Friday, July 24, 2009

ഏഷ്യാനെറ്റിന്റെ സ്ത്രീപീഡനം

ഒരു സ്ത്രീ ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ അവരെ വ്യഭിചാരിണിയായി സമൂഹമധ്യത്തില്‍ ചിത്രീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഏഷ്യാനെറ്റ് ഇന്നത്തെ (2009 ജൂലായ് 24 രാത്രി 9 മണി) ന്യൂസ് അവര്‍ ചര്‍ച്ചയിലൂടെ അവരുടെ പ്രേക്ഷകര്‍ക്ക് നല്‍കിയ സന്ദേശം. അവരുടെ സ്ത്രീവിരുദ്ധ വിതണ്ഡാവാദം നിയമപരമായി ശരിയാണെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് കൂട്ടിനു കിട്ടിയതാകട്ടെ അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ എന്നൊരു നിയമജ്ഞനെയും! സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ. സര്‍പ്പിച്ച കുറ്റപത്രത്തിലെ സിസ്റ്റര്‍ സെഫി എന്ന കന്യാസ്ത്രീയെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു ചര്‍ച്ചാവിഷയം. കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതും കുറ്റാരോപണത്തിന് ആവശ്യമില്ലാത്തതുമായ പരാമര്‍ശങ്ങളാണുള്ളത്. സിസ്റ്റര്‍ സെഫി കൂട്ടുപ്രതികളാക്കപ്പെട്ട രണ്ട് പുരോഹിതന്മാരുമായി അവിഹിതബന്ധത്തിലേര്‍പ്പെടുന്നത് കാണാനിടയായ സിസ്റ്റര്‍ അഭയയെ മൂന്നു പേരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ.യുടെ കുറ്റാരോപണം. രണ്ട് പുരോഹിതന്മാര്‍ ഒരുമിച്ച് ഒരേ സമയം ഒരു കന്യാസ്ത്രീയുമായി അവിഹിത ബന്ധത്തിന് കന്യാസ്ത്രീ മഠത്തിലെത്തിയെന്നാണ് സി.ബി.ഐ. പറയുന്നത്. ശരാശരി ബുദ്ധിശക്തിയുള്ളവര്‍ ഈ വാദം അംഗീകരിക്കുമോ? അതിരിക്കട്ടെ. സിസ്റ്റര്‍ സെഫി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാ‍മര്‍ശങ്ങള്‍ നടത്തിയത്. സമൂഹമധ്യത്തില്‍ ആ സ്ത്രീയെ വ്യഭിചാരിണിയായി ചിത്രീകരിക്കാന്‍ ആര്‍.എസ്.എസ്.നോട് ആഭിമുഖ്യമുള്ള ചില മാധ്യമങ്ങള്‍ക്ക് (ഏഷ്യാനെറ്റും അതില്‍ ഉള്‍പ്പെടുന്നു) സി.ബി.ഐ. കുറ്റപത്രം “ചോര്‍ത്തി” കൊടുക്കുകയുണ്ടായി. ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ പങ്കെടുത്ത നിയമജ്ഞനെന്ന് അവകാശപ്പെടുന്ന അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ സി.ബി.ഐ.യുടെ അസ്വീകാര്യമായ ആ പരാ‍മര്‍ശങ്ങള്‍ ഏഷ്യാനെറ്റിന്റെ പ്രേക്ഷകര്‍ക്കായി പരസ്യമായി വായിക്കുകയുണ്ടായി. അത് ഇവിടെ ആവര്‍ത്തിക്കുവാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല. കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ല എന്നു വരുത്താനായി സിസ്റ്റര്‍ സെഫി പ്ലാസ്റ്റിക് സര്‍ജറി ചെയ്യിച്ചു എന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ മുന്‍പില്‍ പരിശോധനയ്ക്ക് ഹാജരായി തന്റെ കന്യകാത്വം തെളിയിക്കാമെന്ന വെല്ലുവിളി സ്വീകരിക്കാന്‍ സി.ബി.ഐ. ഇതുവരെയും തയ്യാറായില്ല. മറ്റൊരു അപമാ‍നകരമായ പരാമര്‍ശം അവരുടെ സ്തനത്തെക്കുറിച്ചാണ്. ഇതും അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ ചാനലില്‍ പരസ്യമായി വായിക്കുകയുണ്ടായി. ഇയാള്‍ക്കെതിരെയും അതിനയാളെ പ്രേരിപ്പിച്ച എഷ്യാനെറ്റ് ന്യൂസ് എന്ന ചാനലിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ ഞാന്‍ അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും കൊടുക്കും. എഷ്യാ‍നെറ്റ് സ്ത്രീയെയും സ്ത്രീത്വത്തെയും അപമാനിക്കുന്നത് ഇത് ആദ്യമല്ല. പി.ഡി.പി. നേതാവ് മഅദനിയുടെ ഭാര്യ സൂഫിയയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന നുണക്കഥ പ്രചരിപ്പിച്ചുകൊണ്ട് അവരെ പീഡിപ്പിച്ച കാര്യം മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചില മാധ്യമങ്ങള്‍ നടത്തുന്ന സ്ത്രീവിരുദ്ധ നിലപാടിനെതിരെ സമൂഹത്തിന്റെ മന:സാക്ഷി ഇനിയും ഉണരേണ്ടിയിരിക്കുന്നു. ഇടതുപക്ഷ മാധ്യമങ്ങള്‍ ഒഴികെ നമ്മുടെ മാധ്യമങ്ങള്‍ പൊതുവെ പ്രാന്തവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും എതിരാണ്. അവ സ്ത്രീകള്‍ക്കും സ്ത്രീത്വത്തിനും എതിരാണ്. ദളിതര്‍ക്കെതിരാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ....
Feel Free To Read And Comment

Thursday, July 2, 2009

വിശുദ്ധ യുദ്ധം എങ്ങനെ ഭീകര ജിഹാദായി?








ജമാ‍അത്തെ ഇസ് ലാമി, ഭീകര ജിഹാദ്, വിമോചന ജിഹാദ് എന്ന ശീര്‍ഷകത്തിലുള്ള പോസ്റ്റിനു കമന്റെഴുതിയ ഒരു സുഹൃത്ത്, ഹസന്‍ അല്‍-ബന്നയ്ക്കും മൌലാനാ മൌദൂദിക്കും മുമ്പ് ജിഹാദ് ഉണ്ടായിരുന്നില്ലേ എന്ന് പരിഹാസത്തോടെ ചോദിക്കുകയുണ്ടായി. മറ്റൊരു കമന്റ്, ബ്ലോഗറെ സഹായിക്കാനെന്ന നാട്യത്തില്‍ ജിഹാദിന്റെ തത്ത്വങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹം തന്നെ അത് പിന്നീട് ഡിലീറ്റ് ചെയ്തു. ഇവരൊക്കെ എന്തുകൊണ്ടാണ് സ്വന്തം പേരുകളില്‍ വെളിപ്പെടാതെ ചിന്തകന്‍, ഹെല്പര്‍ തുടങ്ങിയ പേരുകളില്‍ പ്രഛന്നരായി വരുന്നത് എന്ന കാര്യം അജ്ഞാതമാണ്. ജിഹാദിന്റെ ചരിത്രം ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഇസ് ലാമും രാഷ്ട്രീയ ഇസ് ലാമും - മന:ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരനേഷണം എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ജിഹാദിന് രണ്ട് അര്‍ഥതലങ്ങളാണുണ്ടായിരുന്നത്. ഒന്ന് ധാ‍ര്‍മ്മികതയുടേതാണ്. രണ്ടാമത്തെ അര്‍ഥം മതത്തെ രക്ഷിക്കാനുള്ള വിശുദ്ധ യുദ്ധം എന്നാണ്. മതമൌലികവാദികളായ ഹസന്‍ അല്‍-ബന്ന, സയ്യിദ് ഖുത്തുബ്, അബുല്‍ അ്ലാ മൌദൂദി എന്നിവരുടെ ജിഹാദ് സിദ്ധാന്തങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഇസ് ലാമിസ്റ്റുകള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അടിസ്ഥാനമാക്കി അമേരിക്കയിലെ സിയണിസ്റ്റ് പക്ഷപാതികളായ ബുദ്ധിജീവികള്‍ ജിഹാദിന് ഭീകരപ്രവര്‍ത്ത്നം എന്ന മൂന്നാമതൊരു അര്‍ഥതലം കൂടി കൊടുത്തിട്ടുണ്ട്.
ധാര്‍മ്മികത നിലനിറുത്താനുള്ള കഠിനയജ്ഞം എന്ന അര്‍ഥത്തിലായാലും മതത്തെ രക്ഷിക്കാനുള്ള വിശുദ്ധ യുദ്ധമെന്ന അര്‍ഥത്തിലായാലും ജിഹാദ് ഇസ് ലാമിന്റെ വിശ്വാസപ്രമാണത്തിലെ അവിഭാജ്യഘടകമാണെന്നാണ് എന്റെ അഭിപ്രായം. ഇസ് ലാം ആരംഭകാലത്ത് ഒരു മതം മാത്രമായിരുന്നില്ല, ജൂതമതത്തെപ്പോലെ മതവും രാഷ്ട്രവും ഒന്നിച്ചുള്ള ദൈവാധിപധ്യ രാഷ്ട്രം - Theocratic State - ആയിരുന്നു. ഇസ് ലാം എന്ന മതരാഷ്ട്രം ഉദ്ഭവിച്ചതും വളര്‍ന്നു വികാസം പ്രാപിച്ചതും യുദ്ധങ്ങളിലൂടെയാണ്. യുദ്ധത്തെ മഹത്വവത്കരിക്കുന്ന പല ഖുര്‍ആന്‍ വചനങ്ങളും ഉണ്ടായത് ഈ സാഹചര്യത്തിലായിരുന്നു. ഇസ് ലാം എന്ന മതം വ്യാപിച്ചത് യുദ്ധങ്ങളിലൂടെയാണെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ഒരു കൈയില്‍ വാളും മറുകൈയില്‍ ഖുര്‍ ആനും പിടിച്ചാണ് ഇസ് ലാം മതം പ്രചരിപ്പിച്ചതെന്ന വാദം അടിസ്ഥാന രഹിതമാണ്.
‘അനഭിലഷണീയനായ എതിരാളിയുമായി ഏറ്റുമുട്ടുക’ എന്നര്‍ഥമുള്ള ധാതുവില്‍ നിന്നുദ്ഭവിച്ചതാണ് ജിഹാദ് എന്ന പദം. (Partisans of Allah - Jihad in South Asia by Ayesha Jalal page 6) യുദ്ധം എന്ന അര്‍ഥത്തില്‍ ജിഹാദ്, ഖിത്തല്, ഹര്‍ബ് എന്നീ പദങ്ങള്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. ആധുനികയുഗത്തില്‍ എല്ലാ വിശ്വാസികളും മതത്തിനു വേണ്ടി യുദ്ധം ചെയ്യണമെന്ന് പറയുന്നത് യുക്തിരഹിതമായതിനാല്‍ ജിഹാദ് എന്നാല്‍ വിശ്വാസിയുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്താന്‍ കാ‍മാ‍ര്‍ത്ഥ‍മോഹങ്ങള്‍ക്കെതിരെ സ്വന്തം മനസ്സില്‍ ചെയ്യേണ്ട ‘യുദ്ധം’ ആണെന്ന് സമാധാനകാംക്ഷികള്‍ വ്യാഖ്യാനിക്കുന്നു. അവരെ എതിര്‍ക്കേണ്ടതില്ല. പക്ഷേ ജിഹാദിന്റെ ചരിത്രം ‘മനസ്സിലെ യുദ്ധ’ത്തിന്റെ ചരിത്രം മാത്രമാണെന്ന് പറയുന്നത് ഇസ് ലാമിന്റെ ചരിത്രത്തെക്കുറിച്ച് വിവരമില്ലാത്തതു കൊണ്ടാണ്. മതസ്ഥാപകനായ മുഹമ്മദ് തന്നെ അറുപത്തഞ്ച് യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നബിചരിതങ്ങള്‍ പറയുന്നു. ഖലീഫമാര്‍ നടത്തിയ ജിഹാദുകളിലൂടെയാണ് മുഹമ്മദ് സ്ഥാപിച്ച ഇസ് ലാം എന്ന മതരാഷ്ട്രം ഇസ് ലാമിക സാമ്രാജ്യമായി വളര്‍ന്നത്. രണ്ടാം ഖലീഫ ഉമര്‍ ഇബ് നു അല്‍-ഖത്താബ് അമീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ സേനാനായകന്‍) എന്ന സ്ഥാനമാണ് സ്വയം സ്വീകരിച്ചത്. വിശ്വാസികള്‍ ഒന്നടങ്കം ഒരു സൈന്യമാണെന്നായിരുന്നു അന്നത്തെ സങ്കല്പം.
മതസ്ഥാപകനായ മുഹമ്മദും പിന്‍ഗാമികളായ ഖലീഫമാരും നടത്തിയ യുദ്ധങ്ങള്‍ ഇസ് ലാം എന്ന മതരാഷ്ട്രത്തിന്റെ വികസനത്തിന് ഉതകിയതു കൊണ്ട് ആ യുദ്ധങ്ങളെല്ലാം വിശുദ്ധങ്ങളായാണ് എണ്ണപ്പെടുന്നത്. നിഷ്പക്ഷമതിയായ ഒരു പണ്ഡിതന്‍ എഴുതി: “മുഹമ്മദും പിന്‍ഗാമികളും പ്രബോധനങ്ങളിലൂടെയും നയതന്ത്രങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ഇസ് ലാമിന്റെ ഭരണം വ്യാപിപ്പിച്ചതുപോലെ ആഗോളതലത്തില്‍ ഇസ് ലാമിന്റെ വാഴ്ച് അഥവാ ഇസ് ലാമിക മേഖല (ദാറുല്‍ ഇസ് ലാം) വ്യാപിപ്പിക്കലാണ് ഇസ് ലാമിക സമൂഹത്തിന്റെ ദൌത്യം. ബഹുദൈവാരാധകര്‍ക്കും (മുശ് രിക്കുകള്‍) മതത്യാഗം ചെയ്തവര്‍ക്കും (മുര്‍ത്തദ്ദ്കള്‍) ഇസ് ലാമിക ഭരണത്തിന് കീഴടങ്ങാത്ത വേദക്കാര്‍ക്കും (അഹല്‍-അല്‍-കിത്താബ്) മുസ് ലിമിന്റെ ഇടങ്ങളെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്നവര്‍ക്കുമെതിരെ യുദ്ധം ചെയ്യേണ്ടത് മുസ് ലിമിന്റെ കടമയാണെന്ന് ഇസ് ലാമിക നിയമം അനുശാസിക്കുന്നു. സ്വന്തം മതത്തിനും ദൈവത്തിനും സാക്ഷിയാകുന്നതിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് യുദ്ധത്തില്‍ ജീവഹാനി സംഭവിക്കല്‍. ശഹീദ് (രക്തസാക്ഷി) എന്ന അറബി വാക്ക് നിഷ്പാദിച്ചത് തന്നെ മതത്തില്‍ വിശ്വസിക്കല്‍ (ശഹാദ) എന്ന ധാതുവില്‍ നിന്നാണ്. ക്രിസ്തു മതത്തിലെന്ന പോലെ ഇസ് ലാമിലും രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം സ്വര്‍ഗ്ഗമാണ്.” (The Islamic Threat : Myth or Reality by John L. Esposito New York Oxford University press, 3rd Edition page 31)
ഇസ് ലാം എന്ന മതരാഷ്ട്രത്തിന് സ്ഥിരവും സുസംഘടിതവുമായ സൈന്യം ആയതോടെ എല്ലാ വിശ്വാസികളും ജിഹാദില്‍ പങ്കെടുക്കണമെന്നില്ലാതായി. മതപണ്ഡിതര്‍ ജിഹാദിന്റെ ധാര്‍മ്മിക വശത്തിന് ഊന്നല്‍ കൊടുക്കാന്‍ തുടങ്ങി. കാ‍മാര്‍ഥമോഹങ്ങള്‍ക്കെതിരെ സ്വന്തം മനസ്സില്‍ നടത്തുന്ന സമരമാണ് മഹത്തായ ജിഹാദ് (ജിഹാദ് അല്‍-അക്ബര്‍) എന്ന് പ്രചരിപ്പിക്കാനും തുടങ്ങി. ഖലീഫമാരുടെയും ഭരണവൃത്തങ്ങളിലെയും ആര്‍ഭാടജീവിതരീതി ഈ പ്രചാരണത്തിന് പശ്ചാത്തലം ഒരുക്കി. ഇസ് ലാം യൂറോപ്പിന്റെ കോളണിവാഴ്ചയില്‍ അമര്‍ന്ന കാലത്താണ് മതരാഷ്ട്രം അല്ലാതായിത്തീര്‍ന്നത്. ഇസ് ലാം ഒരു മതം മാത്രമാണെന്നും അതിന് രാഷ്ട്രീയം ഇല്ലെന്നും ഉള്ള ചിന്താഗതികള്‍ മുസ് ലിങ്ങളുടെ ഇടയില്‍ രൂപപ്പെട്ടത് ഇസ് ലാം കോളണിവാഴ്ചയില്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലയളവിലാണ്. പക്ഷേ, കോളണി വാഴ്ചയുടെ അടിമത്തത്തിലേയ്ക്ക് നിപതിച്ച മുസ് ലിങ്ങള്‍ തങ്ങളുടെ മതപരമായ സ്വത്വം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു. സ്വത്വപ്രതിസന്ധിയുടെ പ്രതികരണമെന്ന നിലയില്‍ വിശുദ്ധ യുദ്ധത്തിന് വീണ്ടും പ്രസക്തിയുണ്ടായി. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റശീദ് റിദ എന്നീ മതപണ്ഡിതര്‍ യൂറോപ്പിന്റെ കോളണിവാഴ്ചയ്ക്കെതിരെയുള്ള പോരാട്ടത്തിന് മതത്തെ ഉപയോഗിക്കണമെന്ന് വാദിച്ചു. ഈജിപ്തിലെ ഗ്രാന്റ് മുഫ്തി റഷ്യന്‍ വിപ്ലവത്തിനെതിരെ ബൊള്‍ഷെവിക്ക് വിരുദ്ധ ഫത് വ ഇറക്കിയപ്പോള്‍ അതിനെ ഖണ്ഡിച്ചുകൊണ്ട് എഴുതി: “ബോള്‍ഷെവിസത്തെക്കുറിച്ച് എന്താണഭിപ്രായമെന്ന് ചിലര്‍ നമ്മോട് ചോദിക്കുന്നു. ചില രാഷ്ട്രീയക്കാരും ഫത് വയും പറയുന്നത് പോലെ അതില്‍ തിന്മയും ദ്രോഹവും മാത്രമേയുള്ളോ? നമുക്ക് പറയാനുള്ളത് ഇതാണ്. സ്വന്തം രാജ്യങ്ങളിലെ തൊഴിലാളികളെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുകയും മറ്റുള്ള രാജ്യങ്ങളെ കോളണി വാഴ്ചയില്‍ അടിമപ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരികളെ ബോള്‍ഷെവിസം സ്ഥാനഭൃഷ്ടരാക്കുന്നു... ജനതകളെ അടിമത്തത്തിലാഴ്ത്തുന്ന വ്യവസ്ഥിതിയെ തൂത്തെറിഞ്ഞ് സോഷ്യലിസം വിജയിക്കണമെന്ന് മുസ് ലിങ്ങള്‍ ആഗ്രഹിക്കുന്നു.... ബോള്‍ഷെവിക്കുകള്‍ മുസ് ലിങ്ങളല്ലാത്തതു കൊണ്ട് ഇസ് ലാമിക നിയമങ്ങള്‍ അതേ പടി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കരുത്.” (Socialism, Bolshevism and Religion by Muhammad Rashid Rida in Al-Manâr, Vol.21 No. 5. 29; 26 August 1919. Pages 252-256 Translated from Arabic by Muhammad Abu Nasr) ജമാലുദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിദ എന്നീ പുരോഗമനവാദികളായ മതപണ്ഡിതന്മാരുടെ കൊളോണിയല്‍ വിരുദ്ധ നിലപാടുകളെ തിരസ്കരിച് പ്രതിലോമപരമായ പുനരുജ്ജീവന നിലപാടുകളാണ് (revivalism) മൌദൂദിയും സയ്യിദ് ഖുത്തുബും ഹസന്‍ അല്‍-ബന്നയും സ്വീകരിച്ചത്. സാമ്രാജ്യത്വമായി വളര്‍ന്ന മുതലാളിത്തത്തിനും “നിരീശ്വര വാദത്തില്‍” അധിഷ്ഠിധമായ സോഷ്യലിസത്തിനും ബദല്‍ ആയിട്ടാണ് മൌദൂദി ഇസ് ലാമിസത്തെ അവതരിപ്പിച്ചത്. ബൊള്‍ഷെവിസത്തില്‍ നിരീശ്വരവാദം ഉണ്ടെങ്കിലും അതില്‍ മനുഷ്യ നന്മയ്ക്കാവാശ്യമായ അനേകം കാര്യങ്ങളുണ്ടെന്നാണ് റശീദ് റിദ പറഞ്ഞത്. സോഷ്യലിസത്തില്‍ എത്ര നന്മയുണ്ടെങ്കിലും അല്ലാഹുവിനെ അംഗീകരിക്കാത്തതു കൊണ്ട് സ്വീകാര്യമല്ലെന്നാണ് മൌദൂദിയുടെ വാദം. മൌദൂദിയുടെയും ബന്നയുടെയും കമ്യൂണിസ്റ്റ് വിരോധമാണ് അവരെ അപകടകരമായ ജിഹാദ് സിദ്ധാന്തത്തിലേക്ക് നയിച്ചത്. ലോകത്ത് എവിടെയെങ്കിലും മുസ് ലിങ്ങള്‍ ആക്രമിക്കപ്പെടുകയോ മുസ് ലിങ്ങളുടെ ഇടങ്ങള്‍ മുസ് ലിങ്ങളല്ലാത്തവര്‍ കൈയടക്കുകയോ ചെയ്താല്‍ അതിനെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തെങ്ങുമുള്ള മുസ് ലിങ്ങള്‍ക്ക് മതപരമായ ബാധ്യതയുണ്ടെന്നാണ് ഇവരുടെ ജിഹാദ് സിദ്ധാന്തം. ലോകം മുഴുവന്‍ അധികം താമസിയാതെ കമ്മ്യൂണിസം വ്യാപിക്കുമെന്ന ഭയത്തില്‍ നിന്നാണ് ഈ ജിഹാദ് സിദ്ധാന്തം ഉരുത്തിരിഞ്ഞത്. മൌദൂദിയുടെ മനസ്സില്‍ കമ്മ്യൂണിസത്തിന്റെ വ്യാപനത്തെക്കുറിച്ച് ഭയം ജനിക്കാന്‍ തെലുങ്കാന സമരത്തിന്റെ നേരനുഭവം മന:ശ്ശാസ്ത്രപരമായ ഒരു കാരണമാണ്. തെലുങ്കാനാ സമരകാലത്ത് മൌദൂദി ഹൈദരാബാദിലായിരുന്നു. മൌദൂദിയുടെയും ബന്നയുടെയും ജിഹാദ് സിദ്ധാന്തങ്ങള്‍ക്കു പുറമെ സൌദി അറേബ്യയിലെ വഹ്ഹാബിയത്ത് (വഹ്ഹാബിസം) ആണ് ഇസ് ലാ‍മിലെ ജിഹാദിനെ ഭീകരജിഹാദാക്കി മാറ്റാന്‍ സഹായകമായ മറ്റൊരു ഘടകം. വഹ്ഹാബിസം സന്മാര്‍ഗ്ഗമാത്രവാദത്തില്‍ (puritanism) അധിഷ്ഠിതമായ മതപുനരുജ്ജീവന പ്രസ്ഥാനമാണ്. ഉസാമ ബിന്‍ ലാദിന്‍ വഹ്ഹാബിസത്തിന്റെ ആളാണ്. വഹ്ഹാബിയത്തിന്റെ ചരിത്രം ഇസ് ലാമും രാഷ്ട്രീയ ഇസ് ലാമും എന്ന പുസ്തകത്തില്‍ ഞാന്‍ വിവരിച്ചിട്ടുണ്ട്.
മൌദൂദിയുടെ ജിഹാദ് സിദ്ധാന്തത്തെ ഉപയോഗപ്പെടുത്തി ആഗോള ഭീകരജിഹാദ് ആരംഭിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ആണ്. അഫ്ഗാനിസ്ഥാനിലെ സോഷ്യ് ലിസ്റ്റ് ഗവണ്മെന്റിനെതിരെ അവിടത്തെ ഇസ് ലാമിസ്റ്റുകള്‍ പാകിസ്ഥാനിലെ ജമാ‍അത്തെ ഇസ് ലാമിയുടെയും പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെയും ഒത്താശയോടെ ആരംഭിച്ച പ്രതിവിപ്ലവത്തെയാണ് സി.ഐ.എ. ആഗോള ജിഹാദാക്കി മാറ്റിയത്. അഫ്ഗാന്‍ പ്രതിവിപ്ലവത്തെ ഇസ് ലാമിക ജിഹാദാക്കി മാറ്റാനും അതിനുവേണ്ടി ആഗോള തലത്തില്‍ മുജാഹിദീനുകളെ (ജിഹാദ് ചെയ്യുന്ന ആളാണ് മുജാഹിദ്. ബഹുവചനമാണ് മുജാഹിദീന്‍) റിക്രൂട്ട് ചെയ്യാനുമായി സി.ഐ.എ. അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു വന്നതായിരുന്നു ഉസാമാ ബിന്‍ ലാദിനെ. ഉസാമ സി.ഐ.എ.യുടെ സഹായത്തോടെ സ്ഥാപിച്ച റിക്രൂട്ടിംഗ് കേന്ദ്രങ്ങളാണ് അല്‍-ഖാഇദ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മൌദൂദിയുടെയും ബന്നയുടെയും ജിഹാദ് സിദ്ധാന്തം പ്രയോഗിക്കാനുള്ള ഇസ് ലാമിസ്റ്റുകളുടെ ആദ്യത്തെ അവസരമായിരുന്നു അഫ്ഗാന്‍ പ്രതിവിപ്ലവവും അതിനെ ചെറുക്കാന്‍ സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാന്‍ പ്രവേശവും.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഉസാമ ബിന്‍ ലാദിന്‍ തിരിഞ്ഞത് പാലസ്തീനിലെ “മുസ് ലിം സഹോദരങ്ങളെ” കൊല ചെയ്യാന്‍ ഇസ്രായേലിന് സഹായം ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് എതിരെയാണ്. പാലസ്തീന്‍ ജനത തങ്ങളുടെ വിമോചനപ്പോരാട്ടങ്ങളെ ഇസ് ലാമിക ജിഹാദാക്കി മാറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസ്സികള്‍ ബോംബ് വെച്ചു തകര്‍ത്തുകൊണ്ടായിരുന്നു ആഗോള ജിഹാദിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം. അതിന്റെ മൂര്‍ദ്ധന്യമായിരുന്നു മുവ്വായിരം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബര്‍ 11 ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അഫ്ഗാന്‍ ജിഹാദ് മുതല്‍ ലോകത്താകെ നടന്നുകൊണ്ടിരിക്കുന്ന ഭീകരജിഹാദ് ആക്രമണങ്ങളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വം (vicarious responsibility) ആഗോള ജിഹാദ് സിദ്ധാന്തം ആവിഷ്കരിച്ച അബൂല്‍ അ-അലാ മൌദൂദിക്കും ഹസന് അല്‍-ബന്നയ്ക്കും തന്നെയാണ്‍.

Wednesday, July 1, 2009

ബാബറി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം


ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നു, പ്രധാന മന്ത്രിക്ക്. പതിനേഴു കൊല്ലമെടുത്തു കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. കക്ഷികള്‍ സഹകരിക്കാത്തതു കൊണ്ടാണ് ഇത്ര കാലതാമസം വന്നതെന്ന് കമ്മിഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ്‌ ലിബര്‍ഹാന്‍ പറയുന്നു. ആരാണ് കക്ഷികള്‍? അഥവാ പ്രതികള്‍? ഒന്നാം പ്രതി സംഘപരിവാറും രണ്ടാം പ്രതി കോണ്‍ഗ്രെസ്സുമാണ്. പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവു പള്ളി പൊളിക്കാന്‍ അനുവാദം കൊടുത്തില്ലായിരുന്നുവെങ്കില്‍ ബാബറി മസ്ജിദ് ഇന്നും അവിടെത്തന്നെ ഉണ്ടാകുമായിരുന്നു. അതിന് പുരാവസ്തു എന്നതില്‍ക്കവിഞ്ഞ് യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു. സംഘപരിവാറിന്റെ പ്രചാരണങ്ങളില്‍ മുസ്‌ലിങ്ങള്‍ വീണുപോയത് കൊണ്ടാണ് അന്യം നിന്നു പോയ പള്ളിക്ക് മതപരമായ പ്രാധാന്യം കിട്ടിയത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ബാബറി പള്ളിയുടെ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. പകരം സ്ഥലം തരാന്‍ ആവശ്യപ്പെടണം. ഒപ്പം പള്ളി തകര്‍ത്ത ക്രിമിനലുകളെ ശിക്ഷിക്കാന്‍ പ്രക്ഷോഭം, ജിഹാദല്ല, നടത്തണം. ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് ശേഷം പുതിയ പള്ളി പണിയാനുള്ള സ്ഥലം വേണമെന്നും ബാബറിപ്പള്ളി തകര്‍ത്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും മുസ്‌ലിം സംഘടന രംഗത്ത്‌ വന്നാല്‍ മാര്‍ക്സിസ്റ്റ്‌ ആയ ഞാന്‍ അവരോടൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കാരണം അത് വിമോചന ജിഹാദിന്റെ ഒരു രൂപമാണ്. ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള കാര്‍ട്ടൂണിനു ഹിന്ദു ദിനപത്രത്തിനോട് കടപ്പാട്.