Friday, June 10, 2011

കേഴുക പ്രിയ നാടേ!

        മഖ്ബൂല്‍ ഫിദാ ഹുസൈന്‍ മനുഷ്യന്റെ സര്‍ഗ്ഗാത്മകതയുടെ മൂര്‍ത്ത രൂപമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യമായിരുന്നു അദ്ദേഹത്തിന്റെ രചനാവിഷയങ്ങള്‍.  ഒരു രാജ്യത്തിലെ പൌരന്‍ ആ രാജ്യത്തിന്റെ പുത്രനെന്ന സംബോധനയ്ക്ക് അര്‍ഹനാകണമെങ്കില്‍ അനിതരസാധാരണമായ സംഭാവന ആ പൌരന്‍ തന്റെ രാജ്യത്തിന് നല്‍കണം. ചിത്രകലയുടെ ലോകം ഇന്ത്യയുടെ പിക്കാസോ എന്നാണ് എം.എഫ്. ഹുസൈനെ വിശേഷിപ്പിച്ചത്. ഹുസൈന്‍ സാഹിബ് ഇന്ത്യയുടെ പുത്രന്‍ എന്ന സംബോധനയ്ക്ക് അര്‍ഹനായെന്ന് സാരം.
     ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം പ്രഭാവം പ്രകടിപ്പിക്കുന്നതിനു മുമ്പ് എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ വിവാദമായില്ല. ഹിന്ദുദേവതകളെയും ഭാരതാംബയെയും നഗ്നരായി ചിത്രങ്ങളില്‍ ആവിഷ്കരിച്ചു എന്നാരോപിച്ചാണ് ഹിന്ദുത്വവാദികളായ തെമ്മാടിക്കൂട്ടം എം.എഫ്. ഹുസൈനെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടത്.  ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരണമെന്നും ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണമെന്നും എം.എഫ്. ഹുസൈന്‍ ആഗ്രഹിച്ചു; പലരെയും തന്റെ ആഗ്രഹം അറിയിച്ചു. സ്വന്തം നാട്ടിലേയ്ക്ക് തിരിചുവരാന്‍ ഹിന്ദുത്വ ഫാഷിസം എം.എഫ്. ഹുസൈനെ അനുവദിച്ചില്ല. മതനിരപേക്ഷരാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ ഭരണസംവിധാനത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും ഇന്ത്യയുടെ ഒരു ഉത്തമ പുത്രനായ, ഇന്ത്യയുടെ പിക്കാസോ ആയ എം.എഫ്. ഹുസൈന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞില്ല.
     മതനിരപേക്ഷരാഷ്ട്രമായ ഇന്ത്യയുടെ ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും ഹിന്ദുത്വഫാഷിസത്തിന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു! കേഴുക പ്രിയനാടേ, കേഴുക!!