിതരെ തുറന്ന് കാട്ടേണ്ടതുണ്ട്. ഹമീദ് ചേന്നമങ്ങലൂര്‍ എന്ന പണ്ഡിതന്‍ പറഞ്ഞത് അറബി ഭാഷയിലുള്ള, മുസ്’ലിങ്ങളുടെ ബാങ്ക് വിളി അറേബ്യയോടുള്ള വിധേയത്വം മൂലമാണെന്നാണ്. മുസ്’ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ അധിനിവേശത്തിന്റെ അടയാളമാണെന്നും ഈ പണ്ഡിതന് അഭിപ്രായമുണ്ട്. എം.എസ്.ഗോള്‍വാള്‍ക്കറെ പോലെ മുസ്’ലിങ്ങള്‍ ഒന്നടങ്കം അധിനിവേശക്കാരാണെന്ന് പറ്യാതിരുന്നത് ഭാഗ്യം. അത്തരം പണ്ഡിതമ്മന്യന്മാരെ അവരുടെ പാട്ടിനു വിടാം. ഇന്നത്തെ ഇന്ത്യയിലെ മുസ്’ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രകുത്തലിന്റെ ഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ലെന്ന് പ്രതിദിനം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്’ലിങ്ങള്‍ക്ക്....വിവേചനപരമായ സമീപനത്തിന്റെ ഇരകളാണ് തങ്ങളെന്ന തോന്നല്‍ മുസ്’ലിങ്ങള്‍ക്കിടയില്‍, വിശേഷിച്ച് യുവാക്കള്‍ക്കിടയിള്‍ വളരെ കൂടുതലാണ്.
മുസ്’ലിങ്ങളുടെ ഈ അവസ്ഥയെ ചൂഷണം ചെയ്ത് രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാനാണ് ജമാ’അത്തെ ഇസ്’ലാമിയുടെ ശ്രമം. അതിനവര്‍ പയറ്റുന്ന അടവുകളിള്‍ ഒന്നാണ് സ്വത്വരാഷ്ട്രീയം. അവര്‍ പ്രയോഗിക്കുന്നത് സ്വത്വരാഷ്ട്രീയം തന്നെയാണെന്ന് തുറന്ന് പറയാന്‍ മടിക്കുന്നവരെ മുസ്’ലിം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് വിശേഷിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. വാരാദ്യമാധ്യമലേഖനത്തിന്റെ ഒടുവില്‍ കെ.ഇ.എന്‍. എഴുതി:
ഓരോ മതത്തെയും ജാതിയെയും അതില്‍ തന്നെ സ്തംഭിപ്പിച്ചു നിറുത്തുകയും വര്‍ഗ്ഗപരവും സാമൂഹികവുമായ കൂട്ടായ്മകളെ ശിഥിലമ്മാക്കുകയും മനുഷ്യവിമോചനത്തെക്കുറിച്ചുള്ള സമഗ്ര സമീപനങ്ങളെയാകെ വെല്ലുവിളിക്കുകയും ചെയ്യുന്ന ‘സ്വതരാഷ്ട്രീയം ‘ അത്യന്തം അപകടകരമാണ്.
സ്വത്വ രാഷ്ട്രീയത്തെ ഗര്‍ഹണീയമെന്ന് പറ്ഞ്ഞ് തുറന്നു കാട്ടുന്നവരെ സ്വതമെന്ന ചരിത്രയഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവര്‍ എന്ന് അധിക്ഷേപിക്കുന്നത് സ്വത്വാവബോധവും സ്വത്വരാഷ്ട്രീയവും തമ്മില്‍ വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ഇസ്’ലാമിസ്റ്റുകള്‍ ഇപ്പോള്‍ കളിക്കുന്ന ‘സ്വതരാഷ്ടീയം‘ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും എതിരെയുള്ള സമരത്തിന്റെ ഭാഗമല്ലെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമെ തിരിച്ചറിവ് (insight) പൂര്‍ണ്ണമാകൂ.
പിന്‍’കുറിപ്പ്: മാതൃഭുമി ആഴ്ചപ്പതിപ്പില്‍ കെ.ഇ.എന്‍.നെയും പി.കെ.പോക്കറെയും അധിക്ഷേപിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനം ചൂണിക്കാണിച്ചു കൊണ്ട് കുറെ പു.ക.സ.ക്കാര്‍ എനിക്ക് എസ്.എം.എസ്. അയക്കുകയുണ്ടായി. അവര്‍ക്കെല്ലാം ഞാന്‍ മറുപടി അയച്ചതിങ്ങനെ: yes, he is a big man indeed!

Sunday, May 30, 2010

സ്വത്വാവബോധവും സ്വത്വരാഷ്ട്രീയവും

കെ.ഇ.എന്‍.കുഞ്ഞഹമ്മദ് ഒരിക്കല്‍ എഴുതി: “ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി ‘മൃദുഹിന്ദുത്വം’ എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി ‘മൃദുഇസ്ലാമികത’, ‘മൃദുക്രിസ്ത്യാനികത’ എന്നിവ നിര്‍മ്മിച്ച്, സര്‍വ്വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടക്കു കീഴില്‍ ഒന്നിച്ചു നിറുത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല.”
സവര്‍ണ്ണഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് രീതികളോടൊപ്പം ഇസ്ലാമിസ്റ്റ് മതരാഷ്ട്രവാദത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ കെ.ഇ.എന്‍. ഉയര്‍ത്തുന്ന വിമര്‍ശമാണിത്.

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ലിംങ്ങളെങ്കിലും അവര്‍ “സാര്‍വ്വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത”വരാണെന്ന് ജമാ‍അത്തെ ഇസ്ലാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ലാമിക്ക് സാര്‍വ്വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്നതാണ് എന്റെ പക്ഷം. ഇത് ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ നിര്‍വ്വചനത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. എന്റെ സമീപനം മന:ശാസ്ത്രപരം കൂടിയാണ്. വില്‍ഹെം റൈഹിന്റെ ഫാഷിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനേയോ എല്ലാത്തിനേയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയും അനുബ്ന്ധ ‘പരിവാരങ്ങളും’ ഫാഷിസ്റ്റ് സ്വഭാവമുള്ള മതരാഷ്ടീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതു കൊണ്ടും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തത് കൊണ്ടും മുസ്ലിം വര്‍ഗ്ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യിലെ ഫാഷിസ്റ്റ് വിരുദ്ധസമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ലിങ്ങളുടെയും ഫാഷിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ലിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ സാര്‍വ്വദേശീയമായും ദേശീയമായും ഇമ്പീരിയലിസത്തിനെതിരായി ഇന്ന് നടക്കുന്ന സമരത്തില്‍ സാമ്രാജ്യവിരുദ്ധ ഐക്യമുന്നണിയിലെ ഒരു ഘടകകക്ഷിയാണ് ഇസ്ലാമിസം എന്ന ധാരണ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ധാരണകളെ ബലപ്പെടുത്തുന്നതാണ് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്റെ സിദ്ധാന്തങ്ങള്‍.
സമീര്‍ അമീന്റെ പ്രബന്ധം വായിക്കുക
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ Monthly Review മാസികയുടെhttp://www.monthlyreview.org/ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ “Political Islam in the Service of Imperialism” എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിന്റെ പരിഭാഷ "രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ" എന്ന ശീര്‍ഷകത്തില്‍ 2009 ഒക്റ്റോബര്‍ 18 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. സമീര്‍ അമീന്‍ എഴുതി:
യഥാര്‍ത്ഥ സാമൂഹികപ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്തത്തോടുമാണ് ഐക്യപ്പെടുന്നത്.... രാഷ്ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ടീയ ഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്.... ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗ്ഗവും രാഷ്ട്രീയ ഇസ്ലാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്തവ വിരുദ്ധ) (“anti-Western, almost anti-Christian”) നിലപാടുകളാണ് രാഷ്ട്രീയ ഇസ്ലാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇസ്ലാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങളെയും സമീര്‍ അമീന്‍ പരിശോധിക്കുന്നുണ്ട്. വലിയൊരു ജനസഞ്ചയത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ഞായം. സാര്‍വ്വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ലാമിസ്റ്റ് സംഘടനകളായ “ജമാഅത്തെ ഇസ്ലാമി പരിവാറുകള്‍” പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ലാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിറുത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരളത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ലാമിസ്റ്റുകള്‍ക്കറിയാം.
രാഷ്ടീയ ഇസ്ലാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ഞായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ലാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു. ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ലാമിസ്റ്റുകളുടെ ഇപ്പോഴത്തെ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴുമും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങിലെ മുസ്ലിങ്ങളെ “കൊന്നൊടുക്കുന്ന” നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ലാമൊഫോബിയയെ ചെറുക്കാന്‍ ഇസ്ലാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ലിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ലിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ആരംഭ്ജ്ച്ചിരുന്നു. “മൃദുഹിന്ദുത്വവും മൃദു ഇസ്ലാമിസവും - ഒരു മന:ശാസ്ത്ര പഠനം” എന്ന ലേഖനത്തില്‍ ഞാന്‍ എഴുതി:
ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാഷിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്.AP Joshy, MD Sreenivas, JK Bajaj എന്നിവര്‍ ചേര്‍ന്ന് എഴുതി 2003ല്‍ പ്രസിദ്ധീകരിച്ച Religious Demography of India എന്ന ഗ്രന്ഥം ഫാഷിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവര‍ക്കണക്കുകള്‍ പ്രലംബനം (project) ചെയ്തപ്പോള്‍ 2051ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷസമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം.
ഇടതുപക്ഷം ഇസ്ലാമോഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. മുസ്ലിം വിരോധത്തെ ചെറുക്കാന്‍ മതമൌലികവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കുമെന്ന അഭിപ്രായം കൂടിയുണ്ടെനിക്ക്.
‍ഇരകള്‍
പാലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ചിലര്‍ ശഠിക്കുന്നു. ഈ വാദം ഭാഗികമായി മാത്രം ശരിയാണ്. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ലിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം. പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് മുസ്ലിങ്ങള്‍ പലപ്പോഴും വിവേചനത്തിന്റെ ഇരകളാകുന്നുണ്ട്. ഈ വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: “എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാദ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ലാദം കണ്ടെത്തി.” അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ ‘അന്നത്തെ രീതി അങ്ങനെ ആയിരുന്നു’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍‍. സവര്‍ണ്ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. “എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭര്‍ത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ലാസില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്?” വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: “ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍ നിന്നും - വര്‍ഗ്ഗീയ വിദ്വേഷത്തില്‍ നിന്നല്ല - ഉദ്ഭവിക്കുന്നതാണ്.” (സ്നേഹത്തിന്റെ സ്വാതന്ത്ര്യം പുറം 46) മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അക്കൂട്ടര്‍ക്ക് ഇരവാദം അപ്രസക്തമാണെന്ന് തോന്നിയേക്കാം. അത്തരം തോന്നലുകള്‍ വ്യക്തിനിഷ്ഠമാണ്

Saturday, March 27, 2010

എം.എഫ്.ഹുസൈന്‍ ദോഹയില്‍ തന്നെ കഴിഞ്ഞാല്‍ എന്താണ് കുഴപ്പം?

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നുയര്‍ന്ന ചൊദ്യമാണിത്.
വാര്‍ത്ത ഇങ്ങനെ: വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെതിരെ നിലനില്‍ക്കുന്ന 900^ഓളം ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന് സാഹചര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സ്വകാര്യ വ്യക്തികള്‍ നല്‍കിയിട്ടുള്ള കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു.

ജമ്മുകശ്മീരിലെ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഭീംസിംഗാണ് എം.എഫ് ഹുസൈന്റെ മൌലികാവകാശ ലംഘനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ ദോഹയിലാണ് ഹുസൈന്‍ കഴിയുന്നതെങ്കില്‍, അതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. പ്രധാനമന്ത്രിക്കോ കോടതികള്‍ക്കോ ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഒരാള്‍ ദോഹയില്‍ കഴിയാന്‍ തീരുമാനിച്ചാല്‍ പ്രധാനമന്ത്രിക്ക് എന്തുചെയ്യാന്‍ സാധിക്കും? അവരൊക്കെ വിശ്വപൌരന്മാരാണ്. ലോകത്തെവിടെയും അവര്‍ക്ക് കഴിയാം. പരാതിയിലെ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരനോട് ഹരജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമുയര്‍ത്തി ശിവസേനയും മറ്റും വേട്ടയാടിയതിനൊടുവില്‍ നാലു വര്‍ഷം മുമ്പാണ് ഹുസൈന്‍ ഇന്ത്യ വിട്ടത്. അടുത്തയിലെ 95^കാരനായ അദ്ദേഹം ഖത്തര്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചേല്‍പിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്നുയര്‍ന്ന ചോദ്യം ഇന്നത്തെ ഇന്ത്യയുടെ പൊതുബോധത്തെ (commonsense) വെളിപ്പെടുത്തുന്നു.