Wednesday, July 25, 2012

മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് നുണകള്‍ മാത്രം!!!



കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി പ്രമേയം
Posted on: 25-Jul-2012 01:59 AM
(2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)
കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.

1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.

2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.

3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.

4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.

6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)

8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.

9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.

10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.

11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.

12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.

13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.

14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.

15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.

16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.

17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.

18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.

20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

Monday, July 23, 2012

വിളവെടുപ്പ്‌ കഴിഞ്ഞു! ഇനിയെന്ത്‌?



ദാരുണവും ബീഭത്സവും ആയ ഒരു കൊലപാതകത്തെ രാഷ്ട്രീയലക്ഷ്യം നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തിപരമായ നേട്ടനങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വ്യക്തിക്കും എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍. 2012 മെയ്‌ നാലിന് നടന്ന കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ ക്ലൈമാക്സ് (അഥവാ ആന്‍റിക്ലൈമാക്സ്) ആയിരുന്നു ജൂലൈ ഇരുപത്തിനാലിന് ഡല്‍ഹിയില്‍ അരങ്ങേറിയത്‌.
കൊലപാതകത്തിന്‍റെ വിളവെടുപ്പ് കഴിഞ്ഞു എന്നതിന് തെളിവാണ് കേന്ദ്ര അഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകള്‍. അദ്ദേഹം പറഞ്ഞു: “ടി.പി. വധത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ യു. ഡി. എഫ്. ഗവണ്‍മെന്റിനു കഴിഞ്ഞില്ല.” എന്ന് വെച്ചാല്‍ അദ്ദേഹം മുന്‍പൊരിക്കല്‍ നിര്‍ദ്ദേശിച്ചത് പോലെ “വന്പന്‍ സ്രാവുകളെ” പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് പിടിച്ചില്ല! പിണറായിയെയും പി. ജയരാജനെയും അറസ്റ്റ്‌ ചെയ്യാന്‍ യു. ഡി. എഫ്. സര്‍ക്കാരിന് കഴിഞ്ഞില്ല! അതുകൊണ്ട് ടി.പി. വധത്തിന്‍റെ ഗുണഫലം നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ഒതുങ്ങിപ്പോകുമോ എന്നാണു മുല്ലപ്പള്ളി സംശയിക്കുന്നത്. വലിയ സ്രാവുകളെ പിടിച്ചിരുന്നെങ്കില്‍ അടുത്ത പാര്‍ല്യമെന്‍റ് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാകുമായിരുന്നു എന്നാണു മുല്ലപ്പള്ളി വിശ്വസിക്കുന്നത്.
നേട്ടം ഉണ്ടാക്കിയത് യു. ഡി. എഫ്. മാത്രമാണോ? അല്ലേ അല്ല. മാധ്യമങ്ങള്‍, വിശേഷിച്ചു ഏഷ്യാനെറ്റ്‌ ന്യൂസ്‌, മനോരമ ചാനല്‍, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താചാനലുകള്‍ കോടിക്കണക്കിനു രൂപയുടെ അധിക വരുമാനമുണ്ടാക്കി. എങ്ങനെ? അവര്‍ മെയ്‌ നാല് രാത്രി മുതല്‍ ജൂലൈ ഇരുപത്തിരണ്ടു രാത്രി വരെയുള്ള  അമ്പതു ദിവസങ്ങളിലായി 100 മണിക്കൂറുകളാണ് കൂടുതലായി വാര്‍ത്ത‍ പ്രക്ഷേപണം ചെയ്തത്. ഈ അധിക മണിക്കൂറുകളില്‍ പരസ്യത്തില്‍ നിന്ന് കിട്ടിയ അധിക വരുമാനം കോടിക്കണക്കിനു രൂപയാണ്. സി.പി.ഐ. എം. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടി ആണ്. ആ പാര്‍ട്ടിയെ കുറിച്ചുള്ള വാര്‍ത്ത കാണാന്‍ ആളുകള്‍ കൂടുതലായിരിക്കും. റേറ്റിംഗ് വര്ധിക്കുന്നതിനനുസരിച്ച്ചു പരസ്യവും കൂടുതല്‍ കിട്ടും. അതുകൊണ്ടാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഒരു കൊലപതക്കേസിനെ ഇത്രയും നാള്‍ കൊണ്ടാടിയതും യു.ഡി. എഫിന്‍റെ കൈയാളായി പ്രവര്‍ത്തിച്ചതും.
ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കിയ വ്യക്തി ആരാണെന്ന് ഞാന്‍ പറയുന്നില്ല. അതിനു പകരം മുന്‍പ്‌ ഒരിക്കല്‍ ഉണ്ടായ ചരക്കേസിനെ കുറിച്ചു പറയാം. ചാരക്കേസ് ഒരു “ഇല്ലാക്കേസ്” ആയിരുന്നു എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുമല്ലോ. തുടക്കം ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പറ്റിയ അബദ്ധം ആയിരുന്നു. അയാള്‍ ഒരു മാലി ദ്വീപു കാരിയെ അനാശാസ്യം ആരോപിച്ചു അറസ്റ്റ്‌ ചെയ്തു. അവരുടെ വിസ കാലാവധി കഴിയുന്നതിനു തൊട്ടു മുന്‍പായിരുന്നു അറസ്റ്റ്‌. വിസയുടെ കാലാവധി തീരുന്ന കാര്യം എസ്. ശ്രദ്ധിച്ചില്ല. കേസ്‌ എസ്.ഐ.യുടെ പേരില്‍ ആകാതിരിക്കാന്‍ മറിയം റഷീദ ചരപ്രവൃത്തി ചെയ്യുകയായിരുന്നു എന്ന് ആരോപിച് എന്‍. എസ്. എ. പ്രകാരം അറസ്റ്റ്‌ ചെയ്തു. ചാരപ്രവൃത്തി നടന്നത് കണ്ടു പിടിക്കാന്‍ കേരളത്തിലെ പോലീസിന് കഴിഞ്ഞില്ല എന്ന് വ്യാപകമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അതിനു പിന്നില്‍ കോണ്ഗ്രസിലെ എ. കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ആയിരുന്നു അവരുടെ രാഷ്ട്രീയ ലക്‌ഷ്യം ആഭ്യന്തരവകുപ്പ്‌ ഭരിച്ചിരുന്ന മുഖ്യമന്ത്രി കെ. കരുണാകാരനെ പുകച്ചു പുറത്തു ചാടിക്കണം. സ്വന്തം പാര്‍ടിയിലെ നേതാവിനെ വക വരുത്തണം. അവരുടെ വ്യക്തിപരമായ രാഷ്ട്രീയലക്‌ഷ്യം നേടാന്‍ വേണ്ടി നിരപരാധിനിയായ ഒരു വനിത ദുരിതം അനുഭവിക്കേണ്ടി വന്നു. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്‍ ബലി കഴിക്കപ്പെട്ടു. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ ചരക്കേസല്ല. പക്ഷേ ചില സമാനതകളുണ്ട്! അത്രമാത്രമേ എനിക്ക് പറയാന്‍ പാടുള്ളൂ.
ഒടുവില്‍ എന്ത് സംഭവിക്കും? ചന്ദ്രശേഖരനെ കൊന്ന വടകക്കൊലയാളികളില്‍ ചിലര്‍ ശിക്ഷിക്കപ്പെടും. അവര്‍ക്കെതിരെ തെളിവുണ്ട്. ഗൂഡാലോചനക്കുറ്റം ചുമത്തി പ്രതിചേര്‍ത്ത നിരപരാധികളെ വെറുതെ വിടും. അവര്‍ക്കെതിരെ തെളിവൊന്നുമില്ല.  
യഥാര്‍ത്ഥത്തില്‍ കൊലയാളിസംഘത്തെക്കൊണ്ട് ചന്ദ്രശേഖരനെ കൊല്ലിച്ചത് ആരെന്നു കണ്ടു പിടിക്കാന്‍ ഇടതുപക്ഷ ജനാധിപധ്യ മുന്നണി വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം കേസിന്‍റെ തുടരന്വേഷണം നടത്തണം. അതുവരെ സത്യം പുറത്തു വരില്ല.

Sunday, July 22, 2012

മിയ കുള്‍പ! മിയകുള്‍പ!! എന്റെ പിഴ! എന്റെ പിഴ!!




ഞായറാഴ്ച (July 22) ചാനലുകളിലെ വെടിവട്ടങ്ങള്‍ പൊടി പാറി. വി.എസ്. വിജയിച്ചു എന്ന് പണ്ഡിറ്റ്‌മാര്‍ പലരും ആവര്‍ത്തിച്ച്‌ പറഞ്ഞു. അതിരിക്കട്ടെ, സി. പി. ഐ. എം. കേന്ദ്രക്കമ്മിറ്റിയുടെ കമ്യൂണിക്കേയുടെ പൂര്‍ണ രൂപം ചുവടെ കൊടുക്കുന്നു. പാര്‍ട്ടി എന്താണ് യഥാര്‍തത്തില്‍ പുറത്ത്‌ പറഞ്ഞതെന്ന് അറിയാന്‍ താല്പര്യമുള്ളവര്‍ വായിക്കുക.  
യഥാര്‍ത്ഥത്തില്‍ എന്താണ് അകത്തു സംഭവിച്ചിരിക്കുക എന്ന് ഊഹിക്കാനേ കഴിയൂ. ഞായറാഴ്ച രാവിലെ വി.എസിനെ പോളിറ്റ്‌ ബ്യൂറോ വിളിച്ചു വരുത്തി. കുറച്ചു കൂടി മോശപ്പെടുത്തി പറഞ്ഞാല്‍ “സമന്‍ ചെയ്തു വരുത്തി.” പോളിറ്റ്‌ ബ്യൂറോയുടെ “വിചാരണ” തുടങ്ങുന്നതിനു മുന്‍പ്‌ പ്രകാശ്‌ കാരാട്ട് വി.എസുമായി സംസാരിച്ചു. എന്തായിരിക്കും സംസാരിച്ചിരിക്കുക? വി.എസിന്‍റെ മാനസികാവസ്ഥ എനിക്ക് നന്നായി അറിയാം. പതിനാറു കൊല്ലക്കാലം കൊണ്ട് മനസ്സിലാക്കിയതാണ്. ഞാന്‍ മനസ്സിലാക്കിയത് പോലെയോ അതിനേക്കാള്‍ കൂടുതലായോ കാരാട്ട് മനസ്സിലക്കിയിരിക്കുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട് കാരാട്ട് പറഞ്ഞിരിക്കും: “നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ദിവസം ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി സീന്‍ ഉണ്ടാക്കിയതും ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നത് ‘നല്ല അരിയുടെ ചോറ് തിന്നുന്നവര്‍ വിശ്വസിക്കുകയില്ല’ എന്ന് പരസ്യമായി പറഞ്ഞതും തെറ്റായിപ്പോയി എന്ന് പി. ബി. യുടെ മുന്‍പിലും സി. സി.യിലും കുറ്റസമ്മതം നടത്തുക.” അല്ലെങ്കില്‍ സി. സി.യില്‍ നിന്ന് തരം താഴ്ത്തുകയും പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
സി.സി.യില്‍ നിന്നും തരംതാഴ്ത്തല്‍ അത്ര കര്യമാക്കാനില്ല. ശിക്ഷണ നടപടി എടുത്താല്‍ വക വെയ്ക്കാത്ത്തവന്‍ ആണ് ഞാന്‍ എന്ന് പ്രഖ്യാപിചിട്ടല്ലേ പോന്നിരിക്കുന്നത്. പക്ഷെ പ്രതിപക്ഷനേതാവ് സ്ഥാനം പോകുക എന്ന് പറഞ്ഞാല്‍ വി.എസ്. സഹിക്കുകയില്ല. മാത്രവുമല്ല ചിലപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെന്നും വരും. കാരണം, പ്രതിപക്ഷനേതാവ് സ്ഥാനം ഇല്ലെങ്കില്‍ “ജനപ്രിയ നേതാവ്” എന്ന വേഷം അധികകാലം ആടാന്‍ കഴിയുകയില്ല. അതിനും പുറമേ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇല്ലാത്ത ഒരാള്‍ക്ക്‌ “മുഖ്യമന്ത്രി സ്ഥാനാര്‍ഥി” ആയി മത്സരിക്കാനും സാധ്യമായെന്നു വരില്ല. എല്ലാം കൊണ്ടും ബുദ്ധിപൂര്‍വ്വമായ കാര്യം കുറ്റം ഏറ്റുപറഞ്ഞ് ചെറിയൊരു ശിക്ഷയും വാങ്ങി നാട്ടിലേക്ക് മടങ്ങുന്നതായിരിക്കും. പക്ഷേ, ഒരു കാര്യമുണ്ട്. വീരശൂര പരാക്രമി ആയി നാട്ടില്‍ നിന്ന് വന്നിട്ട് “എന്‍റെ പിഴ” ഏറ്റുപറഞ്ഞു നനഞ്ഞ കോഴിയെപ്പോലെ നാട്ടില്‍ തിരിച്ചു ചെല്ലുന്നത് ക്ഷീണം തന്നെ. “നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും” എന്നല്ലേ. അത് പോലെ നാണം കെട്ടും സ്ഥാനം നില നിറുത്തിയാല്‍ നാണക്കേടാ സ്ഥാനം തീര്‍ത്തുകൊള്ളും. പിന്നെ സഹായിക്കാന്‍ മാധ്യമസുഹൃത്തുക്കളും ഉണ്ടല്ലോ.
ഇങ്ങനെയൊക്കെ ആയിര്‍ക്കാം വി.എസ്. ചിന്തിച്ചിട്ടുണ്ടാകുക. ഇത് മന:ശാസ്ത്രപരമായ ഊഹം (psychological speculation) മാത്രം.   
CC Communiqué
Date: 
 22 July 2012
The Central Committee of the Communist Party of India (Marxist) met in New Delhi on July 21-22, 2012. It has issued the following statement:
The Central Committee considered a report submitted by the Polit Bureau on the prevailing situation in Kerala and Party related matters there.
The Central Committee noted that Com. V.S. Achuthanandan, Member of the Central Committee had made certain statements publicly criticizing the state leadership of the Party and taken some steps which have provided opportunities for the political opponents to attack the Party. After the discussion, Com. V.S self-critically told the Central Committee that some of his remarks and actions were incorrect and could have been avoided.
On this basis, the Central Committee decided to publicly censure Com. V.S. Achuthanandan for his wrong remarks and for violation of the basic norms of the Party. The Central Committee expects Com. V.S., the senior most leader of the Party in Kerala, to act in such a manner which will help the Party to unitedly face the current situation.
The Central Committee noted that the brutal murder of T.P. Chandrasekaran is being utilised to conduct a concerted campaign against the Party. The Central Committee condemned the efforts of the UDF government which has directed the police to falsely implicate Party leaders and cadres in this case. The Party has already declared that it is not involved in the murder of Chandrasekaran and had strongly condemned it. The Party does not believe in the elimination of political opponents.
The Party will conduct an enquiry into the matter to ascertain if there is any involvement of anyone associated with the Party in this incident. As stated earlier, firm action will be taken if anybody is found to be involved from the Party and any wrong trend if it exists in the Party will be put down firmly.
The Central Committee asked the Kerala State Committee to take appropriate action in the matter concerning M.M. Mani, former Secretary of the Idukki District Committee of the Party.


Wednesday, July 18, 2012

സ്വന്തം കക്ഷിയെ തോല്പിക്കുന്ന വക്കീല്‍


ടി.പി. വധക്കേസിനെ സംബന്ധിച്ചു പോലീസ്‌ മേധാവി ആദ്യം പറഞ്ഞു: “ആരോ സ്വകാര്യ ലാഭത്തിനു വേണ്ടി ചെയതതാണ്.” പിന്നൊരിക്കല്‍ പറഞ്ഞു: “കൊന്നവരെയും കൊല്ലിച്ചവരെയും പിടിക്കും.” കൊന്നവരെ പിടി കിട്ടി. ഏഴംഗ വാടകക്കൊലയാളി സംഘമാണ്. “ഇനി കൊല്ലിച്ചവരെ പിടി കൂടണം” എന്നാണ് പോലീസ് മേധാവി ഏറ്റവും ഒടുവില്‍ പറഞ്ഞത്‌. അതായത്‌ വാടകക്കൊലയാളി സംഘത്തെ പിടിച്ചതിനു ശേഷം പിടിച്ച് ജയിലില്‍ അടച്ച എഴുപതു സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും അല്ല ടി.പി.യെ  കൊല്ലിച്ചത് എന്നല്ലേ ഡി.ജി.പി. പറഞ്ഞതിന്‍റെ സാരം? സാമാന്യബുദ്ധി (commonsense) അതാണ്‌ പറയുന്നത്.
കീചകവധന്യായത്തിന് പുതിയൊരു രൂപം വന്നിരിക്കുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നാണു പൌരാണിക രൂപം. പുതിയ രൂപം ഇങ്ങനെ: “കൊല്ലപ്പട്ടത് ടി.പി. ചന്ദ്രശേഖരന്‍ എങ്കില്‍ കൊല്ലിച്ചത് സി.പി.എം. തന്നെ!”  
സുനില്‍ പി. ഇളയിടം എന്ന മാര്‍ക്സിസ്റ്റ്‌ താത്ത്വികന് ഒരു സംശയവും ഇല്ല: കൊന്നത് സി.പി.എം. തന്നെ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 90:19 ലക്കത്തിലെ “ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മികതയ്ക്കും” എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ അതാണ്‌ അദ്ദേഹം ഉന്നതമായ താത്ത്വിക നിലവാരത്തില്‍ നിന്നുകൊണ്ട്  പറഞ്ഞത്‌. ലേഖനം തുടങ്ങുന്നത് ഇങ്ങനെ: “കേരളീയ സമൂഹത്തിന്‍റെ നീതിബോധത്തെയും രാഷ്ട്രീയ മന:സാക്ഷിയെയും സ്തബ്ധമാക്കി, അങ്ങേയറ്റം ഹീനമായ നിലയില്‍, നടപ്പാക്കപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിനു മുന്നില്‍ വലിയ രണ്ടു വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.” ഹീനമായ കൊലപാതകം നടപ്പാക്കിയത് സി.പി.എം. ആണെന്ന കാര്യത്തില്‍ ഇളയിടത്ത് അദ്ദേഹത്തിനു തെല്ലും സംശയം ഇല്ല!
എതിര്‍കക്ഷിയില്‍ നിന്ന് അച്ചാരം വാങ്ങി സ്വന്തം കക്ഷിയെ കോടതിയെക്കൊണ്ട് ശിക്ഷിപ്പിച്ച വക്കീലിനെ പോലെയാണ് അദ്ദേഹം സി.പി.എം.നു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ന്യായവാദം” നടത്തിയത്‌. താത്വികനായ അദ്ദേഹം സംസ്കൃതത്തില്‍ നീട്ടി നീട്ടി പറഞ്ഞത് മലയാളത്തില്‍ ചുരുക്കിയാല്‍ സി.പി.എം.ന്‍റെ ഇപ്പോഴത്തെ അപാകങ്ങള്‍ ഇനി പറയുന്നവയാണ്: (1) ജനാധിപധ്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വം അട്ടത്തു വെച്ച് സ്റ്റാലിന്‍റെ രീതി (വിമതരെ കൊല്ലല്‍) നടപ്പാക്കുന്നു. വിമതഅഭിപ്രായങ്ങള്‍ പറയുന്നവരെ വെട്ടി നിരത്തുന്നു. പ്രഭാത്‌ പട്നായിക്കിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടിയെ ഫ്യൂഡല്‍-സ്റ്റാലിനിസം ബാധിച്ചിരിക്കുന്നു. (2) സി. പി. എം.ന്‍റെ ധാര്‍മിക അടിത്തറ തകര്‍ന്നിരിക്കുന്നു.
ഇടതുപക്ഷത്തിന്‍റെ ധാര്‍മികതയോട് ഇപ്പോള്‍ ലേഖകന് വലിയ മതിപ്പൊന്നുമില്ല. “ഇടതു പക്ഷത്തിന്‍റെ ധാര്‍മികാടിസ്ഥാനം എന്ന് പറയുമ്പോള്‍ അതൊരു പരിഹാസ്യമായ ആശയമായി ഇപ്പോള്‍ അനുഭവപ്പെടാനിടയുണ്ട്. മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ക്ക് മാത്രമല്ല മാര്‍ക്സിസ്റ്റ്‌കാര്‍ക്കും അങ്ങനെ തോന്നും.” സി.പി.എം. ചന്ദ്രശേഖരനെ കൊലപ്പടുത്തിയതാണ് ഈ വിശ്വാസ പ്രതിസന്ധിക്ക് കാരണം. മുന്‍പ് സി. പി. എം. പല പ്രതിസന്ധികള്‍ നേരിടുകയും അതില്‍ നിന്നെല്ലാം കരകയറുകയും ചെയ്ത കാര്യം ലേഖകന്‍ തിരിച്ചറിയുന്നുണ്ട്. “എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷത്തിനു കേരളത്തില്‍ ജന്മം നല്‍കിയിട്ടുണ്ട്. സി. പി. എം.ന്‍റെയും ഇടതുപക്ഷത്തിന്‍റെയും ധാര്‍മികമായ അടിത്തറയെ മുന്‍പൊരു സന്ദര്‍ഭത്തിലും ഉണ്ടായിട്ടില്ലാത്ത വിധം അത് ദുര്‍ബ്ബലപ്പെടുത്തി.”
തനത് ഭാവം 
ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ ഒരു വഴിയേ ഉള്ളു. ഇളയിടം അത് ഉദാരതയോടെ  ചൂണ്ടിക്കാനിക്കുന്നു: “വിശാലമായ നീതിബോധത്തില്‍ മാത്രം പ്രചോദിതരായ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും രാഷ്ട്രീയബോധത്തിന്‍റെ ധാര്‍മിക അടിസ്ഥാനം വീണ്ടെടുത്തു നല്‍കുകയാണ്, ഉറച്ചതും കര്‍ക്കശവുമായ നടപടികളിലൂടെ അവരുടെ വിശ്വാസപ്രതിസന്ധിയില്‍ നിന്നും അവരെയും പ്രസ്ഥാനത്തെയും കരകയറ്റുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. അല്ലാതെ പറയുന്നവര്‍ക്ക് തന്നെയും വേണ്ടത്ര വിശ്വാസമില്ലാത്ത താര്‍ക്കിക യുക്തികളില്‍ അഭയം പ്രാപിക്കുകയല്ല.”
നേരെ ചൊവ്വേ  പറയാം. പാര്‍ട്ടി ടി. പി. ചന്ദ്രശേഖരനെ അന്‍പത്തൊന്നു വെട്ട് വെട്ടി കൊലപ്പെടുത്തി എന്ന്  കുറ്റം സമ്മതിക്കണം. ഇതിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഏറ്റെടുക്കണം. എന്നിട്ട് പോലീസ് അറസ്റ്റ്‌ ചെയ്തു ജയലില്‍ ആക്കിയ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് ഉടനെ  പുറത്താക്കണം. “പറയുന്നവര്‍ക്ക് തന്നെയും വേണ്ടത്ര വിശ്വാസമില്ലാത്ത” വാക്കുകളെന്താണ്? “ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക് പങ്കില്ല. പാര്‍ട്ടി വിട്ടു പോകുന്നവരെ കൊല്ലുന്നത് പാര്‍ട്ടിയുടെ നയമല്ല. ആരെങ്കിലും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി എടുക്കും.”
ഇളയിടത്തിന്‍റെ വരികള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മ വന്നത്: നല്ല അരിയുടെ ചോറ് തിന്നുന്നവരാരും പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നത് വിശ്വസിക്കുകയില്ല! ഇദ്ദേഹത്തിന് ഇപ്പോള്‍ “നല്ല അരി”യെക്കുറിച്ച് മാത്രമേ ഓര്‍മ വരൂ. റേഷനരിയുടെ കാര്യം ഓര്‍മ വരില്ല.
വില്പനയ്ക്ക് ഒരു സീന്‍ 
ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അതിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ ചുമലില്‍ കെട്ടിവെച്ചു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ നടത്തിയ കാര്യം ലേഖകന്‍ ഔദാര്യത്തോടെ പറയുന്നുണ്ട്. മാധ്യമങ്ങള്‍ അവരുടെ “ചുമതല” നിര്‍വ്വഹിക്കുന്നു എന്നതില്‍ കവിഞ്ഞൊന്നും ചെയ്യുന്നില്ല. സുനില്‍ പി. ഇളയിടത്തെയും അദ്ദേഹത്തിന്‍റെ ആരാധ്യപുരുഷനെയും പോലെയുള്ളവര്‍ പിന്നില്‍ നിന്ന് കുത്തുന്നതാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുന്നത്.
കൊല നടത്തിയ ഏഴു വാടകക്കൊലയാളികളെ കൂടാതെ എഴുപതോളം പാര്‍ട്ടിപ്രവര്‍ത്തകരെ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലില്‍ ആക്കിയിട്ടുണ്ട്. കള്ളക്കേസുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. കള്ളക്കേസുകള്‍ തള്ളിപ്പോകുമ്പോള്‍ സുനില്‍ പി. ഇളയിടം, അടിസ്ഥാനരഹിതമായി പാര്‍ട്ടിയെ കുറ്റപ്പെടുത്തിയതിനു മാപ്പ് പറയുമോ? അതോ പോലീസിന്‍റെ കഴിവ്കേടു കൊണ്ടാണ് കേസുകള്‍ തള്ളിപ്പോയത് എന്ന് ആരോപിക്കുമോ?