Wednesday, July 28, 2010

മുസ്’ലിം ഭൂരിപക്ഷ കേരളവും ഇസ്’ലാമിക നിയമവ്യവസ്ഥയും

ജൂലൈ 22ലെ മലയാള മനോരമ പത്രത്തില്‍ പാളയം ജുമാ മസ്ജിദിലെ ഇമാം ജമാലുദീന്‍ മങ്കട “നന്മ കൊണ്ട് പ്രതിരോധം തീര്‍ക്കാം” എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഫത്’വയാണ് ഓര്‍മ്മയില്‍ വന്നത്. റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം നടന്ന കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന ഈജിപ്തിലെ പുരോഗമന വാദികള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. ഇത് കണ്ട് വിറളി പൂണ്ട ബ്രിട്ടീഷ് മേലാളരുടെ നിര്‍ദ്ദേശപ്രകാരം ഇസ്’ലാംമത മേലധ്യക്ഷനായിരുന്ന ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ബഖീത് 1919ല്‍ കമ്യൂണിസ്റ്റ് വിരുദ്ധ ഫത്’വ പുറപ്പെടുവിച്ചു. കമ്യൂണിസം വര്‍ഗ്ഗരഹിത സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ട് കമ്യൂണിസം ഇസ്’ലാം വിരുദ്ധമാണെന്നുമായിരുന്നു ഫത്’വയുടെ രത്നച്ചുരുക്കം. ഈ ഫത്’വയ്ക്കെതിരായി ഒരു ഇസ്’ലാംമത പണ്ഡിതന്‍ തന്നെ രംഗത്ത് വന്നു. മുഹമ്മദ് റശീദ് റിദ (1865-1935) സ്വന്തം പത്രാധിപത്യത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന അല്‍-മനാര്‍ (ദീപസ്തംഭം) മാസികയില്‍ എഴുതി: “ചില രാഷ്ട്രീയക്കാരും ഗ്രാന്റ് മുഫ്തിയുടെ ഫത്’വയും പറയുന്നത് പോലെ ബോള്‍ഷെവിസത്തിലും സോഷ്യലിസത്തിലും തിന്മയും ദ്രോഹവും മാത്രമേയുള്ളോ?... എനിക്ക് പറയാനുള്ളതിതാണ്: ഞാന്‍ വായിച്ചു മനസ്സിലാക്കിയതിതാണ് – അത് ധനാര്‍ത്തിയുള്ള പ്രഭുക്കന്മാരെയും അവരെ പിന്തുണയ്ക്കുന്നവരെയും സ്ഥാനഭ്രഷ്ടരാക്കുന്നു... എന്നിട്ട് ഭൂരിപക്ഷത്തിന്റെ ഭരണം സ്ഥാപിക്കുന്നു...” [Socialism, Bolshevism and Religion by Muhammad Rashid Rida  in  Al-Manâr, Vol.21 No. 5. 29; 26 August 1919]

       വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായി എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ലേഖനത്തില്‍ പോപുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടന ഇന്ത്യയിലെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്’ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയത് മങ്കട മൌലവിയെയും ജമാ’അത്തിന്റെ വക്താവായ മാധ്യമം പത്രാധിപരെയും പ്രകോപിപ്പിച്ചു. സി.പി.ഐ.(എം) കേരളത്തില്‍ “വര്‍ഗ്ഗരഹിത സ്റ്റാലിനിസ്റ്റ് രാഷ്ട്രം” സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു പോലെ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇമാം മങ്കട മൌലവി സമര്‍ത്ഥിച്ചത്. കോടിയേരി ബാലകൃഷ്ണന്‍  വിഢിത്തമാണ് പറഞ്ഞെതെന്ന് പത്രാധിപര്‍ ഒരു ചാനലിന്റെ അന്തിച്ചര്‍ച്ചയില്‍ ഉദീരണം ചെയ്തു.

ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക നിയമവ്യവസ്ഥയും
കോടിയേരിയുടെ മുന്നറിയിപ്പിനെതിരെ ഇസ്’ലാമിസ്റ്റുകള്‍ മാത്രമേ രംഗത്ത് വന്നുള്ളു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്’ഷ്യം കേരളത്തെ ഒരു മുസ്’ലിം ഭൂരിപക്ഷ പ്രദേശം ആക്കുകയാണെന്നും അതിനായി അവര്‍ പല അടവുകളും പയറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ ഇസ്’ലാമിസ്റ്റുകള്‍ക്കു പുറമെ ശുദ്ധ മതനിരപേക്ഷ വാദികളായ മുസ്’ലിം ലീഗുകാരും തരാതരം പോലെ ഹിന്ദുക്കാര്‍ഡും മുസ്’ലിം കാര്‍ഡും മാറിമാറിക്കളിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുകാരും ഉള്‍പ്പെടുന്ന യു.ഡി.എഫ്. ഒന്നടങ്കം അച്യുതാനന്ദനെതിരെ പടയിറങ്ങി. അച്യുതാനന്ദന്റെ പറച്ചില്‍ മുസ്’ലിം സമുദായത്തിനെതിരെ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണത്തിന്‍ സമാനമായ ഒന്നാണെന്നാണ് യു.ഡി.എഫ്. നേതാക്കളുടെയും സ്വത്വരാഷ്ട്രീയക്കാരായ ദളിതരുടെയും വാദം. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഒരു ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും മുസ്ലിം സമുദായത്തെയും സമീകരിക്കുന്നത് ദുരുപദിഷ്ടമാണെന്നും വി. എസ്. വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ്. ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞാല്‍ അത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് ആരെങ്കിലും വ്യാഖ്യാനിക്കുമോ എന്ന ചോദ്യത്തിന് മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈയാളുന്ന മുസ്ലിം ലീഗും വര്‍ഗ്ഗീയവാദികളും തീവ്രവാദികളുമായി രഹസ്യവേഴ്ച നടത്തുന്ന കോണ്‍ഗ്രസ്സും മറുപടി പറഞ്ഞിട്ടില്ല.  

       അച്യുതാനന്ദനെതിരെ പടയിറങ്ങിയവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. അധ്യാപകന്റെ കൈപ്പത്തി വെട്ടിയപ്പോഴാണല്ലൊ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫാഷിസ്റ്റ് ദംഷ്ട്രകള്‍ പുറത്ത് കണ്ടത്. എന്‍. ഡി. എഫ്., പോപുലര് ഫ്രണ്ട്, എസ്. ഡി. പി. ഐ., സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ജമാ’അത്തെ ഇസ്’ലാമിയുടെ “ഇസ്’ലാമിക രാഷ്ട്രം” എന്ന മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. നിഷ്പക്ഷമതിയെന്ന് അംഗീകരിക്കപ്പെട്ട ഒരു ചിന്തകന്‍ എഴുതി: “ഇന്നത്തെ ഇസ്’ലാമിക് ആക്റ്റിവിസം പ്രത്യയശാസ്ത്രത്തിനും സംഘടനാ മാതൃകയ്ക്കും ഹസനുല്‍ ബന്ന സ്ഥാപിച്ച മുസ്ലിം ബ്രദര്‍ഹൂഡിനോടും മൌദൂദി സ്ഥാപിച്ച ജമാ‍‘അത്തെ ഇസ്ലാമിയോടും കടപ്പെട്ടിരിക്കുന്നു.”  [The Islamic Threat Myth or Reality? by John L. Esposito 3rd Edition page 129] ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ലക്’ഷ്യമിട്ടിട്ടുള്ള സംഘ് പരിവാറിന്‍ സമാന്തരമാണ് ജമാ’അത്ത് പരിവാര്‍.

       ഇസ്ലാം മതത്തിന്റെ പരിശുദ്ധി നിലനിറുത്താന്ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്നാണ്മൌദൂദിയുടെ മതരാഷ്ട്രസിദ്ധാന്തം. ഇതിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്ജമാഅത്തെ ഇസ്ലാമി. ഇതിന്റെ പ്രവര്‍ത്തനം തെക്കേ ഏഷ്യയിലാകെ വ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യത്തുമുള്ള സംഘടന പ്രതേകം അമീറിന്റെ കീഴിലാണ്പ്രവര്ത്തിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലെയും ജമാഅത്തുകളുടെ സംഘടനാ രൂപവും പ്രത്യയശാസ്ത്രവും ഒന്നു തന്നെയാണ്‍. രണ്ടാം ഖലീഫ ഉമര്‍ ഇബ്നു അല്‍-ഖത്താബ് അമീറുല്‍ മുഅ‍്മിനീന്‍ (വിശ്വാസികളുടെ സേനാനായകന്‍) എന്ന സ്ഥാനപ്പേര്‍ സ്വയം സ്വീകരിക്കുകയുണ്ടായി. ജമാ’അത്തെ ഇസ്ലാമിക്കും അമീറ് ആണ്‍ തലപ്പത്ത്. ഖലീഫ ഉമ്മറിന്റെ കാലത്തുണ്ടായിരുന്ന മാതൃകാപരമായ ഇസ്ലാമിക സാമ്രാജ്യമാണ് ജമാ’അത്തെ ഇസ്ലാമിയുടെ സ്വപ്നം. ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാല്‍ നടപ്പിലാക്കേണ്ട നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മൌദൂദി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇസ്ലാമിക സാമ്രാജ്യമെന്ന സ്വപനസാക്ഷാത്കാരത്തിന് കാലതാമസമുണ്ട്.  അത് സ്ഥാപിതമാകുന്നതിനു മുമ്പ് ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ മുസ്ലിം സമൂഹം അധിവസിക്കുന്നുണ്ടോ അവിടങ്ങളില്‍ ഇസ്ലാമികമായ ജീവിതരീതി സ്വീകരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് മൌദൂദി പറയുന്നു. ഇസ്ലാമിക ജീവിതരീതി എന്നാല്‍ സിവിലും ക്രിമിനലുമായ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം എന്ന് സാരം.

       മുസ്ലിം ഭരണം ഉള്ള രാജ്യങ്ങളില്‍ ഇസ്ലാമിക നിയമ വ്യവസ്ഥ (ശരീഅത്ത്) നടപ്പിലാക്കണം. ശരീഅത്ത് നടപ്പാക്കുമ്പോള്‍ മതനിന്ദകരെ എന്തു ചെയ്യണം എന്നു പ്രത്യേകം പ്രതിപാദിക്കുന്ന ഒരു പുസ്തകം തന്നെ മൌദൂദി രചിച്ചിട്ടുണ്ട്. അതിന്റെ പേരാണ് മുര്‍ത്തദ്ദ് കി സാസാ ഇസ്ലാം കി കാനൂന്‍ മേം (മതം ഉപേക്ഷിച്ചവര്‍ക്കുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍). മൌദൂദിയുടെ എല്ലാ രചനകളും ഉറുദുവില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ജമാ’അത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുര്‍ത്തദ്ദ് കി സാസാ ഇസ്ലാം കി കാനൂന്‍ മേം മാത്രം ഒഴിവാക്കി. കാരണം അത് മലയാളത്തിലാക്കിയാല്‍ മൌദൂദിസത്തിന്റെ ദംഷ്ട്രകള്‍ മലയാളികള്‍ കാണുമെന്നുള്ളതു കൊണ്ട് തന്നെ.

       പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഒഴിവാക്കിയത് ജമാ’അത്തെ ഇസ്ലാമി നടത്തിയ ഒരു പൂഴ്ത്തിവെപ്പാണ്. ഇതുപോലൊരു പൂഴ്ത്തിവെപ്പ് സംഘ് പരിവാറും നടത്തിയിട്ടുണ്ട്. എം. എസ്. ഗോള്‍വാള്‍ക്കര്‍ രചിച്ച We or Our Nationhood Defined എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ആര്‍.എസ്.എസ്. പൂഴ്ത്തി. അതില്‍ പച്ചയായിത്തന്നെ മുസ്ലിങ്ങള്‍ വിദേശികളാണെന്നും ഇന്ത്യക്കാരുടെ ശത്രുക്കളാണെന്നും നിഗ്രഹിക്കപ്പെടേണ്ടവരാണെന്നും പറയുന്നുണ്ട്. ആ പുസ്തകം ആര്‍.എസ്.എസ്. ഓഫീസുകളില്‍ മാത്രം സൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയാണുണ്ടായത്.   

മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ
റിദ (മതം ഉപേക്ഷിക്കല്‍) എന്ന പദത്തില്‍ നിന്നാണ്‍ മുര്‍ത്തദ്ദ് എന്ന പദം ഉണ്ടായത്. ഇസ്ലാം മതത്തെയും പ്രവാചകനെയും ഖുര്‍’ആനിനെയും നിന്ദിക്കുന്നവരെല്ലാം മുര്‍ത്തദ്ദുകളാണെന്നാണ് ഇസ്ലാംമതപണ്ഡിതരുടെ വ്യാഖ്യാനം. അവരെല്ലാം ഇസ്ലാമിക നിയമത്തില്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്‍. ഇതനുസരിച്ചാണ് അയാത്തുല്ല ഖൊമേനി സല്‍മാന്‍ റശ്ദിക്ക് Satanic Verses എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്. മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ നല്കണമെന്നാണ്‍ മൌദൂദിയും തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ഇസ്ലാമിക കോടതികള്‍
തൊടുപുഴ കോളെജിലെ പ്രൊഫസര്‍ ടി. ജെ. ജോസഫ് യഥാര്‍ത്ഥത്തില്‍ വധശിക്ഷ അര്‍ഹിക്കുന്ന ആളാണെന്നാണ്‍ ഇസ്ലാമിസ്റ്റുകളുടെ വാദം. ഇസ്ലാമികഭരണം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ലഘൂകരിച്ച് പ്രവാചക നിന്ദയുള്ള ചോദ്യം തയാറിക്കിയ വലതു കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ മതിയെന്ന് കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ) വിധിച്ചതിന്റെ അടിസ്ഥാനത്തിലാണ്. House of Justice എന്നതിന്റെ അറബിഭാഷാ രൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25 യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം സിദ്ധനെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താ‍ലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.

കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ മൌദൂദിസ്റ്റുകള്‍ക്ക് പരിപാടിയുണ്ടോ?
മൌദൂദിസ്റ്റ് സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത് മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്‍. ലോകത്ത് മുസ്ലിങ്ങളും അവിശ്വാസികളും തമ്മില്‍ (ഇസ്ലാമും കുഫറും തമ്മില്‍) വര്‍ഗ്ഗസമരം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമവിജയം ഇസ്ലാമിനായിരിക്കുമെന്നുമാണ് മൌദൂദി പ്രവചിച്ചത്. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. അല്ലാഹുവിനു കീഴടങ്ങല്‍ എന്നു സാരം. മുസ്ലിം എന്നാല്‍ കീഴടങ്ങിയവര്‍. ഈ അര്‍ത്ഥത്തില്‍ ലോകത്തുള്ള സര്‍വ്വ ചരാചരങ്ങളും മുസ്ലിം ആണ്. കുറച്ച് മനുഷ്യര്‍ മാത്രമേ അല്ലാഹുവിനു കീഴടങ്ങാതുള്ളു. അവരെക്കൂടി കീഴടങ്ങിയവരാക്കുക (മുസ്ലിം ആക്കുക) എന്നത് ഓരോ ഇസ്ലാം മത വിശ്വാസിയുടെയും കടമയാണ്. [Towards Understanding Islam by Mawdudi -  http://www.witnesspioneer.org/]

     മതത്തില്‍ നിര്‍ബ്ബന്ധം പാടില്ലെന്ന് ഖുര്‍’ആന്‍ പറയുന്നുണ്ട്. അതുകൊണ്ട് മുസ്ലിം ആകാതെ അവിശ്വാസികളായി തുടരുന്നവരെ മുസ്ലിം ആക്കുവാന്‍ ചതുരുപായങ്ങളില്‍ അവസാനത്തേത് (ദണ്ഡം) ഒഴിച്ച് ബാക്കി മൂന്നുപായങ്ങളും (സാമം, ദാനം, ഭേദം) പ്രയോഗിക്കണം. കേരളത്തിലെ മൌദൂദിസ്റ്റുകള്‍ ഇസ്ലാമിക സ്വത്വത്തെ ദളിത് സ്വത്വവുമായി കൂട്ടിക്കെട്ടുന്നതിനു പിന്നില്‍ മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തമാണുള്ളത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ വിജയിച്ചിടത്ത് തങ്ങള്‍ക്കും വിജയസാദ്ധ്യതയുണ്ടെന്ന് മൌദൂദിസ്റ്റുകള്‍ സ്വപ്നം കാണുന്നു.  

Friday, July 16, 2010

കൈപ്പത്തി വെട്ടലും മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രവും


കെ. പി.രാമനുണ്ണി മാധ്യമം പത്രത്തിലെഴുതി:
"ജോസഫിന്റെ കൈവെട്ടലിലൂടെ ചില ഹീനന്മാര്‍ നടത്തിയത് പ്രവാചകനിന്ദയാണെന്നും അത് സ്വന്തം രക്തം കൊണ്ട് കഴുകിക്കളയേണ്ടതാണെന്നും മേല്‍പറഞ്ഞ ചെറുപ്പക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം, തന്റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച ജൂതസ്ത്രീയെപ്പോലും സ്‌നേഹിക്കുകയും തന്നെ നിരന്തരം ദ്രോഹിച്ച ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കുകയും ചെയ്യുന്നതായിരുന്നു മുഹമ്മദ് നബിയുടെ തത്ത്വദര്‍ശനം. അങ്ങനെയുള്ളൊരു മഹാത്മാവിന്റെ പേരും പറഞ്ഞ് നിയമം കൈയിലെടുക്കുകയും ഹിംസ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളോടുള്ള അവഹേളനവും അതുവഴി പ്രവാചകനെത്തന്നെ അപമാനിക്കലുമാകുന്നു." ആ ചോരയുടെ വില - കെ.പി. രാമനുണ്ണി - മാധ്യമം - ജൂലൈ 16
രാമനുണ്ണിയെ പോലുള്ളവര്‍ അറിയാനായി ചില ഖുര്‍’ആന്‍ വചനങ്ങള്‍ ഇവിടെ ഉദ്ധരിച്ച് ചേര്‍ക്കുന്നത് മതനിന്ദയാണെന്ന് ഇസ്’ലാമിസ്റ്റുകള്‍ ആക്ഷേപിക്കുമെന്നു തോന്നുന്നില്ല. ആദ്യം യൂസഫലിയുടെ ഇംഗ്ലീഷ് ട്രാന്‍സ്’ലേഷ്നും തുടര്‍ന്ന് സി.എന്‍. മൌലവിയുടെ മലയാള വിവര്‍ത്തനവും:
Fighting is prescribed for you, and ye dislike it. But it is possible that ye dislike a thing which is good for you, and that ye love a thing which is bad for you. But Allah knoweth, and ye know not. നിങ്ങള്‍ക്ക് യുദ്ധത്തിന് നിര്‍ബ്ബന്ധ കല്പന നല്‍കിയിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നുണ്ട്. നിങ്ങള്‍ക്ക് നന്മയുള്ള വിഷയത്തില്‍ വെറുപ്പ് തോന്നിയേക്കാം; ദോഷമുള്ള കാര്യത്തില്‍ പ്രതിപത്തി തോന്നിയെന്നും വരാം. അറിവുള്ളത് അല്ലാഹുവിനാണ്; നിങ്ങള്‍ക്ക് അറിവില്ല. (ഖുര്‍’ആന്‍ അദ്ധ്യായം 2 വചനം 216)
Fight in the cause of Allah those who fight you, but do not transgress limits; for Allah loveth not transgressors. And slay them wherever ye catch them, and turn them out from where they have Turned you out; for tumult and oppression are worse than slaughter; but fight them not at the Sacred Mosque, unless they (first) fight you there; but if they fight you, slay them. Such is the reward of those who suppress faith. But if they cease, Allah is Oft-forgiving, Most Merciful. And fight them on until there is no more Tumult or oppression, and there prevail justice and faith in Allah; but if they cease, Let there be no hostility except to those who practise oppression. നിങ്ങളോടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. പക്ഷെ പരിധി ലംഘിച്ചുകളയരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല. അവരെ കണ്ടു മുട്ടുന്ന സ്ഥലത്ത്വെച്ച് കൊല്ലുക; നിങ്ങളെ അവര്‍ ബഹിഷ്കരിച്ച സ്ഥലത്തു നിന്നു നിങ്ങള്‍ അവരെയും ബഹിഷ്കരിക്കുക. മര്‍ദ്ദനം കൊലയേക്കാള്‍ കഠിനതരമത്രെ. എന്നാല്‍ ആദരണീയ മന്ദിരത്തിങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും വരേക്കും നിങ്ങള്‍ യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോടു പൊരുതുകയാണെങ്കില്‍ നിങ്ങള്‍ അവരെ വധിച്ചുകൊള്ളുക. കാഫിറുകള്‍ക്ക് പ്രതിഫലം നല്‍കേണ്ടത് ഇങ്ങനെ തന്നെയാകുന്നു. അവര്‍ യുദ്ധത്തില്‍ നിന്നു പിന്‍’വാങ്ങിയാലോ; അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്. മര്‍ദ്ദനം ഇല്ലാതാകുകയും മതം അല്ലാഹുവിന്നധീനപ്പെടുകയും ചെയ്യുന്നത് വരേക്കും നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യുക; അവസാനം അവര്‍ വിരമിച്ചാല്‍... പിന്നീട് അക്രമികളോടല്ലാതെ മറ്റാരോടും യാതൊരു കൈയേറ്റ്വും പാടില്ല. (ഖുര്‍’ആന്‍ അധ്യായം 2. വചനങ്ങള്‍ 190, 191,192)
ഇസ്’ലാം സമാധാനത്തിന്റെ മതമാണെന്ന് പറയുന്നവര്‍ക്ക് മറുപടി ഖുര്‍’ആന്‍ തന്നെ നല്‍കുന്നുണ്ട്. യുദ്ധത്തെ മഹത്വവത്കരിക്കുന്ന 19 സൂക്തങ്ങള്‍ ഖുര്‍’ആനിലുണ്ട്. മുഹമ്മദ് സ്നേഹപ്രവാചകനാണെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് അല്‍-തബരി, വാഖിദി തുടങ്ങിയ ആദ്യകാല മുസ്’ലിം ചരിത്രകാരന്മാര്‍ മറുപടി പറയുന്നു. ഒരു യുദ്ധം കൂടാതെ മക്ക നഗരം മുഹമ്മദിനു കീഴടങ്ങുകയാണല്ലൊ ഉണ്ടായത്. ആ സന്ദര്‍ഭത്തെക്കുറിച്ച് തബരി “രാജാക്കന്മാരുടെയും

ദൈവദൂതന്മാരുടെയും ചരിത്രം” എന്ന ബൃഹദ്ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മക്ക കീഴടങ്ങിയ സമയത്ത് മു

ഹമ്മദ് വധശിക്ഷയ്ക്ക് വിധിച്ചത് ഒരു കവിയെയും രണ്ട് നര്‍ത്തകികളെയുമാണ്. കവി മുഹമ്മദിനെ കളിയാക്കി കവിതകളെഴുതി. നര്‍ത്തകികളെക്കൊണ്ട് കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ അവതരിപ്പിച്ചു. കവിയേയും ഒരു നര്‍ത്തകിയെയും വധിച്ചു. ഒരു നര്‍ത്തകി ഒളിച്ചോടിയതുകാരണം വധശിക്ഷ നടപ്പാക്കാനായില്ല. (Annales by Al-Tabari Vol. I p.1640) പ്രവാചക നിന്ദയ്ക്ക് വധശിക്ഷയെന്ന ഇസ്’ലാമിക നിയമം കൊണ്ടുവന്നത് മുഹമ്മദ് നബി തന്നെയാണ്. ഖുര്‍’ആന്‍ വചനങ്ങളില്‍ അങ്ങനെയൊരു ശിക്ഷ പറയുന്നില്ല. ഖുര്‍’ആന്‍ വചനങ്ങളിലില്ലെങ്കിലും മുഹമ്മദ് നടപ്പാക്കിയതെല്ലാം ഇസ്’ലാമിക നിയമമാണ്.
മതനിന്ദ, പ്രവാചകനിന്ദ, മതം ഉപേക്ഷിക്കല്‍ എന്നിവയ്ക്കെല്ലാം വധശിക്ഷയാണ് ഇസ്’ലാമിക നിയമത്തില്‍. മുസ്ലിങ്ങള്‍ എവിടെ ജീവിച്ചാലും ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്) നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇതാണ്‍ മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വം. ഇക്കാര്യം മൌദൂദി തുറന്നു പറയുന്ന ഒരു ഗ്രന്ഥമുണ്ട്. മൌദൂദിയുടെ എല്ലാ ഗ്രന്ഥങ്ങളും ഉറുദുവിലാണ്‍. ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിക്കുന്ന മുര്‍ത്തദ്ദ് കി സാസാ ഇസ്’ലാമി ഖാനൂന്‍ മെയിം (മുര്‍ത്തദ്ദിനുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍ Lahore: Islamic Publications Ltd, 1981 8th edition) ഖുര്‍ആനെയും മതത്തെയും മുഹമ്മദ് നബിയെയും നിന്ദിക്കുന്നതും മതപരിത്യാഗം (റിദ) ആണെന്നാണ് മൌദൂദിയുടെ വാദം. റിദ (മതപരിത്യാഗം) ചെയ്യുന്ന ആളാണ് മുര്‍ത്തദ്ദ്. അയാള്‍ക്ക് വധശിക്ഷ നല്കാന്‍ മുസ്ലിങ്ങള്‍ക്ക് മതപരമായ കടമയുണ്ടെന്നാണ് മൌദൂദി പുസ്തകതില്‍ പറഞ്ഞിരിക്കുന്നത്. മൌദൂദിയുടെ എല്ലാ പുസ്തകങ്ങളും മലയാളതിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയ ജമാ’അത്തെ ഇസ്ലാമി മുര്‍ത്തദ്ദ് കി സാസാ ഇസ്’ലാമി ഖാനൂന്‍ മെയിം മാത്രം പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയില്ല. മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിലെ ഈ ഭാഗത്തോട് ഇവിടത്തെ ജമാ’അത്തിന് യോജിപ്പി ല്ലാത്തത് കൊണ്ടല്ല, മറിച്ച് തങ്ങളുടെ ദംഷ്ട്രകള്‍ മറ്റു മതവിശ്വാസികള്‍ പുറത്ത് കാണുമെന്നുള്ളത് കൊണ്ടാണ്. ഇന്ത്യയിലെ മുസ്ലിങ്ങളെ ശത്രുക്കളായി കാണണമെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്ന എം.എസ്. ഗോള്‍വാള്‍ക്കറുടെ We or Our Nationhood Defined എന്ന പുസ്തകം ആര്‍. എസ്.എസ്. പ്രസിദ്ധപ്പെടുത്തിയതിനു ശേഷം പൂഴ്ത്തി വെയ്ക്കുകയുണ്ടായി. ഹിന്ദുത്ത്വയുടെ ദംഷ്ട്രകള്‍ പുറത്ത് കാണാതിരിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു അത്. മൌദൂദിസവും ഗോള്‍വാള്‍ക്കറിസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന വാദത്തിന് ഏറ്റവും നല്ല നിദര്‍ശനമാണ്‍ രണ്ട് പുസ്തകങ്ങളുടെ തമസ്കരണങ്ങള്‍.
ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും – ഒരു വിഹഗവീക്ഷണം
ഇസ്ലാമിന്റെ ഉദ്ഭവം, വളര്‍ച്ച, വികാസപരിണാമങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി ചിന്ത പബ്ലിഷേഴ്സ് അടുത്തു തന്നെ പ്രസിദ്ധപ്പെടുത്തുന്ന ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും – മന:ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരനേഷണം എന്ന പുസ്തകത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. മുഹമ്മദ് സ്ഥാപിച്ചത് വെറുമൊരു മതമല്ല, ജൂതമതത്തിന്റെ മാതൃകയിലുള്ള മതരാഷ്ട്രമാണ്. അത് അഭൂതപൂര്‍വ്വമായ വേഗത്തില്‍ ഒരു സാമ്രാജ്യമായി വളര്‍ന്നു. എല്ലാ സാമ്രാ‍ജ്യങ്ങള്‍ക്കും സംഭവിക്കുന്നത് പോലെ അല്ലാഹുവിന്റെ പ്രതിനിധി ഭരിച്ചിരുന്ന ഇസ്ലാമിക-അറബ് സാമ്രാജ്യവും തകര്‍ന്നു. ഖലീഫ എന്ന പദത്തിന്റെ അര്‍ഥം പ്രതിനിധി എന്നാണ്‍. ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയായിരുന്നു ഖലീഫ. മംഗോളുകള്‍ ഖലീഫയെ കൊന്നു. മംഗോളുകളും തുര്‍ക്കികളും പില്‍ക്കാലത്ത് ഇസ്ലാമതം സ്വീകരിച്ചതു കൊണ്ട് ഇസ്ലാമിക സാമ്രാജ്യം പുനര്‍ജ്ജനിച്ചു. ചരിത്രകാരന്‍ ഫിലിപ്പ് കെ. ഹിറ്റിയുടെ നിരീക്ഷണത്തില്‍ ഇസ്ലാമിന് ആത്മീയത (വിശ്വാസപ്രമാണം), രാഷ്ട്രീയം, സംസ്കാരം എന്നിങ്ങനെ മൂന്ന് അടരുകളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഇസ്ലാം യൂറോപ്പിന്റെ കൊളോണിയല്‍ അടിമത്തില്‍ അമര്‍ന്നു. രണ്ട് നൂറ്റാണ്ട് കാലം അടിമത്തത്തില്‍ കഴിഞ്ഞ ഇസ്ലാമിന് രാഷ്ട്രീയമോഹങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. ഇസ്ലാം മതത്തിന്റെ രാഷ്ട്രീയതലം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. തുര്‍ക്കിയിലെ കമാല്‍ പാഷയും ഈജിപ്തിലെ നാസറും ആധുനികതയുടെ രാഷ്ട്രമീമാംസയായ മതനിരപേക്ഷ ഭരണകൂടം എന്ന തത്ത്വം അംഗീകരിച്ചു. മറ്റു പല മുസ്ലിം ഭരണാധികാരികളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മതനിരപേക്ഷഭരണം നടപ്പിലാക്കാന്‍ നിര്‍ബ്ബന്ധിതരായി. ഇതിനെതിരെ ഇസ്ലാമികരാഷ്ട്രം, ദൈവികഭരണം എന്നീ കാലഹരണം വന്ന പ്രതിലോമ ചിന്തകള്‍ അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വന്നവരാണ് സയ്യിദ് ഖുത്തുബും സയ്യിദ് മൌദൂദിയും. ഇവരുടെ ഇസ്ലാമികരാഷ്ട്രസിദ്ധാന്തത്തിന് താങ്ങായി നില്‍ക്കുന്നത് കമ്യൂണിസ്റ്റ് വിരോധവും മതമൌലികവാദവുമാണ്. മതത്തിന്റെയോ മതത്തെ ആധാരമാക്കി നിലനില്‍ക്കുന്ന ദേശീയതയുടെയോ നിലനില്പ് അപകടത്തിലാണെന്ന തോന്നല്‍ മതാനുയായികള്‍ക്കിടയിലുണ്ടായാല്‍ തലപൊക്കുന്ന പ്രവണതയാണ് മതത്തിന്റെ പുനരുജ്ജീവനത്വര. ഈ പുനരുജ്ജീവനത്വരയുടെ ആശയതലമാണ് മതമൌലികവാദം. മതത്തിന്റെ മഹത്തായ പൂ‍ര്‍വ്വകാലങ്ങളിലേക്ക് തിരിച്ചു പോകുക എന്നാണ്‍ പുനരുജ്ജീവനതിന്റെമുദ്രാവാക്യം. ഇസ്ലാമില്‍ ഇത് അറിയപ്പെടുന്നത് സലഫിയാത്ത് അഥവാ സലഫിസം എന്നാണ്‍. സലഫ് എന്നാല്‍ പൂര്‍വ്വികര്‍ എന്നര്‍ഥം. ഇസ്ലാമിലെ സലഫിസം തുടങ്ങിയത് അറേബ്യയിലെ വഹ്ഹാബാണ്. പുനര്‍ജ്ജനിച്ച ഇസ്ലാമിക സാമ്രാജ്യത്തിന്റെ ആധിപത്യം തുര്‍ക്കികള്‍ക്കായിരുന്നു. അറബ്-ഇസ്ലാമിക സാമ്രാജ്യത്വത്തിന് തുടക്കം കുറിച്ച അറബ് ദേശീയതയ്ക്ക് ഭീഷണിയാണ്‍ അറബികളേക്കാള്‍ തരം താണ തുര്‍ക്കികളുടെ ആധിപത്യം എന്ന ആകുലതയാണ് ഇബ്നു വഹ്ഹാബിനെ മതമൌലികവാദത്തിലേക്ക് നയിച്ചത്. വഹ്ഹാബിസത്തില്‍ നിന്നുമാണ് ആധുനികയുഗത്തിലെ സലഫിസ്റ്റുകളായ ഖുത്തുബും മൌദൂദിയും പ്രചോദനം കൊണ്ടത്. ഇവരുടെ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രമാണ് ലോകത്ത് ഇന്ന് നടക്കുന്ന ജീഹാദിസ്റ്റ് ഭീകരതകളുടെ ആശയപരമായ അടിത്തറ. ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം മുഹമ്മദ് നബിയുടെ കാലത്ത് പ്രസക്തമായിരുന്നെങ്കിലും ആധുനികയുഗത്തിലെ ഇസ്ലാമിസം ഇസ്ലാംമതത്തിന്റെ അപഭ്രംശമാണ്.

ഇസ്ലാമിക ശിക്ഷാനിയം നടപ്പാക്കുന്നു

അധ്യാപകന്റെ കൈപ്പത്തി വെട്ടല്‍ ഇസ്ലാമിക ശിക്ഷാ നിയമം നടപ്പാക്കലായിരുന്നു. നബി നിന്ദയ്ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെങ്കിലും അത് ലഘൂകരിച്ച് മറ്റ് നബി, മത നിന്ദകര്‍ക്ക് മാതൃകയാകത്തക്ക രീതിയില്‍ നബി നിന്ദയുള്ള ചോദ്യം എഴുതിയ കൈപ്പത്തി വെട്ടിയാല്‍ മതിയെന്ന് കേരളത്തില്‍ തന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി വിധിച്ചിരിക്കണം.

മുസ്ലിം ലീഗിന്റെ പ്ങ്ക്

ജമാ’അത്ത് പരിവാര്‍ ഭീകരവാദികളാണെന്നും തങ്ങള്‍ പച്ചവെള്ളം ചവച്ചിറക്കുന്ന നിഷ്കളങ്കരാണെന്നുമാണ് മുസ്ലിം ലീഗിന്റെ നാട്യം. ജമാ‍‘അത്ത് പരിവാറില്‍ പെട്ട പോപുലര്‍ ഫ്രണ്ടിനും അതിന്റെ പൂ‍ര്‍വ്വ രൂപമായ എന്‍.ഡി.എഫിനും വേരുപിടിക്കാന്‍ മണ്ണൊരുക്കി കൊടുത്തത് മുസ്ലിം ലീഗാണ്. ഇസ്ലാം മതം കേരളത്തിലേക്ക് വന്നത് അറബി വ്യാപാരികളിലൂടെയാണ്, ഇസ്ലാമിക സാമ്രാജ്യവികസനത്തിലൂടെയല്ല. സ്വാഭാവികമായും കേരളത്തിലെ മുസ്ലിംങ്ങള്‍ സമാധാനപ്രിയരാണ്. ആക്രാമകതയുള്ള ഇസ്ലാമിസത്തെ അവര്‍ വെറുക്കുന്നു. അതുകൊണ്ടാണ് മുലിം ലീഗ് ജമാ’അത്തെ ഇസ്ലാമിയുമായി പരസ്യമായ സഖ്യത്തിന് മുതിരാത്തത്. എങ്കിലും ജമാ’അത്ത് പരിവാറില്‍ പെട്ട സംഘടനകള്‍ക്ക് രഹസ്യമായ പിന്തുണയും സഹായങ്ങളും നല്‍കുന്നതിലൂടെ തങ്ങളും മതത്തിന്റെ സംരക്ഷണത്തിന് സഹായിക്കുന്നുണ്ടെന്ന സന്ദേശം മുസ്ലിം സമുദായത്തിന് നല്‍കിക്കൊണ്ടിരിക്കുന്നു.

ജമാ’അത്ത് പരിവാറും സംഘ് പരിവാറും

കുറ്റകൃത്യം ചെയ്തത് തങ്ങളല്ല പോപുലര്‍ ഫ്രണ്ട് കാരാണെന്ന നല്ല പിള്ള നാട്യത്തിലിരിക്കുകയാണ് ജമാ’അത്തെ ഇസ്ലാമി. മാത്രവുമല്ല ഇസ്ലാമിക ശിക്ഷയ്ക്ക് വിധേയനായ് അധ്യാപകന് രക്തദാനം ചെയ്തത് ജമാ’അത്ത് പരിവാറില്‍ പെട്ട സോളിഡാരിറ്റിയാണെന്ന വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം സൂചിപ്പിച്ച രാമനുണ്ണിലേപനം. നബിനിന്ദ നടത്തിയ അധ്യാപകന്‍ ശിക്ഷാര്‍ഹനാണെന്ന് മറുവശത്തുകൂടി പ്രചാരണം നടത്തുന്നുമുണ്ട്. അതിന്റെ ഒരു തുമ്പാണ്‍ ജൂലൈ 17ലെ മാധ്യമം പത്രത്തില്‍ ഡോ. എം.എസ്. ജയപ്രകാശ് പ്രൊഫസര്‍ ജോസഫിനെഴുതിയ തുറന്ന കത്ത്. ചോദ്യം തയ്യാറക്കിയപ്പോള്‍ താന്‍ മുഹമ്മദ് നബിയെപ്പറ്റി ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും യൂണിവേഴ്സിറ്റിയുടെ പാഠപുസതകത്തില്‍ നിന്നെടുത്ത് ചോദ്യം തയ്യാറാക്കിയപ്പോള്‍ മുഹമ്മദ് എന്ന പേര്‍ ചേര്‍ത്തത് ഒന്നുമാലോചിക്കാതെയാണെന്നും ഉള്ള “കുംബസാരം ഉള്‍ക്കൊള്ളാനാകുന്നില്ലെ”ന്നും ആണ് ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി ഡോ. എം.എസ്. ജയപ്രകാശ് വാദിക്കുന്നത്.

ജമാ’അത്ത് പരിവാറിന്റെ താലിബാന്‍ രീതിയിലുള്ള മതശിക്ഷ നടപ്പാക്കിയത് മുതലാക്കുന്നത് സംഘ് പരിവാറാണ്. കേരളത്തിലെ മുസ്ലിങ്ങളാകെ ഭീകരരാണെന്ന് പ്രചരിപ്പിക്കാനാണ്‍ സംഘ് പരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുതകുന്ന തരതിലുള്ള താമരകള്‍ വിരിയുന്ന ലേഖനങ്ങളാണ് സംഘ് പരിവാറിന്റെ ദത്തുപുത്രന്‍ എഴുതിവിട്ടുകൊണ്ടിരിക്കുന്നത്.

Monday, July 12, 2010

വാറന്‍ ആന്‍ഡേഴ്സനു വേണ്ടി ഒരു മലയാള മാധ്യമത്തിന്റെ വക്കാലത്ത്

ഒരു പത്രത്തിലെ പംക്തികാരന്‍ എഴുതിയ ലേഖനത്തിലെ അഭിപ്രായങ്ങള്‍ ആ പത്രത്തിന്റെ അഭിപ്രായമാണെന്ന് പറയുന്നത് ശരിയാണോ? ശരിയാണെന്നാണ് എന്റെ അഭിപ്രായം. കാരണം പാര്‍ടി പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, തേജസ് എന്നിവയൊഴിച്ച് മറ്റു പത്രങ്ങള്‍ കപടമായ നിഷ്പക്ഷ മുഖം പുറത്ത് കാണിക്കാന്‍ വൃഥാവ്യായാമം നടത്താറുണ്ടെങ്കിലും പത്രത്തിന്റെ ഉടമസ്ഥരുടെ പ്രത്യയശാസ്ത്രത്തിനു നിരക്കാത്ത രീതിയിലുള്ള ‘വായനക്കാരന്റെ കത്ത്’ പോലും പ്രസിദ്ധപ്പെടുത്താറില്ല. ഏറ്റ്വും നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ദി ഹിന്ദു പോലും അപവാദമല്ല. വായനക്കാരുടെ കത്തുകള്‍ പോലും തമസ്കരിക്കുന്ന കപടനിഷ്പക്ഷത നടിക്കുന്നവര്‍ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ തരംഗദൈര്‍ഘത്തിനനുസരിച്ച് എഴുതാത്ത പംക്തികാരന്റെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുമോ?
ഡി. ബാബു പോള്‍ മാധ്യമം പത്രത്തിന്റെ ഒരു പംക്തികാരനാണ്. ഇദ്ദേഹം ഒരു റിട്ടയേഡ് ഐ.എ.എസ്. ആപ്പീസറാണ്. പത്രപ്രവര്‍ത്തകനല്ലാത്ത ഒരാള്‍ ഒരു പത്രത്തില്‍ ദീര്‍ഘകാലം ഒരു പംക്തി എഴുതിയത് താന്‍ മാത്രമാണെന്ന് മാധ്യമത്തിലെ ‘മധ്യരേഖ’ എന്ന പംക്തി ചൂണ്ടിക്കാണിച്ച് മേനി നടിക്കുന്ന ആളുമാണ്. എന്തു കൊണ്ട് ബാബു പോളിന് ദീര്‍ഘകാലം മാധ്യമത്തിന്റെ പംക്തികാരനായി തുടരാന്‍ കഴിയുന്നു? ജമാ’അത്തെ ഇസ്’ലാമിക്ക് രുചിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ ഉളുപ്പില്ലാത്തതു കൊണ്ട് തന്നെ. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇദ്ദേഹം ഹമീദ് ചേന്നമംഗലൂരിനെപ്പോലെയും റ്റി.ജെ.എസ്. ജോര്‍ജിനെപ്പോലെയും താമര വിരിയുന്ന ലേഖനങ്ങളാണ് മറ്റുള്ള മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരുന്നത്.
ഇത്രയും ആമുഖമായി പറയാന്‍ കാരണം ജൂലൈ ഏഴിന്റെ മാധ്യമം പത്രത്തിലെ ‘മധ്യരേഖ’യില്‍ “വാറന്റെ വാറണ്ടല്ല പ്രശ്നം” എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനമാണ്. വാറന്‍ ആന്‍ഡേഴ്സനെ ഒരു ഇന്ത്യക്കാരന് മറക്കാന്‍ കഴിയില്ലല്ലോ. 25,000 മനുഷ്യരെ മണിക്കൂറുകള്‍ക്കകം കൊന്നൊടുക്കുകയും 1,25,000 പേരെ ജീവച്ഛവങ്ങളാക്കി മാറ്റുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുതലാളിയാണ്. ഇയ്യാള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഒരു വി.ഐ.പി. ആയി രാജീവ് ഗാന്ധി അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചല്ലോ. അതിനെ മുന്‍ ഐ.എ.എസ്. ആപ്പീസര്‍ ഭംഗ്യന്തരേണ ന്യായീകരിക്കുന്നത് നോക്കുക:
ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യം എടുക്കുക. കാല്‍നൂറ്റാണ്ടായി കഥ കഴിഞ്ഞിട്ട്. ഇപ്പോള്‍ നമ്മുടെ നീതിന്യായസംവിധാനത്തിലെ ഏറ്റവും താഴെ പടികളിലൊന്നില്‍ ഇരുന്നുകൊണ്ട് ഏതോ ഒരു ചെറിയ മജിസ്‌ട്രേറ്റ് വിധി പറഞ്ഞു എന്നതാണ് പുതിയ സംഭവം. നാം കേള്‍ക്കുന്നതൊന്നും അതിനെക്കുറിച്ചല്ല. പണ്ടെങ്ങോ അടുത്തൂണ്‍ പറ്റിയ ചീഫ് ജസ്റ്റിസ് അഹ്മദി എന്തോ വലിയ രാജ്യദ്രോഹം ചെയ്തു; രാജീവ് സര്‍ക്കാര്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനായിരുന്ന സായ്‌വിനെ വിലങ്ങുവെക്കാതെ വിട്ടു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും ശരിയും തെറ്റും ഉള്‍ക്കൊള്ളുന്നവയാണ്
മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത്തയ്യായിരം പേരുടെ മരണത്തില്‍ കലാശിച്ച ഭോപ്പാല്‍ വാതകദുരന്തത്തെ ഈ പണ്ഡിതമ്മന്യന്‍ വിശേഷിപ്പിക്കുന്നത് ‘അപകടം’ എന്നാണ്. അപകടമുണ്ടായപ്പോള്‍ ഇന്ത്യയില്‍ വന്ന് അപകടത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച വാറന്‍ ആന്‍ഡേഴ്സനെ വാഴ്ത്താനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് മടിയില്ല. പംക്തികാരന്‍ തുടരുന്നു:
വാറന്‍ ആന്‍ഡേഴ്‌സണെ അറിയുമല്ലോ. ഇപ്പോള്‍ അശീതിയുടെ അയല്‍ക്കാരന്‍. അന്ന് കാര്‍ബൈഡിന്റെ ആഗോള ചെയര്‍മാന്‍. അപകടത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മാധ്യമഭാഷയില്‍ പറഞ്ഞാല്‍ 'സംഭവസ്ഥലത്തേക്ക് കുതിക്കാന്‍' തോന്നി. ജനം ക്ഷുഭിതരാണ് എന്നാരോ പറഞ്ഞപ്പോള്‍ എങ്കിലും പോയി ആശ്വസിപ്പിക്കാതെ വയ്യ എന്ന് സായിപ്പിന് വാശി. അങ്ങനെ ഉണ്ടായ മധ്യപാതാനിര്‍ദേശമാണ് രസഗോത്ര എന്ന വിദേശകാര്യസെക്രട്ടറി നല്‍കിയ 'സേഫ് പാസേജ്': വന്നുകൊള്ളൂ, കണ്ടുകൊള്ളൂ, പൊയ്‌ക്കൊള്ളൂ, ദേഹോപദ്രവം ഉണ്ടാകയില്ല, സര്‍ക്കാര്‍ സാക്ഷി. ഇപ്പോള്‍ പറയുന്നു ആ മനുഷ്യനെ തടവിലാക്കണമായിരുന്നു എന്ന്. അത് ഭാരതീയധര്‍മത്തിന് നിരക്കുമായിരുന്നില്ല. അശ്വത്ഥാമാവ് എന്ന ആന ചരിഞ്ഞപ്പോള്‍ മരിച്ചത് ആനയാണെന്ന ഭാഗം ശബ്ദം താഴ്ത്തി പറഞ്ഞത് ആചാര്യന്റെ ബലഹീനതയായി കാണുന്ന സംസ്‌കാരമാണ് നമ്മുടേത്. വന്നോളൂ എന്ന് അനുവദിച്ചശേഷം വരുന്നവനെ കുടുക്കുന്നത് നമ്മുടെ പാരമ്പര്യമല്ല. അതിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കുന്നവര്‍ നാടോടുമ്പോള്‍ നടുവേ ഓടുകയാണ്.
താന്‍ നാടോടുമ്പോള്‍ നടുവെ ഓടാത്ത, ഒഴുക്കിനെതിരെ നീന്തുന്ന ആര്‍ജ്ജവക്കാരനാണെന്ന് സാരം! എന്തു കൊണ്ട് മാധ്യമം വാറന്‍ ആന്‍ഡേഴ്സന്റെ വക്കാലത്ത് ഏറ്റെടുത്തു? ആന്‍ഡേഴ്സന്‍ നാലാം വേദക്കാരനാണ്. കാല്‍ ലക്ഷം മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ കൊന്നൊടുക്കിയെങ്കിലും ഒന്നേകാല്‍ ലക്ഷം പേരെ ജീവച്ചവങ്ങളാക്കിയെങ്കിലും അയാള്‍ നിരീശ്വരവാദിയല്ല. ബാബു പോളാകട്ടെ വേദശബ്ദ രത്നാകരം രചിച്ച ദൈവശാസ്ത്ര പണ്ഡിതനുമാണ്. അദ്ദേഹം പറയുന്നതെല്ലാം ഇസ്’ലാമിനു സ്വീകാര്യമാണ്. ഡോ.ഡി.ബാബു പോള്‍ വാറന്‍ ആന്‍ഡേഴ്സനു വേണ്ടി നടത്തിയ വക്കാലത്ത് മാധ്യമത്തിന് സ്വീകാര്യമായതങ്ങനെയാണ്. ഇവിടെ ഇസ്’ലാമിസ്റ്റുകളുടെ “സാമ്രാജ്യത്വവിരുദ്ധ“ പൊയ്മുഖം അഴിഞ്ഞു വീഴുക കൂടി ചെയ്യുന്നുണ്ട്
.