Friday, August 21, 2009

മുഹമ്മദലി ജിന്നയും ഞാനും

ബാപ്പ എനിക്ക് മുഹമ്മദലി എന്ന് പേരിട്ടതില്‍ ഞാന്‍ പലപ്പോഴും ദു:ഖിച്ചിട്ടുണ്ട്. അഴീക്കോട് (കൊടുങ്ങല്ലൂര്‍) പ്രൈമറി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം. ഒരു ദിവസം ഞാന്‍ ബാപ്പയോട് പരാതി പറഞ്ഞു: എന്നെ ചിലര്‍ ജിന്ന് എന്ന് വിളിക്കുന്നു.
ബാപ്പ ചോദിച്ചു: ആരാണങ്ങനെ വിളിച്ചത്?
-പുതിയതായി വന്ന മാഷ്. പിന്നെ ഹെഡ് മാഷും അങ്ങനെ വിളിച്ചു.
- മണ്ടാ, ജിന്ന് എന്നായിരിക്കൂല. ജിന്ന എന്നായിരിക്കും. ഖായിദെ അസം മുഹമ്മദലി ജിന്ന. നിനക്ക് അയാളുടെ പേരിട്ടത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞിട്ടാണ്. അദ്ദേഹം മരിക്കുന്നതിനു മുമ്പ് എന്നോടങ്ങനെ പറഞ്ഞിരുന്നു.

ബാപ്പയും ഉമ്മയും അടൂത്ത ബന്ധുക്കളും അലിയെന്നും കൂട്ടുകാരും നാട്ടുകാരും അലിക്കുഞ്ഞി എന്നും വിളിച്ചിരുന്നതുകൊണ്ട് അഴീക്കോട് നിന്നും തിരുവനന്തപുരത്തെത്തുന്നത് വരെ ജിന്ന എന്നെ ശല്യപ്പെടുത്തിയില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെത്തിയത്. പേട്ട പ്രൈമറി സ്കൂളിലെ ഒരു സാറ് (തിരുവനന്തപുരത്ത് മാഷില്ല. എല്ലാവരും സാറാണ്) എന്റെ പേര് കേട്ട ഉടനെ പറഞ്ഞു: ഓ, മുഹമ്മദാലി ജിന്ന! അന്നു മുതല്‍ ജിന്നയും എന്റെ പേരിനു വീണ ദീര്‍ഘവും ഒരു പോലെ എന്നെ അലട്ടാന്‍ തുടങ്ങി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ പേട്ടയില്‍ നിന്നും ഞങ്ങള്‍ ജഗതിയിലേക്ക് താമസം മാറ്റി. ജഗതിയിലേക്ക് താമസം മാറ്റിയ ഉടനെയാണ് ജോസഫ് സ്റ്റാലിന്‍ അന്തരിച്ചത്. ബാപ്പാക്ക് വായിക്കാന്‍ പ്രഭാതം എന്ന പത്രം അടുത്ത വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നത് ഞാനായിരുന്നു. ഞാന്‍ പത്രത്തില്‍ നോക്കിയപ്പോള്‍ ഒരു കൊമ്പന്‍ മീശക്കാരന്റെ പടമാണ് കണ്ടത്. ബാപ്പ പത്രത്തില്‍ നോക്കിയ ഉടനെ പറഞ്ഞു: ഓ, സ്റ്റാലിന്‍ ചത്തു. ലോകം രക്ഷപ്പെട്ടു!
അര നൂറ്റാണ്ടിനുശേഷം എണ്‍പ്ത്തേഴാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ബാപ്പ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടക കക്ഷിയായ ജനതാ ദളിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു. സ്റ്റാലിന്‍ ഒരു ഭീകരനായിരുന്നുവെന്നാണ് ബാപ്പ അന്ന് എന്നോട് പറഞ്ഞത്. സ്റ്റാലിനെ പോലെ മുഹമ്മദലി ജിന്നയും ഒരു ഭീകരനാണെന്ന തോന്നല്‍ എന്റെ മനസ്സിലുണ്ടാക്കിയത് ജഗതി പ്രൈമറി സ്കൂളിലെ എന്റെ ക്ലാസ് റ്റീച്ചറായിരുന്ന ഭാനുമതിയമ്മ സാറായിരുന്നു. (അതെ, എല്ലാവരും സാറന്മാര്‍ തന്നെ!) എന്നെ നാല് സി.യിലാണ് ചേര്‍ത്തത്. ക്ലാസ് ടീച്ചര്‍ ഭാനുമതിയമ്മ സാറ് എന്റെ പേര് കേട്ട ഉടനെ പറഞ്ഞു: മുഹമ്മദാലി ജിന്ന! ഇന്ത്യയെ വെട്ടിമുറിച്ച ഭീകരന്‍!

ഭാനുമതിയമ്മ സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് ആദ്യം ഓര്‍മ്മ വരിക. നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ റാണി പത്മിനിയെക്കുറിച്ചുള്ള പാഠം പഠിപ്പിക്കുകയായിരുന്നു അവര്‍. അലാവുദ്ദീന്റെ ആക്രമണത്തില്‍ ചിത്തോര്‍ പരാജയപ്പെട്ടപ്പോള്‍ അന്ത:പുരത്തിലെ റാണിമാര്‍ അഗ്നികുണ്ഡത്തില്‍ ചാടി ആത്മാഹുതി ചെയ്തു. ഈ ഭാഗം വായിച്ചുകഴിഞ്ഞ ഉടനെ ഭാനുമതിയമ്മ സാറ് ഏറ്റവും പിന്നിലെ ബെഞ്ചില്‍ ഇരുത്തിയിരുന്ന എന്റെ അടുക്കലേക്ക് വന്ന് കുപിതയായി പറഞ്ഞു: നിന്റെ ആളുകള്‍ കാരണമല്ലേടാ ആ പാവപ്പെട്ട റാണിക്ക് തീയില്‍ ചാടി മരിക്കേണ്ടി വന്നത്?
അന്നു രാത്രി മുഴുവന്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. വെളുപ്പാന്‍ കാലത്ത് ഉറങ്ങിത്തുടങ്ങിയ ഉടനെ ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു.
അടുത്തയിടെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാക്കമ്മിറ്റി, എന്റെ കഥാസമാഹാരം (ശവമുറിയിലെ ജോലി) പ്രകാശനം ചെയ്യാനായി സംഘടിപ്പിച്ച യോഗത്തില്‍ തിരുവനന്തപുരം ജഗതി പ്രൈമറിസ്കൂളിലെ നാലാം ക്ലാസില്‍ വെച്ചുണ്ടായ അനുഭവം വിവരിച്ചു. അത് അങ്ങനെ അവതരിപ്പിച്ചത് ശരിയായില്ലെന്ന് പു.ക.സ. ജില്ലാക്കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ പറയുകയുണ്ടായി. പക്ഷേ, പുസ്തകം പ്രകാശനം ചെയ്ത പെരുമ്പടവം ശ്രീധരന്‍ പിറ്റേന്ന് സ്റ്റുഡന്റ്സ് സെന്ററില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ഞാന്‍ പറഞ്ഞ കാര്യം സദസ്സിനോട് പറയുകയും താനിത് അവസരം കിട്ടുമ്പോഴെല്ലാം പറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജഗതി സ്കൂളിലെ അനുഭവത്തിനു ശേഷം വളരെക്കാലത്തേക്ക് ജിന്ന എന്നെ ശല്യപ്പെടുത്തിയില്ല. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം എം.ബി.ബി.എസ്സിന് അഡ്മിഷനു വേണ്ടിയുള്ള ഇന്റര്‍വ്യൂവിലാണ് ജിന്ന വീണ്ടും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വൈസ്പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി ഇന്റര്‍വ്യൂ നടത്തിയായിരുന്നു സെലക്ഷന്‍ നടത്തിയിരുന്നത്. സമിതിയിലെ ഒരാള്‍ എന്നെ ഇങ്ങനെ അവതരിപ്പിച്ചു: ഹി ഈസ് മുഹമ്മദാലി. ഉടനെ മറ്റൊരംഗം എന്നോട് ചോദിച്ചു: ആര്‍ യൂ മുഹമ്മദാലി ജിന്ന?
അദ്ദേഹത്തിന്റെ ചോദ്യം മറുപടി അര്‍ഹിക്കാത്തതാണെന്ന് തോന്നിയതു കാരണം ഞാന്‍ സ്വയം നിയന്ത്രിച്ച് മൌനം പാലിച്ചു. എന്നോട് അങ്ങനെ ചോദിച്ച എന്റെ ഗുരുനാഥന്‍ പില്‍ക്കാലത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ലോക് സഭയിലേക്ക് മത്സരിച്ചു!
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്തൊന്നും ജിന്ന ശല്യപ്പെടുത്തിയില്ല. ഒരു പതിറ്റാണ്ടിനു ശേഷം റാഞ്ചിയിലെ (അന്ന് ബീഹാര്‍, ഇന്ന് ഝാര്‍ഘണ്ട്) ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൈക്യാട്രിയില്‍ ഉപരിപഠനം നടത്തുമ്പോള്‍ ജിന്ന നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ മലയാളിയായ സഹപാഠിയും എന്നെ ജിന്നയെന്ന് വിളിച്ചിരുന്നു. അദ്ദേഹത്തോട് എന്തുകൊണ്ടാണ് എന്നെ ജിന്നയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: നിങ്ങളെല്ലാം ജിന്നയുടെ ആളുകളാണ്; കേരളത്തിലായാലും ഇവിടെയായാലും.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരമാണ് എനിക്ക് മുഹമ്മദലി എന്ന പേരിട്ടത് എന്ന് ബാപ്പ പറഞ്ഞതിലെ ഉത്തരാധുനികത ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴാണ് തിരിച്ചറിഞ്ഞത്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാവും കറതീര്‍ന്ന ദേശീയവാദിയുമായിരുന്നു. പിന്നെ എന്തുകൊണ്ട് ഇന്ത്യയെ “വെട്ടിമുറിച്ച് ” പാക്കിസ്ഥാന്‍ രൂപവത്കരിക്കണമെന്ന് വാശിപിടിച്ച ജിന്നയുടെ പേര് അനുയായിയുടെ ആദ്യസന്താനത്തിടാന്‍ ഉപദേശിച്ചു എന്നതായിരുന്നു എന്റെ മനസ്സിനെ അലട്ടിയ സമസ്യ. അക്കാര്യം ഞാന്‍ ബാപ്പയോട് ചോദിച്ചു. ബാപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അക്കാലത്തൊന്നും ജിന്ന ഇന്ത്യയെ വിഭജിക്കണമെന്ന അഭിപ്രായക്കാരനായിരുന്നില്ല. പിന്നീടാണയാള്‍ പാകിസ്ഥാന്‍ വേണമെന്ന് പറഞ്ഞ് തുടങ്ങിയത്. ജിന്നയെ പാകിസ്ഥാന്‍ വാദിയാക്കിയത് കോണ്‍ഗ്രസ്സിലെ ഹിന്ദു വര്‍ഗ്ഗീയവാദിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലാണ്. (ഇതു തന്നെയല്ലേ ജസ്വന്ത് സിംഹും പറഞ്ഞത്? പുസ്തകം വായിച്ചില്ല)
സ: ഇ.എം.എസ്. എഴുതിയ “ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം” വായിച്ചപ്പോള്‍ എന്റെ ബാപ്പ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. “കോണ്‍ഗ്രസ്സ് ഹിന്ദുക്കളുടെയും ലീഗ് മുസ്ലിങ്ങളുടെയും രാഷ്ട്രീയ സംഘടനകളാണ്. രണ്ടും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി കണക്കു പറഞ്ഞ് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങണം‌‌ - ഇതായിരുന്നു ലീഗ് നേതാക്കളുടെ നിലപാട്. അത് വകവെച്ചുകൊടുത്താല്‍ കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി നിലനില്പില്ലാതാകും... ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കകത്ത് രൂപം കൊണ്ട ചേരിതിരിവും അന്യോന്യ മത്സരവുമാണ് 1937-40 കാ‍ലത്തെ ലീഗിന്റെ ഉയിര്‍ത്തെഴുന്നേല്പിനടിസ്ഥാനം.” (വാള്യം 3 പുറം 793) ജിന്നയെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജസ്വന്ത് സിംഹിനെ ബി.ജെ.പി. പുറത്താക്കിയ നടപടി ഉയര്‍ത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദി ഹിന്ദു ദിനപത്രം ജിന്ന മരിച്ചതിന്റെ രണ്ടാം ദിവസം ജിന്നയെക്കുറിച്ച് എഴുതിയതിങ്ങനെയാണ്: The news of the sudden death of Mr. Jinnah will be received with widespread regret in this country. Till barely a twelvemonth ago he was, next to Gandhiji, the most powerful leader in undivided India. And not only among his fellow-Muslims but among members of all communities there was great admiration for his sterling personal qualities even while the goal which he pursued with increasing fanaticism was deplored.
താല്പര്യമുള്ളവര്‍ക്ക് വായിക്കാം:
http://www.hindu.com/2009/08/21/stories/2009082155840900.htm
ഈ ലേഖനം വായിച്ചപ്പോഴാണ് എന്റെ ബാപ്പ എന്തുകൊണ്ടാണ് എനിക്ക് ജിന്നയുടെ പേരിട്ടതെന്ന് മനസ്സിലായത്. പാക്കിസ്ഥാനെ ഇസ്ലാമിക രാഷ്ട്രമെന്ന് ജിന്ന വിശേഷിപ്പിച്ചെങ്കിലും അതിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കിയതും “ഹിന്ദുക്കളുടെ രാജ്യമായ” ഇന്ത്യയുടെ ശത്രുരാജ്യമാക്കിയതും ജിന്നയല്ല; അവിടത്തെ മതമൌലിക സംഘടനകളാണ്.

Sunday, August 9, 2009

പര്‍ദ്ദയുടെ ഉദ്ഭവം

പര്‍ദ്ദധാരണം സ്ത്രീകളുടെ അച്ചടക്കത്തിന്റെ ലക്ഷണമാണെന്ന് ഒരു വനിത ഇസ് ലാമിസ്റ്റ് ആഭിമുഖ്യമുള്ള പത്രത്തില്‍ (മാധ്യമം ജൂലൈ 28) ലേഖനം പ്രസിദ്ധീകരിക്കുന്നത് സ്വാഭാവികം മാത്രം. പര്‍ദ്ദ ധരിക്കാത്ത വനിതകള്‍ അച്ചടക്കമില്ലാത്തവരാണെന്ന ധ്വനിയുണ്ട് ശ്രീമതിയുടെ വാദത്തില്‍. പര്‍ദ്ദ ധരിക്കുന്നത് അച്ചടക്കത്തിന്റെ ലക്ഷണം മാത്രമല്ല സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രകടനവുമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഒരു പുരുഷന്‍ പത്രാധിപര്‍ക്ക് കത്തും എഴുതിയിരിക്കുന്നു. (മാധ്യമം ആഗസ്റ്റ് 9) ഇവര്‍ രണ്ടു പേരും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് ഇസ് ലാം മതം അനുശാസിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മന:ശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചും അവര്‍ അജ്ഞരാണെന്ന് തോന്നുന്നു. അറബ് ഗോത്രസമൂഹം മക്കത്താ‍യ (patrilineal) സമൂഹമായിരുന്നു. പുരുഷമേധാവിത്വം മക്കത്തായ സമൂഹത്തില്‍ സ്വാഭാവികമായ ക്രമമായിരുന്നു. അറബ് സമൂഹത്തില്‍ പുരുഷമേധവിത്വം കൊടികുത്തിവാണിരുന്നെങ്കിലും ഇസ് ലാമിനു മുമ്പ് അറബിസ്ത്രീകള്‍ വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്, നബി ആകുന്നതിനു മുമ്പ് വിവാഹം ചെയ്ത ഖദിജ തന്നെയാണ് ഇതിന് തെളിവ്. അവര്‍ ഒരു സാര്‍ത്ഥവാഹകസംഘത്തിന്റെ ഉടമയായിരുന്നു. അവരുടെ സംഘത്തെ സിറിയയിലേക്ക് നയിച്ച് വ്യാപാരം നടത്താന്‍ നിയോഗിച്ചത് മുഹമ്മദിനെ ആയിരുന്നല്ലോ. നാല്പത്കാരിയായിരുന്ന ഖദിജയ്ക്ക് ഇരുപത്തഞ്ച്കാരനായ മുഹമ്മദിനെ ഭര്‍ത്താവായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
പര്‍ദ്ദ സമ്പദായം ഇസ് ലാം അനുശാസിച്ചതല്ല അറബ് സംസ്കാരത്തിന്റെ ഭാ‍ഗമാണെന്ന് ‍ ചില ഇസ് ലാമിസ്റ്റുകള്‍ വാദിക്കാറുണ്ട്. ഇസ് ലാമിനു മുമ്പ് അറബികളുടെ ഇടയില്‍ പര്‍ദ്ദ സമ്പ്രദായം ഇല്ലായിരുന്നുവെന്നും അത് നിഷ്കര്‍ഷിച്ചത് ഇസ് ലാമാണെന്നും ഉള്ള ചരിത്രവസ്തുതയ്ക്ക് തെളിവ് ഖുര്‍ ആനിലെ 33:33 വചനമാണ്. ഇസ് ലാമിനു മുമ്പുണ്ടായിരുന്ന ജാഹിലിയ്യ (അജ്ഞാന) കാലത്ത് ചെയ്തിരുന്നതു പോലെ സ്ത്രീകള്‍ സൌന്ദര്യം പ്രദര്‍ശിപ്പിച്ച് നടക്കരുതെന്ന് ഈ വചനം അനുശാസിക്കുന്നു. സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങുമ്പോള്‍ ശരീരവും മുഖവും മറയ്ക്കണമെന്ന് അനുശാസിക്കുന്ന മറ്റു വചനങ്ങളുമുണ്ട്.
അറബികളുടെ ഇടയില്‍ മാത്രമല്ല മറ്റു പല സമൂഹങ്ങളിലും പര്‍ദ്ദ സമ്പ്രദായം നിലനില്ക്കുന്നുണ്ടെന്നും ചിലര്‍ വാദിക്കുന്നു. ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ മുഖം മറയ്ക്കാറുണ്ടെന്ന്‍ പറഞ്ഞ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ ഭവ്യത പ്രകടിപ്പിക്കാനായി മുഖം മറയ്ക്കുക പതിവാണെങ്കിലും അതിനെ ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായവുമായി താരതമ്യം ചെയ്യാനാവില്ല. ഇസ് ലാം സ്ത്രീയെ കാണുന്നത് പുരുഷന്റെ കാമപൂരണത്തിനുള്ള ഉപകരണമായിട്ടു മാത്രമാണ്. ഇസ് ലാം സ്ത്രീയെ പുരുഷന്റെ കാമപൂരണോപകരണമായിക്കാണാനുള്ള മന:ശാസ്ത്രപരമായ കാരണം പ്രവാചകനായ മുഹമ്മദിന്റെ സ്വന്തം അനുഭവങ്ങള്‍ തന്നെ ആയിരുന്നു. മുഹമ്മദിന് പത്തിലധികം പത്നിമാരും ഏറ്റവും കുറഞ്ഞത് ഒരു വെപ്പാട്ടിയും ഉണ്ടായിരുന്ന കാര്യം സുവിദിതമാണല്ലോ. അന്നത്തെ അറബ് സമൂഹത്തിലെ നടപ്പനുസരിച്ചാണ് മുഹമ്മദ് അനേകം ഭാര്യമാരെയും വെപ്പാട്ടിമാരെയും സ്വീ‍കരിച്ചത്. ചിലര്‍ അതിനെ മുഹമ്മദിന്റെ വിഷയലമ്പടത്വമായി ചിത്രീകരിക്കുന്നത് ചരിത്രാവബോധമില്ലായ്മ കൊണ്ടാണ്.
സ്ത്രീകള്‍ക്ക് പര്‍ദ്ദധാരണം അനുശാസിച്ചതിന്റെ മന:ശാസ്ത്രപരമായ കാരണത്തിലേക്ക് വരാം. പത്തിലധികം പത്നിമാര്‍ ഉണ്ടായിരുന്നെങ്കിലും മുഹമ്മദിന് ഏറ്റവും കൂടുതല്‍ ഇഷ്ടം കൌമാരപ്രായം പിന്നിടാത്ത അയിശയോടായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ അയിശയെ ആയിരുന്നു കൂടെ കൂട്ടാറ്. ഒരു യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ അയിശ ഒരു യുവഭടനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന് ചിലര്‍ അപവാദം പ്രചരിപ്പിച്ചു. അയിശ നിരപരാധിനിയാണെന്ന് മുഹമ്മദിന് ബോധ്യപ്പെട്ടെങ്കിലും നബിയുടെ ഭാര്യമാരെ അന്യപുരുഷന്മാര്‍ നോക്കരുതെന്നും അവര്‍ താമസിക്കുന്ന ഭവനങ്ങളില്‍ ചെല്ലരുതെന്നും വിലക്കുന്ന ഖുര്‍ ആന്‍ വചനം (33:53) മുഹമ്മദ് അവതരിപ്പിച്ചു. ഈ സംഭവത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന ഇസ് ലാമിക സമ്പ്രദായം നിലവില്‍ വന്നത്. സ്ത്രീയുടെ മുഖം കണ്ണില്‍ പെട്ടാല്‍ പുരുഷന്റെ കാമം ഉണരുമെന്നുള്ള മുഹമ്മദ് നബിയുടെ ധാരണയില്‍ നിന്നാണ് ഇസ് ലാമിലെ പര്‍ദ്ദ സമ്പ്രദായം ഉദ്ഭവിച്ചത്. യൌവ്വനം പിന്നിടാത്ത അയിശയെക്കുറിച്ച് അവിഹിതവേഴ്ചയുടെ അപവാദം ഉണ്ടായതിനു ശേഷമാണ് മുഹമ്മദിന്റെ മനസ്സില്‍ ഈ വികലമായ ധാരണ ഉടലെടുത്തത്. വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ തുടങ്ങിയ ഒരു പുരുഷന്റെ വികലധാരണയില്‍ നിന്നുണ്ടായ പര്‍ദ്ദ സമ്പ്രദായത്തെയാണ് സ്ത്രീയുടെ അവകാശമായും സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപകമായും ചിലര്‍ ചിത്രീകരിക്കുന്നത്. സ്ത്രീയുടെ പരമമായ അടിമത്വത്തിന്റെ ഏറ്റവും പ്രത്യക്ഷമാതൃകയാണ് ഇസ് ലാമിന്റെ പര്‍ദ്ദസമ്പ്രദായം. ഇത്തരം വിദണ്ഡാവാദങ്ങള്‍ സ്ത്രീത്വത്തോട് മാത്രമല്ല മനുഷ്യത്വത്തോട് തന്നെയുള്ള അവഹേളനമാണ്.

Tuesday, August 4, 2009

സ്വവര്‍ഗ്ഗരതിക്കാരെ അവരുടെ പാട്ടിനു വിടുമോ?

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു. സ്വവര്‍ഗ്ഗരതിക്കാരായ ആണുങ്ങളും പെണ്ണുങ്ങളും തെരുവില്‍ നൃത്തം ചവിട്ടി. പക്ഷേ ഹിന്ദു, മുസ് ലിം, ക്രിസ്തു മതങ്ങളിലെ സദാചാരപ്പോലീസുകാര്‍ കുന്തം കുലുക്കിയും വാള്‍വീശിയും രംഗത്ത് വന്നിരിക്കുകയാണ്. അവരവരുടെ മതത്തെയും ദൈവങ്ങളെയും രക്ഷിക്കാനായി പരസ്പരം വെട്ടിക്കൊല്ലാന്‍ പോലും തയ്യാറുള്ള ഇവര്‍ സ്വവര്‍ഗ്ഗരതിക്കാരെ ഒതുക്കാന്‍ ഒന്നിച്ചത് അതിശയം തന്നെ. എല്ലാ മതക്കാരും ചേര്‍ന്ന് ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു. സുപ്രീം കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരിക്കയാണ്.
എന്താണ് സ്വവര്‍ഗ്ഗ രതി? ശാസ്ത്രം അതിനെ കുറിച്ച് എന്ത് പറയുന്നു?
അതൊരു രോഗമോ വൈകല്യമോ പ്രകൃതിവിരുദ്ധതയോ അല്ലെന്നാണ് 1992ല്‍ ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. അതിനും രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് 1973ല്‍ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സ്വവര്‍ഗ്ഗരതിയില്‍ മാനസികമോ ശാരീരികമോ ആയ വൈകല്യമൊന്നുമില്ലെന്ന് വിലയിരുത്തിയിരുന്നു.
സ്വവര്‍ഗ്ഗരതി പാപമാണെന്നാണ് മതങ്ങളുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥനത്തില്‍ സ്വവര്‍ഗ്ഗരതി ഒരു വൈകൃതമോ വൈകല്യമോ ആണെന്ന് വൈദ്യശാസ്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ കണക്കാക്കിയിരുന്നു. പക്ഷേ വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ തെളിയിച്ചത് സ്വവര്‍ഗ്ഗരതി വ്യാപകമായ തോതില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടെന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകമായതോടെ വൈദ്യശാസ്ത്രം പൂര്‍ണ്ണമായി മതത്തിന്റെ പിടിയില്‍ നിന്നു മുക്തമായി. അതോടെ സ്വവര്‍ഗ്ഗരതി ആതുരമായ വ്യതിയാനമാണെന്നും ചികിത്സിക്കപ്പെടേണ്ട അവസ്ഥയാണെന്നുമുള്ള നിലപാട് വൈദ്യശാസ്ത്രം ഉപേക്ഷിച്ചു. തുടര്‍ന്ന് സ്വവറ്ഗ്ഗരതിയുടെ ഉദ്ഭവത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങി. സ്വവര്‍ഗ്ഗരതിയുടെ ആരംഭം ജനിതകഘടനയിലാണെന്നാണ് ഒരു സിദ്ധാന്തം. ഭൌതികസാഹചര്യങ്ങളാണ് വ്യക്തികളെ സ്വവര്‍ഗ്ഗരതിക്കാരാക്കുന്നതെന്നാണ് രണ്ടാമത്തെ സിദ്ധാന്തം. യഥാര്‍ത്ഥത്തില്‍ രണ്ടും ചേര്‍ന്നാണ്‍ വ്യക്തികളെ സ്വവര്‍ഗ്ഗരതിക്കാരാക്കുന്നത്.
മാനസികപ്രശ്നങ്ങള്‍ സ്വവര്‍ഗ്ഗരതിക്കാരിലും അല്ലാത്തവരിലും ഒരുപോലെയാണെന്നാണ് എന്റെ ചികിത്സാരംഗത്തെ അനുഭവം തെളിയിക്കുന്നത്. കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹം സഫലമാകാന്‍ ആവശ്യമായ ശാസ്ത്രീയമായ ഉപദേശം ലഭിച്ചാല്‍ സ്വവര്‍ഗ്ഗദമ്പതികളുടെ വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അത് വൈദ്യശാസ്ത്രത്തിന്റെ ചുമതലയാണ്. സ്വവര്‍ഗ്ഗരതിക്കാര്‍ സന്തോഷത്തോടെ ജീവിക്കട്ടെ. സദാചാരപ്പോലീസുകാരും മതഭ്രാന്തരും അവരെ വെറുതെ വിടുക. അവര്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിനുള്ള ശിക്ഷ അവരനുഭവിച്ചുകൊള്ളുമെന്ന് കരുതിയാല്‍ പോരേ?
Feel Free To Read And Comment...Your comments would expose your culture.. സര്‍വ്വസ്വാതന്ത്ര്യത്തോടെ വായിക്കുക, അഭിപ്രായം രേഖപ്പെടുത്തുക... നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ സംസ്കാരം വെളിവാക്കും...